Bineesh K Achuthan 

കോട്ടയം നസീർ കഴിഞ്ഞാൽ പിന്നെ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന മിമിക്രിക്കാരൻ ജയറാമാണ്. പൊതു വേദികൾ കയ്യടക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അസൂയാവഹമാണ്. ജയറാമിന്റെ ജന്മസ്ഥലമായ പെരുമ്പാവൂരിൽ നിന്നും 20 കി.മീ. അകലെയിരുന്നു എന്റെ വീട്. ഏകദേശം രണ്ട് പതീറ്റാണ്ട് വ്യത്യാസത്തിലാണ് ഞാനും ജയറാമും ശ്രീ ശങ്കര കോളേജിൽ പഠിക്കുന്നത്. 100 – ലേറെ ചിത്രങ്ങളിൽ സോളോ ഹീറോയായി അഭിനയിച്ച അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും എനിക്കിഷ്ടപ്പെട്ടവയാണ്. ഇതൊക്കെയാണെങ്കിലും എന്തു കൊണ്ടോ ഞാൻ ജയറാമിന്റെ ഒരു ആരാധകനല്ല ! അന്നുമിന്നും.

1988 – ൽ പത്മരാജന്റെ അപരനിലൂടെ നായകനായി അരങ്ങേറിയപ്പോൾ തന്നെ ശ്രദ്ധേയനായ നടനായിരുന്നു ജയറാം. കമൽ, സത്യൻ അന്തിക്കാട് എന്നിവരുടെ ചിത്രങ്ങളിലൂടെയാണ് കൂടുതൽ ജനകീയനാകുന്നത്. ഇരു സംവിധായകരുടെയും ഇഷ്ട നടനായ മോഹൻലാൽ, ലോഹിതദാസിന്റെ രചനകളിലൂടെ സീരിയസ് വേഷങ്ങളിലേക്ക് തിരിയുകയും നർമ്മ പ്രാധാന്യമുള്ള വേഷങ്ങൾ പ്രിയദർശൻ ചിത്രങ്ങളിൽ മാത്രമായി ചുരുക്കിയത് ജയറാമിന് വളമായി എന്ന് വേണം കരുതാൻ. സത്യൻ അന്തിക്കാട് – ശ്രീനിവാസൻ , കമൽ – രഞ്ജിത് ടീമുകളുടെ സ്ഥിരം നായകനായി ജയറാം ക്രമേണ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനായി മാറി. ആ ജനപ്രിയത അതിന്റെ പാരമ്യതയിലെത്തുന്നത് രാജസേനൻ ചിത്രങ്ങളിലൂടെയായിരുന്നു. 90 – കളുടെ രണ്ടാം പകുതിയോടെ സൂപ്പർ താരങ്ങളെല്ലാം അമാനുഷിക വേഷങ്ങളിലേക്ക് തിരിഞ്ഞപ്പോഴും ജയറാം തന്റെ നാട്ടിൻപുറത്തുകാരൻ ഇമേജിൽ തുടർന്നു.

റിലീസ് സെന്ററുകളിൽ ഞാൻ കണ്ട ജയറാം ചിത്രങ്ങൾ തുലോം തുച്ഛമാണ്. അദേഹത്തിന്റെ സ്ഥിരം ശൈലിയിലുള്ള ചിത്രങ്ങൾ എന്റെ അഭിരുചികൾക്ക് ഇണങ്ങാത്തതു കൊണ്ടാകാം …… 90 – കളിൽ ജയറാം ചിത്രങ്ങളുടെ സുവർണ്ണ കാലഘട്ടമായിരുന്നു. 96 ഓണം സീസണിൽ റിലീസായ ബിഗ് ബജറ്റ് സൂപ്പർ താര ചിത്രങ്ങളെയെല്ലാം പിന്നിലാക്കി ഒരേ സമയം രണ്ട് ചിത്രങ്ങൾ സൂപ്പർ ഹിറ്റാക്കിയ ട്രാക്ക് റെക്കോഡ് ജയറാമിന് മാത്രം അവകാശപ്പെട്ടതാണ്. പല ഫെസ്റ്റിവൽ സീസണുകളിലും വമ്പൻ ഇനീഷ്യൽ കളക്ഷനോടെ റിലീസ് ചെയ്യുന്ന സൂപ്പർ താരങ്ങളുടെ ചിത്രങ്ങളോട് ഏറ്റുമുട്ടി അട്ടിമറി വിജയം നേടാൻ ജയറാം ചിത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ പിൽക്കാലത്ത് ജയറാമിന് ആ കരിശ്മ എവിടെയോ കൈമോശം വന്നു.

