Bineesh K Achuthan
തെലുങ്ക് മെഗാ സ്റ്റാർ ചിരഞ്ജീവിക്ക് പിറന്നാൾ ആശംസകൾ. എൻ.ടി.രാമറാവുവിനു (N T R) ശേഷം തെലുങ്ക് മക്കളുടെ കൺ കണ്ട ദൈവമായി വളർന്ന ചിരഞ്ജീവി 90 – കളുടെ തുടക്കത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന സിനിമാ താരമായിരുന്നു. ടോളിവുഡ് എന്നറിയപ്പെടുന്ന തെലുങ്ക് സിനിമാ ലോകം ബാഹുബലിക്ക് മുമ്പ് ചിരഞ്ജീവിയുടെ പേരിലായിരുന്ന അറിയപ്പെട്ടിരുന്നത്.ആന്ധ്രയിലെ പടിഞ്ഞാറേ ഗോദാവരിയിൽ മൊഗൽതുർ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലാണ് 1955 ആഗസ്റ്റ് 22 – ന് കൊനിഡേല ശിവശങ്കര വരപ്രസാദ് എന്ന ചിരഞ്ജീവിയുടെ ജനനം. കൊമേഴ്സ് ബിരുദധാരിയായ ചിരഞ്ജീവി തന്റെ അഭിനയ മോഹം സാക്ഷാത്ക്കരിക്കുന്നതിനായി പഠന ശേഷം അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുകയുണ്ടായി. തുടർന്നാണദ്ദേഹം സിനിമാഭിനയത്തിലേക്ക് തിരിയുന്നത്.
ചെറിയ വേഷങ്ങളിലൂടെയായിരുന്നു തുടക്കം. അന്നത്തെ നായക സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായ രൂപഭാവങ്ങൾ കൊണ്ടാകാം ആദ്യ കാലഘട്ടങ്ങളിൽ കൂടുതലും നെഗറ്റീവ് റോളുകളായിരുന്നു അദ്ദേഹത്തെ തേടിയെത്തിയത്. NTR, ANR, കൃഷ്ണ, ശോഭൻ ബാബു, കൃഷ്ണം രാജു തുടങ്ങിയവരായിരുന്നു അന്നത്തെ നായക നിരയിൽ തിളങ്ങിയിരുന്നത്. അവരിൽ ANR ഒഴിച്ചെല്ലാവരും തന്നെ അജാനുബാഹുക്കളായിരുന്നു കൂടാതെ വെളുത്ത നിറമുള്ളവരും. അവർക്കിടയിലേക്കാണ് ഇരുണ്ട നിറവും സാധാരണ ഉയരവുമുള്ള ചിരഞ്ജീവിയുടെ ആഗമനം. അന്നത്തെ മുൻ നിരക്കാരുടെ നാടകീയത മുറ്റി നിൽക്കുന്ന അഭിനയ ശൈലിയെ അപേക്ഷിച്ച് പുതുമ നൽകാൻ ചിരഞ്ജീവിക്കായി. വില്ലൻ വേഷങ്ങളിലെ തനതും വേറിട്ടതുമായ അഭിനയ ശൈലി അദ്ദേഹത്തിന് ഉപനായക പദവിയിലേക്ക് സ്ഥാനകയറ്റം നൽകി.
