Bineesh K Achuthan
മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരം മമ്മൂട്ടിക്ക് ആദ്യമായി നേടിക്കൊടുത്ത ചിത്രമാണ് അടിയൊഴുക്കുകൾ. എം.ടി യുടെ തിരക്കഥയിൽ ഐ.വി.ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അനുഭവങ്ങൾ പാളിച്ചകളിൽ സത്യൻ അനശ്വരമാക്കിയ, ചെല്ലപ്പന്റെ നിഴലുകൾ പതിഞ്ഞ കരുണൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മോഹൻലാൽ, സീമ, റഹ്മാൻ, മേനക, വിൻസന്റ്, സത്താർ തുടങ്ങി വൻ താരനിരയിൽ ഒരുങ്ങിയ അടിയൊഴുക്കുകൾ പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഏറ്റു വാങ്ങിയ ചിത്രമാണ്.
എറണാകുളം BTH – ൽ വിശ്രമിക്കുകയായിരുന്ന എംടി യെ സന്ദർശിച്ച മമ്മൂട്ടി, പുതിയ കഥയെക്കുറിച്ച് വാചാലനയാപ്പോൾ എം ടി തന്റെ മനസ് ശൂന്യമാണെന്ന് തുറന്ന് പറയുകയുണ്ടായി. അപ്പോൾ കൊച്ചിൻ ഷിപ്പ് യാർഡും പരിസര പ്രദേശങ്ങളും ചൂണ്ടിക്കാണിച്ച് ഈ പശ്ചാത്തലത്തിൽ ഒരു കഥ നോക്കിക്കൂടെ എന്ന മമ്മൂട്ടിയുടെ നിർദ്ദേശം എം ടിക്കും സ്വീകാര്യമായി. അങ്ങനെയായിരുന്നു അടിയൊഴുക്കുകളുടെ പിറവി എന്ന് മമ്മൂട്ടി ഒരിക്കൽ അവകാശപ്പെടുകയുണ്ടായി. അഹിംസയിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരം മമ്മൂട്ടിക്ക് നേടിക്കൊടുത്ത ഐ.വി.ശശി തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് കൂടി നേടിക്കൊടുക്കാൻ ഇടയായി എന്നത് കൗതുകകരമായ വസ്തുതയാണ്.
1984 ഡിസംബർ 20 – ന് റിലീസ് ചെയ്ത അടിയൊഴുക്കുകൾ ഇന്ന് 38 വർഷം പിന്നിടുന്നു. അതിരാത്രവും സന്ദർഭവും കാണാമറയത്തും ചക്കരയുമ്മയും കൂട്ടിന്നിളം കിളിയുമെല്ലാമിറങ്ങിയ 1984 മമ്മൂട്ടിയുടെ കരിയറിലെ സുവർണ്ണ വർഷം കൂടിയായിരുന്നു. 1983 ഫെബ്രുവരിയിൽ റിലീസായ പി.ജി.വിശ്വംഭരന്റെ സന്ധ്യക്ക് വിരിഞ്ഞ പൂവ് മുതൽ വിജയ നായകനായി മാറിയ മമ്മൂട്ടിക്ക് മുൻ നിരയിലേക്കുള്ള പ്രയാണത്തിലെ നിർണ്ണായക നാഴികക്കല്ലായിരുന്നു അടിയൊഴുക്കുകൾ എന്ന് നിസ്സംശയം പറയാം.