2000 – ന് ശേഷം, സൂപ്പർ താരങ്ങളെ വരെ നിഷ്പ്രഭരാക്കിക്കൊണ്ടുള്ള ദിലീപിന്റെ വളർച്ച ജയറാമിനെയും സാരമായി ബാധിച്ചു. ആ പതീറ്റാണ്ടിന്റെ മധ്യത്തോടെ സൂപ്പർ താരങ്ങൾ എല്ലാം തന്നെ ശക്തമായി തിരിച്ചു വന്നെങ്കിലും ജയറാമിന് പഴയ പ്രഭാവം വീണ്ടെടുക്കാനായില്ല. ഇതേ കാലയളവിൽ പുത്തൻ താരോദയങ്ങൾക്കും മലയാള സിനിമ സാക്ഷ്യം വഹിച്ചു. 2010 – ന് ശേഷമുള്ള ന്യൂ ജനറേഷൻ തരംഗം തലമുറ മാറ്റത്തിന് ആക്കം കൂട്ടി. മുൻ പതീറ്റാണ്ടിൽ ഏറ്റവും കൂടുതൽ വിജയം വരിച്ച മമ്മൂട്ടിക്ക് പോലും ഈ സമയം കാലിടറി. മലയാള സിനിമ പുത്തൻ പരീക്ഷണങ്ങളിലേക്ക് തിരിഞ്ഞു കൂടുതൽ റിയലിസ്റ്റിക്കായപ്പോൾ ദൃശ്യം, പുലിമുരുകൻ, മായാമോഹിനി തുടങ്ങിയ പടുകൂറ്റൻ വിജയങ്ങളിലൂടെ മോഹൻലാലും ദിലീപും പിടിച്ചു നിന്നപ്പോൾ ഇതര സീനിയർ താരങ്ങളെല്ലാം പരാജയത്തിന്റെ രുചിയറിഞ്ഞു.

2017 – ൽ ഗ്രേറ്റ് ഫാദറിന്റെ വിജയത്തോടെ മമ്മൂട്ടി തിരികെയെത്തിയെങ്കിലും ജയറാം താളം കണ്ടെത്താതെ ഉഴറുകയായിരുന്നു. ഒപ്പമുള്ള സുരേഷ് ഗോപി പതിയെ രാഷ്ട്രിയത്തിൽ സജീവമായി. ഫഹദ് ഫാസിലിന്റെ അഭിനയ ശൈലിക്ക് പ്രാധാന്യമേറിയ ഈ കാലയളവിൽ ജയറാം ചിത്രങ്ങൾ തുടർ പരാജയമേറ്റു വാങ്ങി. കമലിനോ സത്യൻ അന്തിക്കാടിനോ ജയറാമിന്റെ പരാജയ പരമ്പരക്ക് അറുതി വരുത്താനായില്ല. ഈ കാലയളവിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളിലെ പ്രതിനായക/സഹനടൻ വേഷങ്ങൾ ജയറാം തിരസ്ക്കരിച്ചു കൊണ്ട് അന്യഭാഷാ ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ച്ച വച്ചു. തമിഴ് ചിത്രമായ സരോജയിലെ വേഷം ജയറാമിന് ഏറെ കയ്യടി നേടിക്കൊടുത്തു.

ഷഷ്ഠി പൂർത്തിയോടടുക്കുന്ന ഈ പ്രായത്തിലും ജയറാം ഊർജ്ജസ്വലനാണ്. അടുത്തയിടെ രജനീകാന്തും കമലാഹാസനും വരെ ഒന്നിച്ചണി നിരന്ന, മണിരത്നത്തിന്റെ മാഗ്നം ഓപ്പസ് പൊന്നിയിൽ സെൽവന്റെ ഓഡിയോ ലോഞ്ചിൽ ഏറ്റവും ശ്രദ്ധേയ പ്രകടനം കാഴ്ചവക്കാനായത് ജയറാമിനാണ്. പുതു തലമുറക്കിടയിൽ ജയറാമിന് ഏറെ കയ്യടി നേടിക്കൊടുത്ത ഒന്നായിരുന്നു പ്രസ്തുത പ്രകടനം. മമ്മൂട്ടിയൊഴികെയുള്ള സീനിയർ താരങ്ങൾക്കൊന്നും തുടർ വിജയങ്ങൾ നേടാനാകാതെ വരുന്ന സമകാലിക സാഹചര്യത്തിൽ, മലയാള സിനിമയിൽ ജയറാമിന്റെ സ്ഥാനം എന്തായിരിക്കണമെന്ന് മിഥുൻ മാനുവൽ തോമസിന്റെ ഓസ് ലർ വിധിയെഴുതും. ജയറാം ഏറെ പ്രതീക്ഷകൾ വച്ചു പുലർത്തുന്ന പ്രസ്തുത പ്രൊജക്റ്റ് അദ്ദേഹത്തെ വിജയ പാതയിൽ തിരികെ എത്തിക്കട്ടെ എന്ന് ഈ പിറന്നാൾ ദിനത്തിൽ ആശംസിക്കുന്നു.

You May Also Like

ബാംഗ്ലൂർ ഡെയ്സും കുമ്പളങ്ങി നൈറ്റ്‌സും വൈരുദ്ധ്യാത്മക ഭൗതികവാദവും !

ബാംഗ്ലൂർ ഡെയ്സും കുമ്പളങ്ങി നൈറ്റ്‌സും വൈരുദ്ധ്യാത്മക ഭൗതികവാദവും ! Dileep Krishnan കടപ്പാട് : MOVIE…

സിദ്ദിഖ് ലാൽ പിരിയാൻ കാരണം ആ വ്യക്തിയിൽ നിന്നും രക്ഷപെടാനായിരുന്നോ ?

Moidu Pilakkandy മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ഇരട്ടസംവിധായകർ/ ഡയറക്ടർസ് കോംബോ ആയ സിദ്ദീഖ്-ലാൽ ഇൻഹരിഹർ…

നല്ല രസമാണ് ടൊവിനോയുടെ ഇൻ്റർവ്യൂകൾ കണ്ടിരിക്കാൻ

Anirudh Narayanan · നല്ല രസമാണ് ടൊവിനോയുടെ ഇൻ്റർവ്യൂകൾ കണ്ടിരിക്കാൻ.അടുത്ത വീട്ടിലെ പയ്യൻ എന്നൊക്കെ പറയുന്ന…

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍; ലൗ ആന്റ് തണ്ടറിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.…