Bineesh K Achuthan
യാഷ് ചോപ്രയുടെ പ്രണയകാവ്യം ദിൽ തോ പാഗൽ ഹേ (DTPH) ഇന്നലെ (ഒക്ടോബർ 30) 25 വർഷം പൂർത്തിയാക്കി. DDLJ – യുടെ ചരിത്ര വിജയത്തിന് ശേഷം യാഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം കൂടിയായിരുന്നു DTPH. മാധുരി ദീക്ഷിത്, കരിശ്മ കപൂർ എന്നിവർ മത്സരിച്ചഭിനയിച്ച ത്രികോണ പ്രണയ ചിത്രമായ ദിൽ തോ പാഗൽ ഹേ യിൽ അതിഥി താരമായി അക്ഷയ് കുമാറും ഉണ്ട്. ബോളിവുഡിൽ ഏകദേശം ഒരേ കാലഘട്ടത്തിൽ കാലൂന്നിയ ഷാരൂഖും അക്ഷയ് യും ഒരുമിച്ചഭിനയിച്ച ആദ്യ ചിത്രവും ഇതായിരുന്നു.
1997 – ലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ദിൽ തോ പാഗൽ ഹേ യിലെ എല്ലാ പാട്ടുകളും ഹിറ്റ് ചാർട്ടറിൽ ഇടം നേടി. ആ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബവും അതായിരുന്നു. ഇളയരാജയുടെ സഹായിയായി ദീർഘകാലം പ്രവർത്തിച്ച ഉത്തം സിംഗിന്റെ കരിയർ ബെസ്റ്റായിരുന്നു ദിൽ തോ പാഗൽ ഹേ. ആ വർഷത്തെ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയർ പുരസ്ക്കാരവും ഉത്തം സിംഗിനായിരുന്നു.ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തെ കൂടാതെ ആ വർഷത്തെ ഫിലിം ഫെയർ അവാർഡുകളും DTPH തൂത്ത് വാരി. മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി, മികച്ച സഹനടി, മികച്ച സംഗീത സംവിധായകൻ, മികച്ച കലാ സംവിധായകൻ തുടങ്ങിയ ഒട്ടനവധി അവാർഡുകൾ ദിൽ തോ പാഗൽ ഹേ ക്കായിരുന്നു. ഇവക്ക് പുറമെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും പ്രസ്തുത ചിത്രം കരസ്ഥമാക്കി.
DDLJ, കരൺ അർജ്ജുൻ എന്നീ മെഗാ ഹിറ്റുകളോടെ 1995 സ്വന്തമാക്കിയ ഷാരൂഖിന് 1996 അത്ര നല്ല വർഷം ആയിരുന്നില്ല. ആ വർഷമിറങ്ങിയ അദ്ദേഹത്തിന്റെ നാല് ചിത്രങ്ങളും ബോക്സ് ഓഫീസ് പ്രകടനത്തിലും നിരൂപക ശ്രദ്ധ നേടുന്നതിലും പരാജയപ്പെട്ടു. എന്നാൽ തൊട്ടടുത്ത വർഷം തന്നെ കിംഗ് ഖാൻ തിരിച്ചു വന്നു. അതും തുടരെ തുടരെ ഹിറ്റുകളുമായി. ദിൽ തോ പാഗൽ ഹേ ക്ക് പുറമെ യേസ് ബോസ്, പർദേശ് എന്നീ ചിത്രങ്ങളും വൻ വിജയം നേടി. തന്റെ സമകാലികരിൽ അക്ഷയ് കുമാർ ഒഴികെയുള്ള എല്ലാവരും തന്നെ നെപ്പോട്ടിസത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചപ്പോൾ കഠിനാധ്വാനത്താലും പ്രതിഭയാലും മുന്നേറിയ ഷാരൂഖിന്, ബോളിവുഡ് അതികായകൻ യാഷ് ചോപ്ര എന്ന ഗോഡ് ഫാദർ എക്കാലവും ഉറച്ച പിന്തുണയേകി. യാഷ് രാജ് ഗ്രൂപ്പിന്റെ മാനസപുത്രനായി വളർന്ന SRK ക്ക് പിന്നെ പിൻ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
