Entertainment
മമ്മൂട്ടിക്കും മോഹൻലാലിനും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് അദ്ദേഹത്തിനുള്ളത് ?

Bineesh K Achuthan
പ്രൈമറി ക്ലാസ്സുകളിൽ ഞാൻ പഠിച്ച സ്കൂളിന്റെ പി റ്റി എ കമ്മിറ്റി ; സ്ക്കൂൾ വികസനത്തിന്റെ ധനശേഖരണാർത്ഥം എല്ലാ ആഴ്ച്ചകളിലും സിനിമാ പ്രദർശനം നടത്തുമായിരുന്നു . മിക്കവാറും പഴയ പടങ്ങളായിരുന്നു പ്രദർശിപ്പിച്ചിരുന്നത് . അടിസ്ഥാന വർഗ്ഗ തൊഴിലാളികളായിരുന്നു അന്ന് ആ നാട്ടിൽ ബഹുഭൂരിപക്ഷവും . വൈദ്യുതി എത്തി നോക്കാത്ത അക്കാലഘട്ടത്തിൽ (80 – കളുടെ അവസാനം ) ജനങ്ങളുടെ ഏക വിനോദോപാധി എല്ലാ ആഴ്ച്ചയിലുമുള്ള ഈ സിനിമാ പ്രദർശനമായിരുന്നു .എന്റെ ബാല്യകാലത്ത് അങ്ങനെയാണ് ഞാൻ സിനിമകൾ കണ്ടിരുന്നത് .
അന്നൊക്കെ , എന്റെ ബാല്യത്തിൽ മമ്മൂട്ടി – മോഹൻലാൽ തരംഗമൊക്കെ ഉച്ഛസ്ഥായിയിൽ നിൽക്കുന്ന സമയമാണ് . അന്ന് മുതിർന്ന ചേട്ടൻമാർ പറയും ” ഇവരൊക്കെ എന്ത് ?? ജയൻ ഉണ്ടായിരുന്നെങ്കിൽ ……” എന്ന് . അപ്പോൾ ഞാനാലോലിച്ചു . ശ്ശെടാ …. ആരാണീ ജയൻ ? എന്താണദ്ദേഹത്തിന്റെ പ്രത്യേകത ? മമ്മൂട്ടിക്കും മോഹൻലാലിനും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് അദ്ദേഹത്തിനുള്ളത് ?? ഇത്യാദി ചോദ്യങ്ങൾ എന്നെ അലട്ടികൊണ്ടിരുന്നു .
പിന്നീട് മുതിർന്ന ചേട്ടൻമാരോടൊക്കെ ജയന്റെ വിശേഷങ്ങൾ ചോദിച്ചറിയുക ഒരു പതിവായി മാറി . മാമാങ്കത്തിന്റെ ഷൂട്ടിംഗ് ഞങ്ങളുടെ നാട്ടിൽ വച്ചായിരുന്നു . ജയൻ ഉപയോഗിച്ചിരുന്ന കുതിര പാമ്പു കടിയേറ്റു ചത്തു പോയി എന്നൊക്കെ പലരും പറയുകയുണ്ടായി . മാമാങ്കത്തെ കൂടാതെ ‘ ദീപം ‘ എന്ന ചിത്രത്തിലെ ജയചന്ദ്രൻ ആലപിച്ച ” ദൂരെ പ്രണയ കവിത പാടുന്നു വാനം ” എന്നു തുടങ്ങുന്ന ഗാന രംഗം പൂർണ്ണമായും ആ നാട്ടിലാണ് ചിത്രീകരിച്ചത് . അത് കൊണ്ട് അന്നാട്ടിലെ മുതിർന്നവരിൽ പലരും ജയനെ നേരിട്ട് കണ്ടിട്ടുണ്ട് . ഇതിനകം ഇവരുടെയെല്ലാം വിവരണങ്ങളിൽ നിന്ന് ജയൻ എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ ബിംബമായി വളർരുന്നു . കരുത്തിന്റെയും ധീരതയുടെയും സാഹസികതയുടേയും പര്യായം . ഞാൻ ജനിക്കുന്നതിന് മുമ്പേ മരിച്ച് പോയ ഒരാൾ ….. ഞാനദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും കണ്ടിട്ടുമില്ല . മൂന്ന് വശവും റിസർവ്വ് വനത്താലും ഒരു വശം പെരിയാറിനാലും ചുറ്റപ്പെട്ട ആ കുടിയേറ്റ ഗ്രാമത്തിൽ സിനിമാ മാസികകളൊക്കെ വായിക്കാനുള്ള സൗകര്യവും അന്ന് പൊതുവേ കുറവായിരുന്നു . അദ്ദേഹത്തിന്റെ രൂപഭാവങ്ങൾ എനിക്ക് അജ്ഞാതമാണെങ്കിലും കേട്ടറിഞ്ഞ കഥകളിലൂടെ ; വീരാരാധനയുടെ ഭാഗമായി ഞാനദ്ദേഹത്തിന്റെ കടുത്ത ആരാധകനായി മാറി .
