സേനാപതിക്കിന്ന് 25 വയസ്സ്

0
42

Bineesh K Achuthan

സേനാപതിക്കിന്ന് 25 വയസ്സ് . ചിത്രം അനൗൺസ് ചെയ്തയന്നു തന്നെ വാനോളമുയർന്ന പ്രതീക്ഷ റിലീസ് വരെ നിലനിർത്തുകയും പ്രേക്ഷക പ്രതീക്ഷകൾക്കപ്പുറത്ത് വരികയും ചെയ്ത ഒരു അദ്ഭുത ചിത്രമാണ് ഇന്ത്യൻ. തമിഴ് സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിജയമായിരുന്നു ഇന്ത്യൻ . 1996 മെയ് 9 – ന് റിലീസ് ചെയ്ത ഇന്ത്യൻ ഇന്ന് കാൽ നൂറ്റാണ്ട് പിന്നിടുന്നു.

കണ്ണഞ്ചിപ്പിക്കുന്ന നൃത്ത രംഗങ്ങൾ കൊണ്ടും കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും ശ്രദ്ധേയമായ ‘ ജന്റിൽമാൻ ‘ എന്ന ആക്ഷൻ കിംഗ് അർജുൻ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ വരവറിയിച്ചയാളാണ് ഷങ്കർ .തുടർന്ന് പ്രഭുദേവയെ നായകനാക്കി ഒരുക്കിയ’ കാതലൻ ‘ നേടിയ പടുകൂറ്റൻ വിജയത്തോടെ ഷങ്കറിന്റെ സിംഹാസനം തമിഴ് സിനിമയിൽ സ്ഥിരപ്രതിഷ്ഠ നേടി. ഈയവസരത്തിലാണ് ഷങ്കർ തന്റെ ഡ്രീം പ്രൊജക്ടായ ; ശ്രീ സൂര്യ മൂവീസിന്റെ ബാനറിൽ എ.എം. രത്നം നിർമ്മാണച്ചുമതല നിർവ്വഹിക്കുന്ന ഇന്ത്യൻ പ്രഖ്യാപിക്കുന്നത്. ഷങ്കറിന്റെ ആദ്യ സൂപ്പർ സ്റ്റാർ ചിത്രമായിരുന്നു ഇന്ത്യൻ . കമലാഹാസനുമായി ആദ്യമായി ഒന്നിക്കുന്നതറിഞ്ഞ പത്രപ്രവർത്തകർ ഷങ്കറിനോട് കൗതുകത്തിൽ ചോദിച്ചു. ” ഇതൊരു ഷങ്കർ ചിത്രമോ അതോ കമൽ ചിത്രമോ “എന്ന് .” ഷങ്കർ സംവിധാനം ചെയ്യുന്ന കമൽ ചിത്രം ” എന്നായിരുന്നു ഷങ്കറിന്റെ മറുപടി. കമലാകട്ടെ ” കമൽഹാസൻ നായകനായ ഷങ്കർ ചിത്രം ” എന്നും പ്രതികരിച്ചു. എന്തായാലും അന്ന് വരെ തമിഴ് സിനിമാ ലോക കണ്ട ഏറ്റവും വലിയ ഒരു കോംബിനേഷനായിരുന്നു അത്.

Kamal Haasan's 'Indian 2' Ropes In Body Double For Major Action Blocks -  Filmibeatഇന്ത്യാ മഹാരാജ്യത്തെ അടിമുടി ഗ്രസിച്ച അഴിമതി എന്ന മഹാ വിപത്തിനെ വേരോടെ പിഴുതെറിയാൻ ദൃഢനിശ്ചയമെടുത്ത് പോരാടുന്ന സേനാപതി എന്ന മുൻ സ്വാതന്ത്ര്യ സമര പോരാളിയുടെ ആവേശോജ്ജ്വലമായ പോരാട്ടത്തിന്റെ കഥയാണ് ഇന്ത്യന്റെ ഇതിവൃത്തം. ഐ എൻ എ മുന്നണിപ്പോരാളിയായി , ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനുയായിരുന്ന സേനാപതി ബ്രിട്ടീഷുകാരോട് സായുധ കലാപത്തിലേർപ്പെട്ടിരിക്കെ പിടിക്കപ്പെടുകയും തുടർന്ന് യുദ്ധ തടവുകാരനായി ജയിൽവാസമനുഷ്ടിക്കുകയും ചെയ്തു.സ്വാതന്ത്യ ലബ്ധിയെ തുടർന്ന് വിമോചിതനാകുന സേനാപതി പിന്നീട് വിവാഹിതനായി ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം സന്തുഷ്ട ജീവിതം നയിക്കുന്നയാളാണ്. തന്റെ മകളുടെ ആകസ്മികമായ അപകട മരണത്തെ തുടർന്നാണ് രാജ്യത്തെ ഗ്രസിച്ച അഴിമതിയുടെ ആഴം സേനാപതിക്ക് നേരിൽ വ്യക്തമാകുന്നത്. തുടർന്നങ്ങോട്ട് അഴിമതിക്കാരെ നേരിട്ട് ശിക്ഷിക്കാൻ സേനാപതി ഒരുങ്ങിയിറങ്ങുമ്പോൾ ഇന്ത്യന്റെ കഥാ സന്ദർഭം സംഘർഷഭരിതമാകുന്നു.

