Bineesh K Achuthan

വർഷം 1984 …….മലയാള സിനിമയിൽ മമ്മൂട്ടി – കുട്ടി – പെട്ടി ട്രെൻറിനു തുടക്കമിട്ട ചിത്രമായിരുന്നു സന്ദർഭം. ജൂബിലി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോയ് തോമസ് നിർമ്മിച്ച് ജോഷി സംവിധാനം ചെയ്ത് ബ്ലോക്ക് ബസ്റ്ററായി മാറിയ സന്ദർഭത്തിൻ്റെ വിജയാഘോഷവേള. കൊച്ചിൻ ഹനീഫയുടെ കഥക്ക് കലൂർ ഡെന്നീസ് തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിൻ്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരെല്ലാം തന്നെ വേദിയിലുണ്ട്. ഓരോരുത്തരായി വേദിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുന്നു. പെട്ടെന്നതാ കാണികൾക്കിടയിൽ നിന്നും ഒരു ആരവം…. നിറഞ്ഞ കയ്യടികളുടെ അകമ്പടിയോടെ ഒരാൾ തൻ്റെ ട്രേഡ് മാർക്കായ ‘ തലേകെട്ടുമായ് ‘ വേദിയിലേക്ക് നടന്നടുക്കുന്നു. ആശംസ അർപ്പിക്കാനായി എത്തിയ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ ആയിരുന്നു ആഗതൻ. അന്ന് അവിടെ സംസാരിച്ചവരിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയതും അദ്ദേഹമായിരുന്നു. വൻ വിജയം നേടിയ സന്ദർഭത്തിൻ്റെ നായകനും സംവിധായകനും കിട്ടാത്തത്ര സ്വീകരണം, പ്രസ്തുത ചടങ്ങിൽ അതിഥിയായെത്തിയ ബാലചന്ദ്രമേനോന് ലഭിച്ചു എന്നത് ഇന്ന് കേൾക്കുമ്പോൾ ഒരു പക്ഷേ അതിശയോക്തിയായി തോന്നാം. എന്നാൽ അതായിരുന്നു യാഥാർത്ഥ്യം. 2005 – ൽ കമലിൻ്റെ രാപ്പകൽ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിൻ്റെ ഇടവേളയിൽ ഓർമ്മയിൽ തങ്ങി നിൽക്കുന്ന തന്നെക്കുറിച്ചുള്ള ഒരു സംഭവം ഏതാണെന്നുള്ള മേനോൻ്റെ ചോദ്യത്തിൻ്റെ മറുപടിയായിട്ടാണ് മമ്മൂട്ടി മേൽ പറഞ്ഞ സംഭവം വിവരിച്ചത്.

80 – കളിലെ ബോക്സ് ഓഫീസ് കിംഗ് ആയിരുന്നു ബാലചന്ദ്ര മേനോൻ. കുടുംബ സദസുകളുടെ പ്രിയ നടൻ. അതിലുപരി എ ക്ലാസ് പ്രേക്ഷകരുടെ പ്രിയ സംവിധായകൻ. 80 – കളുടെ ആദ്യ പകുതിയിൽ മമ്മൂട്ടിയേക്കാളും മോഹൻലാലിനേക്കാളും ജനപ്രീതിയുള്ള താരമായിരുന്നു ബാലചന്ദ്ര മേനോൻ. തമിഴിലെ ഭാഗ്യരാജിനേപ്പോലെ തന്നെ സിനിമയുടെ സമസ്ത മേഖലകളിലും കൈ വച്ചു വിജയിപ്പിച്ച വ്യക്തിത്വം. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നടനം എന്നിവയെല്ലാം ഒറ്റക്ക് ചെയ്യുന്ന സകലകലാവല്ലഭൻ. ഭാഗ്യരാജിനെ മോൾഡ് ചെയ്യുന്നതിൽ തമിഴ് ചലച്ചിത്ര വേദിയിലെ അതികായകനായ ഭാരതീ രാജക്ക് ഒരു നിർണ്ണായക പങ്കുണ്ടായിരുന്നു. പക്ഷേ ഒരു സംവിധായകന്റെ കീഴിൽ പോലും പരിശീലനം നേടാതെയാണ് 1978 – ൽ ഉത്രാട രാത്രിയിലൂടെ ബാലചന്ദ്ര മേനോൻ സ്വതന്ത്ര സംവിധായകനാവുന്നത്. ചലച്ചിത്ര പ്രസിദ്ധീകരണമായ നാനയുടെ മദിരാശി ലേഖകനായിരുന്ന മേനോൻ കേവലം സിനിമാ സെറ്റുകളിലെ പരിചയത്തിൻ്റെ പിൻബലത്തിലാണ് സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്.

