Bineesh K Achuthan

തെലുങ്കരുടെ ബാലയ്യ ! നമ്മുടെ ട്രോളയ്യ ! ഇതാണ് മലയാളികളെ സംബന്ധിച്ചിടത്തോളം ബാലകൃഷ്ണ എന്ന നന്ദമൂരി ബാലകൃഷ്ണ. അദ്ദേഹത്തിന്റെ സിനിമയിലെ കത്തി രംഗങ്ങൾ ട്രോളിലൂടെ കണ്ടാണ് ബഹുഭൂരിപക്ഷം മലയാളികളും ബാലകൃഷ്ണയെ അറിയുന്നത് തന്നെ. എന്നാൽ, 80 – കളുടെ മധ്യം മുതലേ തെലുങ്കിലെ മുൻ നിര താരവും ആന്ധ്രയിലെ ഏറ്റവും ഫാൻ ബേസുള്ള നടൻമാരിൽ ഒരാളുമാണ് ബാലയ്യ എന്നത് പലരും വൈകിയാണ് മനസിലാക്കുന്നത്. തന്റെ സമകാലികരായ ചിരഞ്ജീവി, വെങ്കിടേഷ്, നാഗാർജ്ജുന എന്നിവരെല്ലാം തമിഴിലും ഹിന്ദിയിലും അഭിനയിച്ച് ആന്ധ്രയുടെ അതിരുകൾ ദേദിച്ചപ്പോൾ ബാലയ്യ ഒരിക്കൽ പോലും അതിനു മുതിർന്നിട്ടില്ല. തമിഴിൽ വിജയകാന്തിനേപ്പോലെ ബാലകൃഷ്ണയും മാതൃഭാഷയായ തെലുങ്കിലല്ലാതെ മറ്റൊരു ഭാഷയിലും അഭിനയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ചിത്രങ്ങൾ തമിഴിൽ ഡബ്ബ് ചെയ്ത് വന്ന് കേരളത്തിൽ പ്രദർശിപ്പിച്ചതിലൂടെയാണ് ഇവിടെ കുറച്ച് പേർക്കെങ്കിലും അദ്ദേഹം പരിചിതനാകുന്നത്.

തെലുങ്കരുടെ താരദൈവവും മുഖ്യമന്ത്രിയും ആയിരുന്ന എൻ.ടി.രാമറാവുവിന്റെ ഇളയ മകനാണ് ബാലകൃഷ്ണ. 1974 – ൽ താത്തമ്മ കല എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ബാലകൃഷ്ണയുടെ സിനിമാ പ്രവേശനം. തുടർന്ന് സ്വപിതാവിന്റെ നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ അഭിനയിച്ചതിന് ശേഷം 1984 – ൽ ഇരട്ട സംവിധായകരായ ഭാരതി – വാസു കൂട്ട്കെട്ടിന്റെ സാഹസമേ ജീവിതം എന്ന ചിത്രത്തിലൂടെയാണ് ബാലകൃഷ്ണ ഒരു സോളോ ഹീറോയായി മാറുന്നത്. തമിഴിൽ പിൽക്കാലത്ത് പ്രശസ്തരായി മാറിയ സന്താന ഭാരതിയും പി.വാസുവുമാണ് ഭാരതി – വാസു എന്നറിയപ്പെട്ട സംവിധായക ഇരട്ടകൾ. സ്വപിതാവിന്റെ ഫാൻ ബേസ് ബാലകൃഷ്ണക്കും ലഭിച്ചു. തുടക്കം മുതൽ തന്നെ ബാലകൃഷ്ണയുടെ ചിത്രങ്ങൾ വിജയിപ്പിക്കുന്നതിൽ ഈ ആരാധക വൃന്ദം കാര്യമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ഒപ്പം തന്നെ ആന്ധ്രയിലെ ജാതി സമവാക്യങ്ങളും ബാലയ്യക്ക് അനുകൂല ഘടകമായിരുന്നു. അതേ സമയം മറുവശത്ത് അത്രയധികം ബന്ധുബലത്തിന്റെയൊന്നും പിന്തുണ കൂടാതെ തന്നെ ചെറുകിട വേഷങ്ങളിലൂടെ വില്ലനായും ഉപനായകനായും ഒടുവിൽ നായകനായും ചിരഞ്ജീവി പടിപടിയായി ഉയർന്ന് വരുന്നുണ്ടായിരുന്നു.

