Bineesh K Achuthan

ഇന്ന് (ആഗസ്റ്റ് 18) ജോൺസൺ മാസ്റ്റർ വിട പറഞ്ഞിട്ട് ഒരു വ്യാഴവട്ടം പിന്നിടുന്നു. ചെറുപ്പത്തിൽ, രവീന്ദ്രൻ മാഷിന്റെ ഉച്ചസ്ഥായിയിലുള്ള ഗാനങ്ങളുടെ കടുത്ത ആരാധകനായതു കൊണ്ടാകാം പൊതുവെ പതിഞ്ഞ താളത്തിലുള്ള ജോൺസൺ മാസ്റ്ററുടെ ഗാനങ്ങൾ അധികം ഇഷ്ടപ്പെട്ടിരുന്നില്ല. വളരെ വൈകിയാണ് അദ്ദേഹത്തിന്റെ പ്രതിഭ എനിക്ക് മനസിലാക്കാനായത്. സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളുടെ സംഗീതകാരൻ എന്ന നിലയിലാണ് ഞാൻ ജോൺസൺ മാസ്റ്ററെ ആദ്യമൊക്കെ മനസിലാക്കിയിരുന്നത്. ഫാസ്റ്റ് നമ്പറുകളോ ഹൈ പിച്ചിലുള്ളതോ ആയ ഗാനങ്ങളായിരുന്നു അന്നത്തെ എന്റെ പ്രിയം. ആ ശ്രേണിയിൽ വരുന്ന മാനത്തെ വെള്ളിത്തേരിലെയും ഞാൻ ഗന്ധർവ്വനിലെയും ഗാനങ്ങൾ എനിക്ക് ആസ്വദിക്കാനുമായി. എങ്കിലും ഏറ്റവും പ്രിയപ്പെട്ട ജോൺസൺ മാസ്റ്ററുടെ ഗാനം ഏതെന്ന് ചോദിച്ചാൽ എനിക്ക് ഒരു ഉത്തരമേയുള്ളൂ ….. കിരീടത്തിൽ എം ജി ശ്രീകുമാർ ആലപിച്ച ” കണ്ണീർ പൂവിന്റെ കവിളിൽ തലോടി “എന്ന്.

1996 – ൽ റിലീസായ സല്ലാപം, ഈ പുഴയും കടന്ന് എന്നീ ചിത്രങ്ങളിലെ മിക്ക ഗാനങ്ങളും അക്കാലത്ത് ഏറെ ജനപ്രിയമായിരുന്നു. സ്വാഭാവികമായും അവ എന്റെയും ഇഷ്ട ഗാനങ്ങളായി മാറി. സല്ലാപത്തിൽ കെ.എസ്. ചിത്ര ആലപിച്ച ” പഞ്ചവർണ്ണ പൈങ്കിളി പെണ്ണേ…” എന്ന് തുടങ്ങുന്ന ഗാനം ഇന്നും ഇഷ്ട ഗാനങ്ങളിലൊന്നാണ്. അതേ ചിത്രത്തിലെ ” പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം…” എന്ന യുഗ്മഗാനവും ഈ പുഴയും കടന്നിലെ യേശുദാസ് പാടിയ ” പാതിരാ പുള്ളുണർന്നു ” എന്ന ഗാനവും ഒരിക്കലും മറക്കാൻ കഴിയില്ല.

