Happy birthday to my childhood Hero
Bineesh K Achuthan
ഫാസിലിന്റെ പൂവിന് പുതിയ പൂന്തെന്നലിലെ രഞ്ജിയെ ആണ് ആദ്യം കണ്ടത്. പിന്നെ കാണുന്നത്, ഭരതന്റെ വൈശാലിയിലെ ലോമപാദ മഹാരാജാവായി. ഇരു വേഷങ്ങളും വ്യത്യസ്ത ധ്രുവങ്ങളിൽ വരുന്നവയായിരുന്നു. രഞ്ജിയോളം എന്നെ ഭയപ്പെടുത്തിയ ചലച്ചിത്ര കഥാപാത്രങ്ങൾ ഇല്ലെന്ന് തന്നെ പറയാം. തുടർന്ന് മൂന്നാം മുറയിലെയും ദൗത്യത്തിലെയും വില്ലൻമാർ. പിന്നെയാണ് പവിത്രന്റെ തമിഴ് ചിത്രം സൂര്യൻ കാണുന്നത്. സ്ക്രീൻ സ്പേസ് വളരെ കുറവുള്ള ഒരു വില്ലൻ വേഷം എന്ന് പറയാം. പക്ഷേ അസാധ്യ ലുക്കും സ്ക്രീൻ പ്രസൻസും ക്ലൈമാക്സ് ഫൈറ്റൊക്കെ തീയായിരുന്നു. ക്രമേണ പോസിറ്റീവ് റോളുകളിലൊക്കെ വന്നു തുടങ്ങി. പുള്ളി നായകൻമാരുടെ സൈഡാണേൽ പണി എളുപ്പമായി എന്നാശ്വസിച്ചിരുന്ന ബാല്യമായിരുന്നു ഞാനടക്കമുള്ള അന്നത്തെ കുട്ടികൾക്ക്.
അങ്ങനെയിരിക്കെയാണ് സ്ത്രീ കേന്ദ്രീകൃത ചിത്രമായ ഗാന്ധാരിയിലെ മുഴുനീള പോസിറ്റീവ് റോളിൽ വരുന്നത്. തുടർന്നാണ് ഭരണകൂടം എന്ന ചിത്രത്തിലൂടെ നായക നിരയിലേക്കുയരുന്നത്. നായക വേഷമല്ലെങ്കിൽ കൂടി ഉപ്പുകണ്ടം ബ്രദേഴ്സിൽ ഏറ്റവും അധികം കയ്യടി വാങ്ങിയത് ബാബു ആന്റണി ആയായിരുന്നു. പിന്നീട് രണ്ട് വർഷത്തേക്ക് മലയാള സിനിമയിൽ ബാബു ആന്റണി ചിത്രങ്ങളുടെ ചാകരയായിരുന്നു. ഏതാണ്ടിതേ കാലയളവിൽ തന്നെ വന്ന നാടോടിയിലേയും മാഫിയയിലേയും വില്ലൻ വേഷങ്ങൾ കയ്യടി നേടിക്കൊടുത്തവയായിരുന്നു.
പുറകിലോട്ട് നീട്ടി വളർത്തിയ മുടിയും കൂളിംഗ് ഗ്ലാസും ധരിച്ച് ഒരേ അച്ചിൽ വാർത്ത ഒട്ടനവധി ലോ ബജറ്റ് ചിത്രങ്ങൾ തുടരെ തുടരെ റിലീസ് ചെയ്യുക വഴി ബാബു ആന്റണിയുടെ താരമൂല്യത്തിൽ ഇടിവ് സംഭവിച്ചു. ഏകദേശം 96 – 97 ആയപ്പോഴേക്കും ബാബു ആന്റണി തരംഗം കെട്ടടങ്ങി. പിന്നെ തുടർച്ചയായ സാനിധ്യം വിരളമായി. നീണ്ട ഇടവേളക്ക് ശേഷമുള്ള ഉത്തമനിലെ വില്ലൻ വേഷം കയ്യടി നേടിയെങ്കിലും ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ബഹുതാര ചിത്രമായ ട്വന്റി : 20 – യിൽ മമ്മൂട്ടിയുടെ രമേശ് നമ്പ്യാരുടെ വലം കയ്യായി പ്രത്യക്ഷപ്പെടുന്ന വിക്രം ഭായിയായിട്ടുള്ള പ്രകടനത്തിന് തീയേറ്ററിൽ ആരവം ഉയർത്താൻ കഴിഞ്ഞു. മോഹൻലാലുമായിട്ടുള്ള സംഘട്ടന രംഗങ്ങളും ശ്രദ്ധ നേടി.
