ആഗസ്റ്റ് 1 ലെ ക്യാപ്റ്റന്റെ നിഴലാകാനേ ആഗസ്റ്റ് 15 -ൽ സിദ്ദിഖിന് കഴിഞ്ഞുള്ളൂ

0
481

Bineesh K Achuthan

സൂപ്പർ ഹിറ്റ് പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമായ ആഗസ്റ്റ് 1 റിലീസായിട്ട് ഇന്ന് 33 വർഷം പിന്നിടുന്നു. 1971 – ൽ പ്രസിദ്ധീകരിച്ച ; ബ്രിട്ടീഷ് നോവലിസ്റ്റായ ഫ്രഡറിക് ഫോർ സെത്തി ന്റെ ” The day of the Jackal ” – ൽ നിന്നും സ്വാധീനം ഉൾക്കൊണ്ട് എസ്.എൻ.സാമി രചിച്ച ഈ ചിത്രം സിബി മലയിൽ ആണ് സംവിധാനം ചെയ്തത്. ഈ ജേണറിലെ സിബിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ആഗസ്റ്റ് 1. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.മണി നിർമ്മിച്ച ആഗസ്റ്റ് 1 ; 1988 ജൂലൈ 21 – നാണ് റിലീസായത്. തിരക്കഥയുടെ കെട്ടുറപ്പും സംവിധാനത്തിലെ കയ്യടക്കവും അഭിനേതാക്കളുടെ മികച്ച പ്രകടനവും ചിത്രത്തെ സൂപ്പർ ഹിറ്റാക്കുന്നതിനൊപ്പം കൾട്ട് സ്റ്റാറ്റസ് പദവി നൽകുന്നതിലും നിർണ്ണായകമായി.

August 1 Malayalam Movie Climax | Mammootty | Sukumaran | Capt. Raju |  Jagathy | Sreenath | Urvashi - YouTubeസത്യസന്ധനും നീതിമാനും സർവോപരി ആദർശധീരനുമായ കെ ജി ആർ എന്ന കെ ജി രാമചന്ദ്രൻ തികച്ചും അപ്രതീക്ഷിതമായി കേരള മുഖ്യമന്ത്രി പദവിയിലെത്തുന്നു. എന്നാൽ സ്വാർത്ഥമതികളും അഴിമതിക്കാരുമായ സ്വന്തം പാർട്ടിക്കാർ , തങ്ങൾക്ക് ലഭ്യമായ അധികാരം വഴി അഴിമതിക്ക് നടത്തുന്നതിൽ കെ ജി ആർ ഒരു തടസമാണെന്ന തിരിച്ചറിവിന്റെ ഭാഗമായി അവർ അദ്ദേഹത്തെ വകവരുത്താനായി പദ്ധതിയിടുന്നു. അബ്കാരി പ്രമുഖനും പാർട്ടിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുമായ വിശ്വം ആണ് മുഖ്യമന്ത്രിയെ വധിക്കാനുള്ള ഗൂഢ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. വിശ്വത്തിന്റെ സുഹൃത്തും തമിഴ് വംശജനുമായ തേവർ വഴി ഒരു പ്രൊഫഷണൽ കില്ലറെ ഇതിനായി ചുമതലപ്പെടുത്തുന്നു. മുഖ്യമന്ത്രിയെ വധിക്കാനുള്ള ദൗത്യമേറ്റെടുത്ത പ്രസ്തുത പ്രൊഫഷണൽ കില്ലറുടെ ഉദ്യമങ്ങളും മുഖ്യമന്ത്രിയുടെ ജീവൻ സംരക്ഷിക്കാൻ അദ്ദേഹത്തിന്റെ സുഹൃത്തും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനുമായ പെരുമാളിന്റെ ചടുല നീക്കങ്ങളും അടങ്ങിയ മോസ് & കാറ്റ് ഗെയിമാണ് ആഗസ്റ്റ് 1 – ന്റെ ഇതിവൃത്തം.

