ബോളിവുഡിന്റെ ചരിത്രത്തിലെ നാഴികക്കല്ലായ ആരാധന ഇന്ന് 52 വർഷങ്ങൾ പിന്നിടുന്നു.

Bineesh K Achuthan

എന്റെ ചെറുപ്പത്തിൽ കേരളത്തിലെ ഗാനമേള വേദികളിൽ സ്ഥിരം ആലപിക്കപ്പെടുന്ന രണ്ട് അന്യഭാഷാ ഗാനങ്ങളുണ്ടായിരുന്നു. ” പള്ളിക്കെട്ട് ശബരി മലക്ക് ….. കല്ലും മുള്ളും കാലുക്ക് മെത്തെ സാമിയേ അയ്യപ്പോ ” എന്നു തുടങ്ങുന്ന വീരമണി ആലപിച്ച തമിഴ് അയ്യപ്പ ഭക്തി ഗാനമാണ് ഒന്നാമത്തേത്. രണ്ടാമത്തേതാകട്ടെ ” മേരേ സപ്പനോം കോ റാണി കബ് ആയേഗി തൂ ….” എന്നു തുടങ്ങുന്ന കിഷോർ കുമാർ ആലപിച്ച ഗാനവും. ഇരു പാട്ടുകളും കാണികൾ ശരിക്കും ആസ്വദിക്കുന്നതായി ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അഥവാ ആ പാട്ടുകൾ പാടിയില്ലെങ്കിൽ കാണികളിൽ ചിലർ ആ ഗാനങ്ങൾ ആവശ്യപ്പെട്ട് പാടിപ്പിക്കുന്നതിനും ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇരു ഗാനങ്ങളും ഇന്നും ഞാൻ ആസ്വദിക്കുന്നവയാണ്.

പിന്നീട് വർഷങ്ങൾ കഴിഞ്ഞു ദൂരദർശനിലെ രംഗോലി എന്ന പ്രോഗ്രാമിലൂടെയാണ് ” മേരേ സപനോം കി റാണി ” യുടെ വിഷ്വൽസ് ഞാൻ കാണുന്നത്. ട്രെയിനിൽ വിൻഡോ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന നായികയും റെയിൽവേ ലൈനിന് ഏകദേശം സമാന്തരമായി ഒരു തുറന്ന ജീപ്പിൽ സഞ്ചരിക്കുന്ന നായകനും. നായകന്റെ കൂട്ടാളി ജീപ്പോടിക്കുമ്പോൾ നായകൻ നായികയെ ടീസ് ചെയ്തു കൊണ്ട് പാടുന്ന ഗാന രംഗമാണിത്. ഈ ഗാന രംഗം ഉൾക്കൊള്ളുന്ന ചിത്രം റിലീസായി കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടാണ് ഞാനീ ഗാന രംഗം കാണുന്നത്. എന്നിട്ടും ഈ ഗാനരംഗം എന്നെ ഏറെ ആകർഷിക്കുകയുണ്ടായി. നായികയായി ശർമ്മിളാ ടാഗോറിന്റെ ഫേഷ്യൽ എക്സ്പ്രഷൻസും നായകനായ രാജേഷ് ഖന്നയുടെ അൽപ്പം കോമഡി കലർന്ന റൊമാൻസും ആ ഗാന രംഗത്തെ കൂടുതൽ മനോഹരമാക്കി. സാധാരണ ഗതിയിൽ ഒരു ഗാനം കേട്ട് കഴിഞ്ഞ് നമുക്കിഷ്ടപ്പെട്ടിട്ട് അതിന്റെ വിഷ്വൽസ് കാണുമ്പോൾ നിരാശയായിരിക്കും ഫലം. രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകി യേശുദാസ് ആലപിച്ച എവർഗ്രീൻ ക്ലാസിക്കൽ സോംഗായ ” ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം ” എന്നതിന്റെ ഗാനരംഗമൊക്കെ ആദ്യമായി കണ്ടപ്പോൾ തകർന്ന് പോയ മുൻ അനുഭവങ്ങളാണ് അപ്പോൾ ഞാൻ ഓർത്തത്.

