ദളപതിയുടെ 31 വർഷങ്ങൾ……
Bineesh K Achuthan
ദക്ഷിണേന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താര സംഗമം. അതും മണിരത്നം എന്ന മാസ്റ്റർ ക്രാഫ്റ്റ്സ്മാന്റെ സംവിധാനത്തിൽ. ഒപ്പം ഇളയരാജയും. സൗത്തിന്ത്യൻ ഷോലെ അതായിരുന്നു ദളപതി. ഇതിഹാസ കഥയായ മഹാഭാരതത്തിലെ കർണ്ണന്റെയും ദുര്യോധനന്റെയും സൗഹൃദത്തെ പുതിയ കാലത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയായിരുന്നു ദളപതിയിൽ മണിരത്നം.
തമിഴ് മക്കളുടെ സൂപ്പർ സ്റ്റാർ രജനീകാന്തും മലയാളികളുടെ സ്വന്തം മെഗാ സ്റ്റാർ മമ്മൂട്ടിയും ഒരുമിച്ച മാഗ്നം ഓപ്പസ്. ഒപ്പം ശ്രീവിദ്യയും ജയശങ്കറും ഗീതയും ശോഭനയും അരവിന്ദ് സാമിയും നാഗേഷും കിറ്റിയും മനോജ് കെ ജയനും കൂടാതെ അമരിഷ് പുരിയും. ഇളയരാജയുടെ മാന്ത്രിക സംഗീതവും സന്തോഷ് ശിവന്റെ കാമറ കൊണ്ടുള്ള ഇന്ദ്രജാലവും. അങ്ങനെ എല്ലാത്തരത്തിലും ഒരു വിഷ്വൽ ട്രീറ്റായിരുന്നു ദളപതി.
1975 – ൽ കെ.ബാലചന്ദറിന്റെ, അപൂർവ്വ രാഗങ്ങൾ എന്ന കമൽഹാസൻ നായകനായ ചിത്രത്തിലൂടെ അരങ്ങേറിയ രജനീകാന്ത് തന്റെ വ്യത്യസ്തമായ നടന ശൈലിയിലൂടെ ദ്രുതഗതിയിൽ തന്നെ തമിഴ് സിനിമയിൽ ശ്രദ്ധേയനായ താരമായി മാറി. തന്റെ തനത് ശൈലി വെളിവാക്കുന്ന നിരവധി വേഷങ്ങളിലൂടെ അദ്ദേഹം ഘട്ടം ഘട്ടമായി ഒരു ജൂനിയർ ആർട്ടിസ്റ്റ് എന്ന നിലയിൽ നിന്നും ശക്തനായ സഹനടൻ/ വില്ലൻ കഥാപാത്രങ്ങളിലേക്ക് ക്രമാനുഗതം വളർച്ച പ്രാപിക്കുന്ന കാഴ്ച്ചയാണ് തുടർ വർഷങ്ങൾ സാക്ഷ്യം വഹിച്ചത്. എങ്കിൽ തന്നെയും അഭിനയ ശേഷിയിലുപരി രജനിയുടെ ഹരം കൊള്ളിക്കുന്ന മാനറിസങ്ങളാണ് പ്രേക്ഷക ലക്ഷങ്ങളെ ആകർഷിച്ചത്. 70 – കളുടെ അവസാനത്തോടെ അദ്ദേഹം നായകനിരയിലേക്ക് ഉയരുകയും താമസിയാതെ സൂപ്പർ സ്റ്റാർ പട്ടത്തിനർഹനാവുകയും ചെയ്തു. തുടർന്നിങ്ങോട്ട് കഴിഞ്ഞ നാല് പതീറ്റാണ്ടുകളായി സ്റ്റാർഡം എന്ന വാക്കിന്റെ പര്യായമായി മാറാൻ രജനിക്ക് കഴിഞ്ഞു. എന്നാൽ സൂപ്പർ താരപദവി വളരെ വേഗം തന്നെ അദ്ദേഹത്തിലെ നടനെ തടവറയിലാക്കുന്ന കാഴ്ച്ചയാണ് നമുക്ക് പിന്നീട് കാണാൻ കഴിഞ്ഞത്.