തെലുങ്ക് സിനിമയിൽ തലമുറ മാറ്റത്തിന്റെ സമയമായിരുന്നു 80-കളുടെ മധ്യ കാലം. 80 -കളുടെ അവസാനത്തോടെ അത് പൂർണ്ണമായി. എ.എൻ.ആർ, സൂപ്പർ സ്റ്റാർ കൃഷ്ണ, ശോഭൻ ബാബു, കൃഷ്ണം രാജു എന്നിവരിൽ നിന്നും ചിരഞ്ജീവി – ബാലകൃഷ്ണ എന്നിവരിലേക്ക് തെലുങ്ക് സിനിമാ ലോകം കേന്ദ്രീകരിച്ചു. തൊട്ട് പിറകിൽ വെങ്കിടേഷും നാഗാർജ്ജുനയും ഉണ്ടായിരുന്നു. 80 – കളുടെ മധ്യത്തിലാരംഭിച്ച ചിരഞ്ജീവി – ബാലകൃഷ്ണ മത്സരം വ്യാവസായികമായി തെലുങ്ക് സിനിമയെ അതിന്റെ ഉന്നതിയിൽ എത്തിച്ചു. പ്രതിഫലത്തിന്റെ കാര്യത്തിലായാലും സിനിമയുടെ ബജറ്റിന്റെ കാര്യത്തിലായാലും ഇരു ഭാഗത്ത് നിന്നും കടുത്ത മത്സരമാണ് അരങ്ങേറിയത്. ഒപ്പത്തിനൊപ്പം മത്സരിച്ചു നീങ്ങിയ ബാലയ്യയെ 90 – കളുടെ തുടക്കത്തിലെ 3 ഇൻഡസ്ട്രി ഹിറ്റുകൾ സൃഷ്ടിച്ചു കൊണ്ട് ചിരഞ്ജീവി മറികടന്നു. ഇതേ കാലയളവിൽ ബി.ഗോപാൽ സംവിധാനം ചെയ്ത ലോറി ഡ്രൈവർ, റൗഡി ഇൻസ്പെക്ടർ എന്നീ ബ്ലോക്ക് ബസ്റ്ററുകൾ ഉണ്ടായിരുന്നുവെങ്കിൽ തന്നെയും ചിരഞ്ജീവിയുടെ ജഗദേഗ വീരുഡു അതിലോക സുന്ദരി, ഗ്യാംഗ് ലീഡർ, ഖരാനാ മൊഗ്ഗാഡു എന്നീ ചിത്രങ്ങളുടെ ഐതിഹാസിക വിജയത്തെ മറികടക്കാൻ ബാലയ്യക്ക് കഴിഞ്ഞില്ല.

90 – കളിലുടനീളം ഗ്രാമീണ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രങ്ങളിലെ നായകനായി തിളങ്ങിയ ബാലയ്യയുടെ സമരസിംഹ റെഡ്ഡി എന്ന ചിത്രം 1999 – ലാണ് റിലീസാകുന്നത്. ബി.ഗോപാലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം തെലുങ്ക് സിനിമാ ചരിത്രത്തിലെ അത് വരെയുള്ള മുഴുവൻ കളക്ഷൻ റെക്കോർഡുകളും തിരുത്തിക്കുറിച്ച വിജയമാണ് നേടിയത്. രായൽ സീമയുടെ പശ്ചാത്തലത്തിൽ ഫാക്ഷൻ കഥകൾ പറയുന്ന സിനിമകൾ ട്രെന്റാവുന്നത് ഈ ചിത്രത്തിലൂടെയാണ്. 2000 – ന്റെ തുടക്കത്തിൽ റിലീസായ നരസിംഹം മോഹൻലാലിന്റെ കരിയറിൽ എന്തായിരുന്നുവോ അതായിരുന്നു ബാലയ്യക്ക് സമരസിംഹ റെഡ്ഡി. ഈ ചിത്രത്തിന് ശേഷം ബാലയ്യയെ സോഫ്റ്റ് റോളിൽ കാണാൻ ആരാധകർ മടിച്ചു. കഴിഞ്ഞ 23 വർഷമായി ഹൈ വോൾട്ടേജ് റോളിൽ മാത്രമേ ബാലകൃഷണക്ക് വൻ വിജയങ്ങൾ ഉണ്ടായിട്ടുള്ളൂ. 2001 – ൽ റീലീസ് ചെയ്ത ബി. ഗോപാലിന്റെ തന്നെ നരസിംഹ നായിഡുവും ഇൻഡസ്ട്രി ഹിറ്റായി മാറി. തൊട്ടടുത്ത വർഷം റീലീസ് ചെയ്ത, ഇതേ പാറ്റേണിൽ കഥ പറഞ്ഞ ചിരഞ്ജീവിയുടെ ഇന്ദ്രയാണ് നരസിംഹ നായിഡുവിന്റെ കളക്ഷൻ റെക്കോർഡ് മറികടന്നത്. ഇതേ ശൈലിയിൽ വന്ന ചെന്നകേശവ റെഡ്ഡിയും ബ്ലോക്ക് ബസ്റ്റർ വിജയം കൈവരിച്ചു.

