സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
44 SHARES
528 VIEWS

Bineesh K Achuthan

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം തികയുന്നു. അദേഹത്തേപ്പോലെ ഇത്രയും വൈവിധ്യമായ ജേണറുകളിൽ ചിത്രങ്ങളെടുത്തിട്ടുള്ള സംവിധായകർ ഇന്ത്യൻ സിനിമയിൽ തന്നെ വിരളമാണ്. കുടുംബ പ്രേക്ഷകർക്കിഷ്ടപ്പെടുന്ന വിഷയങ്ങൾക്കൊപ്പം തന്നെ തൊട്ടാൽ പൊള്ളുന്ന വിവാദ വിഷയങ്ങൾ പ്രമേയവൽക്കരിക്കുന്നതിലും ഐ.വി.ശശി മിടുക്ക് കാണിച്ചു. സോമന്റെയും ജയന്റെയും രതീഷിന്റെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമൊക്കെ താരപദവിക്ക് പിന്നിലെ ശക്തമായ അടിത്തറ ഐ.വി.ശശി ചിത്രങ്ങളായിരുന്നു.

പ്രേംനസീർ മലയാള സിനിമ വ്യവസായത്തിന്റെ അവിഭാജ്യ ഘടകമായിരിക്കേയാണ് ഒരു സംവിധായകൻ എന്ന നിലയിൽ ഐ.വി.ശശിയുടെ അരങ്ങേറ്റം. എന്നാൽ പ്രേം നസീർ എന്ന അതികായകന്റെ താരമൂല്യത്തെ തെല്ലും ആശ്രയിക്കാതെ തന്നെ സ്വന്തം കഴിവു കൊണ്ട് മലയാള സിനിമയിൽ ഒരു ഇരിപ്പിടം ഉറപ്പിച്ച വ്യക്തിയായിരുന്നു ഐ.വി.ശശി. ആർട്ട് ഡയറക്ടറായി സിനിമാ രംഗത്ത് സജീവമായ കാലം മുതലേ ശശി ഫീൽഡിൽ ശ്രദ്ധേയനായിരുന്നു. 42 ചിത്രങ്ങൾ സംവിധാനം ചെയ്തു ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ വനിതാ സംവിധായികയും അഭിനേത്രിയുമായ വിജയ നിർമ്മലക്ക് ആ പദവി കരസ്ഥമാക്കുന്നതിന് പിന്നിലെ സ്രോതസ്സ് ഐ.വി.ശശിയായിരുന്നു എന്നത് സിനിമാ ലോകത്തെ പരസ്യമായ രഹസ്യമാണ്.

ഒരു താരം എന്ന നിലയിൽ സോമന്റെ കരിയറിൽ ഒരു കുതിച്ച് ചാട്ടം ഉണ്ടാകുന്നത് ഐ.വി.ശശിയുടെ ” ഇതാ ഇവിടെ വരെ ” – യിലൂടെയാണ്. പത്മരാജൻ തിരക്കഥയൊരുക്കിയ ഈ ചിത്രത്തിന്റെ വൻ വിജയത്തോടെ പ്രേം നസീറിനൊപ്പം തിരക്കുള്ള താരമാകാൻ സോമന് കഴിഞ്ഞു. എന്നാൽ തുടർന്ന് ഏതാനും ചിത്രങ്ങൾക്ക് ശേഷം ശശിക്കും സോമനുമിടയിൽ ഒരു സൗന്ദര്യപ്പിണക്കം ഉടലെടുത്തു. ഈയൊരു സാഹചര്യത്തിൽ ശരപഞ്ചരത്തിലൂടെ ഉദിച്ചുയർന്ന താരമായ ജയനെ നായകനാക്കി ഐ.വി.ശശി കൂടുതൽ ചിത്രങ്ങൾ ഒരുക്കി. സോമൻ ചെയ്യാനിരുന്ന കാന്തവലയത്തിലെയും അങ്ങാടിയിലെയും നായക കഥാപാത്രങ്ങളെ ജയൻ അവതരിപ്പിച്ചു കയ്യടി നേടി. മലയാള സിനിമയിലെ ലക്ഷണമൊത്ത ആദ്യത്തെ Mass – Political – Action ചിത്രമായ ‘ അങ്ങാടി ‘യുടെ അഭൂത പൂർവ്വമായ വിജയം ജയനെ താരപദവിയുടെ ഉത്തുംഗങ്ങളിൽ എത്തിച്ചു. താരമൂല്യത്തിന്റെ ഉച്ഛസ്ഥായിയിൽ നിൽക്കുമ്പോഴുള്ള ജയന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് ജയൻ ചെയ്യാനിരുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായ തുഷാരം രതീഷിനെ നായകനാക്കി പുതിയൊരു താരോദയത്തിന് ഐ.വി.ശശി കാർമ്മികനായി.