വ്യാപാര വിജയം മാത്രം ലക്ഷ്യം വെച്ച് ഒരേ അച്ചിൽ വാർത്ത കഥാപാത്രങ്ങളെ ആവർത്തിച്ച് അതരിപ്പിക്കേണ്ട ഗതികേടിലേക്ക് അദ്ദേഹം കൂപ്പുകുത്തി. ഒരേ കഥയിൽ തന്നെ നാലും അഞ്ചും ചിത്രങ്ങളിൽ വരെ രജനീകാന്ത് അഭിനയിച്ചു കൂട്ടി. അവയെല്ലാം തന്നെ പടുകൂറ്റൻ വിജയങ്ങളായി എന്നത് മറ്റൊരു ഫിനോമിന. തന്റെ ട്രാക്കിൽ രജനിയും തൃപ്തനായിരുന്നു. ആയിടക്കാണ് കമൽഹാസൻ കേന്ദ്ര കഥാപാത്രമായ നായകൻ എന്ന മണിരത്നം ചിത്രം രജനീകാന്ത് കാണാനിടയായത്. 1982 – ൽ റിലീസായ സകലകലാ വല്ലവൻ – ശേഷം എസ് പി മുത്തുരാമന്റെ ഫോർമുല ചിതങ്ങളിലഭിനയിച്ചു നടന്ന കമൽഹാസന്റെ കരിയറിലെ ടേണിംഗ് പോയിന്റ് കൂടിയിരുന്നു നായകൻ. നായകന്റെ അവതരണ രീതിയും കമലിന്റെ അഭിനയ ശൈലിയും രജനിയെ കാര്യമായി തന്നെ സ്വാധീനിച്ചു. തന്റെ ട്രാക്കിൽ അൽപ്പം മാറ്റം വരുത്തേണ്ട സമയമായി എന്നൊന്നും രജനിക്ക് തോന്നിയില്ല. പക്ഷേ, വരദരാജ മുതലിയാരെ അനുസ്മരിപ്പിക്കുന്ന വേലു നായ്ക്കരായിട്ടുള്ള കമലിന്റെ പ്രകടനവും ഒപ്പം സിനിമയുടെ നരേറ്റീവ് സ്റ്റൈലും ” തനിക്കും അത്തരമൊരു വേഷം തരൂ “എന്ന് മണിരത്നത്തോട് അഭ്യർത്ഥിക്കുന്നതിൽ രജനിയെ കൊണ്ടെത്തിച്ചു. മണിരത്നം വ്യത്യസ്ത ജേണറുകളിൽ ചിത്രങ്ങൾ ഒരുക്കുകയും അവയെല്ലാം വിജയം നേടുകയും ചെയ്യുമ്പോൾ രജനി തന്റെ സ്ഥിരം ഫോർമുലയിൽ തന്നെ വിജയിച്ച് പൊയ്ക്കൊണ്ടിരുന്നു.
ഇരുവരും സമാന്തര രേഖകൾ പോലെ തമിഴ് സിനിമയിൽ മുന്നേറിക്കൊണ്ടിരുന്നു. കാലം 1989 ഏപ്രിൽ. തമിഴ് പുത്താണ്ട് സീസണിൽ റിലീസായ കമൽഹാസന്റെ പരീക്ഷണ ചിത്രം അപൂർവ്വ സഹോദരങ്ങൾ റിലീസാകുന്നു. വൻ വിജയമായി തീർന്ന ആ ചിത്രം കണ്ട് തീർന്നയുടൻ രജനി പരസ്യമായി തന്നെ പ്രഖ്യാപിച്ചു ” ഞാൻ വെറും ആക്ഷൻ ഹീറോ മാത്രം ; കമൽ തന്നെ സകലകലാ വല്ലഭൻ ” എന്ന്. തന്റെ കരിയർ ട്രാക്കിലുള്ള അതൃപ്തിയാണ് പരോക്ഷമായി രജനി അന്നവിടെ സൂചിപ്പിച്ചത്. ആ ഹാംഗ് ഓവറിൽ തന്നെ രജനി വീണ്ടും മണിരത്നത്തെ ബന്ധപ്പെട്ടു. മണിരത്നം ബഹുഭാഷാ ചിത്രമായ ഗീതാഞ്ജലിയുടെ തിരക്കിലായിരുന്നു. കാലം പിന്നെയും നീങ്ങി. 1990 ദീപാവലി. വിജയകാന്തിന്റെ ക്ഷത്രിയൻ വൻ വിജയത്തിലേക്ക് നീങ്ങുന്നു. രചന മണിരത്നത്തിന്റേതാണ്. ക്ഷത്രിയൻ ഒരു ആക്ഷൻ പാക്ക്ഡ് പോലീസ് സ്റ്റോറി ആയിരുന്നെങ്കിലും കഥ പറയുന്ന രീതിയിലെ വ്യത്യസ്തയും മറ്റും രജനിയെ ആകർഷിച്ചു. രജനി അപ്പോൾ തന്നെ മണിരത്നത്തിനെ വിളിച്ചു. മണി ഇനിയൊരു ചിത്രം ചെയ്യുന്നുണ്ടെങ്കിൽ നായകൻ ഞാനായിരിക്കണം അതായിരുന്നു രജനിയുടെ ഡിമാന്റ്. മറുത്തൊന്നും പറയാതെ എഗ്രീഡ്…. എന്ന് മണിരത്നം. ശേഷം ചരിത്രം ……