Bineesh K Achuthan

ഇന്നത്തെ മലയാള സിനിമയിൽ സീരിയൽ കില്ലറും ഇൻവെസ്റ്റിഗേഷനുമൊന്നും പുതുമയുള്ള ഒരു വിഷയമല്ലാതായി. എന്നാൽ 90 – കളിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. അന്നത്തെ കാലത്ത് പ്രസ്തുത വിഷയം പ്രമേയവൽക്കരിച്ച ഒരു വ്യത്യസ്ത ചിത്രമായിരുന്നു ജോഷി – പത്മരാജൻ – മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ഈ തണുത്ത വെളുപ്പാൻ കാലത്ത്.

നഗരത്തെ നടുക്കിയ ഒരു റിട്ടയേഡ് ജഡ്ജിയുടെ മരണമായിരുന്നു ആദ്യം. തുടർന്നദ്ദേഹത്തിന്റെ സുഹൃത്തും വ്യവസായിയുമായ കുവൈറ്റ് മണി കരുതിക്കൂട്ടിയുള്ള ഒരു വാഹനാപകടത്തിൽ കൊല്ലപ്പെടുന്നു. ഇരു കൊലപാതകങ്ങൾക്കും ശേഷം ഇരയുടെ വായിൽ ചകിരി തിരുകി വക്കുന്നുണ്ട്. അന്വേഷണ ചുമതല ഏറ്റെടുത്ത എസ് പി ഹരിദാസ് ദാമോദരൻ ആദ്യമന്വേഷിച്ചത് സമാന സ്വഭാവമുള്ള സംഭവങ്ങൾ മുൻ കാലങ്ങളിൽ ഉണ്ടായിട്ടുണ്ടോ എന്നാണ്. അപ്പോഴാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ റൊസാരിയോ ഫെർണ്ണാണ്ടസിന്റെ വായിലും ചകിരിച്ചോർ തിരുകിയിരുന്നു. വധിക്കപ്പെട്ടവരെല്ലാം സഹപാഠികളായിരുന്നുവെന്നും കൊലയാളിയുടെ അടുത്ത ലക്ഷം ഫിലിപ്പ് തെന്നലക്കൽ ജോർജ്ജ് എന്ന വ്യവസായിയായിരിക്കുമെന്നും ഹരിദാസ് മനസിലാക്കുന്നു. തുടർന്ന് കൊലപാതകിയിലേക്കെത്താനുള്ള അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ ചിത്രത്തെ ഉദ്വേഗഭരിതമാക്കുന്നു.

എസ് എൽ പുരം സദാനന്ദൻ മുതൽ പാപ്പനംകോട് ലക്ഷ്മണൻ, കലൂർ ഡെന്നീസ്, ഡെന്നീസ് ജോസഫ്, എസ് എൻ സ്വാമി, ലോഹിതദാസ് തുടങ്ങിയ എണ്ണം പറഞ്ഞ എഴുത്തുകാരുമായി സഹകരിച്ചിട്ടുള്ള ജോഷി നടാടെയാണ് പത്മരാജനുമായി ഒരുമിക്കുന്നത്. പത്മരാജനാകട്ടെ ഭരതൻ, ഐ വി ശശി, കെ ജി ജോർജ്ജ്, മോഹൻ, കെ എസ് സേതുമാധവൻ, എൻ ശങ്കരൻ നായർ തുടങ്ങിയ സംവിധായകരുമായ് ചേർന്ന് മധ്യവർത്തി ചിത്രങ്ങൾക്കായാണ് കൂടുതലും രചന നിർവഹിച്ചിട്ടുള്ളത്. 70 – കളുടെ മധ്യത്തോടെ മലയാള സിനിമയിൽ സജീവമായ പത്മരാജനും ജോഷിയും സമാന്തര രേഖകൾ പോലെ ഒരിക്കലും ഒരുമിക്കാതെ മുന്നോട്ടു പോവുകയായിരുന്നു. ഇരുവരുടെയും ജേണറുകളും വ്യത്യസ്തമായിരുന്നത് ഈ കൂടിച്ചേരലിലെ പിന്നെയും വൈകിപ്പിച്ചു. ഇങ്ങനെ പരസ്പരം വെള്ളം കടക്കാത്ത അറകൾ പോലെ നിന്ന രണ്ട് ശൈലികളുടെ വക്താക്കളുടെ കൂടിച്ചേരൽ മലയാള സിനിമ അദ്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.