പുതു നൂറ്റാണ്ടിൽ ജോൺസൺ പ്രഭാവം പതിയെ മങ്ങുന്നതായി തോന്നി തുടങ്ങി. അപ്പോഴേക്കും ഞാൻ വിദ്യാസാഗറിന്റെ ഗാനങ്ങളുടെ ആരാധകനായി മാറിയിരുന്നു. എഫ്. എം. റേഡിയോ സജീവമാകുന്ന ഒരു കാലഘട്ടം കൂട്ടിയായിരുന്നു അത്. ജോൺസൺ മാസ്റ്ററുടെ ആദ്യ കാല ക്ലാസിക് ഗാനങ്ങൾ അങ്ങനെയാണ് ശ്രദ്ധ കവരുന്നത്. കൂടെവിടെയിലെ ” ആടി വാ കാറ്റേ ….” , പാളങ്ങളിലെ ” ഏതോ ജന്മ കൽപ്പനയിൽ…”, ഓർമ്മക്കായ് എന്ന ചിത്രത്തിലെ ” മൗനം പൊൻ മണി തമ്പുരു മീട്ടി “, കാറ്റത്തെ കിളിക്കൂടിലെ ” ഗോപികേ നിൻ വിരൽ …”, എന്റെ ഉപാസനയിലെ ” യാനം അനന്തം..”, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ ” ആകാശമാകെ …..” , ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തിലെ ” മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി….” , ഇസബെല്ലയിലെ ” ഇസബെല്ല …… അർത്ഥത്തിലെ ” ശ്യാമാംബരം ദൂരെ …”, മഴവിൽക്കാവടിയിലെ ” പളളി തേരുണ്ടോ….” ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ജോൺസൺ മാസ്റ്ററുടെ ഗാനങ്ങൾ എനിക്കേറെ പ്രിയകരമായി.

പക്ഷേ സോഷ്യൽ മീഡിയ കാലഘട്ടത്തിലാണ് ജോൺസൺ മാസ്റ്റർ എന്ന ജീനിയസിന്റെ യഥാർത്ഥ പ്രതിഭാവിലാസം ഞാൻ തിരിച്ചറിയുന്നത്. ബാല്യം മുതൽ ഞാനേറെ ഇഷ്ടപ്പെട്ട, എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒട്ടേറെ BGM – കൾ അദ്ദേഹത്തിന്റെ സൃഷ്ടികളാണെന്ന് മനസിലാക്കാൻ ഏറെ വൈകി. പശ്ചാത്തല സംഗീതം അഥവാ റീ റെക്കോഡിംഗ് മേഖലയൊക്കെ അത്രകണ്ട് ശ്രദ്ധ പതിയാത്ത ഒരു വിഭാഗമായിരുന്നു ഏറെ നാൾ. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, താളവട്ടം, തൂവാനത്തുമ്പികൾ, ചിത്രം, വന്ദനം, അമരം, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങളിലെ പശ്ചാത്തല സംഗീതം ആ ചിത്രങ്ങളുടെ ആത്മാവ് തന്നെയാണ്. ഒരു പക്ഷെ പുത്തൻ തലമുറക്ക് പ്രിയം ജോൺസൺ മാസ്റ്ററുടെ ഗാനങ്ങളേക്കാൾ അദ്ദേഹത്തിന്റെ ഹൃദയഹാരിയായ BGM – കളായിരിക്കാം.

Leave a Reply
You May Also Like

കാമവിശപ്പും യഥാർത്ഥ വിശപ്പും തമ്മിലുള്ള പോരാട്ടമാണ് ‘ബസന്തി’

രാജേഷ് ശിവ ബിജു സി ദാമോദരൻ രചനയും സംവിധാനവും നിർവഹിച്ച ‘ബസന്തി’ കണ്ടുകഴിയുമ്പോൾ ആരായാലും മനസ്…

അഭിനയത്തിന്റെ സൗകുമാര്യം സുകുമാരിയുടെ 83-ാം ജന്മവാർഷികം

അഭിനയത്തിന്റെ സൗകുമാര്യം സുകുമാരിയുടെ 83-ാം ജന്മവാർഷികം Saji Abhiramam അരനൂറ്റാണ്ടിലേറെ വെള്ളിത്തിരയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നൃത്ത-…

മാറ്റത്തിന്റെ സൂചന നൽകി 2023 ൽ വരാനിരിക്കുന്ന മോഹൻലാലിൻറെ പ്രൊജക്ടുകൾ

മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് 2023 ജനുവരി 26 നു തിയേറ്റർ റിലീസ് അറിയിച്ചു കൊണ്ട് മോഹൻലാൽ…

“പാവടയൊക്കെ ഞാൻ പണ്ടും ധരിക്കാറുള്ളതാണ്, ആരും കാണാറില്ലെന്നു മാത്രം”

പാവടയൊക്കെ ഞാൻ പണ്ടും ധരിക്കാറുള്ളതാണ്, ആരും കാണാറില്ലെന്നു മാത്രം ലളിതം സുന്ദരത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ…