Bineesh K Achuthan

മലൈ ഡാ ….. അണ്ണാമലൈ …..

ദേവയുടെ BGM – ന്റെ അകമ്പടിയോടെ ” SUPER STAR RAJNI ” എന്ന ടൈറ്റിൽ കാർഡ് സ്ക്രീനിൽ കണ്ട് തുടങ്ങിയിട്ട് ഇന്ന് 30 വർഷം തികയുന്നു. സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ കരിയറിലെ നാഴികക്കല്ലായ അണ്ണാമലൈ റിലീസായിട്ട് ഇത് 30-ാം വാർഷികം. ആക്ഷൻ ഹീറോയിൽ നിന്നും രജനീകാന്തിനെ മാസ് ഹീറോയാക്കി മാറ്റിയ അണ്ണാമലൈ……കമൽ ഹാസന്റെ അപൂർവ്വ സഹോദരങ്ങളുടെ കളക്ഷൻ റെക്കോർഡ് ഭേദിച്ച് ഇൻഡസ്ട്രി ഹിറ്റായി മാറിയ അണ്ണാമലൈ……. (അപൂർവ്വ സഹോദരങ്ങളുടെ 2 കോടി ഫുട് ഫാൾ എന്ന റെക്കോഡ് കഴിഞ്ഞ 33 വർഷമായി അഭേദ്യമായി തുടരുന്നു). തന്റെ സുദീർഘമായ കരിയറിൽ ഭൂരിപക്ഷം ചിത്രങ്ങളും ടൈറ്റിൽ റോളിൽ അഭിനയിച്ച രജനിക്ക്, അതൊരു ട്രെന്റാക്കി മാറ്റാനിടയാക്കിയത് അണ്ണാമലൈ മുതലായിരുന്നു. പിന്നീട് ചന്ദ്രമുഖി, കുസേലൻ, പേട്ട, ദർബാർ തുടങ്ങി അപൂർവ്വം ചിത്രങ്ങളിൽ മാത്രമാണ് രജനി ടൈറ്റിൽ റോൾ ചെയ്യാത്തത്.

സംവിധായകനും രജനീകാന്തിന്റെ ഗോഡ് ഫാദറുമായ കെ.ബാലചന്ദറിന്റെ കവിതാലയ പ്രൊഡക്ഷൻസാണ് അണ്ണാമലൈ നിർമ്മിച്ചത്. വസന്ത് സംവിധാനം ചെയ്യാനിരുന്ന ഈ ചിത്രം അവസാന നിമിഷം സുരേഷ് കൃഷ്ണയിലേക്ക് എത്തുകയായിരുന്നു. അണ്ണാമലൈയുടെ കളക്ഷൻ റെക്കോർഡ് 3 വർഷങ്ങൾക്കപ്പുറം തിരുത്തിക്കുറിക്കുന്നത് രജനീകാന്ത് – സുരേഷ് കൃഷ്ണ കൂട്ടുകെട്ടിന്റെ തന്നെ ബാഷയാണ്. ഖുദ്ഗാർസ് എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കാണ് അണ്ണാമലൈ. JEFFREY ARCHER – ന്റെ 1979 – ൽ പ്രസിദ്ധീകൃതമായ കായേൻ & ആബേൽ എന്ന നോവലാണ് ഈ ചിത്രത്തിന്റെ മൂലകഥ.
ഖുശ്ബുവായിരുന്നു നായിക. ശരത് ബാബു, രാധാ രവി, ടൈഗർ പ്രഭാകർ, ജനകരാജ്, വിനു ചക്രവർത്തി, മനോരമ, രേഖ തുടങ്ങിയ വൻ താരനിരയും അണ്ണാമലൈയിൽ അണിനിരന്നു. രാധാ രവി വ്യത്യസ്തമായ ഗെറ്റപ്പിലായിരുന്നു. കവി പേരരസ് വൈരമുത്തു നായികാനായകൻമാരുടെ പേരിൽ പാട്ട് ഒരുക്കുക വഴി പുതുമ സൃഷ്ടിച്ചു. തെന്നിസൈ തെൻട്രൽ ദേവ ഒരുക്കിയ ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടറിലിടം നേടി. ” വന്തേണ്ട പാൽക്കാര “എന്ന എസ്പിബി ആലപിച്ച ഗാനം അക്കാലത്തെ ഗാനമേളകളിൽ ഒഴിച്ചു അവിഭാജ്യ ഘടകമായിരുന്നു. നൃത്ത സംവിധാനം പ്രഭുദേവയായിരുന്നു.