ഇന്ത്യന് മുമ്പുള്ള ഷങ്കറിന്റെ രണ്ട് ചിത്രങ്ങളുടെയും നിർമ്മാണം മലയാളി കൂടിയായ കെ.ടി.കുഞ്ഞു മോനായിരുന്നു. ബിഗ് ബജറ്റ് ചിത്രങ്ങൾ കുഞ്ഞുമോന്റെ മുഖമുദ്രയായിരുന്നു. ഇന്ത്യന്റെ നിർമ്മാണം എ.എം. രത്നമായിരുന്നു. അന്നത്തെ കാലത്ത് ഭീമമായ ബഡ്ജറ്റായിരുന്നു ഇന്ത്യന്റേത്.തമിഴ് സിനിമയുടെ അത് വരെയുള്ള കളക്ഷൻ റെക്കോഡുകൾ തിരുത്തിക്കിറച്ച വിജയമായിരുന്നു ഇന്ത്യൻ കരസ്ഥമാക്കിയത്.1995 – പൊങ്കൽ റിലീസായ ബാഷയുടെ റെക്കോഡ് ഭേദിച്ച് ഇന്ത്യൻ ഇൻഡസ്ട്രി ഹിറ്റായി മാറി.

സ്വാതന്ത്ര്യ സമര ഭടനും അഴിമതി വിരുദ്ധ മുന്നണിപ്പോരാളിയുമായ സേനാപതിയായും മകനും പ്രായോഗിക വാദിയുമായ ചന്ദ്രബോസായും കമലാഹാസന്റെ ഉജ്ജ്വല പ്രകടനമായിരുന്നു. ഇന്ത്യനിലെ അഭിനയം , കമലാഹാസന് മികച്ച നടനുള്ള സംസ്ഥാന അവാർഡും ഫിലിം ഫെയർ അവാർഡും ഒപ്പം മൂന്നാമത് ദേശീയ പുരസ്ക്കാരവും നേടിക്കൊടുത്തു. സേനാപതിയെ പിടികൂടാനുള്ള ദൗത്യസംഘത്തലവനായി നെടുമുടി വേണുവും മികച്ച അഭിനയമാണ് കാഴ്ച്ച വച്ചത്. ഈ റോളിലെ സ്ഥിരം ക്ലീഷേ പ്രകടനങ്ങളെ അപ്രസക്തമാക്കാൻ പോന്നതായിരുന്നു നെടുമുടി വേണുവിന്റെ കാസ്റ്റിംഗ് .അതിൽ സംവിധായകന് പിഴച്ചില്ല എന്ന് വേണു തെളിയിച്ചു.മൂന്ന് നായികമാരായിരുന്നു ഇന്ത്യനിൽ . സുകന്യ ,മനീഷ കൊയ് രാള , ഊർമ്മിള എന്നിവർ ഒപ്പം കസ്തൂരിയും പ്രാധാന്യമുള്ള വേഷത്തിലുണ്ടായിരുന്നു. സുകന്യയുടെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന് ഇന്ത്യനിലെ അമൃതവല്ലി. ഫ്ലാഷ് ബാക്ക് സീനുകളിൽ സ്വാതന്ത്ര്യ സമര പ്രവർത്തകയായി മിന്നുന്ന പ്രകടനമാണ് സുകന്യ കാഴ്ച്ച വച്ചത്. മനീഷക്കും കസ്തൂരിക്കും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവക്കാനായെങ്കിലും ഊർമ്മിളക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

ഷങ്കറിന്റെ മുൻ ചിത്രങ്ങളായ ജൻറിൽമാൻ , കാതലൻ എന്നിവയുടെ മ്യൂസിക് ആൽബങ്ങളും ചിത്രത്തോടൊപ്പം വൻ ഹിറ്റായിരുന്നു. ഇരു ചിത്രങ്ങളുടെയും സംഗീത സംവിധായകനായ എ.ആർ.റഹ്മാൻ തന്നെയായിരുന്നു ഇന്ത്യന്റെയും സംഗീതം . ആ ആൽബത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റ് ചാർട്ടറിലിടം നേടി. ഒരു കമലാഹാസൻ ചിത്രത്തിനാദ്യമായിട്ടായിരുന്നു റഹ്മാന്റെ മാസ്മര സംഗീത സാനിധ്യം.

തമിഴ് നാട്ടിലെന്ന പോലെ കേരളത്തിലും ഇന്ത്യൻ സൂപ്പർ ഹിറ്റായിരുന്നു. കേരളത്തിൽ ആ വർഷം മികച്ച വിജയം കൈവരിച്ച മലയാള ചിത്രങ്ങൾക്കൊപ്പം തമിഴ് ചിത്രമായ ഇന്ത്യനുമുണ്ടായിരുന്നു. ‘ഭാരതീയഡു ‘ എന്ന പേരിൽ അവിഭക്ത ആന്ധ്രയിൽ തെലുങ്ക് പതിപ്പും ‘ ഹിന്ദുസ്ഥാനി ‘എന്ന പേരിൽ ബോളിവുഡിൽ ഹിന്ദി പതിപ്പും സൂപ്പർ ഹിറ്റാക്കി ഇന്ത്യൻ വിജയക്കുതിപ്പ് തുടർന്നു. 80-കളിലെ പാൻ ഇന്ത്യൻ സ്റ്റാറായിരുന്ന കമലിന്റെ ആ പദവിയിലേക്കുള്ള തിരിച്ച് വരവ് കൂടിയായിരുന്നു ഇന്ത്യൻ . 25 വർഷങ്ങൾക്കിപ്പുറം തന്റെ അഴിമതി വിരുദ്ധ പോരാട്ടവുമായി സേനാപതി വീണ്ടും വരികയാണ്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷങ്കർ നിർമ്മിക്കുന്ന ഇന്ത്യൻ – 2 – വിനായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.