താൻ ഒരു സംവിധായകനാകണമെന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ എന്നും തൻ്റെ ഇഷ്ട നായകനായ സുകുമാരൻ്റെ തിരക്ക് മൂലമാണ് തനിക്ക് നായക വേഷം ചെയ്യേണ്ടി വന്നതെന്നും ഒരിക്കൽ മേനോൻ വെളിപ്പെടുത്തുകയുണ്ടായി. 80 – കളുടെ തുടക്കത്തിലെ മൾട്ടി സ്റ്റാർ ആക്ഷൻ ചിത്രങ്ങളിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട പ്രേം നസീറിന്റെ രസകരമായ കഥാപാത്രങ്ങൾ കാണാൻ പ്രേക്ഷകർക്ക് ബാലചന്ദ്രമേനോൻ വേണ്ടി വന്നു. പ്രേം നസീർ കഴിഞ്ഞാൽ ഗാനരംഗത്ത് പ്രത്യേകിച്ചും പ്രണയഗാന രംഗങ്ങളിൽ തിളങ്ങിയ മോഹൻലാലിൻ്റെ ആദ്യ സൂപ്പർ ഹിറ്റ് ഡ്യുയറ്റ് താനാണ് സംവിധാനം ചെയ്തതെന്ന് ബാലചന്ദ്രമേനോൻ പറയാറുണ്ട്. കേൾക്കാത്ത ശബ്ദം എന്ന ബാലചന്ദ്ര മേനോൻ ചിത്രത്തിൽ ദേവദാസ് രചിച്ച് ജോൺസൺ ഈണം നൽകിയ ” നാണം നിൻ കണ്ണിൽ…. ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു മേനോൻ ഉദ്ദേശ്ശിച്ചത്. മോഹൻലാൽ അന്ന് വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന സമയമാണ്. കൂടെ അഭിനയിച്ചതാകട്ടെ അന്നത്തെ മുൻനിര നായികയായ അംബികയും.

80 – കളിലുടനീളം നായകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും തിളങ്ങി നിന്ന ബാലചന്ദ്ര മേനോൻ, 90 – കളോടെ പതിയെ മങ്ങി തുടങ്ങി. പതിയെ അദ്ദേഹം തൻ്റെ ചിത്രങ്ങളിൽ മറ്റു യുവതാരങ്ങളെ നായകരാക്കുകയും കാരക്ടർ റോളുകളിലേക്ക് പിൻവാങ്ങുകയും ചെയ്തു. ഇതിനിടയിൽ സമാന്തരങ്ങൾ എന്ന ചിത്രത്തിലൂടെ ഒരു അഭിനേതാവ് എന്ന നിലയിലും സംവിധായകനെന്ന നിലയിലും അദ്ദേഹം പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വച്ചു. 1997 – ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ഇത് വഴി അദ്ദേഹം കരസ്ഥമാക്കി. പിന്നീടുള്ള കാലം ഒരു സംവിധായകനെന്ന നിലയിൽ തൻ്റെ ഗതകാല പ്രൗഢിയുടെ നിഴലിൽ അഭിരമിക്കുന്ന ബാലചന്ദ്ര മേനോനെയാണ് കാണാൻ കഴിഞ്ഞത്. അദ്ദേഹത്തിന് തൻ്റെ കരിശ്മ ഇതിനകം എവിടെയോ നഷ്ടപ്പെട്ടതായി മനസിലായിരിക്കണം. എങ്കിലും ഒരു നടൻ എന്ന നിലയിൽ അദ്ദേഹം തൻ്റെ ചലച്ചിത്ര ജീവിതം തുടർന്നു.

