Bineesh K Achuthan

ജോഷി @ 45.

ഇന്ന് ജോഷിയുടെ ആദ്യ ചിത്രമായ ടൈഗർ സലിം റിലീസ് ചെയ്തിട്ട് 45 വർഷമാകുന്നു. ഒരു അഭിനേതാവ് നാലര പതീറ്റാണ്ട് പൂർത്തിയാക്കുന്നത് തന്നെ അദ്ഭുതകരമായിരിക്കേ ഒരു സംവിധായകൻ അത്രയും കാലയളവ് സജീവമായിരിക്കുക എന്നത് അത്യന്തം അപൂർവ്വമാണ്. ഒരു സംവിധായകന് ഒന്നര പതീറ്റാണ്ടിനപ്പുറം നിലനിൽക്കാൻ താരതമ്യേന ബുദ്ധിമുട്ടാണ്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാനാവാതെ പലരും കാലഹരണപ്പെടാറാണ് പതിവ്. ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ തന്നെ ഒരു യാഷ് ചോപ്രയോ ഒരു കെ ബാലചന്ദറോ മാത്രമാണ് പതീറ്റാണ്ടുകൾ നീളുന്ന വിജയകരമായ കരിയർ നിലനിർത്തി കൊണ്ട് പോകാനായത്. മലയാള സിനിമക്ക് അത്തരത്തിൽ ചൂണ്ടിക്കാണിക്കാൻ ഒരേ ഒരു ജോഷി മാത്രം.

ആദ്യ ചിത്രമായ ടൈഗർ സലിം വേണ്ടത്ര വിജയമാകാതെ കരിയറിൽ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഹസൻ സംവിധാനം ചെയ്ത ബെൻസ് വാസുവിലെ ഒരു സംഘട്ടനരംഗം ചിത്രീകരിക്കുവാൻ ജോഷി ക്ഷണിക്കപ്പെടുന്നത്. ജോഷിയുടെ ചിത്രീകരണ മികവ് നേരിൽ കണ്ട് ബോധ്യപ്പെട്ട ബെൻസ് വാസുവിലെ നായകനായ ജയൻ, ജോഷിക്കൊരു ചിത്രം വാഗ്ദാനം ചെയ്തു. അതായിരുന്നു മൂർഖൻ. ജയന്റെ അപ്രതീക്ഷിത മരണത്തിന് ഒരാഴ്ച കഴിഞ്ഞാണ് മൂർഖൻ റിലീസാകുന്നത്. പ്രേക്ഷകർക്ക് ഒരു പുത്തൻ ദൃശ്യാനുഭവമായിരുന്നു മൂർഖൻ. സൂപ്പർ ഹിറ്റായി മാറിയ മൂർഖനു ശേഷം ജോഷിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

ആക്ഷൻ ചിത്രങ്ങളുടെ ഉസ്താദ് എന്നറിയപ്പെടുമെങ്കിലും ട്രെന്റുകൾക്കനുസരിച്ച് ചിത്രങ്ങൾ എടുക്കുന്നതാണ് ജോഷിയുടെ ശൈലി. മാറുന്ന ട്രെന്റുകൾക്കനുസരിച്ച് താരമൂല്യമുള്ള നായകരെയും തിരക്കഥാകാരൻമാരെയും തെരഞ്ഞെടുത്തായിരുന്നു ജോഷി ചിത്രങ്ങളെടുത്തിരുന്നത്. തന്റെ പ്രഥമ ചിത്രമായ ടൈഗർ സലിമിന് ശേഷം എൽ പുരം സദാനന്ദന്റെ തിരക്കഥകളെ ജോഷി പിന്നീടൊരിക്കലും ആശ്രയിച്ചിട്ടില്ല. പാപ്പനംകോട് ലക്ഷ്മണന്റെ തിരക്കഥകളായിരുന്നു പിന്നെ കുറച്ച് കാലത്തേക്ക് ജോഷിയുടെ പിൻബലം. മൾട്ടി സ്റ്റാർ തരംഗം ശക്തമായ 80 – കളുടെ തുടക്കത്തിൽ പ്രേംനസീർ, മധു, സോമൻ, സുകുമാരൻ തുടങ്ങി അന്നത്തെ മുൻനിര നായകരെ മുഴുവൻ അണിനിരത്തിക്കൊണ്ട് ജോഷി ധാരാളം ഹിറ്റുകൾ ഒരുക്കി.