തുഷാരത്തിന്റെ വിജയത്തോടെ താരമൂല്യമേറിയ രതീഷിന്റെ തിരക്കുകൾ മൂലം എംടി യുടെ രചനയിൽ ഐ.വി.ശശി ഒരുക്കിയ തൃഷ്ണയിൽ , രതീഷിന്റെ ശുപാർശ പ്രകാരം മമ്മൂട്ടിയെ നായകനാക്കി. മമ്മൂട്ടിയുടെ പ്രഥമ നായക വേഷമായിരുന്നു അത്. ഐ.വി.ശശിക്കൊപ്പം മമ്മൂട്ടിയുടെ കരിയറിലെയും ഒരു സുപ്രധാന വഴിത്തിരിവായിരുന്നു തൃഷ്ണ. ആ ചിത്രത്തിന് വലിയൊരു വാണിജ്യ വിജയം നേടാനായില്ലെങ്കിൽ തന്നെയും അടിയൊഴുക്കുകളും അക്ഷരങ്ങളും അനുബന്ധവും ആൾക്കൂട്ടത്തിൽ തനിയെയുമടക്കം കലാമൂല്യമുള്ള നിരവധി ചിത്രങ്ങളുടെ ഒരു കൂട്ട് കെട്ടിന് തുടക്കം കുറിക്കാൻ തൃഷ്ണ ഇടയായി. എം ടിയും മമ്മൂട്ടിയുമൊത്ത് കലാമൂല്യമുള്ള ചിത്രങ്ങൾ ചെയ്യുമ്പോൾ മറുവശത്ത് ടി. ദാമോദരനുമൊന്നിച്ച് മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ തിരുത്തിക്കുറിച്ച ‘ അവനാഴി ‘ അടക്കം നിരവധി ബ്ലോക്ക് ബസ്റ്ററുകളും ഐ.വി.ശശി ഒരുക്കുകയുണ്ടായി. ” സുമുഖനായ ക്രോണിക് ബാച്ചിലർ ” എന്ന മമ്മൂട്ടിയുടെ ദീർഘകാല ഇമേജിന്റെ അടിത്തറ ഐ.വി.ശശിയുടെ കാണാമറയത്തിലെ റോയ് വർഗീസിലൂടെയായിരുന്നു. മമ്മൂട്ടിയെ സൂപ്പർ താരമാക്കിയ അതിരാത്രവും ആദ്യ സംസ്ഥാന അവാർഡ് (മികച്ച സഹനടനുള്ള ) നേടിക്കൊടുത്ത അഹിംസയും മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാർഡിന് അർഹനാക്കിയ അടിയൊഴുക്കുകളും ഐവി ശശിയുടെ ചിതങ്ങളായിരുന്നു.

മോഹൻലാലിന്റെ കരിയറിനെക്കുറിച്ച് പറയുമ്പോൾ കൂടുതൽ പേരും പ്രിയദർശനെയും സത്യൻ അന്തിക്കാടിനെയും തമ്പി കണ്ണന്താനത്തിനെയുമൊക്കെയാണ് പരാമർശിക്കാറുള്ളത്. എന്നാൽ ഒരു താരമെന്ന നിലയിൽ മോഹൻലാലിന് ഇന്ധനമായ ഒട്ടനവധി ചിത്രങ്ങൾ നൽകിയത് ഐ.വി.ശശിയാണ്. മമ്മൂട്ടി നായക വേഷം ചെയ്ത ഐ.വി.ശശി ചിത്രങ്ങളിലെ സഹനടൻ വേഷങ്ങളിലൂടെയാണ് ലാൽ കൂടുതൽ ജനപ്രിയനാകുന്നത്. ഉയരങ്ങളിലെ കൾട് ക്ലാസിക് കഥാപാത്രം ലാലിന് സമ്മാനിച്ചതും മറ്റാരുമല്ല. മോഹൻ ലാലിന്റെ കരിയറിലെ ഐക്കണിക്ക് കാരക്ടറായ മംഗലശേരി നീലകണ്ഠനെ തിരശ്ശീലയിൽ എത്തിച്ചതും ഐ.വി.ശശി തന്നെ.