80 – കളുടെ തുടക്കം മുതൽ പ്രതിനായക / ഉപനായക വേഷങ്ങളിലാണ് ചിരഞ്ജീവി തിളങ്ങിയത്. 1982 – ൽ തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി N T R – കളമൊഴിയുകയും ആ സ്ഥാനത്തേക്ക് സൂപ്പർസ്റ്റാർ കൃഷ്ണ അവരോധിക്കപ്പെടുകയും ചെയ്തു. ഇതിനിടെ ലോ ബജറ്റ് ചിത്രങ്ങളിലെ നായക വേഷങ്ങളിലൂടെ ക്രമാനുഗതമായി ചിരഞ്ജീവിയുടെ കരിയർ ഗ്രാഫും ഉയരുകയായിരുന്നു. 1983 – ൽ റിലീസായ കോദണ്ഡ റാമി റെഡ്ഡിയുടെ ‘ കൈതി ‘ ചിരഞ്ജീവിയുടെ കരിയറിലെ വഴിത്തിരിവായി മാറി. സിൽവസ്റ്റർ സ്റ്റാലന്റെ റാംബോ സീരിസിലെ ” ഫസ്റ്റ് ബ്ലഡ് ” ആയിരുന്നു കൈദിയുടെ പ്രചോദനം. ഗ്രാമീണ മേഖലകളിലെ ജാതീയവും ജന്മിത്തപരവുമായ ചൂഷണങ്ങൾക്ക് എതിരെ ശബ്ദമുയർത്തുന്ന അഭ്യസ്ഥവിദ്യനായ ഒരു കർഷക യുവാവിന്റെ പ്രതികാരത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറഞ്ഞ കൈദി വൻ വിജയമായിരുന്നു. തുടർന്നിങ്ങോട്ട് ചെറുതും വലുതുമായ തുടർ വിജയങ്ങളിലൂടെ ചിരഞ്ജീവി മുന്നേറിക്കൊണ്ടിരുന്നു. 1987 – ൽ റിലീസായ ; ഫാസിലിന്റെ മമ്മൂട്ടി ചിത്രമായ പൂവിന് പുതിയ പൂന്തെന്നലിന്റെ തെലുങ്ക് പതിപ്പായ പസിവാഡി പ്രാണത്തിന്റെ പടു കൂറ്റൻ വിജയത്തോടെ കൃഷ്ണയുടെ താര സിംഹാസനത്തിനിളക്കം തട്ടുകയും ശോഭൻ ബാബുവും കൃഷ്ണം രാജുവുമടക്കമുള്ള തലമുറക്ക് മങ്ങലേൽക്കുകയും ചെയ്തു. സമാന്തരമായി ബാലകൃഷ്ണയും തുടർ ഹിറ്റുകളുമായി മുൻ നിരയിലേക്ക് കുതിക്കുകയായിരുന്നു. ഏതാണ്ടിതേ സമയത്താണ് വെങ്കിടേഷും നാഗാർജ്ജുനയും കളം പിടിക്കുന്നതും. 90 – കളോട് കൂടി ഈ നാൽവർ സംഘം തെലുങ്ക് സിനിമാ ലോകം കീഴടക്കുന്ന കാഴ്ചയാണ് പിന്നെ കാണുന്നത്. ആ തലമുറ മാറ്റത്തിന്റെ അമരക്കാരൻ ചിരഞ്ജീവിയായിരുന്നു.
90 – കളുടെ തുടക്കത്തിൽ റിലീസായ കൊണ്ഡാവീട്ടി ദോംഗ ; ജഗദേഗ വീരഡു അതി ലോക സുന്ദരി, ഗ്യാംഗ് ലീഡർ തുടങ്ങിയ ചിത്രങ്ങളുടെ അഭൂത പൂർവ്വമായ വിജയം ചിരഞ്ജീവിയെ ടോളിവുഡിന്റെ നെറുകയിലെത്തിച്ചു. 1992 – ൽ റീലീസായ കെ.രാഘവേന്ദ്ര റാവുവിന്റെ ഖരാനാ മൊഗ്ഗാഡുവിന്റെ ചരിത്ര വിജയം ചിരഞ്ജീവിയെ ഇന്ത്യയിലെ തന്നെ മുൻ നിരക്കാരനാക്കി തീർത്തു. തെലുങ്ക് സിനിമാ ചരിത്രത്തിലാദ്യമായി 10 കോടിക്ക് മേൽ ഗ്രോസ് കളക്ഷൻ ലഭിക്കുന്ന ചിത്രമായിരുന്നു അത്. തൊട്ടടുത്ത ചിത്രമായ ആപത് ബാന്ധവഡുവിന് 1.25 കോടി പ്രതിഫലം കൈപ്പറ്റി ചിരഞ്ജീവി ദേശീയ ശ്രദ്ധയാകർഷിക്കുകയുണ്ടായി. ബോളിവുഡ് അതികായകൻ അമിതാഭ് ബച്ചനു പോലും അപ്രാപ്യമായ ഒരു പ്രതിഫലമായിരുന്നു അത്. ചിരഞ്ജീവിയുടെ ഈ റെക്കോഡ് പ്രതിഫലത്തെ തുടർന്നങ്ങോട്ട് ഇന്ത്യാ ടുഡേയും ദ വീക്കുമടക്കമുള്ള ദേശീയ മാധ്യമങ്ങൾ ചിരഞ്ജീവിയുടെ ഈ നേട്ടത്തെ ഘോഷിച്ച് തലക്കെട്ടുകൾ നിരത്തി .” Bigger than Bachan “എന്നായിരുന്നു അന്നത്തെ മാധ്യമ വിശേഷണം.
