Bineesh K Achuthan
മലയാള സിനിമയിലെ കൾട്ട് ക്ലാസിക് പോലീസ് സ്റ്റോറി ആവനാഴിയുടെ 36-ാം വാർഷികം. പ്രദർശന ശാലകളെ പൂരപ്പറമ്പാക്കി മാറ്റിയ ചരിത്ര വിജയമായിരുന്നു ആവനാഴിയുടേത്. ഐ വി ശശി – ടി.ദാമോദരൻ – മമ്മൂട്ടി കൂട്ട്കെട്ടിലെ ഏറ്റവും വലിയ വിജയമായിരുന്നു ആവനാഴി . മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ആവനാഴിയിലെ പോലീസ് ഇൻസ്പെക്ടർ ബൽറാം. പോലീസ് കഥകൾ എന്നും ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ വിപണന സാധ്യത ഏറെയുള്ള ഒന്നാണ്. പല പ്രമുഖ താരങ്ങളുടെയും കരിയറിൽ പോലീസ് കഥാപാരങ്ങൾ നിർണ്ണായക വഴിത്തിരിവുകൾ ആകാറുണ്ട്. സാക്ഷാൽ അമിതാഭ് ബച്ചന്റെ കരിയറിലെ ആദ്യ സൂപ്പർ ഹിറ്റ് വേഷം സൻജീറിലെ ഇൻസ്പെക്ടർ വിജയ് യുടേതായിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ പോലീസ് കഥകളിലെ ഒരു നാഴികക്കല്ലാണ് ആവനാഴി. ബൽറാമിന് മുമ്പ് ബൽറാമിന് ശേഷം എന്ന രീതിയിൽ പോലീസ് സ്റ്റോറികളെ വേർതിരിക്കത്തക്ക അളവിൽ ആവനാഴി പ്രാധാന്യമർഹിക്കുന്നു.
ആൾക്കൂട്ടത്തിന്റെ സംവിധായകനെന്നാണ് ഐ.വി.ശശിയെ വിശേഷിപ്പിക്കാറുള്ളത്. ആ പേര് അന്വർത്ഥമാക്കും വിധം താരബാഹുല്യം നിറഞ്ഞതായിരുന്നു ആവനാഴിയും. അങ്ങാടിയും അഹിംസയും ഈ നാടും പോലെ സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങൾ കോർത്തിണക്കിയായിരുന്നു ടി.ദാമോദരൻ ആവനാഴിയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഭരണകൂടത്തെ ഗ്രസിച്ച അഴിമതിയും സ്വജന പക്ഷപാതവും അതിനെതിരായ ഒറ്റയാൾ പോരാട്ടവുമായിരുന്നു ആവനാഴിയിലെ കഥാതന്തു. അടിയന്തിരാവസ്ഥയുടെ ഭീകര നാളുകളിൽ സംഭവിച്ച രാജൻ വധക്കേസിന്റെ പശ്ചാത്തലത്തിലായിരുന്നു അവനാഴിയുടെ ഇതിവ്രത്തം വികസിക്കുന്നത്. തന്റെ മേലുദ്യോഗസ്ഥന്റെ കൈപ്പിഴ മൂലം സംഭവിച്ച കൊലപാതക്കുറ്റം പേറേണ്ടി വന്ന ഹതഭാഗ്യനായ യുവ ഇൻസ്പെക്ടർ ബൽറാമിന് ജീവിതത്തിലെ വിലപ്പെട്ടതെല്ലാം നഷ്ടമാവുകയും ആ ഫ്രസ്ട്രേഷൻ അയാളെ കുത്തഴിഞ്ഞ ജീവിത ശൈലിയിലേക്ക് നയിക്കുകയും ചെയ്യുന്നു.മലയാള സിനിമ അന്നോളം കണ്ടിട്ടില്ലാത്ത പരുക്കനും മദ്യപാനിയും സർവോപരി വ്യഭിചാരിയുമായ നായക കഥാപാത്രമായിരുന്നു അവനാഴിയിലെ ബൽറാം. സത്യസന്ധനും നീതിമാനും സർവ്വഗുണ സമ്പന്നനുമായ ധീരോദാത്ത നായകരിൽ നിന്നും ഏറെ അകലെയായിരുന്നു ബൽറാമിന്റെ സ്ഥാനം. ഐ വി ശശിയുടെ തന്നെ അടിയൊഴുക്കുകളിലെ കരുണന്റെ ഒരു എക്സ്റ്റെൻഡഡ് വേർഷൻ എന്നും ബൽറാമിനെ വിശേഷിപ്പിക്കാം. ആവനാഴിക്കു മുമ്പും ധാരാളം പോലീസ് കഥാപാത്രങ്ങളെ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും യവനികയിലെ ജേക്കബ് ഈരാളിക്ക് മുകളിൽ നിൽക്കുന്ന ഒരു വേഷം ബൽറാമിലൂടെയാണ് സാധ്യമായത്. മറ്റിതര പോലീസ് നായകരേപോലെ അഴിമതി വിരുദ്ധനും കർത്തവ്യ നിരതനുമായിരുന്നെങ്കിലും കുത്തഴിഞ്ഞ ജീവിത ശൈലിയാണ് ബൽറാമിനെ വ്യതിരിക്തനാക്കുന്നത്.
