Bineesh K Achuthan

പ്രിയ നടൻ രതീഷ് വിട പറഞ്ഞിട്ട് ഇന്ന് 20 വർഷം പിന്നിടുന്നു. ഇന്നത്തെ തലമുറ ഒരു പക്ഷേ കമ്മീഷണറിലെ മോഹൻ തോമസിന്റെ പേരിലായിരിക്കും രതീഷിനെ ഓർത്തിരിക്കുന്നത്. എന്നാൽ, 80 – കളുടെ തുടക്കത്തിൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ ആയിരുന്നു രതീഷ്. ജയന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താൻ വന്ന താരം എന്ന പ്രതീതിയുണർത്താൻ രതീഷിനായി. ജയൻ അഭിനയിക്കാനിരുന്ന ഐ.വി.ശശിയുടെ ബിഗ് ബജറ്റ് ചിത്രമായ തുഷാരം രതീഷിനെ നായകനാക്കിയാണ് ചിത്രീകരിച്ചത്. തുഷാരം ശംഭീര വിജയം നേടുകയുണ്ടായി. പക്ഷേ ആ വിജയകുതിപ്പ് തുടരാൻ രതീഷിന് കഴിഞ്ഞില്ല .

1977 – ൽ വേഴാമ്പൽ എന്ന ചിത്രത്തിലൂടെ ആയിരുന്നു രതീഷിന്റെ സിനിമാ പ്രവേശനം. എന്നാൽ 1979 – ൽ റിലീസ് ചെയ്ത ഉൾക്കടൽ എന്ന കെ.ജി.ജോർജ്ജ് ചിത്രത്തിലൂടെയാണ് രതീഷ് പ്രേക്ഷകശ്രദ്ധയാകർഷിക്കുന്നത്. തുടർന്ന് ശ്രീകുമാരൻ തമ്പിയുടെ ഇടിമുഴക്കം എന്ന ചിത്രത്തിലടക്കം ചെറുതും വലുതുമായ നിരവധി റോളുകൾ കൈകാര്യം ചെയ്തതിന് ശേഷമാണ് ഐ.വി.ശശിയുടെ തുഷാരത്തിലൂടെ രതീഷ് സൂപ്പർതാര പദവിയിലേക്കുയരുന്നത്. ജയന്റെ മരണശേഷം മറ്റൊരു ജയന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിനിടയിലേക്കാണ് രതീഷ്, ആക്ഷൻ ഹീറോയായി രംഗപ്രവേശം ചെയ്യുന്നത. തുടർന്നുള്ള രതീഷിന്റെ മിക്ക ചിത്രങ്ങളും ആക്ഷന് പ്രാമുഖ്യം നൽകി കൊണ്ടായിരുന്നു. മലയാള സിനിമയിൽ, ഇതിഹാസ താരം ജയന്റെ മരണം സൃഷ്ടിച്ച വിടവ് ഒരു രതീഷിനെ കൊണ്ട് മാത്രം നികത്താനാവുന്ന ഒന്നല്ലായിരുന്നു.

വാണിജ്യപരമായി മലയാള സിനിമ ജയന്റെ ചിത്രങ്ങളിലൂടെ മറ്റൊരു തലത്തിലേക്ക് വളരുമ്പോഴായിരുന്നു അപ്രതീക്ഷിതമായിട്ടദേഹം വിട പറയുന്നത്. ജയന്റെ മരണത്തിന് ശേഷം മൾട്ടി സ്റ്റാർ തരംഗം കൂടുതൽ ശക്തമായി. ജയന് പകരം വക്കാൻ എല്ലാ മുൻ നിര താരങ്ങളും ഒരുമിച്ച് അണിനിരക്കേണ്ട അവസ്ഥയാണുണ്ടായത്. ജോഷി, ബേബി, ശശികുമാർ, എ.ബി.രാജ്, പി.ചന്ദ്രകുമാർ, പി.ജി.വിശ്വംഭരൻ എന്നീ അക്കാലത്തെ സൂപ്പർ ഹിറ്റ് സംവിധായകർ പ്രേം നസീർ, മധു, സോമൻ, സുകുമാരൻ എന്നീ താരങ്ങളെ മുഴുവൻ ഉൾപ്പെടുത്തി ചിത്രങ്ങൾ ഒരുക്കാൻ തുടങ്ങി. ഈ ചിത്രങ്ങളിൽ പതിയെ രതീഷും ഉൾപ്പെടാൻ തുടങ്ങി. ഇതേ സമയം തന്നെ ജയന്റെ സിംഹാസനം സ്വന്തമാക്കാൻ ഒരു നിര താരങ്ങളും രംഗ പ്രവേശം ചെയ്തു. പക്ഷേ അവർക്കാർക്കും തന്നെ മറ്റൊരു ജയനാകാൻ കഴിഞ്ഞില്ല എന്നതിലുപരി ആക്ഷൻ ചിത്രങ്ങളുടെ തരംഗവും പതിയെ കെട്ടടങ്ങി. കാമ്പും കഴമ്പുമില്ലാത്ത താരബാഹുല്യമുള്ള ഇടിപ്പടങ്ങൾ പ്രേക്ഷകരിൽ ചെടിപ്പുളവാക്കി. 1983 – തുടക്കത്തിൽ റിലീസ് ചെയ്ത ” സന്ധ്യക്ക് വിരിഞ്ഞ പൂവ് ” എന്ന ചിത്രത്തിന്റെ വിജയം പുതിയൊരു മാറ്റത്തിന് തുടക്കം കുറിച്ചു. അതേ വർഷം തന്നെ റിലീസ് ചെയ്ത ഹിമവാഹിനി, ആ രാത്രി തുടങ്ങിയ ചിത്രങ്ങളിലൂടെ ആക്ഷൻ ചിത്രങ്ങളെ പിന്തള്ളി കൊണ്ട് ഫാമിലി മെലോഡ്രാമ ചിത്രങ്ങൾക്ക് കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാനായി.

