നമ്മുടെ നാട്ടിൽ ജാതിഭ്രാന്ത് സവർണ്ണരെന്നോ അവർണ്ണരെന്നോ ഭേദമില്ലാതെ വ്യാപിച്ചുകിടക്കുന്നു എന്നതിന്റെ തെളിവാണ് ഈ വിവാഹം

125

ബിന്ദു ലാൽ തോന്നയ്ക്കൽ എഴുതുന്നു

പ്രിയരേ ,ഇന്നലെ ഞാനൊരു വിവാഹം നടത്താൻ കാർമ്മികനായി. വധുവിൻ്റെ പേര് ഇന്ദുമതി.
വയസ്സ് 26 . ജാതി : കുറവ – പുലയ ദമ്പതിമാരുടെ മകൾ !(അച്ഛൻ കുറവ അമ്മ പുലയ. രേഖകളിൽ വധു കുറവ)വിദ്യാഭ്യാസ യോഗ്യത MA ഹിസ്റ്ററി

ജോലി : ആറ്റിങ്ങലിലെ ഒരു പ്രമുഖ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ ട്യൂഷൻ ടീച്ചർ
പിതാവിനും മാതാവിനും ജോലി റബ്ബർ ടാപ്പിംഗ് പഞ്ചായത്തിൽ നിന്നും കിട്ടിയ 4 സെൻ്റ് വസ്തുവും വീടുമുണ്ട് ! 32 കാരനായ സഹോദരനും രണ്ട് അനുജത്തിമാരുണ്ട് സഹോദരന് കോൺക്രീറ്റ് പണി . വിവാഹിതൻ അനുജത്തിമാർ +2 കഴിഞ്ഞ് വീട്ടിൽ നിൽക്കുന്നു.

വരൻ്റെ പേര് രാജേഷ്, വയസ്സ് 31 ജാതി : നായർ . വിദ്യാഭ്യാസ യോഗ്യത B Com LLB
ജോലി: ഇപ്പോൾ ഒരു പ്രശസ്ത അഭിഭാഷകൻ്റെ ഓഫീസിൽ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്നു. (ആറ്റിങ്ങൽ അല്ല ) പിതാവ് അദ്ധ്യാപകനായി റിട്ടയർ ചെയ്തു. മാതാവ് സ്വന്തമായി ഒരു തയ്യൽ യൂണിറ്റു നടത്തുന്നു. ഇത് ഏക മകൻ. അത്യാവശ്യം സ്വത്തു വകകളൊക്കെയുണ്ട് . ഇരുനില വീട് കാറ് മറ്റനുബന്ധ സൗകര്യങ്ങൾ എല്ലാം !

ഇരുവരും പ്രണയബദ്ധരായിരുന്നു. വരൻ സ്വന്തം വീട്ടുകാരോട് വിവരം പറയുന്നു .അച്ഛനമ്മമാർക്ക് എതിർപ്പില്ല .. ഏക മകൻ്റെ ആഗ്രഹത്തിന് വീട്ടുകാർക്ക് പരിപൂർണ്ണ സമ്മതം !വരൻ്റ പിതാവ് വധുവിൻ്റെ വീട്ടിൽ ചെന്ന് പെണ്ണു ചോദിച്ചു .വധുവിൻ്റെ വീട്ടുകാർക്ക് സമ്മതമല്ല. കുറവ സമുദായക്കാർക്കല്ലാതെ മറ്റാർക്കും കെട്ടിച്ചു കൊടുക്കില്ല എന്ന് ആ കുറവ- പുലയ ദമ്പതികളും , സഹോദരനും തീർത്തു പറഞ്ഞു.

പിന്നെ പൊതുപ്രവർത്തകൻ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും എന്നെ സമീപിച്ചു .ഞാൻ വധുവിൻ്റെ വീട്ടുകാരുമായി നേരിട്ടു സംസാരിച്ചു. ഒരു രക്ഷയുമില്ല.കുറവ സമുദായ സംഘടനാ നേതാക്കളുമായി ചേർന്ന് വീണ്ടും പോയി സംസാരിച്ചു .. നടക്കില്ല. വീട്ടുകാർ വഴങ്ങുന്നില്ല.തുടർന്ന് ഞാൻ ഇക്കാര്യം പ്രദേശത്തെ CPM നേതാക്കളോട് അറിയിച്ചു. അവർ പെൺ വീട്ടുകാരോടും വീട്ടുകാരുടെ സാന്നിധ്യത്തിൽ പെൺകുട്ടിയോടും സംസാരിച്ചു. പെൺകുട്ടി ഇതല്ലാതെ വേറേ വിവാഹം വേണ്ട എന്ന നിലപാടു പറഞ്ഞു. വീട്ടുകാർ കുറവർക്കല്ലാതെ വേറെയാർക്കും കെട്ടിച്ചു കൊടുക്കില്ല എന്ന നിലപാടിൽ തന്നെ !

ഇനി ഒറ്റ വഴിയേയുള്ളൂ .എൻ്റെയും പാർട്ടിക്കാരുടെയും നിർദ്ദേശപ്രകാരം വരനും വരൻ്റെ മാതാവും ചേർന്ന് ഇന്നലെ രാവിലെ 7 മണിയോടെ പെൺകുട്ടിയെ അവിടെ നിന്നും കൂട്ടിക്കൊണ്ടുവന്നു.
വരൻ്റെ വീട്ടിലെ ഹാളിൽ വച്ച് താലികെട്ട് ! നേരേ അക്ഷയ സെൻ്റർ .സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഓൺലൈനിൽ രജിസ്റ്റർ ചെയ്തു .സബ് രജിസ്ട്രാറെ കണ്ടു .അദ്ദേഹം പ്രാഥമിക നടപടി ക്രമങ്ങൾ പൂർത്തിയാക്കി . അവിടെ ഒരു മധുരപലഹാര വിതരണം . പരസ്പരം മാലയിടൽ .
സാക്ഷികളായി ഞാനും എൻ്റെ ഉറ്റ ചങ്ങാതിയും കുറവ സമുദായ നേതാവുമായ രാധാകൃഷ്ണനും പിന്നെ വരൻ്റെ മാതാപിതാക്കളും ..!

ശുഭം .നബി: പെൺ വീട്ടുകാർ പെണ്ണിനെ കാണാനില്ല എന്ന ഒരു പരാതി പോലും പോലീസിൽ ഇതുവരെയും കൊടുത്തിട്ടില്ല എന്നത് കൗതുകം !

(വധു വരൻമാരുടെ സ്വകാര്യതയെ മാനിച്ച് സ്വദേശവും ഫോട്ടോയും പ്രസിദ്ധീകരിക്കുന്നില്ല)