അവനാഴിയിൽ മമ്മൂട്ടിക്കൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ക്യാപ്റ്റൻ രാജു അവതരിപ്പിക്കുന്ന സത്യരാജ് എന്ന അന്തർദേശീയ കുറ്റവാളി. ചാൾസ് ശോഭരാജിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു സത്യരാജിന്റെ പാത്രസൃഷ്ടി. തന്റെ ആകാരസൗഷ്ഠവത്തിനനുസൃതമായ ശബ്ദത്തിനുടമയാണ് ക്യാപ്റ്റൻ രാജു. എന്തുകൊണ്ടോ ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ ശബ്ദം ഉപയോഗിക്കാത്തത് ഇന്നാ ചിത്രം കാണുന്ന പ്രേക്ഷകർക്കൊരു കല്ല് കടിയാണ്. നായക നിരയിൽ നിന്നും പിൻവാങ്ങിയ സുകുമാരന്റെ ശ്രദ്ധേയമായ വേഷമായിരുന്നു ആവനാഴിയിലേത്. വില്ലൻ വേഷങ്ങൾ മാത്രം കൈകാര്യം ചെയ്തിരുന്ന ജോണിക്ക് ഈ ചിത്രത്തിൽ വ്യത്യസ്തമായ ഒരു വേഷമാണ്.
ആവനാഴിയിലെ നായികാ കഥാപാത്രമായ സീതയെ അവതരിപ്പിച്ചത് ഗീതയായിരുന്നു. ലൈംഗിക തൊഴിലാളിയായ നായിക എന്നത് അക്കാലത്തെ കൊമ്മേഴ്സൽ ചിത്രങ്ങളിൽ ഒരു അപൂർവ്വതയായിരുന്നു. ഗീതയോടൊപ്പം നളിനിയും സീമയും ശക്തമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ഗോവിന്ദ് നിഹലാനിയുടെ അത്ഥ സത്യ, സിൽവസ്റ്റർ സ്റ്റാലൺ നായകനായ കോബ്ര എന്നീ ചിത്രങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട ആവനാഴി 1986 ഓണ സീസണിലെ ഏറ്റവും വലിയ വിജയം എന്നതിലുപരി ആ വർഷത്തെ തന്നെ ഏറ്റവും വലിയ വിജയമായിരുന്നു. വിവിധ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട ആവനാഴി അവിടെയും വിജയമാവർത്തിച്ചു. വില്ലൻ വേഷങ്ങളിൽ നിന്നും നായകനിരയിലേക്ക് ഉയർന്നു കൊണ്ടിരുന്ന വേളയിൽ സത്യരാജിന് കിട്ടിയ ഉജ്ജ്വല കഥാപാത്രമായിരുന്നു ആവനാഴിയുടെ റീ മേക്കായ ” കടമൈ കന്നിയം കട്ടപ്പാട് ” എന്ന ചിത്രത്തിലെ നായക വേഷം. അതേ പോലെ നീണ്ട ഇടവേളക്ക് ശേഷം ബോളിവുഡിലേക്ക് തിരികെ വന്ന വിനോദ് ഖന്നക്ക് ലഭിച്ച മികച്ച വേഷമായിരുന്നു ആവനാഴിയുടെ ഹിന്ദി പതിപ്പായ ” സത്യമേവ ജയതെ ” -യിലെ . തെലുങ്ക് പതിപ്പായ “മരണ ശാസനം ” – ത്തിൽ കൃഷ്ണം രാജു വായിരുന്നു നായക വേഷത്തിൽ.
സാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജൻ നിർമ്മിച്ച ആവനാഴിയുടെ സീക്വലായ ഇൻസ്പെക്ടർ ബൽറാം 5 വർഷ ന്നിന് ശേഷം 1991 – ൽ ” ഇൻസ്പെക്ടർ ബൽറാം ” എന്ന പേരിൽ റിലീസായി. ആദ്യ ഭാഗത്തിന്റെ വിജയമാവർത്തിക്കാൻ ബൽറാമിനായി . എന്നാൽ മൂന്നാം ഭാഗമായ ബൽറാം VS താരാദാസിന് വിജയക്കുതിപ്പ് നിലനിർത്താനായില്ല. കാലഘട്ടത്തിന്റെ ചുവരെഴുത്തുകൾ തിരിച്ചറിയാൻ അണിയറ ശിൽപ്പികൾക്ക് കഴിഞ്ഞില്ല എന്നതാണതിന്റെ കാരണം. മലയാളി പ്രേക്ഷകർക്കൊപ്പം രൺജി പണിക്കർ അടക്കമുള്ള എഴുത്തുകാരെയും പ്രഥ്വിരാജിനേപ്പോലുള്ള നടൻമാരെയും പ്രചോദിപ്പിക്കുന്ന റഫറൻസായി നിലനിൽക്കുന്ന കൾട്ട് ക്ലാസിക് ആകാൻ ആവനാഴിക്ക് കഴിഞ്ഞു എന്നതും ഈ വേളയിൽ എടുത്ത് പറയേണ്ട ഒന്നാണ്.