മലയാള സിനിമയിലെ ഈ മാറ്റത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് മമ്മൂട്ടിയായിരുന്നു. ഐ.വി.ശശി, ജോഷി, പി.ജി.വിശ്വംഭരൻ, സാജൻ എന്നീ അക്കാലത്തെ സൂപ്പർ ഹിറ്റ് സംവിധായകരുടെ ഇഷ്ട നടനായി മാറിക്കൊണ്ട് മമ്മൂട്ടി വിജയനായകനായി വളർന്നപ്പോൾ തൃഷ്ണയിലെ ആദ്യ നായകവേഷത്തിലേക്ക് മമ്മൂട്ടിയെ ശുപാർശ ചെയ്ത രതീഷ്, ക്രോസ്ബെൽറ്റ് മണിയുടേയും പി.ചന്ദ്രകുമാറിന്റെയും കെ.എസ്.ഗോപാലകൃഷ്ണന്റെയും അടി – ഇടി മസാല ചിത്രങ്ങളിൽ അഭിനയിച്ച് കരിയർ നശിപ്പിക്കുകയായിരുന്നു. മാറിയ മലയാള സിനിമയെ മനസിലാക്കാതെ മൂന്നാം കിട ചിത്രങ്ങളിൽ തുടർച്ചയായി നായക വേഷം ചെയ്ത് ഫാമിലി പ്രേക്ഷകരുടെ പിന്തുണയും രതീഷ് നഷ്ടപ്പെടുത്തി. ഒന്നു രണ്ടു വർഷങ്ങൾ കഴിഞ്ഞു യാഥാർത്ഥ്യ ബോധത്തിലേക്ക് രതീഷ് തിരികെ എത്തിയപ്പോഴേക്കും താരസിംഹാസനം മമ്മൂട്ടിയിൽ കേന്ദ്രീകരിച്ചിരുന്നു. തൊട്ടു പുറകിൽ മോഹൻലാലും ഉണ്ടായിരുന്നു.

തുടർന്ന് മുഹൂർത്തം 11.30, ആയിരം കണ്ണുകൾ, വീണ്ടും എന്നീ ജോഷി ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് ഒപ്പം പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്ത് കൊണ്ട് രതീഷ് മുഖ്യധാരാ സംവിധായകരുടെ ചിത്രങ്ങളിൽ സജീവമായി. 1986 – ൽ രതീഷിനും തുല്യ പ്രാധാന്യമുള്ള രാജാവിന്റെ മകന്റെ വമ്പൻ വിജയത്തിന് ശേഷം മോഹൻലാൽ മമ്മൂട്ടിക്ക് ഒപ്പമെത്തുകയും രതീഷിന് മുന്നേറാൻ കഴിയാതെ വരികയും ചെയ്തു. ഇതിനകം തന്നെ ഒരു നിര ബാനറുകൾ, നിർമ്മാതാക്കൾ, സംവിധായകർ, തിരക്കഥാകൃത്തുക്കൾ എന്നിവർ മമ്മൂട്ടി – മോഹൻലാൽ എന്നിവരെ കേന്ദ്രീകരിച്ച് വ്യത്യസ്ത ലോബികൾ രൂപപ്പെട്ടിരുന്നു. കൊച്ചി ലോബി, തിരുവനന്തപുരം ലോബി എന്നീ പേരിലാണ് അവർ വിളിക്കപ്പെട്ടത്. ഇരു ലോബിയിലും അംഗമല്ലാത്ത രതീഷിന് സ്വാഭാവികമായും സിനിമാ വ്യവസായത്തിൽ കാര്യമായ സ്വാധീനം ചെലുത്താനുമായില്ല. അഭിനയ മികവിനാലും തങ്ങൾക്കായി മികച്ച കഥാപാത്രങ്ങളെ കണ്ടെത്തി അവതരിപ്പിക്കുന്നതിലൂടെയും മമ്മൂട്ടിയും മോഹൻലാലും ഇതിനോടകം രതീഷിനെ ബഹുദൂരം പിന്നിലാക്കി യിരുന്നു.