പത്മരാജൻ അന്നോളം കൈവെക്കാത്ത ഒരു ജേണറായിരുന്നു സീരിയൽ കില്ലിംഗും ഇൻവെസ്റ്റിഗേഷൻ ത്രില്ലറും. ആക്ഷൻ ചിത്രങ്ങളുടെ തല തൊട്ടപ്പൻ ആണെങ്കിലും ജോഷിയും പ്രസ്തുത ജേണറിൽ മുമ്പ് തൊട്ടിട്ടില്ലെന്ന് തോന്നുന്നു. ജോഷിയുടെ മറ്റേതൊരു ചിത്രവുമെന്ന പോലെ താരനിബിഢമായിരുന്നു ഈ തണുത്ത വെളുപ്പാൻ കാലത്തും. മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിൽ സുമലതയായിരുന്നു. തികച്ചും വ്യത്യസ്തമായ ഒരു വേഷത്തിൽ സുരേഷ് ഗോപിയുമുണ്ട്. ഇവരെ കൂടാതെ ലക്ഷ്മി, എം ജി സോമൻ, ലാലു അലക്സ്, നെടുമുടി വേണു, ദേവൻ, ബാബു നമ്പൂതിരി, മുരളി, ചിത്ര തുടങ്ങി അസംഖ്യം താരങ്ങൾ ഇതിലണിനിരന്നു. ഫ്ലാഷ്ബാക്ക് രംഗങ്ങളിലെ സ്വാഭാവികതയില്ലായ്മയും ചില ലോജിക് പ്രശ്നങ്ങളും ഉണ്ടെങ്കിൽ തന്നെയും അക്കാലത്തെ ഒരു വേറിട്ട ശ്രമം തന്നെയായിരുന്നു ഈ ചിത്രം. തീയേറ്റർ പെർഫോമൻസിൽ ഈ തണുത്ത വെളുപ്പാൻ കാലത്തിനു തണുത്ത പ്രതികരണമായിരുന്നു. തികച്ചും വ്യത്യസ്തമായ ഒരു കഥാപരിസരം ആയിരുന്നിട്ടു കൂടി എന്തുകൊണ്ടായിരിക്കാം ഈ ചിത്രം ഒരു വൻ വിജയം നേടാനാവാതെ പോയതെന്ന് ഗ്രൂപ്പംഗങ്ങൾ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

You May Also Like

മരണത്തിൽ നിന്ന് തിരിച്ച് വന്നവർ, രണ്ടു വ്യത്യസ്ത കഥാ പാശ്ചാത്തലങ്ങളിൽ അവതരിപ്പിച്ച ഒരേ വിഷയം

മരണത്തിൽ നിന്ന് തിരിച്ച് വന്നവർ Shaju Surendran 1994 ക്രിസ്മസ് റിലീസായി ഇറങ്ങിയ രണ്ട് സിനിമകളാണ്…

“ഞാൻ കഥകൾ എഴുതുന്നില്ല; ഞാൻ മോഷ്ടിക്കുന്നു”- ബാഹുബലിയുടെ രചയിതാവും രാജമൗലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദ്

53-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ബാഹുബലി യുടെ രചന നിർവഹിച്ച വി വിജയേന്ദ്ര പ്രസാദ് പറഞ്ഞു,…

നായാട്ടിലും ജോസഫിലും നിരപരാധി ബലി നല്കപ്പെട്ടെങ്കിൽ ഇലവീഴാപൂഞ്ചിറയിൽ തെറ്റ് ചെയ്തവൻ തന്നെയായിരുന്നു

ജാത വേദൻ ഇലവീഴാപൂഞ്ചിറ, നായാട്ട്, ജോസഫ് സിനിമകൾ ഷാഹി കബീറിന്റെ പോലീസ് ട്രിയോളജി ആയി പരിഗണിക്കപ്പെടാവുന്ന…

തുപ്പൽ നാറുന്ന വിവാഹ ഫോട്ടോഷോട്ടുകളെ പരിഹസിച്ചുകൊണ്ടുള്ള വീഡിയോ, ചിരിച്ചു മരിക്കും

നമ്മുടെ നാട്ടിലെ വിവാഹ ഫോട്ടോഷൂട്ടുകൾ പലപ്പോഴും വൈറൽ ആകാനുള്ള കാട്ടിക്കൂട്ടലുകൾ ആണ്. അതിൽ പലതും അരോചകം…