Noted Mollywood actor Captain Raju passes away- The New Indian Expressസിബി മലയിലിന്റെ കരിയറിലെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ആഗസ്റ്റ് 1. കലാമൂല്യം ഉള്ള നിരവധി ചിത്രങ്ങൾ ; ശ്രീനിവാസൻ , പ്രിയദർശൻ , പെരുമ്പടവം ശ്രീധരൻ , ലോഹിതദാസ് എന്നിവരുടെ രചനകളിൽ സിബി മലയിൽ ഒരുക്കിയിരുന്നു. ഇതിൽ തനിയാവർത്തനം അടക്കം ഭേദപ്പെട്ട വിജയം നേടിയ ചിത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു സൂപ്പർ ഹിറ്റ് ലഭിക്കുന്നത് ആഗസ്റ്റ് 1- ലൂടെ ആയിരുന്നു. പരിമിതമായ ബജറ്റിലും സൗകര്യത്തിലും വളരെയേറെ കഷ്ടപ്പെട്ടാണ് താൻ ചിത്രീകരണം പൂർത്തിയാക്കിയതെന്ന് സിബി പിന്നീട് പറയുകയുണ്ടായി. ടെക്നിക്കൽ പെർഫെക്ഷനിൽ അധികം കോംപ്രമൈസ് വരുത്താതെ ഷൂട്ടിംഗ് പൂർത്തീകരിക്കാൻ താൻ പെടാപാട് പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രം വൻ വിജയം നേടിയെങ്കിലും ഈ ജേണറിൽ മറ്റൊരു ചിത്രവും സംവിധാനം ചെയ്തില്ല എന്നത് ശ്രദ്ധേയമാണ്.

Day of the Jackal (1973), Sibi Malayil, Frederick Forsyth, SN Swamy, and  August 1? | OLD MALAYALAM CINEMAകുടുംബ ചിത്രങ്ങളുടെ തിരക്കഥാകാരനായിരുന്ന എസ് എൻ സ്വാമി 1987 – ൽ റിലീസായ ” ഇരുപതാം നൂറ്റാണ്ട് ” മുതലാണ് ട്രാക്ക് മാറ്റുന്നത്. തൊട്ടടുത്ത വർഷം ആദ്യം റിലീസായ ” ഒരു CBI ഡയറിക്കുറിപ്പ് ” കൂടി വൻ വിജയം നേടിയതോടെ തന്റെ പാത ഏതാണെന്ന് സ്വാമി തിരിച്ചറിഞ്ഞു. പിന്നീടദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. സാമിയുടെ രചനകളിൽ ഏറ്റവും ത്രില്ലിംഗായി തോന്നിയ ഒരു ചിത്രം കൂടിയായിരുന്നു ആഗസ്റ്റ് 1. ഇന്ന് കാണുമ്പോൾ ആ കാലഘട്ടത്തിന്റേതായ ചില പോരായ്മകൾ നിഴലിക്കുമെങ്കിലും ഇന്നും പ്രേക്ഷക പ്രീതിയിൽ ചിത്രം മുന്നിൽ തന്നെയാണ് എന്നത് സാമിയുടെ രചനാ വൈഭവത്തിന്റെ പ്രത്യേകത കൊണ്ടാണ്.

80 – കളുടെ രണ്ടാം പകുതിയോടെ കുടുംബ നായകന്റെ പരിവേഷം അഴിച്ച് വച്ച് ആക്ഷൻ ഹീറോ ഇമേജിലായിരുന്നു മമ്മൂട്ടിയുടെ ഭൂരിപക്ഷം വിജയ ചിത്രങ്ങളും . ആ ശ്രേണിയിൽ വരുന്ന ഒരു പ്രധാന കഥാപാത്രമായിരുന്നു ആഗസ്റ്റ് 1 ലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ പെരുമാൾ. മുടി പറ്റെ വെട്ടി ഷർട്ട് ടക് ഇൻ ചെയ്ത് ഇരുകൈകളും ഒരേ താളത്തിൽ ആട്ടി ഒരു പ്രത്യേക രീതിയിൽ നടന്ന് പോകുന്ന പെരുമാളിന്റെ ബോഡി ലാംഗ്വേജ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. ഒരൊറ്റ സീനിൽ പോലും പോലീസ് യൂണിഫോം ധരിക്കാതെ ; എന്നാൽ പോലീസ് റോളിന്റെ ഗാംഭീര്യം ഒട്ടും തന്നെ ചോർന്ന് പോകാത്ത രീതിയിൽ മമ്മൂട്ടി പെരുമാളിനെ ഉജ്ജ്വലമാക്കി.രണ്ടര മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള ചിത്രത്തിൽ ഒരു മണിക്കൂർ കഴിഞ്ഞ് മാത്രമാണ് ആ കാരക്ടറിന്റെ ഇൻട്രൊ പോലും . മമ്മൂട്ടിയുടെ അസംഖ്യം പോലീസ് കഥാപാത്രങ്ങളിൽ പെരുമാളിന്റെ സ്ഥാനം ബൽറാമിനടുത്ത് തന്നെയാണ്.