2000 – ന്റെ തുടക്കം മുതൽ ടോളിവുഡിൽ തലമുറ മാറ്റത്തിന്റെ ലാഞ്ചന പ്രകടമായി തുടങ്ങിയിരുന്നു. തുടർ ഹിറ്റുകളിലൂടെ പവൻ കല്യാണും മഹേഷ് ബാബുവും തരംഗമായി മാറിക്കൊണ്ടിരുന്നു. തൊട്ട് പുറകെ പ്രഭാസ്, ജൂനിയർ എൻ ടി ആർ, അല്ലു അർജുൻ, രാം ചരൺ തേജ തുടങ്ങിയ വലിയ ഒരു നിര താരങ്ങളും കടന്ന് വന്ന് ടോളിവുഡിന്റെ മുഖച്ഛായ തന്നെ മാറിക്കൊണ്ടിരുന്നു. 2008 – ലെ ചിരഞ്ജീവിയുടെ രാഷ്ട്രീയ പ്രവേശനം, ബൈ പോളാറായിരുന്ന തെലുങ്ക് സിനിമ താരസമവാക്യങ്ങളെ മാറ്റി മറിച്ചു. ചിരഞ്ജീവിയുടെ അഭാവം ഒരർത്ഥത്തിൽ ബാലകൃഷ്ണയേയും ബാധിച്ചു. 2005 -10 വരെയുള്ള കാലം ബാലയ്യക്ക് തുടർ പരാജയങ്ങളുടേതായി മാറി. 2010 – ൽ ബോയപ്പട്ടി ശ്രീനുവിന്റെ സിംഹയിലൂടെ ബാലയ്യ അതിശക്തമായി തിരിച്ചു വന്നു. ഈ കാലഘട്ടത്തിൽ തന്റെ പിതാവിന്റെ ട്രേഡ് മാർക്കായ പുരാണ ചിത്രങ്ങളിൽ ബാലയ്യ ഒരു കൈ നോക്കിയെങ്കിലും ആ പരീക്ഷണം പിന്നീട് തുടരുകയുണ്ടായില്ല. ശ്രീരാമരാജ്യം എന്ന ആ ചിത്രം നിരൂപക പ്രശംസ നേടിയെങ്കിലും ഒരു വൻ വിജയമായിരുന്നില്ല. കുറച്ച് ഫ്ലോപ്പുകൾക്ക് ശേഷം ബോയപട്ടി ശ്രീനുവിന്റെ തന്നെ ലെജൻറിലൂടെ ഒരു വൻ വിജയം ബാലകൃഷ്ണയെ തേടിയെത്തി. ബാലയ്യയുടെ മാഗ്നം ഓപ്പസായ ; എൻ ടി ആറിന്റെ ബയോപിക്കായ കഥാനായകഡുവിന്റെ പരാജയത്തോടെ ജനം ബാലകൃഷ്ണയെ മാസ് – ആക്ഷൻ ഹീറോയായി കാണാനേ താൽപ്പര്യപ്പെടുന്നുള്ളൂ എന്ന കാര്യം അടിവരയിട്ടു. പിന്നീടത് അത്തരം ചിത്രങ്ങളിൽ അദ്ദേഹം കൂടുതൽ സജീവമായി.