അങ്ങനെയിരിക്കെ ഞങ്ങളുടെ സ്കൂളിൽ ആ ആഴ്ച്ച പ്രദർശിപ്പിക്കുന്ന ചിത്രത്തിന്റെ പേര് പുറത്ത് വന്നു …. നായാട്ട് ! എല്ലാ ആഴ്ച്ചയും സ്ക്കൂൾ സന്ദർശിക്കുന്ന ഫിലിം റെപ്രസെന്റേറ്റീവ്മാരെ കാത്ത് നിന്നു ഈയാഴ്ച്ചത്തെ പടം ചോദിച്ചറിയുന്ന പതിവ് അന്ന് ഞങ്ങൾ സ്കൂൾ കുട്ടികൾക്കുണ്ടായിരുന്നു . ഹോ …. എന്റെ സന്തോഷത്തിനതിരില്ലായിരുന്നു ….. വീട്ടിൽ ചെന്ന് ചേച്ചിമാരോടൊക്കെ വളരെ ത്രില്ലോടെയാണ് പറഞ്ഞത് ജയന്റെ സിനിമയാണ് ഈയാഴ്ച്ചയെന്ന് .
” എന്റെ പ്രവർത്തന രീതികളുമായി പലർക്കും പൊരുത്തപ്പെട്ടു പോകാനാവുന്നില്ല സാർ ” ഇതായിരുന്നു നായാട്ടിലെ , ജയന്റെ ആദ്യ ഡയലോഗ് . സബ് ഇൻസ്പെക്ടർ റോളിൽ അഭിനയിക്കുന്ന ജയൻ , തന്റെ മേലുദ്യോഗസ്ഥനായി വേഷമിടുന്ന അസീസിന്റെ കഥാപാത്രത്തോടായിരുന്നു ഇങ്ങനെ പറയുന്നത് . രൂപത്തിനും ഭാവത്തിനും ഇണങ്ങിയ ഗാഭീര്യമുള്ള മുഴക്കമാർന്ന ശബ്ദം . ഏതാനും മിനിറ്റുകൾ കഴിഞ്ഞ് നായികയായ സറീന വഹാബ് അവതരിപ്പിക്കുന്ന കഥാപാത്രവും രംഗത്ത് വന്നു . പടം തുടങ്ങി അര മണിക്കൂർ കഴിഞ്ഞാണ് , പ്രേംനസീറിന്റെ അബ്ദുള്ളയുടെ രംഗ പ്രവേശനം . ജയന് കിട്ടിയ അത്രയും കയ്യടി കിട്ടിയില്ലെങ്കിലും മോശമല്ലാത്ത വരവേൽപ്പ് കാണികളിൽ നിന്ന് നസീറിനും ലഭിച്ചു . ജയന്റെയും പ്രേം നസീറിന്റെയും കഥാപാത്രങ്ങൾ ആദ്യമായി പരസ്പരം കാണുന്നതും അവർ തമ്മിലുള്ള സംഘർഷങ്ങളും കാണികളെപ്പോലെ ഞാനും നന്നായി ആസ്വദിച്ചു .