80 – കളുടെ അവസാനം മമ്മൂട്ടിയുടെ ശുപാർശയാൽ 1921, അബ്കാരി തുടങ്ങിയ ചിത്രങ്ങളിൽ രതീഷിന് പ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചിരുന്നു. ഒപ്പം തന്നെ ഒരു വടക്കൻ വീരഗാഥയിൽ സുരേഷ് ഗോപി ചെയ്ത ആരോമൽ ചേകവറിന്റെ വേഷം രതീഷിന് ലഭിക്കുന്നതിനായും മമ്മൂട്ടി മുൻകയ്യെടുത്തിരുന്നു. എന്നാൽ ആ നിർദേശം സംവിധായകൻ ഹരിഹരന് സ്വീകാര്യമാകത്തതിനാൽ പ്രസ്തുത വേഷം രതീഷിന് ലഭ്യമായില്ല. ഈ സമയം തന്നെ നടൻ സത്താറുമൊരുമിച്ച് ധാരാളം ചിത്രങ്ങളുടെ നിർമ്മാണവും രതീഷ് ഏറ്റെടുത്തിരുന്നു. അവയൊന്നും വേണ്ടത്ര വിജയകരമായ സംരംഭങ്ങളായിരുന്നില്ല. ഒപ്പം തന്നെ തമിഴ് നാട്ടിലെ കമ്പത്ത് കൃഷിയിലും രതീഷ് മുതൽ മുടക്കിയിരുന്നു. അതും ഉദ്ദേശിച്ച പോലെ ലാഭകരമായിരുന്നില്ല. കടബാധ്യതയിൽ അകപ്പെട്ട രതീഷിനെ സഹായിക്കുന്നതിനായി മമ്മൂട്ടിയുടെ നിർദേശപ്രകാരം അയ്യർ ദ ഗ്രേറ്റ് എന്ന ഭദ്രൻ ചിത്രത്തിന്റെ നിർമ്മാണച്ചുമതല രതീഷിന് ലഭിക്കുകയുണ്ടായി. കേരളത്തിൽ ശരാശരി വിജയം നേടാനേ ആ ചിത്രത്തിനായുള്ളൂ.

തുടർന്ന് ഏതാനും വർഷം രതീഷ് സിനിമാ രംഗത്ത് സജീവമായിരുന്നില്ല. 1994 – ൽ റിലീസ് ചെയ്ത ഷാജി കൈലാസിന്റെ കമ്മീഷണർ എന്ന ചിത്രത്തിലൂടെ വൻ തിരിച്ച് വരവാണ് രതീഷ് പിന്നിട് നടത്തിയത്. രഞ്ജി പണിക്കരുടെ തൂലികയിൽ പിറന്ന പൊളിറ്റിക്കൽ ആക്ഷൻ പോലീസ് സ്റ്റോറിയായ കമ്മീഷണറിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്ന ഭരത് ചന്ദ്രന് ഒത്ത എതിരാളിയായ മോഹൻ തോമസ് എന്ന ബിസിനസ്സ് മാഗ്നറ്റായി രതീഷ് ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു പ്രേക്ഷകൻ എന്ന നിലയിൽ , എനിക്കാദ്യമായി ആരാധന തോന്നിയ വില്ലൻ കഥാപാത്രം മോഹൻ തോമസിന്റേതായിരുന്നു. അധികാരത്തിന്റെ ഇടനാഴിയിൽ രാഷ്ട്രീയ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ദല്ലാളായ മോഹൻ തോമസ് എന്ന പൊളിറ്റിക്കൽ മാനിപ്പുലേറ്ററിനെ രതീഷ് തന്റെ സ്ക്രീൻ പ്രസൻസിനാലും അയത്ന ലളിതമായ ഡയലോഗ് ഡെലിവറിയാലും അവിസ്മരണീയമാക്കി. ഒരു വില്ലൻ കഥാപാത്രത്തിന്റെ ഡയലോഗുകൾ മലയാളി പ്രേക്ഷകൻ ആദ്യമായി ഉരുവിടുന്നത് ഒരു പക്ഷേ മോഹൻ തോമസിന്റേതായിരിക്കാം.