അക്കാലത്ത് രജനീകാന്തിന്റെ വർദ്ധിച്ചു വരുന്ന ജനകീയതയിൽ ജയലളിത ഭരണകൂടം അസ്വസ്ഥരായിരുന്നു. അതിന് പിന്നിൽ ചില കാരണങ്ങളും ഉണ്ടായിരുന്നു.1991- ലെ ദീപാവലി ചിത്രമായ ദളപതി ബ്ലോക്ക് ബസ്റ്റർ വിജയം നേടി. മണിരത്നം സംവിധാനം ചെയ്ത ഈ ചിത്രം പാൻ സൗത്തിന്ത്യൻ ഹിറ്റായിരുന്നു. തമിഴ്നാട്ടിന് വെളിയിലും രജനിയുടെ താരമൂല്യമുയരുന്ന സ്ഥിതിവിശേഷമുണ്ടായി. തൊട്ടടുത്ത ചിത്രമായ പി. വാസുവിന്റെ മന്നൻ 1992 പൊങ്കൽ റിലീസായിരുന്നു. ലേബർ യൂണിയൻ ലീഡർ കൃഷ്ണനും സ്വപത്നിയും കമ്പനി മേധാവിയുമായ ശാന്തി ദേവിയുമായിട്ടുള്ള നേർക്ക് നേർ പോരാട്ടമായിരുന്നു മന്നന്റെ ഇതിവൃത്തം. രജനീകാന്ത് കൃഷ്ണനായും വിജയശാന്തി ശാന്തി ദേവിയായും വേഷമിട്ടു. അധികാര സ്ഥാനത്തിരിക്കുന്ന ശക്തയായ സ്ത്രീയുമായി നീതിക്ക് വേണ്ടി ; ജനപിന്തുണയുള്ള നായകന്റെ പോരാട്ടമായി മന്നൻ വ്യാഖ്യാനിക്കപ്പെട്ടു. പാട്ടുകളിലെ വരികളിലും നേർക്ക് നേർ പറയുന്ന ഡയലോഗുകളിലും പ്രേക്ഷകർ നാനാർത്ഥം തേടി. അധികം വൈകാതെ തന്നെ ഈ ചിത്രം