80 – കളുടെ മധ്യം എന്നത് മലയാള സിനിമയിൽ ; നായക നിരയിൽ മമ്മൂട്ടിയുടെ ആരോഹണത്തിന്റെയും സുകുമാരന്റെ അവരോഹണത്തിന്റെയും കാലമാണ്.
എന്നാൽ 80 – കളുടെ രണ്ടാം പകുതി സുകുമാരന്റെ നായകനോളം പോന്ന ശക്തവും വൈവിധ്യമാർന്നതുമായ കാരക്ടർ വേഷങ്ങൾക്ക് സാക്ഷ്യം വഹിച്ച കാലഘട്ടവുമാണ്. എസ് എൻ സ്വാമിയുടെ തന്നെ CBI പരമ്പരകളിലെ ദേവദാസ് എന്ന കഥാപാത്രമായിരുന്നു അതിൽ പ്രധാനം. അതിനടുത്തു തന്നെയാ അതിനൊപ്പമോ പ്രാധാന്യമുള്ള റോളായിരുന്നു ആഗസ്റ്റ് 1 ലെ കെ ജി ആർ.സൗമ്യനും അതേ സമയം കർക്കശക്കാരനുമായ മുഖ്യമന്ത്രിയുടെ വേഷത്തിൽ സുകുമാരൻ മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ഡയലോഗ് ഡെലിവറിയിൽ താൻ മമ്മൂട്ടിയുടെ ആശാൻ തന്നെയാണെന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു ചിത്രത്തിൽ അദ്ദേഹത്തിന്റെ സംഭാഷണ ശൈലി. ഓരോ വരിയിലേയും കുത്തും കോമയും വരെ പ്രേക്ഷകന് സുവ്യക്തം !

ക്യാപ്റ്റൻ രാജുവിന്റെ കരിയർ ബെസ്റ്റ് റോളായിരുന്നു ആഗസ്റ്റ് 1- ലെ പ്രൊഫഷണൽ കില്ലർ . മുൻ വർഷമിറങ്ങിയ നാടോടിക്കാറ്റിൽ പവനായി എന്ന വാടക കൊലയാളിയെ ഹാസ്യാത്മകമായി അവതരിപ്പിച്ച ക്യാപ്റ്റൻ ഈ ചിത്രത്തിൽ അതിന് നേർ വിപരീതമായ തികച്ചും സീരിയസായ കൊലയാളിയായി അരങ്ങ് തകർത്തു. സ്വന്തമായി ഒരു പേര് പോലുമില്ലാത്ത ഈ കഥാപാത്രമാണ് ചിത്രത്തിന്റെ നെടും തൂൺ. ആദിമധ്യാന്തം കഥയിൽ നിറഞ്ഞ് നിൽക്കുന്ന ഈ കഥാപാത്രത്തിന്റെ വിജയം ക്യാപ്റ്റനെ വളരെ പോപ്പുലറാക്കുകയും ഒപ്പം അന്യഭാഷാ സിനിമാ രംഗത്ത് വരെ തിരക്കേറിയ നടനാക്കി മാറ്റുകയും ചെയ്തു. സമാന കഥാപാത്രങ്ങളെ യഥാക്രമം തമിഴിലും തെലുങ്കിലും അവതരിപ്പിച്ച ആനന്ദ് രാജ് , ചരൺ രാജ് എന്നിവരേക്കാളും കയ്യടി നേടാനും ക്യാപ്റ്റൻ രാജുവിനായി .

എന്തിനേറെ പറയുന്നു പിൻകാലത്ത് ക്യാപ്റ്റൻ അവതരിപ്പിച്ച ഇതര കഥാപാത്രങ്ങളേക്കാൾ റേഞ്ചും വൈവിധ്യമാർന്നതുമായ അസംഖ്യം റോളുകൾ കൈകാര്യം ചെയ്ത സിദ്ധിഖിന് പോലും ആഗസ്റ്റ് 1 ന്റെ സീക്വൽ ആയ ആഗസ്റ് 15 – ൽ ക്യാപ്റ്റന്റെ നിഴലാകാനേ കഴിഞ്ഞുള്ളൂ. ആ ചിത്രത്തിന്റെ പരാജയത്തിന്റെ ഒരു പ്രധാന കാരണവും മറ്റൊന്നല്ല. ആഗസ്റ്റ് 1 -ലെ കഥാപാത്രത്തിന്റെ മുകളിൽ നിൽക്കുന്ന ഒരു കഥാപാത്രവും ക്യാപ്റ്റന്റെ കരിയറിൽ പിന്നീട് ഉണ്ടായിട്ടില്ല. നായകനൊപ്പമോ അതിന് കുറച്ചു മുകളിലോ ആയിരുന്നു ഈ ചിത്രത്തിൽ ക്യാപ്റ്റന്റെ സ്ഥാനം. അരിങ്ങോടർ പോലും ഇതിന് താഴെയേ വരൂ എന്നതാണ് യാഥാർത്ഥ്യം.