തെലുങ്കിലെ നമ്പർ വൺ സ്ഥാനത്തിലുപരി ദേശീയ ശ്രദ്ധയാകർഷിക്കുകയും ഒന്നിലേറെ ബോളിവുഡ് ചിത്രങ്ങളിലെ നായക വേഷമിടുകയും ചെയ്ത് കഴിഞ്ഞതിനെ തുടർന്ന് ചിരജിവിയുടെ ഗ്രാഫ് പതിയെ താഴുന്ന കാഴ്ച്ചയാണ് കാണുന്നത്. ചില ചിത്രങ്ങൾ പരാജയപ്പെടുകയും മറ്റു ചിലത് ശരാശരി വിജയം നേടുകയും ചെയ്തു. ഒരു വൻ വിജയത്തിന്റെ അഭാവം ചിരഞ്ജീവിയെ ചിന്താക്കുഴപ്പത്തിലാക്കി. തുടർന്നദ്ദേഹം ഒരു വർഷത്തോളം അഭിനയ രംഗം വിട്ടു നിന്നു. ഇതിനിടയിൽ നിരവധി ഇതര ഭാഷാ ചിത്രങ്ങൾ റീമേക്ക് ചെയ്യുന്നതിനായി കണ്ടു നോക്കിയെങ്കിലും ഒന്നിലുമദ്ദേഹം തൃപ്തനായില്ല. അങ്ങനെയാണ് സിദ്ധിഖിന്റെ മമ്മൂട്ടി ചിത്രമായ ഹിറ്റ്ലർ അദ്ദേഹം കാണുന്നത്. ചിത്രം കണ്ടിഷ്ടമായ അദേഹം തെലുങ്ക് പ്രേഷകരുടെ അഭിരുചികൾക്ക് അനുസൃതമായി വേണ്ട മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഹിറ്റ്ലർ അതേ പേരിൽ തന്നെ റീമേക്ക് ചെയ്തു. ഒറിജിനലിനെ പോലെ തന്നെ തെലുങ്ക് പതിപ്പും ബ്ലോക്ക്ബസ്റ്റർ വിജയം നേടി. പക്ഷേ 1986 – 92 കാലഘട്ടത്തിലെ തുടർ വിജയങ്ങൾ അദ്ദേഹത്തിന് അന്യമായി.