അന്നൊക്കെ ദൂരദർശനിൽ വെള്ളി/ശനി ദിവസങ്ങളിൽ രാത്രി 9.30 – ന് ഹിന്ദി ചിത്രങ്ങൾ സംപ്രേക്ഷണം ചെയ്യാറുണ്ട്. ഏത് ചിത്രമാണ് സംപ്രേക്ഷണം ചെയ്യുക എന്ന് മുൻകൂട്ടി അനൗൺസ് ചെയ്യുന്ന പതിവുമുണ്ട്. ആയിടെ അടുത്തയാഴ്ച്ചത്തെ സിനിമ ‘ ആരാധന ‘ ആണെന്ന അറിയിപ്പ് വന്നു. ഗാനമേളകളിലൂടെ ഇഷ്ടപ്പെട്ട ഗാനം….. രംഗോലിയിലൂടെ ഇഷ്ടപ്പെട്ട ഗാന രംഗം… ഈ പ്രത്യേകതകളാൽ കറന്റ് പോകല്ലേ എന്ന് പ്രാർത്ഥിച്ച് ഞാൻ ആരാധനക്കായി കാത്തിരുന്നു. ഭാഗ്യത്തിന് കറന്റ് പോയില്ല. പടം മുഴുവൻ കണ്ടു തീർത്തു. എന്ത് കൊണ്ടോ ആരാധന എനിക്കിഷ്ടമായില്ല. പിന്നീടാ ചിത്രം ഒരിക്കൽ പോലും കാണാനും ശ്രമിച്ചിട്ടില്ല. പക്ഷേ അതിലെ ഗാനങ്ങൾ അന്നു മിന്നും എന്റെ ഫേവറൈറ്റ് ആണ്. ഒപ്പം ഗാന രംഗങ്ങളും.

പിന്നെയും വർഷങ്ങളെടുത്തു ബോളിവുഡിൽ ആരാധനയുടെ ചരിത്ര പ്രാധാന്യം മനസിലാക്കാൻ. മൂന്ന് യുഗങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു ആരാധനയിലൂടെ…താരപദവിയിൽ രാജേഷ് ഖന്ന യുഗം. ഗാനാലാപന രംഗത്ത് കിഷോർ യുഗം. സംഗീത മേഖലയിൽ RD ബർമ്മൻ യുഗം. ഈ മൂവർ സംഘം 70 – കളിൽ ബോളിവുഡ് അടക്കി വാണു. ആരാധനയുടെ വിജയത്തോടെ രാജേഷ് ഖന്ന സമാനതകളില്ലാത്ത രീതിയിൽ ഇന്ത്യൻ യുവത്വത്തിന്റെ ഹരമായി മാറി. താരപദവി എന്നാൽ എന്ത് എന്ന് ബോളിവുഡ് പഠിക്കുകയായിരുന്നു രാജേഷ് ഖന്നയിലൂടെ….. ആയിരക്കണക്കിന് യുവതികൾ ഖന്നയുടെ ദർശനത്തിനായി അദ്ദേഹത്തിന്റെ ഷൂട്ടിംഗ് സെറ്റുകളിൽ കാത്ത് നിന്നു. നിർമ്മാതാക്കൾ രാജേഷ് ഖന്നയുടെ ബംഗ്ലാവിന് മുന്നിൽ അദ്ദേഹത്തിന്റെ കാൾ ഷീറ്റിനായി കാത്ത് കെട്ടിക്കിടന്നു. ആരാധനക്ക് പിറകേ വരിവരിയായി ഒരു ഡസനിലേറെ ഹിറ്റുകൾ. ബോളിവുഡിൽ ഇന്നോളം മറ്റാർക്കും തകർക്കാനാകാത്ത റെക്കോഡ്. സൂപ്പർ സ്റ്റാർ എന്ന പട്ടം ഇന്ത്യൻ മാധ്യമങ്ങൾ നടാടെ ചാർത്തിക്കൊടുക്കുകയായിരുന്നു രാജേഷ് ഖന്നക്ക്.