ഇടുക്കി ഗോൾഡിലും ഗ്രാന്റ് മാസ്റ്ററിലുമെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രങ്ങൾ അവതരിച്ചു കൊണ്ട് സാനിധ്യമറിയിച്ച ബാബു ആന്റണി ഗൗതം മേനോന്റെ വിണ്ണൈ താണ്ടി വരുവായയിൽ നായികയുടെ അച്ഛൻ വേഷത്തിൽ പ്രത്യക്ഷപ്പെടുകയുണ്ടായി.ഏകദേശം മൂന്നര പതീറ്റാണ്ട് ദൈർഘ്യമുള്ള കരിയറിൽ പൂവിന് പുതിയ പൂന്തെന്നലിലെ രഞ്ജിയുടെ മുകളിൽ നിൽക്കുന്ന വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം. ആ ചിത്രത്തിന്റെ നാല് റീമേക്കുകളിലും ബാബു ആന്റണി തന്നെയാണ് ആ വേഷം കൈകാര്യം ചെയ്തത്. ഒരു പക്ഷേ ഇതൊരു ലോക റെക്കോഡ് ആയിരിക്കാം. തെലുങ്ക് റീമേക്ക് ഇൻഡസ്ട്രി ഹിറ്റായി മാറിയെങ്കിലും പിന്നീട ഇത്തരം മികച്ച വേഷങ്ങൾ അവിടെ നിന്നും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായില്ല. ചിരഞ്ജീവി, ബാലകൃഷ്ണ തുടങ്ങിയവരോടൊപ്പം ധാരാളം ചിത്രങ്ങളിൽ അഭിനയിക്കാനായെങ്കിലും അവയൊന്നും പ്രാധാന്യം ഉള്ളവയായിരുന്നില്ല.
കരാട്ടെയിൽ ഉന്നത ബിരുദധാരിയായി ബാബു ആന്റണിയും സമാന യോഗ്യതകൾ കരസ്ഥമാക്കിയ ബോളിവുഡ് താരം അക്ഷയ് കുമാറും തമ്മിലുള്ള ഒരു സംഘട്ടന രംഗം 90 – കളിലെ ഒരു വലിയ സ്വപ്നമായിരുന്നു. പുലൻ വിസാരണയിൽ വിജയകാന്തും ശരത് കുമാറും തമ്മിലുള്ള ക്ലൈമാക്സ് ഫൈറ്റിന്റെ മുകളിൽ വരുന്ന ഒന്ന്. 90 – കളിൽ ഒരു പാൻ ഇന്ത്യൻ ആക്ഷൻതാരമാകാനുള്ള എല്ലാ വിധ യോഗ്യതകളുമുണ്ടായിട്ടും നല്ല ഒരു മാനേജറുടെ അഭാവത്താൽ അദ്ദേഹത്തിന് അത് സാധ്യമായില്ല എന്നാണ് എന്റെ വിലയിരുത്തൽ. കുട്ടിക്കാലത്തെ കിടിലം കൊള്ളിച്ച പ്രിയ താരത്തിന് ഇനിയും മികച്ച പ്രകടനങ്ങൾ കാഴ്ച്ചവക്കാനകട്ടെ എന്ന് ഈ പിറന്നാൾ ദിനത്തിൽ ആശംസിക്കുന്നു.