ഒന്ന് രണ്ട് ശരാശരി വിജയങ്ങൾ തുടർന്നൊരു പടുകൂറ്റൻ ഹിറ്റ് അതായി പിന്നിട് ചിരഞ്ജീവിയുടെ കരിയർ ഗ്രാഫ്. 2000 – ന് തന്റെ ശേഷം രാഷ്ട്രീയ മോഹങ്ങൾ സാക്ഷാത്ക്കരിക്കുന്നതിലേക്കായി ഫാൻസ് അസോസിയേഷനുകൾ ശക്തമാക്കുകയും അതിന്റെ നേതൃത്വത്തിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയുമുണ്ടായി. 2002 – ൽ റിലീസായ, ബി.ഗോപാൽ സംവിധാനം ചെയ്ത ‘ ഇന്ദ്ര ‘ ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറി. ചിത്രത്തിലെ രാഷ്ട്രീയ നിറമുള്ള ചില ഡയലോഗുകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. മറ്റൊരു NTR ആകാനുള്ള വൃഥാ വ്യായാമമായി മാറി തുടർന്നുള്ള ചിരഞ്ജീവി ചിത്രങ്ങൾ. ഒടുവിൽ 2008 – ൽ പ്രഖ്യാപിക്കപ്പെട്ട പ്രജാരാജ്യത്തിലൂടെ ചിരഞ്ജീവിയുടെ രാഷ്ട്രീയ പ്രവേശനവും സാധ്യമായി.
മറ്റൊരു NTR ആകാനുള്ള ചിരഞ്ജീവിയുടെ മോഹങ്ങൾ ദയനീയമായി പരാജയപ്പെടുന്നതാണ് പിന്നീട് കാണുന്നത്. NTR – ന് അനുകൂലമായിരുന്ന രാഷ്ട്രീയ പരിതസ്ഥിതി ചിരഞ്ജീവിക്ക് അപ്രാപ്യമായിരുന്നു. കാലം മാറിയത് തിരിച്ചറിഞ്ഞ ചിരഞ്ജീവി 10 വർഷത്തെ ഇടവേളക്ക് ശേഷം തന്റെ തട്ടകമായ വെള്ളിത്തിരയിലേക്ക് തിരികെയെത്തി. എ.ആർ.മുരുഗദാസിന്റെ വിജയ് ചിത്രമായ കത്തിയുടെ തെലുങ്ക് പതിപ്പായ ” കൈതി No: 150 ” – യിലൂടെയായിരുന്നു മെഗാ സ്റ്റാർ തന്റെ രണ്ടാം വരവ് ഗംഭീരമാക്കിയത്. തങ്ങളുടെ സൂപ്പർ ഹീറോ നിയമസഭയല്ല തീയേറ്ററുകളാണ് ഭരിക്കേണ്ടതെന്ന് തെലുങ്ക് മക്കൾ അടിവരയിട്ടു പ്രഖ്യാപിക്കുന്നതായിരുന്നു ചിത്രത്തിന്റെ പടുകൂറ്റൻ വിജയം.
70 -കളിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളാണ് അമിതാഭ് ബച്ചനെ താരമാക്കി മാറ്റിയതെന്ന് സാമൂഹിക ചിന്തകർ പിൽക്കാലത്ത് വിലയിരുത്തിയിട്ടുണ്ട്. രാജ്യം നേരിട്ട അരക്ഷിതാവസ്ഥയും അസ്ഥിരതയുടെയും സാഹചര്യത്തിൽ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന ബച്ചന്റെ ക്ഷോഭിക്കുന്ന യുവത്വം കയ്യടി നേടി. ബച്ചന്റെ ക്ലോണുകളായ ക്ഷുഭിത യൗവ്വനങ്ങളാണ് മറ്റിതര ദക്ഷിണേന്ത്യൻ ഭാഷകളിലും 80 – കളിൽ താരങ്ങളായി ഉയർന്നത്. എന്നാൽ വർഗ്ഗപരമായ അസമത്വത്തെ ചോദ്യം ചെയ്യുന്ന ഇടതു പക്ഷ സ്വഭാവമുള്ള അമിതാഭ് ബച്ചന്റെ ക്ഷുഭിത നായകർ ഇന്ത്യയിലെ ജാതീയമായ അസമത്വത്തിക്കുറിച്ചും അനീതിയെക്കുറിച്ചും നിശ്ശബ്ദത