ഇതര കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാ താരങ്ങളും തങ്ങളുടെ ഭാഗം ഭംഗിയാക്കി. എങ്കിൽ തന്നെയും എടുത്ത് പറയേണ്ട പ്രകടനമാണ് IG – യും DIG – യും ആയി യഥാക്രമം വേഷമിട്ട ജി കെ പിള്ളയുടെയും അസീസിന്റെയും. ഇരുവരുടെയും ശരീര ഭാഷ പക്കാ പോലീസുകാരുടേതായിരുന്നു.ഒരുന്നത പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ രീതികൾ ഇരുവരും വളരെ റിയലിസ്റ്റിക്കായി തന്നെ അവതരിപ്പിച്ചു. ഇരുവരുടെയും ഔദ്യോഗിക പശ്ചാത്തലം ഇതിനവരെ സഹായിച്ചിരിക്കാം. വരാന്തയിൽ സിഗററ്റ് വലിച്ച് നിൽക്കുന്ന പെരുമാളിനെ അസീസിന്റെ കഥാപാത്രം പേര് ചൊല്ലി വിളിക്കുമ്പോൾ മേലുദ്യോഗസ്ഥന്റെ സാനിധ്യമറിഞ്ഞ് താൻ വലിച്ച് കൊണ്ടിരുന്ന സിഗററ്റ് കുറ്റി വലിച്ചെറിഞ്ഞകത്തേക്ക് പോകുന്ന രംഗമൊക്കെ രസകരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്.

ആഗസ്റ്റ് 1 -ന്റെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ച ഒന്നാണ് ശ്യാമിന്റെ പശ്ചാത്തല സംഗീതം. CBI സീരിസിൽ മമ്മൂട്ടിയുടെയും സുകുമാരന്റെയും ത്രില്ലടിപ്പിക്കുന്ന BGM ഒരുക്കിയ ശ്യാം ആഗസ്റ്റ് 1 -ൽ ഇരുവർക്കും പ്രത്യേകം BGM ഒരുക്കിയത് കൂടാതെ ക്യാപ്റ്റൻ രാജുവിന്റെ കഥാപാത്രത്തിനും ഒരു BGM ഒരുക്കി. മൂന്ന് BGM ഉം CBI യുടെ BGM പോലെ ഇന്നും ഹിറ്റാണ് എന്ന് മാത്രമല്ല പലരുടെയും കോളർ ട്യൂണുമാണ്.(ആഗസ്റ്റ് 1- ലേത് പോലെ മൂന്ന് പ്രധാന കഥാപാത്രങ്ങൾക്കും മൂന്ന് വ്യത്യസ്ത BGM കൊടുത്ത ചിത്രം കമ്മീഷണർ ആണ് .BGM ഒരുക്കിയത് രാജാമണിയാണ്. മറ്റേതെങ്കിലും മലയാള ചിത്രങ്ങളിൽ ഇങ്ങനെ ഉണ്ടോ എന്നറിയില്ല)
ആഗസ്റ്റ് 15 എന്ന് ആദ്യം നാമകരണം ചെയ്ത ഈ ചിത്രം സെൻസർ ബോർഡിന്റെ എതിർപ്പിനെ തുടർന്ന് ആഗസ്റ്റ് 1 ? എന്ന രീതിയിൽ പുതുക്കുകയുണ്ടായി. ക്ലൈമാക്സ് രംഗത്തോടും വിയോജിപ്പ് രേഖപ്പെടുത്തിയ സെൻസർ ബോർഡിനോട് നിരന്തര അഭ്യർത്ഥനയുടെ ഭാഗമായാണ് പ്രസ്തുത രംഗത്തെ കത്രിക വീഴാതെ രക്ഷപെടുത്തിയത്. ഒരു വർഷം മുമ്പ് (1987) രാജീവ് ഗാന്ധിക്ക് ശ്രീലങ്കയിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്ന വേളയിൽ നേരിടേണ്ടി വന്ന വധശ്രമത്തിന് സമാനമായിരുന്നു പ്രസ്തുത രംഗം എന്നതായിരുന്നു സെൻസർ ബോർഡിന്റെ എതിർപ്പിന്റെ കാരണഹേതു.