1984 – ൽ ബോളിവുഡിൽ തുടക്കം കുറിച്ച മാധുരി ദീക്ഷിത് 1988 – ൽ തേസാബിലൂടെയാണ് മുൻ നിരയിലെത്തുന്നത്. ബോളിവുഡിന്റെ സൂപ്പർ സ്റ്റാർ ശ്രീദേവിയെ മറികടന്നും ജൂഹി ചൗളയുടെ ഭീക്ഷണിയെ അതിജീവിച്ചും ദിൽ, സാജൻ, ബേട്ട, ഖൽ നായക്, ഹം ആപ് കെ ഹേ കോൻ, രാജ തുടങ്ങിയ തുടർ വിജയങ്ങളിലൂടെ മാധുരി ബോളിവുഡിന്റെ താരറാണിയായി വാണു. എങ്കിലും സിൽസിലയിലൂടെ രേഖക്കും ചാന്ദ്നിയിലൂടെ ശ്രീദേവിക്കും ഡർ . ലൂടെ ജൂഹിക്കും ഐക്കണിക് റോൾ സമ്മാനിച്ച യാഷ് ചോപ്രയുടെ നായികാ പദവി എന്ന സ്വപ്നം മാത്രം മാധുരിയിൽ നിന്നും അകന്ന് നിന്നു. ആ സ്വപ്ന സാക്ഷാത്കാരമായിരുന്നു ദിൽ തോ പാഗൽ ഹേ. രസകരമായ വസ്തുത ഗുപ്തിലെ ‘ സവിശേഷ ‘ റോളിന് വേണ്ടി കാജോൾ ദിൽ തോ പാഗൽ ഹേ നിരസിച്ചില്ലായിരുന്നുവെങ്കിൽ പിന്നെ മാധുരിയുടെ സ്വപ്നം സൽമാൻ ഖാന്റെ സ്വപ്നം പോലെ പൂവണിയാതെ പോയേനെ. ഖാൻ ത്രയങ്ങളിൽ യാഷ് ചോപ്രയുടെ നായകനാകാൻ കഴിയാത്തത് സൽമാന് മാത്രമായിരുന്നു.
ബോളിവുഡിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം നായികമാർ നിരസിച്ച വേഷമാണ് ദിൽ തോ പാഗൽ ഹേ യിലെ കരിശ്മയുടെ വേഷം. ഒരു ഷാരൂഖ് – മാധുരി ചിത്രത്തിൽ തങ്ങളുടെ റോളിന് എന്ത് പ്രസക്തി എന്നായിരിക്കാം അവർ ചിന്തിച്ചത്. എന്നാൽ ചിത്രം റിലീസായപ്പോൾ കഥ മാറി. ചിത്രത്തിലുടനീളം മാധുരിക്കൊപ്പം പിടിച്ചു നിൽക്കുകയായിരുന്നില്ല കരിശ്മ, മറിച്ച് ചിത്രത്തിലുടനീളം മാധുരിക്കൊപ്പം മത്സരിച്ചഭിനയിക്കുകയായിരുന്നു അവർ. നൃത്ത രംഗങ്ങളിൽ മാധുരിയെ വെല്ലും വിധം മാസ്മരിക പ്രകടനമാണവർ കാഴ്ച്ച വച്ചത്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് കരിശ്മയെ ഒരു നനുത്ത കണ്ണീരിന്റെ നനവോടെയേ ഓർക്കാനാകൂ. മാധുരിയേക്കാൾ നിരൂപക പ്രശംസ പിടിച്ചുപറ്റിയത് കരിശ്മയായിരുന്നു. കുടുംബത്തിലെ സ്ത്രീകൾ അഭിനയ രംഗത്തേക്ക് പ്രവേശിക്കരുതെന്ന കപൂർ കുടുംബത്തിന്റെ അലിഖിത നിയമത്തെ തൃണവൽഗണിച്ചു കൊണ്ട് ചലച്ചിത്ര രംഗത്ത് പ്രവേശിച്ച കരിശ്മയുടെ കരിയർ പീക് ആയിരുന്നു ദിൽ തോ പാഗൽ ഹേ. മുൻ വർഷത്തെ ഏറ്റവും വലിയ വിജയമായ രാജാ ഹിന്ദുസ്ഥാനിയിലെ നായികാ വേഷവും ദിൽ തോ പാഗൽ ഹേയുടെ വിജയവും ഇ നി കരിശ്മയുടെ നാളുകൾ എന്ന് ബോളിവുഡിന് വിധിയെഴുതാൻ പര്യാപ്തമായിരുന്നു. ആ നിലയിൽ ഫിലിം ഫെയറും സ്റ്റാർ ഡസ്റ്റും ആർട്ടിക്കുകൾ എഴുതി നിറച്ചു. പക്ഷേ, ഗുലാമിലൂടെ അരങ്ങേറിയ റാണി മുഖർജിയും സോൾജിയറിലൂടെ നായികയായി വന്ന പ്രീതി സിന്ധയും കരിശ്മയുടെ തേരോട്ടത്തിന് തടയിട്ടു. തുടർ വർഷങ്ങളിൽ ഇരുവരുടെയും പ്രകടനങ്ങൾക്ക് മുന്നിൽ കരിശ്മ നിറം മങ്ങി പോയി.