പോലീസ് സ്റ്റേഷന് പുറത്ത് വച്ച് കാണാമെന്ന അബ്ദുള്ളയുടെ വെല്ലുവിളി സധൈര്യം സ്വീകരിച്ചു കൊണ്ട് ഇൻസ്പെക്ടർ വിജയൻ അന്ന് രാത്രി തന്നെ അബ്ദുളളയുടെ സങ്കേതത്തിലെത്തുന്നു . ” ഇതാണോ സുൽത്താന്റെ സാമ്രാജ്യം ….? ഇതായിരുന്നു ആദ്യ ചോദ്യം അതിനെ തുടർന്ന്
” ഇപ്പോൾ എനിക്ക് ഡ്യൂട്ടി സമയമല്ല …..
തലയിൽ ഇൻസ്പെക്ടർ തൊപ്പിയില്ല ,
ദേഹത്ത് കാക്കിക്കുപ്പായവുമില്ല ;
സ്ഥലം പോലീസ് സ്റ്റേഷനുമല്ല …..” ഇതായിരുന്നു ഡയലോഗ് . തകർപ്പൻ കയ്യടികളോടെയാണ് ഈ രംഗത്തെ ഞാനടക്കമുള്ള കാണികൾ സ്വീകരിച്ചത് . തുടർന്നുള്ള സംഘട്ടനവും അബ്ദുള്ളയുടെയും ഇൻസ്പെക്ടർ വിജയന്റെയും സൗഹൃദവുമൊക്കെയായി പടം മുന്നോട്ട് നീങ്ങി . ചതിപ്രയോഗത്താൽ ഇൻസ്പെക്ടർ പദവി നഷ്ടപ്പെടുകയും ജയിൽവാസമനുഷ്ഠിക്കുകയും ചെയ്ത വിജയൻ ; വില്ലൻ കഥാപാത്രമായ ശങ്കറിനെ അവതരിപ്പിക്കുന്ന കെപിഎസി സണ്ണിക്ക് വാണിംഗ് നൽകുന്ന ഒരു രംഗമുണ്ട് .
” ശങ്കർ ……നിന്റെ ശിങ്കിടികളോട് പറഞ്ഞേക്കൂ ……നിന്റെ നിഴലിൽ നിന്നും മാറരുതെന്ന് …..
ഒരു കാര്യം കൂടി …. ഭക്ഷണം കഴിക്കുമ്പോൾ പുക വലിക്കരുത് .അതൊരു ചീത്ത സ്വഭാവമാണ് “. ഈ ഡയലോഗ് പറഞ്ഞിട്ട് ശ്യാമിന്റെ സൂപ്പർ ബിജിഎം – ന്റെ അകമ്പടിയോടെ ഒരു സ്റ്റൈലൻ നടത്തമുണ്ട് . നായാട്ടിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു സീനാണത് . ഹർഷാരവങ്ങളോടെയാണ് പ്രേക്ഷകർ ഈ രംഗത്തെ സ്വീകരിച്ചത് .
വർഷങ്ങൾക്കു ശേഷം പലവട്ടം വീഡിയോ കാസറ്റ് , സിഡി , യൂ ട്യൂബ് എന്നിവയിലൂടെയെല്ലാം ഞാൻ നായാട്ട് പലവട്ടം കണ്ടിട്ടുണ്ട് . ആദ്യം കണ്ട ത്രില്ലിൽ തന്നെയാണ് ഇന്നും ഞാനീ ചിത്രം കാണുന്നത് . ജയൻ ചിത്രങ്ങളിൽ എനിക്കേറ്റവുമിഷ്ടപ്പെട്ട രണ്ടാമത്തെ ചിത്രമാണ് നായാട്ട് . പ്രഥമസ്ഥാനം അന്നുമിന്നും ഐ.വി.ശശിയുടെ മീൻ ആണ് . ഞാനീ പോസ്റ്റിൽ പറഞ്ഞിട്ടുള്ള നായാട്ടിലെ എല്ലാ ഡയലോഗുകളും ഇന്നും എനിക്ക് മനപാഠമാണ് …… നായാട്ട് റിലീസ് ചെയ്തിട്ട് നാല് പതീറ്റാണ്ട് കഴിഞ്ഞിരിക്കുന്നു . ഇന്ന് യൂട്യൂബിൽ വീണ്ടും കാണാനിടയായി . അപ്പോൾ പഴയ ഓർമ്മകൾ എല്ലാം ഒന്നോർത്തെടുത്തു എന്നു മാത്രം .
514 total views, 12 views today