മോഹൻ തോമസിനോളം ശക്തവും ജനപ്രീതിയാർജ്ജിച്ചതുമായ മറ്റ് വേഷങ്ങൾ രതീഷിന് പിന്നീട് ലഭിക്കുകയുണ്ടായില്ല. മോഹൻ തോമസിനെയും ക്യാപ്റ്റൻ രവീന്ദ്രനെയുമൊക്കെ ഉജ്ജ്വലമാക്കിയ രതീഷിന് താരപദവിയുടെ ഔന്നത്യത്തിൽ നിൽക്കുമ്പോഴും വില്ലൻ വേഷങ്ങളോ താരതമ്യേന പ്രാധാന്യം കുറഞ്ഞ വേഷങ്ങളോ ചെയ്യാൻ മടി കാണിച്ചിരുന്നില്ല. ഒരർത്ഥത്തിൽ ആ സമീപനം അബദ്ധമായി എന്ന് അദ്ദേഹത്തിന്റെ പിൽക്കാല കരിയർ ഗ്രാഫ് തെളിയിച്ചു. മുൻ നിര താരമായി തിളങ്ങി നിൽക്കുമ്പോഴാണ് ഈ നാടിലെ രാഷ്ട്രീയ ചാണക്യൻ വേണുവിന്റെ വേഷം അവതരിപ്പിക്കുന്നത്. അതേ പോലെ തന്നെ അന്ന് രതീഷിനേക്കാൾ താരമൂല്യം കുറവുള്ള മമ്മൂട്ടി നായക വേഷം ചെയ്ത ആ രാത്രി, ഹിമവാഹിനി എന്നീ ചിത്രങ്ങളിൽ തുല്യ പ്രാധാന്യം ഇല്ലാത്ത വേഷങ്ങൾ ചെയ്യാൻ യാതൊരു വിമുഖതയും രതീഷ് കാണിച്ചില്ല. ഏറെ വേഷങ്ങൾ ചെയ്യാൻ കാലം ബാക്കി നിൽക്കേ താരതമ്യേന ചെറിയ പ്രായത്തിൽ ; വെറും 48 വയസിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. എങ്കിലും താൻ അവിസ്മരണീയമാക്കിയ നൂറ് കണക്കിന് കഥാപാത്രങ്ങളിലൂടെ ഇന്നും അദ്ദേഹം പ്രേക്ഷക ലക്ഷങ്ങളുടെ മനസുകളിൽ ജീവിച്ചിരിക്കുന്നു.

Leave a Reply
You May Also Like

അഞ്ച് ലിപ് ലോക്കുണ്ട്, കൂട്ടുപ്രതിയായ എന്നെ ഒഴിവാക്കി ദുർഗയെ മാത്രം ആക്രമിക്കുന്നത് എന്തിന് ? സൈബർ സദാചാരവാദികൾക്കെതിരെ കൃഷ്ണശങ്കർ

കുടുക്ക് (kudukk 2025) എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയതിന് പുറമെ സൈബർ ലോകത്തെ സദാചാരവാദികൾ നടി…

‘നേര്’ നാം ഓരോരുത്തരുടെയും മനോഭാവങ്ങൾക്ക് ചെറുതായെങ്കിലും മാറ്റം വരുത്താൻ സാധിക്കുന്ന സിനിമ ആണ്

നേര് സിനിമാ അനുഭവം Eldho Kurian സോഷ്യൽ മീഡിയയിൽ കുറിച്ചത് ജിത്തു ജോസഫ് പറഞ്ഞത് പോലെ…

“ഫീനിക്സ് “- ലിറിക്കൽ സോംഗ് പുറത്തുവിട്ടു

“ഫീനിക്സ് “- ലിറിക്കൽ.സോംഗ് പുറത്തുവിട്ടു ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ.നിർമ്മിച്ച് വിഷ്ണു ഭരതൻ കഥയെഴുതി…

മാത്യു തോമസ്, അന്നാ ബെൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ‘അഞ്ചു സെന്റും സെലീനയും’ കൊച്ചിയിൽ

” അഞ്ചു സെന്റും സെലീനയും “കൊച്ചിയിൽ. മാത്യു തോമസ്, അന്നാ ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…