ബോയപട്ടി ശ്രീനു – ബാലകൃഷ്ണ കൂട്ടുകെട്ടിലെ ഹാട്രിക് ഹിറ്റായ അഖണ്ഡയാണ് ബാലയ്യയുടെ ലേറ്റസ്റ്റ് ഹിറ്റ്. ബ്ലോക്ക് ബസ്റ്റർ വിജയം നേടിയ ഈ ചിത്രം, 100 കോടിക്ക് മുകളിൽ കളക്ഷൻ നേടുന്ന ആദ്യ ബാലകൃഷ്ണ ചിത്രമാണ്. ഒരു പക്ഷെ ഏറ്റവും അധികം മലയാളികൾ കണ്ട ബാലകൃഷ്ണ ചിത്രം അഖണ്ഡ ആണെന്ന് തോന്നുന്നു. ട്രോളുകളിലൂടെ ലഭിച്ച റീച്ചും അല്ലു അർജുൻ ചിത്രങ്ങളും ബാഹുബലി സീരീസും നൽകിയ തെലുങ്ക് ചിത്രങ്ങളുടെ സ്വീകാര്യതയുമാകാം അഖണ്ഡയുടെ പ്രേക്ഷക പ്രീതിക്ക് പിന്നിൽ. ബാലയ്യയുടെ 107-ാമത് ചിത്രം ശിവരാജ് കുമാർ മുഖ്യ വേഷത്തിൽ വന്ന കന്നഡ ചിത്രമായ മുഫ്തിയുടെ റീമേക്കാണെന്ന് കരുതുന്നു. തന്റെ സമകാലികരായ വെങ്കിടേഷും നാഗാർജ്ജുനയും മൾട്ടി സ്റ്റാർ ചിത്രങ്ങളിലേക്ക് ചുവട് മാറ്റിയപ്പോഴും തുടർ വിജയങ്ങൾ കിട്ടാതെ ചിരഞ്ജീവി തിളക്കം മങ്ങി നിൽക്കുമ്പോഴും ബാലയ്യയുടെ ബോക്സ് ഓഫീസ് പൊട്ടൻഷ്യലിന് കാര്യമായ ഇളക്കം തട്ടിയിട്ടില്ല എന്നത് വസ്തുതയാണ്. ഷഷ്ഠി പൂർത്തി പിന്നിട്ട ഈ കാലയളവിലും തെലുങ്ക് ജനതയുടെ മനസ്സിൽ കഴിഞ്ഞ 5 പതീറ്റാണ്ടിനടുത്ത് നിലവിൽക്കാൻ കഴിഞ്ഞ ബാലകൃഷ്ണ ഗാരുവിന് പിറന്നാൾ ആശംസകൾ.

Leave a Reply
You May Also Like

മഴ നനഞ്ഞു വന്ന പിള്ളേർ ഇവാന്റെ ചാരിത്ര്യം വരെ കവർന്നെടുത്തു

Nishad Peruva ????Knock Knock [2015] ????Erotic Thriller ▪️▪️▪️▪️▪️▪️▪️▪️ പെണ്ണൊരുമ്പെട്ടാൽ ഒരു ചുക്കും നടക്കില്ല…

വിൻസി അലോഷ്യസ് ഇനി ബോളീവുഡിലും

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ‘നായിക നായകനി’ലൂടെയാണ് വിൻസി അലോഷ്യസ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്…

‘ലക്കി ഒരിക്കലും അൺലക്കി അല്ല’

Arunima Krishnan ‘ലക്കി ഒരിക്കലും അൺലക്കി അല്ല.’ കാരണം അയാളുടെ പ്രവർത്തികൾ ഓരോന്നും കൃത്യമായി ലക്ഷ്യസ്ഥാനത്ത്…

സിനിമ മാറിയെങ്കിലും കോടതി രംഗങ്ങളുടെ കാര്യത്തിൽ വലിയ വ്യത്യാസം ഒന്നും വന്നിട്ടില്ല

മലയാള സിനിമയിലെ ക്രിമിനൽ വിചാരണ Rohith Kp കറങ്ങുന്ന ഗ്ലോബും ഒരു മേശയും ഒരു സെല്ലും…