Bineesh K Achuthan
ഇന്ന് പ്രശസ്ത നടൻ അമോൽ പലേക്കറിന്റെ ജന്മദിനം. സ്വാഭാവികമായ അഭിനയ ശൈലിയിലൂടെയാണ് അമോൽ ശ്രദ്ധേയനാകുന്നത്. 70 – കളുടെ അവസാനത്തോടെ എല്ലാ ബോളിവുഡ് നായകരും ആക്ഷൻ ഹീറോകളായി വിജയം വരിച്ചപ്പോൾ മധ്യവർത്തി സമൂഹത്തിന്റെ പ്രതിനിധിയായി, അയൽവക്കത്തെ പയ്യൻ എന്ന ഇമേജിൽ അമോൽ പലേക്കർ കയ്യടി നേടി. 80 – കളുടെ തുടക്കത്തിൽ ജയന്റെ അപ്രതീക്ഷിത മരണത്തെ തുടർന്നുണ്ടായ ശൂന്യതയിൽ, മുൻ നിര നായകരായ പ്രേം നസീർ, മധു, സോമൻ, സുകുമാരൻ തുടങ്ങിയവരെല്ലാം ബിഗ് ബജറ്റ് ആക്ഷൻ ചിത്രങ്ങളിൽ സജീവമായപ്പോൾ മധ്യവർഗ്ഗ പശ്ചാത്തലത്തിൽ നർമ്മത്തിൽ പൊതിഞ്ഞ കഥകളിലൂടെ സമാന്തരമായി വളർന്ന ബാലചന്ദ്ര മേനോന് സമാനമായ താരപരിവേഷമായിരുന്നു ബോളിവുഡിൽ അമോൽ പലേക്കറിന്റേത്.
1982 – ൽ റിലീസ് ചെയ്ത ഓളങ്ങൾ എന്ന ബാലു മഹേന്ദ്ര ചിത്രത്തിലൂടെ മലയാള പ്രേക്ഷകർക്കും സുപരിചിതനാണ് അമോൽ പലേക്കർ. അതിലുപരി യേശുദാസിന്റെ എക്കാലത്തെയും മികച്ച ഹിന്ദി ഗാനങ്ങൾക്ക് ചുണ്ടനക്കാൻ ഭാഗ്യം ലഭിച്ച നടനും അമോൽ പലേക്കറാണ് എന്ന് പറയാം. പതീറ്റാണ്ടുകൾക്കിപ്പുറം ഇന്നും യുട്യൂബിലൂടെ ലക്ഷക്കണക്കിന് ആളുകൾ ചിറ്റ് ചോറിലെ ഗാനം ആസ്വദിക്കുന്നുണ്ട്. കിഷോർ കുമാറിന്റെ ക്ലാസിക് ഹിറ്റുകളിലൊന്നായ ” ആനേ വാലാ പൽ ജാനേ വാലാ ഹേ ….” എന്ന ഗോൾമാലിലെ ഗാനവും അഭിനയിച്ച് ഫലിപ്പിക്കാൻ അമോലിന് കഴിഞ്ഞു. അഭിനയ രംഗത്ത് തിളങ്ങി നിൽക്കുമ്പോൾ തന്നെ ഫിലിം മേക്കിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കളം വിട്ടയാളാണ് അമോൽ പലേക്കർ എന്നത് അദ്ഭുതകരമായ യാഥാർത്ഥ്യമാണ്. വിവിധ ഭാഷകളിലെ സിനിമകളിലും ചലച്ചിത്രത്തിന്റെ വിവിധ മേഖലകളിലും സജീവമായി പ്രവർത്തിച്ച പ്രതിഭാശാലിക്ക് പിറന്നാളാശംസകൾ …