ജയലളിതക്കെതിരായ രജനീകാന്തിന്റെ യുദ്ധപ്രഖ്യാപനമായി മാധ്യമ വ്യാഖ്യാനമുണ്ടായി. ഏകാധിപത്യ വാസനകൾ ഉള്ള ജയലളിതക്ക് ഇതത്ര നിസാരമായി കാണാൻ കഴിഞ്ഞില്ല. രജനിയെ അവർ മനസ്സാ ശത്രുസ്ഥാനത്ത് നിർത്തി.നഗര പരിധിയിൽ സിനിമാ പോസ്റ്ററുകൾ പാടില്ല എന്ന വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ടാണ് അണ്ണാമലൈയുടെ റിലീസിനെ അവർ നേരിട്ടത്. ഉർവ്വശി ശാപം ഉപകാരമായി ഭവിച്ചത് പോലെ ഈ നടപടി ചിത്രത്തിന്റെ മൗത് പബ്ലിസിറ്റിയെ പോസിറ്റീവായി സ്വാധീനിച്ചു. ഫെസ്റ്റിവൽ സീസൺ അല്ലാതിരിന്നിട്ടു കൂടി വമ്പൻ ഇനീഷ്യൽ കളക്ഷനോടെ അണ്ണാമലൈ റിലീസ് ചെയ്തു. സ്വന്തം കാര്യം നോക്കി ജീവിക്കുന്ന പാൽക്കാരനായ അണ്ണാമലൈ തന്നെ ബുദ്ധിമുട്ടിക്കാൻ വരുന്ന സ്ഥലം MLA – യോട് പറയുന്ന ഡയലോഗുകളിൽ പ്രേക്ഷകർ രാഷ്ട്രീയ നിറം കണ്ടെത്തി.” നാൻ സൊൽറാതെയും സെയ്യും സൊൽറതും സെയ്യും ” എന്ന ഡയലോഗ് ജയലളിതക്കെതിരായ വെല്ലുവിളിയായാണ് രജനി രസികറും പ്രേക്ഷകരും എന്തിനേറെ പൊതുജനവും മനസിലാക്കിയത്. ഇൻറർവെൽ പഞ്ചിന് ശരത് ബാബുവിനോട് നടത്തുന്ന യുദ്ധപ്രഖ്യാപനത്തിനും മറിച്ചൊരു വ്യാഖ്യാനം ഉണ്ടായില്ല. ഈ ഒളിയമ്പുകൾക്ക് പിന്നിലെ യാഥാർത്യം വരും കാലത്ത് വെളിയിൽ വന്നു. രാഷ്ട്രീയ നിറം കലർന്ന ഡയലോഗുകൾ രജനി ചിത്രങ്ങളുടെ മുഖമുദ്രയായി മാറി. 1996 – ലെ പൊതു തെരഞ്ഞെടുപ്പിൽ തമിഴ് മാനില കോൺഗ്രസിന്റെ ചിഹ്നം സെക്കിൾ ആയിരുന്നു. അണ്ണാമലൈയുടെ വാഹനമായ സൈക്കിൾ എന്നായിരുന്നു കാംപെയ്ൻ. പ്രചാരകർക്ക് തെറ്റിയില്ല ആ ഇലക്ഷനിൽ അണ്ണാമലൈ ആഗ്രഹിച്ച റിസൾട്ടും വന്നു.
മലൈ ഡാ ….. അണ്ണാമലൈ …..

Leave a Reply
You May Also Like

സംഭവിക്കാം, സംഭവിക്കാതിരിക്കാം

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസോസിയേറ്റ് ആയി വർക്ക് ചെയ്തു ഒടുവിൽ സ്വതന്ത്ര സംവിധായകനായ ടിനു പാപ്പച്ചൻ…

പച്ച മനുഷ്യരുടെ കഥ പറയുന്ന ഈ സിനിമ കുടുംബ പ്രേക്ഷകർക്ക് നല്ലൊരു അനുഭവമാകുന്നു

മലയാളത്തിൽ ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ മറ്റേത് ത്രില്ലർ സിനിമകളെക്കാളും എന്തുകൊണ്ടും കാണാവുന്ന ഒരു ചിത്രം…

വർത്തമാനകാല ഇന്ത്യയെ അറിയാൻ ഈ സിനിമ സഹായിക്കും, ചില അടഞ്ഞ കണ്ണുകൾ തുറക്കാനും

Bency Mohan അവിചാരിതമായാണ് “ആർട്ടിക്കിൾ 15” എന്ന ഹിന്ദി സിനിമ കണ്ടത്. അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.ഐറ്റം…

ചോര കണ്ട് അറപ്പ് മാറാത്തവർ വായിക്കുകയോ തിയേറ്ററിൽ പോയി കാണുവാനോ ശ്രമിക്കേണ്ടതില്ല.

STRICTLY ADULTS ONLY എന്ന് മാത്രമല്ല 18 വയസ് കഴിഞ്ഞ എല്ലാർക്കും ഈ സിനിമ പൂർണമായും ആസ്വദിക്കാൻ സാധിച്ചു എന്ന് വരില്ല.