കിഷോർ കുമാറിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച കിഷോർ ഗാനാലാപനത്തെ ഒരിക്കൽ പോലും ഗൗരവമായി എടുത്തിരുന്നില്ല. കരിയറിലെ ആദ്യ ഘട്ടങ്ങളിലെല്ലാം ആലാപനത്തേക്കാൾ അഭിനയത്തിനാണദ്ദേഹം മുൻ തൂക്കം കൊടുത്തിട്ടുള്ളത്. ഗായകനെന്ന നിലയിൽ അദ്ദേഹത്തെ ദേവാനന്ദ് ഇടക്ക് പ്രോമോട്ട് ചെയ്യുകയുണ്ടായി. സ്വന്തം ചിത്രത്തിലെ ഗാനങ്ങളും ദേവാനന്ദിന്റെ ചിത്രങ്ങളിലെ ചില ഗാനങ്ങളുമായി കിഷോർ കാലം കഴിച്ചു കൂട്ടി. മുഹമ്മദ് റാഫിയുടെ പ്രതാപ കാലമാണത്. ഒപ്പം മുകേഷും മന്നാഡേയും. പക്ഷേ, ആരാധനയിലെ പാട്ടുകളുടെ അഭൂതപൂർവ്വമായ വിജയം ഹിന്ദി ചലച്ചിത്ര ഗാന രംഗത്തെ ഫോർമുലകളെ കട പുഴക്കിയെറിഞ്ഞു. ഒരു പുതു യുഗം പിറക്കുകയായിരുന്നു.ബോളിവുഡിൽ കിഷോർ തരംഗം ആഞ്ഞടിച്ചു. ആ തരംഗത്തിൽ സാക്ഷാൽ മുഹമ്മദ് റാഫിക്ക് പോലും പിടിച്ചു നിൽക്കാനായില്ല. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഗായകനായ റാഫി സാഹിബ് 70 – കളുടെ മധ്യം വരെ പാടുന്ന പാട്ടുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചു. 70 – കളുടെ അവസാനത്തോടെ ബച്ചൻ പ്രഭാവത്താൽ രാജേഷ് ഖന്നയുടെ താരപദവിക്കൽപ്പം മങ്ങലേറ്റിരുന്നെങ്കിലും കിഷോറിനെ ആ മാറ്റം തെല്ലും ഉലച്ചില്ല എന്നു മാത്രമല്ല മരണം വരെ അദ്ദേഹം തന്റെ അപ്രമാദിത്വം തുടരുകയും ചെയ്തു.

ടൈറ്റിൽ കാർഡിൽ പിതാവ് എസ്.ഡി. ബർമ്മന്റെ പേരാണെങ്കിലും രാജ്യം മുഴുവൻ ഏറ്റു പാടിയ ” രൂപ് തേര മസ്താന ” എന്ന ഫാസ്റ്റ് നമ്പറൊക്കെ R.D.ബർമ്മന്റെ സംഭാവനയായിരുന്നു. തുടർന്ന് 70 – കളുടെ ആദ്യ പകുതി മുഴുവൻ രാജേഷ് ഖന്നയുടെ ചിത്രങ്ങളുടെ വിജയഘടകമായി വർത്തിക്കാൻ R.D. ബർമ്മന്റെ ഗാനങ്ങൾക്ക് കഴിഞ്ഞു. 80 – കളോടെ ലക്ഷ്മികാന്ത് – പ്യാരേലാൽ ദ്വയങ്ങൾക്ക് വഴി മാറി കൊടുക്കേണ്ടി വന്നെങ്കിലും കാൽ നൂറ്റാണ്ടിനിപ്പുറം ” 1942 – ഏക് ലവ് സ്റ്റോറി ” യിലെ ഗാനങ്ങളിലൂടെ തന്റെ പ്രതിഭക്ക് കോട്ടം തട്ടിയിട്ടില്ല എന്ന് തെളിയിക്കാനും R.D.ബർമ്മന് കഴിഞ്ഞു.

