Bineesh Joseph Valiyaparmbil
പ്രവാസത്തിൽ നിന്ന് അവധിയെടുത്ത് സിനിമയ്ക്ക് പുറകെ ഞാനും ദീപുവും കൂടി അലയുമ്പോൾ ഞങ്ങൾക്ക് ഏറ്റവും പരിചയപ്പെടണം എന്ന് ആഗ്രഹമുള്ള കുറച്ചു പേരുണ്ടായിരുന്നു. അതിലൊന്ന് സച്ചി സാറായിരുന്നു. വയനാടിന്റെ ഭംഗിയിൽ കോശിയുടെ ചങ്കൂറ്റത്തിന്റെയും അയ്യപ്പൻറെ വന്യതയേറിയ കരുത്തിന്റെയും കഥ പറഞ്ഞു നമ്മുടെ നടുവിൽ വെള്ളമുണ്ടുടുത്ത് ചുണ്ടിൽ ചിരിയുമായി ഒരു ബെഞ്ചിൽ അമർന്നിരുന്നൊരു മനുഷ്യൻ. ഇനി മലയാള സിനിമ ഈ മനുഷ്യനിലൂടെ ലോകം അടയാളപ്പെടുത്തും എന്ന് എല്ലാവരും പ്രതീക്ഷിച്ചൊരു സമയം. അപ്രതീക്ഷതമായി വന്നൊരു മരണത്തിന്റെ കൂടെ എല്ലാവരെയും നോക്കി ചിരിച്ച് അയാൾ അപ്രത്യക്ഷനായി. എനിക്കിനിയും പറയുണ്ടെന്ന് നമ്മളോട് പറഞ്ഞ മനുഷ്യൻ…രണ്ടു വർഷം കഴിഞ്ഞു….
ഇതിപ്പോൾ പറയാൻ തോന്നിയത് പ്രവാസത്തിലേക്ക് ജീവിത സാഹചര്യങ്ങൾ കൊണ്ട് തിരിച്ചു പോകേണ്ടി വന്ന ഞാൻ കൂടെ കൊണ്ട് വന്ന രണ്ടു പുസ്തകങ്ങൾ ഉണ്ട് .. ഒന്ന് ജി ആർ ഇന്ദു ഗോപന്റെ വിലായത്ത് ബുദ്ധയും ബിപിൻ ചന്ദ്രന്റെ കപ്പിത്താന്റെ ഭാര്യയും.രണ്ടു എഴുത്തുകാരും അവരുടെ പുസ്തകങ്ങളും വളരെ പ്രിയപ്പെട്ടതാണ്. ബിപിൻ സാറിനെ ഫോണിലൂടെ നല്ല പരിചയം ആണ്(കപ്പിത്താന്റെ ഭാര്യയെ കുറിച്ച് വളരെ താമസിയാതെ പറയാം ). ഇന്ദുഗോപൻ സാറിനെ കണ്ടിട്ടില്ല. ഫോൺ നമ്പറിന് വേണ്ടി ശ്രെമിച്ചിരുന്നു കിട്ടിയില്ല. സച്ചി സാർ സിനിമയാക്കാൻ തുടങ്ങിയ വിലായത്ത് ബുദ്ധ എന്ന പുസ്തകത്തിൽ അതിന്റെ സമർപ്പണം അദ്ദേഹത്തിനാണ് ഇന്ദു ഗോപൻ കൊടുത്തിരിക്കുന്നത്. ഇന്ന് അത് വീണ്ടും വായിക്കാൻ തോന്നി. തുടർ വായന കുറെ ആയെങ്കിലും ഇന്ന് വായിച്ചപ്പോ അതിൽ ഒരു കാര്യം എഴുതിയത് മനസിനെ വല്ലാതെ നോവിച്ചു.അതിങ്ങനെ ആണ് .. ഇന്ദു സാർ ക്ഷമിക്കുക .. ഞാൻ ആ വാചകങ്ങൾ ഇവിടെ ഉപയോഗിക്കുകയാണ്.
സച്ചി (ഫോൺ ) വെക്കും മുൻപ് ഇത്ര കൂടി പറഞ്ഞു : ഞാൻ തിരുവന്തപുരത്തേക്ക് വരും. അവിടെ വച്ച് കാണാം. ഒരിത്തിരി ആരോഗ്യപ്രശ്നം ഉണ്ട്. കുഴപ്പമില്ല.
ഞാൻ (ഇന്ദു ഗോപൻ )പറഞ്ഞു : ഞാൻ വേണമെങ്കിൽ അങ്ങോട്ട് വരാം സച്ചീ..
സച്ചി പറഞ്ഞു : വേണ്ട. നിങ്ങളൊരു റൈറ്ററാണ്….
തീർച്ചയായും അത് വായിച്ചപ്പോ ഉണ്ടായൊരു വികാരം ആണ് ഇങ്ങനെ ഒരു എഴുത്ത് എഴുതാൻ പ്രേരിപ്പച്ചത്. സച്ചി എന്ന മനുഷ്യനെ ഓർക്കാതെ എങ്ങനെ മുന്നോട്ടു പോകാൻ …
ഇന്ദു ഗോപൻ എന്ന റൈറ്ററുടെ മാസ് ക്ളാസ് എഴുത്താണ് വിലായത്ത് ബുദ്ധ എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം അതിന്റെ ഒന്നാം അധ്യായമാണ്. ഒരു വെളുത്ത പേജ്.. അതിൽ ഏതാണ്ട് കൽ ഭാഗം മാത്രമുള്ള ഒരു വിവരണം.. കഥ നടക്കുന്ന സ്ഥലത്തെ കുറിച്ചുള്ളത്.. ബാക്കി എല്ലാം വെളുപ്പ് നിറം ഉള്ള പേജ് മാത്രമാണ്. പക്ഷെ ആറ്റിക്കുറുക്കിയെഴുതിയ ആ വാക്കുക്കൾ ആ പേജിൽ വരച്ചിടുന്നത്ത് ആ നാടിനെ ആണ് .. ആ മാസ്മരികത ആണ് മുന്നോട്ടു വായനക്കാരനെ കൊണ്ട് പോകുന്നതും.. ആ വലയത്തിൽ പെട്ട ഒരാളായിരിക്കും സച്ചി സാറും വളരെ ദൂരെ ഉള്ള ഞങ്ങളും ഒക്കെ…അതിന്റെ ദ്രശ്യാവിഷ്കാരത്തിന് വേണ്ടി കാത്തിരിക്കുന്ന നാളെ സിനിമയിൽ എത്തും എന്ന് പ്രതീക്ഷിക്കുന്ന അതിന് വേണ്ടി പരിശ്രെമിക്കുന്ന ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ ഇത്രയെങ്കിലും എഴുതേണ്ടേ എന്ന ചിന്തയിൽ…
***