പലരും അദ്ദേഹത്തെ ” ബാൽക്കണി പ്രേക്ഷകരുടെ സംവിധായകൻ ” എന്നു വിശേഷിപ്പിക്കാറുണ്ട്. A ക്ലാസ് പ്രേക്ഷകരുടെ അഭിരുചികൾക്കനുസരിച്ച് ചിത്രങ്ങൾ എടുക്കുന്നത് കൊണ്ടായിരിക്കാം അത്തരമൊരു വിശേഷണം. ഒരു സംവിധായകനെന്ന നിലയിൽ അദ്ദേഹം ഇതിനകം 45 വർഷം പൂർത്തിയാക്കി. ഐ വി ശശിയുടെ അവളുടെ രാവുകൾ എന്ന ചിത്രം മലയാള സിനിമയിൽ തരംഗമായി നിൽക്കുന്ന സമയമായ 70 – കളുടെ അന്ത്യ പാദത്തിൽ ചലച്ചിത്ര പ്രവേശനം നടത്തിയ ബാലചന്ദ്ര മേനോന് താൽപ്പര്യമില്ലാതിരുന്നിട്ടും തൻ്റെ ചിത്രത്തിന് പ്രഥമ ചിത്രത്തിന് ഉത്രാട രാത്രികൾ എന്ന് പേരിടേണ്ടി വന്നതിനേക്കുറിച്ച് ഒരിക്കൽ പറയുകയുണ്ടായി. സോഫ്റ്റ് പോൺ തരംഗത്തിൽ നിന്നും മലയാള സിനിമ മൾട്ടി സ്റ്റാർ ആക്ഷൻ ചിത്രങ്ങളിലേക്ക് എത്തിയപ്പോൾ അവിടെ നിന്നുള്ള ഗതി മാറ്റത്തിനായി ബാലചന്ദ്ര മേനോൻ മുൻ നിരയിൽ തന്നെയുണ്ടായിരുന്നു.

ഫാമിലി മെലോഡ്രാമക്ക് തുടക്കം കുറിച്ചത് ഒരു പക്ഷേ കലൂർ ഡെന്നീസ് ആകാമെങ്കിലും കുടുംബ ചിത്രങ്ങൾ ട്രെൻ്റാക്കിയത് ബാലചന്ദ്ര മേനോനാണ്. ഈ ദിശമാറ്റത്തിൻ്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ മമ്മൂട്ടിയും സത്യൻ അന്തിക്കാടുമായിരുന്നു. ജയൻ്റെ അപ്രതീക്ഷിത മരണം സൃഷ്ടിച്ച ശൂന്യതയിലേക്ക് കടന്ന് വന്ന ഒരുപറ്റം യുവ നടൻമാരിലൊരാളായിരുന്നു മമ്മൂട്ടി. മറ്റൊരു ജയനാകാൻ തനിക്കൊരിക്കലും സാധ്യമല്ല എന്ന തിരിച്ചറിവും മമ്മൂട്ടിക്കുണ്ടായിരുന്നു. ബാലചന്ദ്ര മേനോന്റെ ചിത്രങ്ങൾ, മൾട്ടി സ്റ്റാർ ആക്ഷൻ തരംഗത്തിൽ നിന്നും മലയാള സിനിമയെ കുടുംബ ചിത്രങ്ങളിലേക്ക് വഴി തിരിച്ചു വിട്ടപ്പോൾ വളർന്നു വരുന്ന ഒരു നായക നടനെന്ന നിലയിൽ ആ ട്രെൻ്റ് മമ്മൂട്ടിക്ക് ഏറെ ഗുണം ചെയ്തു. സമാനമായ കഥയാണ് സത്യൻ അന്തിക്കാടിന്റെയും. ഗുരുവായ പി ചന്ദ്രകുമാറിൻ്റെ വഴികളിലൂടെയായിരുന്നില്ല ഒരിക്കലും സത്യൻ അന്തിക്കാടിന്റെ സഞ്ചാരം.