കേരളത്തിൽ സൂപ്പർ ഹിറ്റായത് പോലെ തമിഴ് നാട്ടിലും ആഗസ്റ്റ് 1 സൂപ്പർ ഹിറ്റായിരുന്നു. ഒരു CBI ഡയറിക്കുറിപ്പ് ദീർഘനാൾ ഓടിയ മദാസ് സഫയർ തീയറ്ററിൽ തന്നെ ഈ ചിത്രവും വിജയകരമായി പ്രദർശിപ്പിക്കുകയുണ്ടായി. ന്യൂ ഡൽഹിക്കും ഒരു CBI ഡയറിക്കുറിപ്പിനും ശേഷം മമ്മൂട്ടിയുടെ തമിഴ് നാട്ടിലെ ഹാട്രിക് ഹിറ്റാണ് ആഗസ്റ്റ് 1. ഈ തുടർ വിജയങ്ങൾ മമ്മൂട്ടിയുടെ തമിഴ് പ്രവേശനത്തിന് വഴിയൊരുക്കി. മൗനം സമ്മതം എന്ന ആ ചിത്രത്തിന്റെ രചനയും എസ്.എൻ.സാമി ആയിരുന്നു.

ആഗസ്റ്റ് 1 – ൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് വിജയകാന്തിന്റെ ” മാനഗര കാവൽ ” എന്ന ചിത്രം ഒരുക്കിയത്. മുഖ്യമന്ത്രിയിൽ നിന്നും വ്യത്യസ്തമായി പ്രധാനമന്ത്രിയുടെ ജീവൻ രക്ഷിക്കുക എന്നതായിരുന്നു ഇതിൽ വിജയകാന്തിന്റെ ദൗത്യം. മാനഗര കാവൽ വിജയം നേടിയ ചിത്രമാണ്.തെലുങ്കിൽ ” രാജകീയ ചതുരംഗം ” എന്ന പേരിൽ റീമേക്ക് ചെയ്യപ്പെട്ട ആഗസ്റ്റ് 1 മമ്മൂട്ടിയുടെ റോളിൽ സൂപ്പർ സ്റ്റാർ കൃഷ്ണയും സുകുമാരന്റെ റോളിൽ എ എൻ ആറും ആയിരുന്നു. കൃഷ്ണയുടെ ചിത്രങ്ങൾ തുടരെ തുടരെ പരാജയപ്പെടുന്ന സമയത്ത് റിലീസ് ചെയ്തതു കൊണ്ടാകാം ഇതൊരു പരാജയ ചിത്രമായിരുന്നു.

നീണ്ട 23 വർഷത്തിനു ശേഷം ആഗസ്റ്റ് 1 ന്റെ സീക്വൽ ആഗസ്റ്റ് 15 എന്ന പേരിൽ റിലീസ് ചെയ്യുകയുണ്ടായി. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം ദയനീയമായി പരാജയപ്പെട്ടു . ദുർബലമായ തിരക്കഥയും കാലഘട്ടം മാറിയത് മനസിലാക്കാതെ പോയ അണിയറ ശിൽപ്പികളുമാണ് ഈ ചിത്രത്തിന്റെ പരാജയത്തിന് ഉത്തരവാദികൾ. ഒരു കാലത്തെ ഹിറ്റ് മേക്കർ ആയിരുന്നിട്ട് കൂടി ഷാജി കൈലാസിന് ആഗസ്റ്റ് 15 നെ ഒരു വിജയ ചിത്രമാക്കാനായില്ല. ആഗസ്റ്റ് 1 -ന്റെ പ്രേതം മാത്രമായിരുന്നു ആഗസ്റ്റ് 15. രണ്ട് ദശാബ്ധത്തിന് ശേഷവും ; ആഗസ്റ്റ് 1 റീമേക്ക് ചെയ്യാൻ തോന്നിയ ചിന്ത തന്നെ ആ ചിത്രത്തിന്റെ പ്രേക്ഷക പ്രീതിയെ വെളിപ്പെടുത്തുന്നു എന്നതാണ് വസ്തുത. ചാനലുകളിൽ ഈ ചിത്രം എപ്പോൾ സംപ്രേക്ഷണം ചെയ്താലും ; വർഷങ്ങളിത്ര കഴിഞ്ഞിട്ടും പ്രേക്ഷകർ ആസ്വദിച്ച് കാണുന്ന ഒരു ചിത്രം കൂടിയാണിത്.