Bineesh K Achuthan
CLASHES OF TITANS…..
6 വർഷത്തെ ഇടവേളക്ക് ശേഷം അണ്ണയ്യയും ബാലയ്യയും വിണ്ടും ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുന്നു !
വരുന്ന സംക്രാന്തിയിൽ ആന്ധ്രയും തെലുങ്കാനയും ഏറ്റവും വലിയ ബോക്സ് ഓഫീസ് പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ വാൾട്ടൈർ വീരയ്യയും ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡിയുമാണ് സംക്രാന്തിയിൽ റിലീസാകുന്നത്. ഏകദേശം 1985 മുതൽ തന്നെ ഇരു താരങ്ങളും ബോക്സ് ഓഫീസിൽ മാറ്റുരച്ചു തുടങ്ങിയിരുന്നു. ഇരുവരുടേയും മാത്സര്യങ്ങളുടെ ഭാഗമായി തെലുങ്ക് സിനിമയിൽ തലമുറ മാറ്റം സംജാതമാവുകയും വ്യാപാരപരമായി ബോളിവുഡിനെ വെല്ലുവിളിക്കുന്ന തരത്തിൽ കളക്ഷനിലും പ്രതിഫലത്തിലും ടോളിവുഡ് വൻ ഉയർച്ച കൈവരിക്കുകയും ചെയ്തു.
ചിരഞ്ജീവിയും ബാലകൃഷ്ണയും ഇന്ന് ടോളിവുഡിലെ ഏറ്റവും മുതിർന്ന സീനിയർ താരങ്ങളാണ്. തലമുറ മാറ്റത്തിന്റെ വക്കിലാണിന്ന് ടോളിവുഡ്. എസ്.എസ്.രാജമൗലി എന്ന ബ്രാൻഡിനാൽ ടോളിവുഡ്, ബോളിവുഡിനോട് ഒപ്പം നിൽക്കുന്ന ഒരു ഇൻഡസ്ട്രിയായി വളർച്ച പ്രാപിച്ചു നിൽക്കുന്ന ഈ വേളയിൽ തങ്ങളുടെ ബോക്സ് ഓഫീസ് പൊട്ടൻഷ്യൽ തെളിയിക്കുക എന്നത് ചിരഞ്ജീവിക്കൊപ്പം ബാലകൃഷ്ണക്കും അഭിമാന പ്രശ്നമാണ്.
ചിരഞ്ജീവി – ബാലകൃഷ്ണ ചിത്രങ്ങൾ പരസ്പരം ഏറ്റുമുട്ടിയ സന്ദർഭങ്ങളിൽ വിജയം കൂടുതലായും ബാലകൃഷ്ണക്ക് ഒപ്പം നിന്ന ചരിത്രമാണുള്ളത്. എൻ ടി ആറിന് ശേഷം തെലുങ്ക് ചലച്ചിത്ര ലോകം കണ്ട ഏറ്റവും ജനകീയ താരമായിട്ടും ചിരഞ്ജീവി, ഈ ക്ലാഷ് റിലീസുകളിലെല്ലാം ബാലകൃഷ്ണക്ക് പിന്നിലാവാൻ കാരണം ആന്ധ്രയിലെ ജാതി സമവാക്യങ്ങളാണ്. എന്നാൽ ഇരുവരും അവസാനമായി ഏറ്റുമുട്ടിയ 2017 സംക്രാന്തിയിൽ വിജയം ചിരഞ്ജീവിക്കൊപ്പമായിരുന്നു. വലിയൊരു ഇടവേളക്ക് ശേഷം കൈതി 150 യുമായി വന്ന ചിരഞ്ജീവി, ബാലകൃഷ്ണയുടെ ഗൗതമീപുത്ര ശതകർണ്ണിയെ മറികടന്ന് ബോക്സ് ഓഫീസിൽ വെന്നിക്കൊടി നാട്ടി.
ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. അഖണ്ഡയുടെ വൻ വിജയത്തിന്റെ ലഹരിയിലാണ് ബാലകൃഷ്ണ. എന്നാൽ ചിരഞ്ജീവിയാകട്ടെ കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലും. വൻ വിജയം നേടിയ കൈതി No: 150 – ക്ക് ശേഷമിറങ്ങിയ ചിരഞ്ജീവി ചിത്രങ്ങൾക്കൊന്നും തന്നെ പ്രേക്ഷക പ്രീതിയാർജ്ജിക്കാനായില്ല. ബിഗ് ബജറ്റിൽ വന്ന സൈറ നരസിംഹ റെഡ്ഡി ശരാശരിയിൽ ഒതുങ്ങിയപ്പോൾ ആചാര്യ ഡിസാസ്റ്ററായി മാറി. അവസാനമിറങ്ങിയ ഗോഡ് ഫാദറിന്റെ ബോക്സ് ഓഫീസ് പ്രകടനമാകട്ടെ പരിതാപകരവും. നീണ്ട നാല് പതീറ്റാണ്ടുകൾക്കിപ്പുറമാണ് ചിരഞ്ജീവി ഒരു മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഭാഗമാകുന്നത്. 22 വർഷങ്ങൾക്ക് ശേഷം മാസ് മഹാരാജ രവി തേജ വീരയ്യയിലൂടെ ചിരഞ്ജീവിയുമായി ഒരുമിക്കുന്നതിനും ഈ സംക്രാന്തി സാക്ഷ്യം വഹിക്കുകയാണ്. രവി തേജയുടെ കരിയറും ഏകദേശം പഞ്ചറാണ്. തുടർ പരാജയങ്ങൾക്ക് നടുവിലാണ് രവി തേജയും. സ്വാഭാവികമായും മെഗാ സ്റ്റാറിനും മാസ് മഹാരാജക്കും വാൾട്ടൈർ വീരയ്യയുടെ വിജയം നിർണ്ണായകമാണ്.
അണ്ണയ്യയോ ബാലയ്യയോ …..
ആര് വാഴും ആര് വീഴും എന്നറിയാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം …….