Bineesh K Achuthan
ജോഷി – ഡെന്നീസ് ജോസഫ് ടീമിന്റെ അവസാന ചിത്രം ഭൂപതി റിലീസ് ചെയ്തിട്ട് ഇന്ന് 26 വർഷം പൂർത്തിയാകുന്നു. 80 – കളിലെ മലയാള സിനിമയിലെ ഏറ്റവും വലിയ കൊമ്മേഴ്സൽ കൂട്ടായ്മയായിരുന്നു ജോഷി – ഡെന്നീസ് ജോസഫ് കൂട്ട്കെട്ടിന്റേത്. ടീമിന്റേത്. വൻ വിജയങ്ങളും ഒപ്പം പരാജയങ്ങളും ഈ ടീമിൽ നിന്നും ഉണ്ടായി. തുടർ പരാജയങ്ങളിൽ നിന്നും മമ്മൂട്ടിയുടെ വൻ തിരിച്ചുവരവിന് സാക്ഷം വഹിച്ച ന്യൂ ഡൽഹി എന്ന ബമ്പർ ഹിറ്റിന് ശേഷം സംഘവും നായർസാബുമടക്കം വൻ ഹിറ്റുകളൊരുക്കിയ ഇവർ NO: 20 മദ്രാസ് മെയിലിന്റെ ചിത്രീകരണത്തിനിടയിൽ ഉണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വേർ പിരിയുന്ന സാഹചര്യം ഉടലെടുത്തു. എന്നാൽ ഇരുവരുടെയും വളർച്ചയിലും തളർച്ചയിലും തിരിച്ചു വരവിലും കൂടെ നിന്ന ജൂബിലി ജോയ് എന്ന നിർമ്മാതാവിന്റെ ശ്രമഫലമായി ജോഷി – ഡെന്നീസ് ജോസഫ് കൂട്ടുകെട്ട് ഒരിക്കൽ കൂടി ആവർത്തിക്കുകയുണ്ടായി. അതായിരുന്നു ഭൂപതി. ജൂബിലിയുടെ ബാനറിൽ ജോയി തോമസിന്റെ അനിയൻ സജി തോമസാണ് ഭൂപതി നിർമ്മിച്ചത്. ഈ ചിത്രത്തിന്റെ പരാജയത്തോടെ ജോഷി – ഡെന്നീസ് ജോസഫ് കൂട്ട്കെട്ടിൽ നിന്നൊരു ചിത്രം പിന്നീടൊരിക്കലും പുറത്ത് വന്നില്ല.
അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ടങ്ങൾ പ്രമേയമാക്കിയ ചിത്രങ്ങൾക്ക് എല്ലാ ഭാഷയിലും എക്കാലത്തും സാധാരണ പ്രേക്ഷകരെ ആകർഷിക്കാനാകും. ഹോളിവുഡ് മുതൽ ബോളിവുഡ് വരെ അതിന് മാറ്റമില്ല. എന്നാൽ മലയാള സിനിമയിൽ സ്ഥിതി വ്യത്യസ്തമാണ്. പാ. രഞ്ജിത്തിന്റെയും വെട്രി മാരന്റെയും മാരി സെൽവരാജിന്റെയും അധസ്ഥിത കേന്ദ്രീകൃത ചിത്രങ്ങളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന മലയാളി പ്രേക്ഷകർ സമാന പ്രമേയങ്ങൾ ദൃശ്യവൽക്കരിക്കുന്ന മലയാള ചിത്രങ്ങളെ തിരിഞ്ഞ് നോക്കാറില്ല എന്നതാണ് വാസ്തവം. അടിച്ചമർത്തപ്പെട്ടവർ ഇരകളാകുന്ന കമ്മട്ടിപ്പാടം പോലെയുള്ള ചിത്രങ്ങൾ പ്രോത്സാഹിപ്പിക്കുകയും അവരുടെ വളർച്ചയും പോരാട്ടങ്ങളും ഉള്ള ചിത്രങ്ങൾ തമസ്ക്കരിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക രീതിയിൽ ഉള്ള പുരോഗമനമാണ് ഇവിടെ നിലനിൽക്കുന്നത്. അത്തരം പ്രവണതകളിൽ നിന്നും ഒരു തിരിഞ്ഞു നടത്തമായിരുന്നു ഭൂപതി. തിലകൻ അവതരിപ്പിക്കുന്ന ചിണ്ടൻ എന്ന അധ:സ്ഥിതൻ ബാവയായി വളരുന്നതാണ് ഭൂപതിയുടെ പ്രമേയം. അക്കാലഘട്ടത്തിൽ അതൊരു വ്യത്യസ്ത പ്രമേയം തന്നെയായിരുന്നു.
സുരേഷ് ഗോപി സൂപ്പർ താര പദവിയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ ടൈറ്റിൽ റോൾ തിലകന് നൽകിയതിന് അണിയറ പ്രവർത്തകരെ അഭിനന്ദിക്കേണ്ടതാണ്. കൗരവറിലെ അലിയാരുടെ നിഴലുകൾ പതിഞ്ഞ ഒരു കഥാപാത്രമായിരുന്നു ഭൂപതിയിലെ ബാവയും. തിരക്കഥയിലെ പാളിച്ച മൂലം ഈ കഥാപാത്രത്തിന് ശ്രദ്ധ നേടാനായില്ല. പിൽക്കാലത്ത് ബാവക്ക് സമാനമായ പാത്രസൃഷ്ടിയായ രണ്ടാം ഭാവത്തിലെ ഗോവിന്ദ് ജിയെ അവതരിപ്പിച്ച് തിലകൻ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. ഭൂപതിയിൽ, തിലകന്റെ ചെറുപ്പ കാലം – ചിണ്ടനെ അവതരിപ്പിച്ചത് ഷമ്മി തിലകനായിരുന്നു. കനകയും പ്രിയാരാമനുമായിരുന്നു നായികമാർ.
1994 – ൽ റിലീസ് ചെയ്ത സൈന്യത്തിന് ശേഷം മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് ജോഷി മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത്. അതേ വർഷം തന്നെ രൺജി പണിക്കരുടെ തിരക്കഥയിൽ ലേലം എന്ന മറ്റൊരു സുരേഷ് ഗോപി ചിത്രത്തിന്റെ ചരിത്ര വിജയത്തോടെ, തന്റെ സിംഹാസനത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല എന്ന് ജോഷി തെളിയിച്ചു. ന്യൂ ഡെൽഹിയിലും നായർ സാബിലും പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തെങ്കിലും ഭൂപതിയിലൂടെയാണ് സുരേഷ് ഗോപി ഒരു ജോഷി ചിത്രത്തിൽ നായകനാകുന്നത്. ദുർബലമായ തിരക്കഥ മൂലം പരാജയമടഞ്ഞെങ്കിലും ചെറുതല്ലാത്ത ചില ചരിത്ര പ്രാധാന്യങ്ങൾ ഈ ചിത്രത്തിനുണ്ടെന്ന വസ്തുത റിലീസ് ചെയ്തു കാൽ നൂറ്റാണ്ടിനിപ്പുറം ഓർമ്മയിൽ വരുന്നു.