Bineesh K Achuthan

70 – കളുടെ തുടക്കം. രാജ്യവ്യാപകമായി രാജേഷ് ഖന്ന തരംഗം ആഞ്ഞടിക്കുന്ന സമയം. സലിം – ജാവേദ് എന്ന ഇരട്ട തിരക്കഥാകാരൻമാർ ഒരു പോലീസ് ഓഫീസറുടെ കഥയുമായി രാജേഷ് ഖന്നയെ സമീപിക്കുന്നു. റൊമാന്റിക് ഹീറോ പരിവേഷത്തിൽ നിൽക്കുന്ന രാജേഷ് പ്രസ്തുത ചിത്രം കഥ പോലും കേൾക്കാതെ നിരസിച്ചു. തന്റെ ഇമേജിന് ഇണങ്ങില്ല എന്നതിലുപരി 1975 വരെ അദ്ദേഹത്തിന് ഡേറ്റില്ലായിരുന്നു. നിരാശരായ കഥാകൃത്തുക്കൾ പിന്നീട് ദേവാനന്ദിനെ സമീപിച്ചു. ഹോട്ട് ടെംപേഡായ പോലീസ് ഓഫീസറുടെ വേഷത്തിൽ തന്നെ പ്രേക്ഷകർ ഉൾക്കൊള്ളുമോ എന്ന് ദേവാനന്ദിനും ആശങ്ക. ദേവാനന്ദും കൈവിട്ടതോടെ സലിം ജാവേദുമാർ ഒടുവിൽ ഗത്യന്തരമില്ലാതെയാണ് അമിതാഭ് ബച്ചന്റെ മുമ്പിലെത്തുന്നത്.

1969 – ൽ ക്വാജ അഹമ്മദ് അബ്ബാസിന്റെ സാത് ഹിന്ദുസ്ഥാനിയുടെ ചലച്ചിത്ര രംഗത്തെത്തിയ അമിതാഭ് തുടർ പരാജയങ്ങളിൽ പെട്ടുഴറുന്ന സമയത്താണ് സലിം ജാവേദുമാരുടെ വരവ്. രണ്ടാമതൊന്നാലോചിക്കാതെ ബച്ചൻ സമ്മതം മൂളി. അമിതാഭ് ബച്ചന്റെ മാത്രമല്ല ബോളിവുഡിന്റെയും ജാതകം അവിടെ തിരുത്തിയെഴുതപ്പെടുകയായിരുന്നു. ” ക്ഷുഭിത യൗവ്വനം ” ഇൻസ്പെക്ടർ വിജയ് – യുടെ രൂപത്തിൽ അവിടെ പിറവി കൊള്ളുകയായിരുന്നു. അതായിരുന്നു സഞ്ജീർ. സോളാ ഹീറോ എന്ന നിലയിൽ അമിതാഭിന്റെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രം. 1973 – ൽ സഞ്ജീറിൽ തുടക്കമിട്ട ആ തീപ്പൊരി 1975 – ൽ ഷോലെയിലും ദീവാറിലുമായി ആളിപ്പടർന്ന് 1977 – ൽ ഡോണിലും പർവരിഷിലും മുഖദാർ കാ സിക്കന്തറിലും അമർ അക്ബർ ആൻറണിയിലൂടെയുമൊക്കെയായി രാജ്യവ്യാപകമായി കത്തിപ്പടർന്നപ്പോൾ അവിടെ മറ്റൊരു യുഗം പിറവിയെടുക്കുകയായിരുന്നു. ബച്ചൻ യുഗം.