ഒരുപക്ഷേ ആക്ഷൻ തരംഗം അസ്തമിച്ചില്ലായിരുന്നെങ്കിൽ സ്ഥിതി വ്യത്യസ്തമായേനെ. ഈ ഗതി മാറ്റം തിരിച്ചറിയാതെ രതീഷ് പിന്നെയും സ്റ്റണ്ട് പടങ്ങളിൽ അഭിനയിച്ചു കൂട്ടിയതാണ് അദ്ദേഹത്തിന് വിനയായി മാറിയത്. 80 – കളിലെ ഈ ദിശമാറ്റത്തിൽ ബാലചന്ദ്ര മേനോനുള്ള പങ്ക് പലരും വിസ്മരിക്കാറാണ് പതിവ്. ഇപ്പോൾ വീണ്ടും മലയാള സിനിമ ഒരു ദിശമാറ്റത്തിൻ്റെ സന്ധിയിലാണ്. ന്യൂ ജൻ തരംഗം കൊണ്ട് വന്ന റിയലിസ്റ്റിക് ശൈലി ഇതിനകം പ്രേക്ഷകർക്ക് ചെടിച്ചു തുടങ്ങിയിരിക്കുന്നു. മാറുന്ന പരിതസ്ഥികൾ ബാലചന്ദ്ര മേനോന് എത്ര കണ്ട് അനുകൂലമായിരിക്കുമെന്ന് ഇപ്പോൾ പറയുന്നതിലർത്ഥമില്ല. മലയാള സിനിമയിൽ തൻ്റെ പ്രസക്തി ഇനിയെന്ത് എന്ന ചോദ്യം അദ്ദേഹത്തെ അലട്ടുന്നുണ്ട് എന്ന് തോന്നുന്നു. എന്തായാലും കുറേ നാളുകളായിട്ട് അദ്ദേഹം സജീവവമല്ല. കഴിഞ്ഞയാഴ്ച സപ്തതിയാഘോഷിച്ച ബാലചന്ദ്ര മേനോന് ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടോ എന്ന ചോദ്യത്തിന് കാലമാണ് മറുപടി പറയേണ്ടത്…..

You May Also Like

7 പെൺകുട്ടികൾ മാത്രമുള്ള ആ ഭവനത്തിൽ ഒരു പുരുഷൻ ചെല്ലുമ്പോൾ…… ചിത്രം കണ്ടുകഴിയുമ്പോൾ ലേഡീസ് ഹോസ്റ്റലിൽ സെക്യൂരിറ്റി പണി കിട്ടിയാൽ പോലും പോകണ്ടെന്നു തോന്നിപ്പോകും

The Beguiled (2017) Drama ,Thriller കടപ്പാട് : നിള  1864 അമേരിക്കൻ സിവിൽ വാർ…

ശരിക്കും നമ്മൾ പ്രണയിക്കുന്നത് നമ്മളെ തന്നെയാണ്, അതിനെ നമ്മൾ വേറൊരു വ്യക്തിയിലേക്ക് പ്രോജക്ട് ചെയ്യുന്നു

തോമസ് റാഹേൽ മത്തായി ട്രൂ ലവ് എന്നൊന്നില്ല. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു പ്രണയം,…

സൗദി വെള്ളക്ക: മാനവികതയുടെ ഒരു അസാധാരണ മുഖം

ഓപ്പറേഷൻ ജാവയിലൂടെ പ്രശസ്തനായ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക പ്രേക്ഷകർ ഏറെ…

“കഴുത്തു മുറിക്കുമ്പോൾ ‘ശ് ‘ എന്നൊരു ശബ്ദം വരും, അതു കേൾക്കുന്നത് ഒരു ഹരമാണ് സാമീ”, ഭയപ്പെടുത്തുന്ന ‘ദണ്ടുപാളയ’

“കഴുത്തു മുറിക്കുമ്പോൾ ‘ശ് ‘ എന്നൊരു ശബ്ദം വരും, അതു കേൾക്കുന്നത് ഒരു ഹരമാണ് സാമീ”…