പാലിച്ചു. മറ്റിതര ദക്ഷിണേന്ത്യൻ താരങ്ങളും ഈ ശൈലി പിന്തുടർന്നു. എന്നാൽ ചിരഞ്ജീവിയുടെ നായകൻമാർ ഗ്രാമീണ മേഖലയിലെ ജന്മിത്വത്തിനും ജാതീയ അതിക്രമങ്ങൾക്കുമെതിരെ നിരന്തരം ശബ്ദമുയർത്തി. പിന്നാക്ക വിഭാഗങ്ങളുടെ ഉയിർത്തെഴുന്നേൽപ്പും ചിരഞ്ജീവിയുടെ താരോദയവും സമാന്തരമായി സംഭവിച്ച സോഷ്യൽ എഞ്ചിനീയറിംഗാണ്. അടിച്ചമർത്തപ്പെട്ട അധസ്ഥിത വിഭാഗക്കാരുടെ പോരാട്ടങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചത് കൊണ്ട് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പിന്തുണ പൂർണ്ണമായും ചിരഞ്ജീവിക്ക് ലഭിച്ചു. സ്വാഭാവികമായും മറ്റു വിഭാഗങ്ങളുടെ പിന്തുണ ബാലകൃഷ്ണക്കും ലഭിച്ചു. ഫാൻ ബേസിലും താരമൂല്യത്തിലും ബാലയ്യയേക്കാൾ ബഹുദൂരം മുന്നിലായ ചിരഞ്ജീവി ക്ലാഷ് റിലീസുകളിൽ, പലപ്പോഴും ബാലകൃഷ്ണക്ക് പിന്നിലാകുന്നതിന്റെ വസ്തുതയും മറ്റൊന്നല്ല.
തന്റെ സമകാലികരെ അപേക്ഷിച്ച് യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സ്വപ്രയത്നത്തിലൂടെ ഉയർന്ന് വന്ന താരമായിരുന്നു ചിരഞ്ജീവി. പക്ഷേ, ഇന്ന് ചിരഞ്ജീവി കുടുംബത്തിന്റെ ആധിപത്യത്തിലാണ് തെലുങ്ക് സിനിമാ ലോകം. ബോളിവുഡ് താരം സുശാന്തിന്റെ ആത്മഹത്യയെ തുടർന് നെപ്പോട്ടിസം ഒരു വിഷയമായി ചർച്ചയായപ്പോൾ ഈ കുടുംബാധിപത്യത്തെ നവ മാധ്യങ്ങൾ വിമർശന വിധേയമാക്കുകയുണ്ടായി. ബാഹുബലി സീരീസ്, പുഷ്പ, ആർ ആർ ആർ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളിലൂടെ ബോളിവുഡിനെ മറികടന്ന് ടോളിവുഡ് കുതിക്കുമ്പോൾ ഒരു കാലത്തെ പാൻ ഇന്ത്യൻ താരമായിരുന്ന ചിരഞ്ജീവി കിതക്കുകയാണ്. കൈതി NO: 150 – ക്ക് ശേഷം റിലീസ് ചെയ്ത സൈറ നരസിംഹ റെഡ്ഡി ആവറേജായപ്പോൾ ആചാര്യ ഫ്ലോപ്പായി മാറി. കരിയറിൽ കടുത്ത പ്രതിസന്ധി നേരിടുന്ന ചിരഞ്ജീവി വീണ്ടും റീ മേക്ക് ചിത്രങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. അജിത്തിന്റെ വേതാളത്തിന്റെയും മോഹൻലാലിന്റെ ലൂസിഫറിന്റെയും തെലുങ്ക് പതിപ്പുകളിലാണ് ചിരഞ്ജീവിയുടെ മുഴുവൻ പ്രതീക്ഷയും. ലൂസിഫറിന്റെ തെലുങ്ക് പതിപ്പായ ഗോഡ്ഫാദറിന്റെ പാൻ ഇന്ത്യൻ വിജയം ഉറപ്പു വരുത്തുന്നതിനായി സൽമാൻ ഖാന്റെ സാനിധ്യവും ഉണ്ട്. മെഗാ സ്റ്റാർ യുഗം തുടരുമോ എന്നതിന്റെ ഉത്തരം ഗോഡ് ഫാദർ റിലീസാകുമ്പോൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം…..