ബ്ലോക്ക് ബസ്റ്റർ വിജയം നേടിയ സഞ്ജീർ തൊട്ടടുത്ത വർഷം തന്നെ തമിഴിലും തെലുങ്കിലും റീ മേക്ക് ചെയ്യപ്പെട്ടു. തമിഴിൽ എം ജി ആറും തെലുങ്കിൽ എൻ ടി ആറുമായിരുന്നു നായകരായത്. സഞ്ജീർ കാണാനിടയായ ജയനെ ആ ചിത്രം ഏറെ ആകർഷിച്ചു. സിനിമാ മോഹവുമായി നടക്കുന്ന സമയത്താണ് ജയൻ സഞ്ജീർ കാണുന്നത്. തൊട്ടടുത്ത വർഷം തന്നെ താൻ ചലച്ചിത്ര രംഗത്ത് പ്രവേശിക്കുമെന്നോ അധികം വൈകാതെ നായക വേഷങ്ങൾ കയ്യാളി സൂപ്പർ താരമായി മാറി, വെള്ളിത്തിരയിൽ സഞ്ജീറിന്റെ മലയാളം പതിപ്പിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനാകുമെന്നോ എന്നൊന്നും അന്ന് അദ്ദേഹം കരുതാനിടയില്ല. 1974 – ൽ ജേസിയുടെ ശാപമോക്ഷത്തിലൂടെ അരങ്ങേറ്റം കുറിച്ച ജയൻ വില്ലൻ, സഹനടൻ, ഉപനായകൻ വേഷങ്ങളിലുടെ ക്രമാനുഗതം വളരുകയായിരുന്നു. 1979 – ൽ റിലീസായ ഹരിഹരന്റെ ശരപഞ്ചരത്തിലെ പ്രതിനായക വേഷത്തിലൂടെ ജയന്റെ താരമൂല്യം കുതിച്ചുയർന്നു. 1980 – ലെ വിഷു റിലീസായ ഐ വി ശശി യുടെ അങ്ങാടി, മലയാള സിനിമയിലെ അത് വരെയുള്ള കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ ചരിത്ര വിജയമായിരുന്നു. അങ്ങാടിയിലൂടെ ജയൻ മലയാള സിനിമയിലെ ആദ്യ മാസ് ഹീറോയായി മാറി ജനപ്രിയതയുടെ ഉച്ഛസ്ഥായിയിലെത്തി ജനകീയ താരമായി മാറി.

ജയന്റെ കരിയറിൽ വ്യത്യസ്തമായ വേഷങ്ങൾ നൽകിയിട്ടുള്ള ശ്രീകുമാരൻ തമ്പിയോട് സഞ്ജീർ റീമേക്ക് ചെയ്യാനുള്ള തന്റെ താൽപ്പര്യം ജയൻ വെളിപ്പെടുത്തി. ധർമ്മേന്ദ്രയെ ബോളിവുഡിൽ താരമാക്കി തീർത്ത ” ഫൂൽ ഓർ പത്ഥർ ” എന്ന ചിത്രം പുതിയ വെളിച്ചം എന്ന പേരിൽ ജയനെ നായകനാക്കി തമ്പി, തൊട്ട് മുമ്പത്തെ വർഷം റീമേക്ക് ചെയ്തു വൻ വിജയം നേടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സഞ്ജീറിന്റെ റീമേക്ക് ജയൻ ശ്രീകുമാരൻ തമ്പിയെ ഏൽപ്പിക്കുന്നത്. സഞ്ജീറിൽ ബച്ചനൊപ്പം പ്രാധാന്യമുള്ള മറ്റൊരു വേഷം ചെയ്തത് പ്രാൺ ആയിരുന്നു. ആ വേഷത്തിലേക്ക് ശ്രീകുമാരൻ തമ്പി ആദ്യം വിളിക്കുന്നത് മധുവിനെയായിരുന്നു. പക്ഷേ, എന്ത് കൊണ്ടോ ആ വേഷം അദ്ദേഹം നിരസിച്ചു. ഒടുവിൽ തമ്പിയുടെയും ജയന്റെയും സംയുക്തമായുള്ള അഭ്യർത്ഥന പ്രകാരം പ്രേം നസീർ ആ റോൾ ഏറ്റെടുത്തു. ജയനെ സംബന്ധിച്ചിടത്തോളം ഒരു ജ്യേഷ്ഠ സഹോദരനു തുല്യനായിരുന്നു പ്രേം നസീർ. പ്രൊഫഷണൽ കരിയറിലും വ്യക്തി ജീവിതത്തിലും ജയൻ ഉപദേശ / നിർദേശങ്ങൾ തേടിയിരുന്നതും പ്രേം നസീറിൽ നിന്നുമായിരുന്നു. ഇക്കാരണങ്ങളാലാകാം പ്രേം നസീർ ആ റോൾ സ്വീകരിച്ചത്.