ഷങ്കർ സിൻഡ്രോം പോലെ മാധുരിക്കും കരിശ്മക്കും ദിൽ തോ പാഗൽ ഹേ ക്ക് ശേഷം സമാനമായ ഒരു വിജയം ഉണ്ടായിട്ടില്ല. പക്ഷേ ഷാരൂഖ് ബോളിവുഡിന്റെ ഉയരങ്ങളിലേക്ക് കുതിച്ചുയർന്നു. 90 – കളിലുടനീളം ആക്ഷൻ ഹീറോയായി തിളങ്ങിയ അക്ഷയ് കുമാറിന്റെ ഏറ്റവും രസകരമായ വേഷമായിരുന്നു ദിൽ തോ പാഗൽ ഹേ യിലെ. ടൈറ്റിൽ സോംഗിലെ കോമഡി ടൈമിംഗൊക്കെ അസാധ്യമായിരുന്നു. സുഹാഗ് അടക്കമുള്ള ചിത്രങ്ങളിൽ കോമഡി കൈകാര്യം ചെയ്തു വിജയിപ്പിച്ചിട്ടുണ്ടെങ്കിലും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുന്ന പ്രകടനം ദിൽ തോ പാഗൽ ഹേ യിലായിരുന്നു. ഊർജ്ജസ്വലനും രസികനുമായ അജയ് ആയി അക്ഷയ് കാണികളുടെ മനം കവർന്നു. പ്രത്യേകിച്ചും ക്ലൈമാക്സ് രംഗത്തെ നമ്പറുകൾ ദുഖിതയായി നിന്ന കരിശ്മക്കെന്ന പോലെ പ്രേക്ഷകർക്കും രസകരമായി തോന്നി. 90 – കളിൽ എല്ലാവരും ഖാൻമാരുടെ പ്രണയ ചിത്രങ്ങളിഷ്ടപ്പെട്ടപ്പോൾ ഞാൻ അക്ഷയ് കുമാറിന്റെ സ്റ്റണ്ട് പടങ്ങളുടെ പുറകെയായിരുന്നു. അക്കാലത്ത് എന്റെ സുഹൃത്തുക്കൾക്കിഷ്ടപ്പെട്ട അക്ഷയ് കുമാറിന്റെ ഏക റോൾ ഈ ചിത്രത്തിലെ അജയ് യുടേതായിരുന്നു എന്ന് ഓർക്കുന്നു. പിന്നീട് വേഴ്സറ്റൈൽ ആക്ടറായി മാറിയ അക്ഷയ് കുമാറിനെ യാഷ് ചോപ്ര നായകനായി പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മൊഹബത്തേനും വീർ സാറയും ജബ് തക് ഹേ ജാനുമായി യാഷ് ചോപ്രയും ഷാരൂഖ് ഖാനും ഒരുമിച്ച് മുന്നോട്ട് പോകുന്നതാണ് കാണാൻ കഴിഞ്ഞത്. കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും കാതിനിമ്പമായ് ചെവിയിൽ മുഴങ്ങുന്നു …
” ദിൽ തോ പാഗൽ ഹേ ദിൽ ദിവാനാ ഹേ…..”