എം.ജി.സോമൻ, ജയൻ, രതീഷ്, മമ്മൂട്ടി, മോഹൻലാൽ എന്നിവരെക്കൂടാതെ മറ്റനേകം താരങ്ങൾക്കും ബ്രേക്ക് നൽകാൻ ശശിക്ക് സാധിച്ചു. പ്രഥമ സംവിധാന സംരംഭമായ ഉത്സവത്തിലെ നായകൻ അത് വരെ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ഉമ്മർ ആയിരുന്നു. കൊടും വില്ലൻ വേഷങ്ങളിൽ അരങ്ങു തകർക്കുന്ന സമയത്താണ് ഈ നാടിലെ മാസ് റോൾ ബാലൻ കെ.നായർക്ക് കൊടുക്കുന്നത്. ത്രസിപ്പിക്കുന്ന ആ വേഷം ബാലൻ കെ. നായർ ഉജ്ജ്വലമാക്കുകയും ചെയ്തു. വിൻസന്റ്, രാഘവൻ, രവികുമാർ എന്നിവരുടെയൊക്കെ കരിയറിൽ ഹിറ്റുകൾ നൽകാൻ ഐ.വി.ശശിക്ക് സാധിച്ചു. സുരേഷ് ഗോപിയുടെ ആദ്യ കാല നായക വേഷങ്ങളിൽ ശ്രദ്ധേയമായ ഒന്നായിരുന്നു അക്ഷരത്തെറ്റിലേത്. തന്റെ ആദ്യ കാല നായികയും പിന്നീട് ജീവിത സഖിയുമായി മാറിയ സീമയുടെ മികച്ച പ്രകടനങ്ങൾ കൂടുതലും ശശി ചിത്രങ്ങളിലാണ്. എം ടി യുടെ ആത്മാംശം പേറുന്ന അക്ഷരങ്ങളിലെ ഗീതയും അവളുടെ രാവുകളിലെ രാജിയും വിരുദ്ധ ദിശയിൽ നിൽക്കുന്ന കഥാപാത്രങ്ങളാണ്. ഇരു വേഷങ്ങളും സീമയുടെ കരിയർ ബെസ്റ്റ് തന്നെ.

എം ടിയും പത്മരാജനും ജോൺ പോളും ലോഹിതദാസും രഞ്ജിത്തുമടക്കം നിരവധി തിരക്കഥാകൃത്തുക്കളുമായി സഹകരിച്ചിട്ടുള്ള ശശിയുടെ ഏറ്റവും മികച്ച ഹിറ്റ് കൂട്ട്കെട്ട് ടി.ദാമോദരനുമായിട്ടായിരുന്നു. രാഷ്ട്രീയ പ്രമേയങ്ങൾ, അതിന്റെ തീഷ്ണത ചോർന്ന് പോകാത്ത രീതിയിൽ പ്രമേയവൽക്കരിക്കാൻ ഇരുവർക്കുമായി. ശശിയുടെ കരിയറിന്റെ തുടക്കത്തിൽ ആലപ്പി ഷെറീഫുമായി അവളുടെ രാവുകൾ അടക്കം നിരവധി സെൻസേഷണൽ ഹിറ്റുകൾ സൃഷ്ടിച്ചിട്ടുണ്ട്.

രാജേഷ് ഖന്നയേയും കമൽ ഹാസനെയും രജനീകാന്തിനെയും ചിരഞ്ജീവിയെയുമൊക്കെ നായകരാക്കി വിവിധ ഭാഷകളിൽ ഹിറ്റുകളൊരുക്കിയ ശശി ” ആൾക്കൂട്ടത്തിന്റെ സംവിധായകൻ ” എന്നാണ് വിളിക്കപ്പെടുന്നത്. വലിയ കാൻവാസിൽ നൂറ് കണക്കിന് താരങ്ങളെ അവതരിപ്പിക്കാൻ ശശിക്ക് അനായാസം സാധ്യമായി. അദ്ദേഹത്തിന്റെ കരിയറിലെ മാഗ്നം ഓപ്പസ് ആയിരുന്നു 1921. മലബാർ സ്വതന്ത്ര പോരാട്ടവുമായി ബന്ധപ്പെട്ട ചരിത്രം വൻ ബജറ്റിൽ തിരശ്ശീലയിലാക്കിയപ്പോൾ പ്രേം നസീറും മോഹൻലാലും തിലകനും ഒഴികെ അന്നത്തെ എല്ലാ പ്രമുഖ മലയാള സിനിമാ താരങ്ങളും ആ ചിത്രത്തിൽ സഹകരിച്ചിരുന്നു.

അ – യിൽ തുടങ്ങുന്ന ഒരു ഡസനിലേറെ ചിത്രങ്ങളൊരുക്കിയ ശശിക്ക് 90 – കളോടെ പ്രഭാവം മങ്ങുകയും തുടർന്ന് പതിയെ പിൻവാങ്ങുകയും ചെയ്തു. എങ്കിലും മലയാള സിനിമാ ചരിത്രത്തിൽ അദ്വതീയ സ്ഥാനീയനാണ് ഈ കോഴിക്കോട് നിവാസി. മലയാള സിനിമയിലെ 70/80 – കൾ എന്നാൽ പലരും ഭരതനും പത്മരാജനും എന്ന ദ്വന്ദ്വത്തിലേക്ക് ചുരുക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ രണ്ട് പേരുകാർക്കൊപ്പമോ അല്ലെങ്കിലവർക്ക് മുകളിലോ സ്ഥാനപ്പെടേണ്ട ഒരു പേരുകാരനാണ് ഐ.വി.ശശി. ആവനാഴിക്കും വാർത്തക്കും ഒപ്പം തന്നെ അനുബന്ധവും അക്ഷരങ്ങളും ഒരുക്കാൻ ഇവിടെ ഒരേ ഒരു ഐ.വി.ശശിയേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