പ്രേം നസീർ – ജയൻ കൂട്ടുകെട്ടിലെ ഏതാണ്ടെല്ലാ ചിത്രങ്ങളും വൻ വിജയം നേടിയവയായിരുന്നു. ആ കൂട്ടുകെട്ടിൽ വന്ന ചിത്രങ്ങളിൽ പ്രേം നസീർ നായക വേഷം ചെയ്യാത്ത ഏക ചിത്രമായിരുന്നു നായാട്ട്. അബ്ദുള്ളയായി താടി വച്ച് വേറിട്ട ഗെറ്റപ്പിലായിരുന്നു പ്രേം നസീർ. നായാട്ടിൽ ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച്ചയും സംഘട്ടനവുമെല്ലാം ഹർഷാരവങ്ങളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ” ഇതാണോ സുൽത്താന്റെ സാമ്രാജ്യം …..” എന്ന ജയന്റെ വൺ ലൈൻ ഡയലോഗുകൾക്കെല്ലാം നല്ല കയ്യടിയായിരുന്നു.
പ്രേം നസീറിനും ജയനും പുറമെ അടൂർ ഭാസി, അസീസ്, പൂജപ്പുര രവി, ജയമാലിനി, ലാലു അലക്സ് എന്നിവരും നായാട്ടിൽ വേഷമിട്ടു. സറീന വഹാബ് ആയിരുന്നു നായിക. KPAC സണ്ണിയുടെ വില്ലൻ വേഷവും ശ്രദ്ധേയമായിരുന്നു. അക്കാലത്തെ ഇതര വില്ലൻ നടൻമാരിൽ നിന്നും വ്യത്യസ്തമായിരുന്നു സണ്ണിയുടെ വേഷം. സാധാരണ ഗതിയിൽ അൽപ്പം ലൗഡായിട്ടുള്ള വില്ലൻമാരെ കണ്ട് പരിചയിച്ച മലയാള പ്രേക്ഷകർക്ക് സണ്ണിയുടെ subtle ആയ പ്രകടനം പുതിയ ഒരു അനുഭവമായിരുന്നിരിക്കണം.

നായാട്ടിലെ ഇൻസ്പെക്ടർ വിജയൻ ജയന്റെ കരിയറിലെ ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു. ബൽറാമും ഭരത് ചന്ദ്രനുമൊക്കെ മലയാള പ്രേക്ഷകരെ കയ്യിലെടുക്കും മുമ്പുള്ള കാലഘട്ടത്തിലെ പോലീസ് ഓഫീസർ വേഷങ്ങളിലെ നാഴികക്കല്ലായിരുന്നു പ്രസ്തുത വേഷം. അമിതാഭ് ബച്ചന്റെ ചിത്രങ്ങളുടെ റീമേക്കുകളാണ് രജനീകാന്തിനെ മുൻനിരയിലെത്തിച്ചത്. അദ്ദേഹത്തിന്റെ സമകാലികനായ ജയനും സഞ്ജീർ പോലെ ദീവാറും ദോസ്താനയും ലാവാറിസും ഷാനുമെല്ലാം ഭാവിയിൽ റീമേക്ക് ചെയ്തേനെ… അങ്ങനെയെങ്കിൽ ഒരു പക്ഷേ മലയാള സിനിമയിൽ നിന്നുമുള്ള ആദ്യ പാൻ സൗത്തിന്ത്യൻ ഹീറോയായി ജയൻ ഉയരങ്ങൾ കീഴടക്കുമായിരുന്നു. പക്ഷേ വിധിയുടെ തീരുമാനം മറിച്ചായിരുന്നു…….

You May Also Like

ഇന്ത്യൻ സിനിമയും നഗ്നതയും ചത്രകും

ഇന്ത്യൻ സിനിമയും നഗ്നതയും ചത്രകും Sanuj Suseelan ലൈംഗികതയെ അൽപസ്വൽപം നാണത്തോടെയും കപട സദാചാരത്തോടെയും സമീപിക്കുകയാണ്…

Brad Pitt, Margot Robbie, Diego Calva എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘BABYLON’ ഒഫീഷ്യൽ ട്രെയിലർ

Brad Pitt, Margot Robbie, Diego Calva എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന Damien Chazelle സംവിധാനം…

രോഷാക്കിന്റെ മേക്കിങ് വീഡിയോ ശ്രദ്ധിക്കപ്പെടുന്നു

വ്യത്യസ്തമായൊരു പ്രതികരകഥയാണ് റോഷാക്ക്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്കു ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ഈ…

“കൂമൻ” സിനിമയിൽ സൂചിപ്പിക്കുന്ന സംഭവമാണ് ഈ സീരീസ്

“കൂമൻ” സിനിമയിൽ സൂചിപ്പിക്കുന്ന സംഭവമാണ് ഈ സീരീസ്. ഹൗസ് ഓഫ് സീക്രട്ട്സ്: ദി ബുരാരി ഡെത്ത്സ്(2021)…