ഓരോ രണ്ട് ദശാബ്ദങ്ങൾ കൂടുമ്പോൾ തലമുറ മാറ്റം സംഭവിക്കുക എന്നത് ബോളിവുഡിന്റെ നടപ്പ് രീതിയാണ്. 90 – കളുടെ വസന്തത്തിന്റെ മുൻഗാമിയാണ് 70 – കളുടെ തുടക്കം. പ്രത്യേകിച്ചും പിന്നണി ഗാന രംഗത്ത്. ഒപ്പം താരപ്പകിട്ടിലും. ഈ മാറ്റങ്ങൾക്കെല്ലാം നിദാനമാകാൻ കഴിഞ്ഞു എന്നിടത്താണ് ആരാധനയുടെ പ്രസക്തി വർദ്ധിക്കുന്നത്. 70 – കളിലെ ഈ Revolutionary change – നെ ഷോലെയും ദീവാറുമടക്കമുള്ള നിരവധി ചിത്രങ്ങളുടെ സഹ എഴുത്തുകാരനും പ്രശസ്ത കവിയുമായ ജാവേദ് അക്തർ ഇങ്ങനെയാണ് നിരീക്ഷിക്കുന്നത് ” കിഷോർ ദാ റാഫി സാഹിബിനെ മറികടന്നത് റാഫി സാഹിബിനേക്കാൾ പ്രതിഭ കിഷോർ ദാ ക്ക് ഉണ്ടായത് കൊണ്ടല്ല. കാലം ആ മാറ്റത്തെ അനിവാര്യമാക്കി ” എന്നായിരുന്നു. ആ മാറ്റത്തിന് നിദാനമാകാൻ ആരാധനക്ക് കഴിഞ്ഞു എന്നതാണതിന്റെ ചരിത്ര പ്രസക്തി.

Leave a Reply
You May Also Like

വർഷങ്ങൾക്ക് ശേഷവും നയൻതാര അത് മറന്നില്ല.. പ്രശസ്ത നടി തുറന്ന് പറഞ്ഞു

മാലാ പാർവതി സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നയൻതാരയുടെ ആദ്യകാല ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങൾ താരം…

മയോസിറ്റിസ് പ്രശ്നം മൂലം നടി സാമന്തയ്ക്ക് സ്വപ്ന അവസരങ്ങൾ നഷ്ടമായി ?

തമിഴ്, തെലുങ്ക് സിനിമാ വ്യവസായത്തിലെ മുൻനിര നടിയായിരിക്കെ, പ്രശസ്ത മുൻനിര നടൻ നാഗാർജുനയുടെ മകനും കാമുകനുമായ…

പരിയേറും പെരുമാള്‍’ ‘കര്‍ണന്‍’, ‘മാമന്നന്‍’ സിനിമകള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ‘വാഴൈ’

‘പരിയേറും പെരുമാള്‍‘ ‘കര്‍ണന്‍‘, ‘മാമന്നന്‍‘ സിനിമകള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാഴൈ…

എനിക്കൊരു കൈ ആവശ്യം വന്നാൽ ഞാൻ അവനെ എടുക്കും. തൻറെ പങ്കാളിയെ വെളിപ്പെടുത്തി അനശ്വര രാജൻ.

ചുരുങ്ങിയ കാലയളവിൽ മലയാളികളുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ച താരമാണ് അനശ്വരരാജൻ.വളർന്നു വരുന്ന മലയാള സിനിമ നായികമാരിൽ മുൻനിരയിൽ തന്നെ ഉള്ള ഒരാളാണ് അനശ്വര രാജൻ.