മൾട്ടി സ്റ്റാർ തരംഗത്തിന്റെ ഉച്ഛസ്ഥായിയിൽ രക്തം എന്ന താരബാഹുല്യം നിറഞ്ഞ ചിത്രത്തിന് തിരക്കഥ രചിച്ചു കൊണ്ടാണ് ജോഷി ക്യാംപിലേക്ക് കലൂർ ഡെന്നീസ് എത്തുന്നത്. ജോഷിയെക്കൂടാതെ അക്കാലത്തെ എല്ലാ പ്രമുഖ സംവിധായകരും മൾട്ടി സ്റ്റാർ ആക്ഷൻ ചിത്രങ്ങളിൽ സജീവമായിരുന്നു. അങ്ങനെയിരിക്കെ 1983 തുടക്കത്തിൽ പി ജി വിശ്വംഭരന്റെ സന്ധ്യക്ക് വിരിഞ്ഞ പൂവ് എന്ന ചിത്രം സൂപ്പർ ഹിറ്റായി മാറി. മൾട്ടി സ്റ്റാർ ആക്ഷൻ തരംഗത്തിന് തടയിടാനുള്ള കർട്ടർ റെയ്സർ ആയിരുന്നു ആ വിജയം. ജയന് പകരക്കാരെ തിരഞ്ഞ മലയാള സിനിമയിലേക്ക് കടന്ന് വന്ന ഒരു നിര പുതു നായകരിൽ നിന്നും ഉയർന്നു വന്ന മമ്മൂട്ടി ഒരു സ്റ്റാർ മെറ്റീരിയലാണെന്ന് ജോഷി തിരിച്ചറിഞ്ഞു. അതിന്റെ ഫലമായിരുന്നു ആ രാത്രി.

1983 വിഷു സീസൺ. ഒറ്റ ദിവസം ജോഷിയുടെ രണ്ട് ചിത്രങ്ങളാണ് റിലീസ് ചെയ്തത്. പാപ്പനംകോട് ലക്ഷ്മണന്റെ രചനയിൽ പ്രേംനസീർ, മധു എന്നിവർ അഭിനയിച്ച അങ്കം, കലൂർ ഡെന്നീസിന്റെ തിരക്കഥയിൽ മമ്മൂട്ടി നായകനായ ആ രാത്രി എന്നിവയായിരുന്നു പ്രസ്തുത ചിത്രങ്ങൾ. അങ്കത്തെ മറികടന്ന് ആ രാത്രി സൂപ്പർ ഹിറ്റായി മാറി. മലയാള സിനിമയുടെ ജാതകം അവിടെ മാറ്റിയെഴുതപ്പെടുകയായിരുന്നു. മൾട്ടി സ്റ്റാർ തരംഗത്തിൽ നിന്നും ഫാമിലി മെലോഡ്രാമയിലേക്ക് മലയാള സിനിമ ഗതിമാറിയൊഴുകി. ഒപ്പം തന്നെ മലയാള സിനിമയുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ട് ; ജോഷി – മമ്മൂട്ടി ടീം അവിടെ ഉദയം കൊള്ളുകയായിരുന്നു.1984 – ൽ സന്ദർഭത്തിന്റെ ചരിത്ര വിജയത്തോടെ മലയാള സിനിമയുടെ മുൻ നിരയിൽ മമ്മൂട്ടി അനിഷേധ്യനായി മാറി. തലമുറ മാറ്റം സമ്പൂർണ്ണമാവുകയും ചെയ്തു.

ജോഷി – മമ്മൂട്ടി – കലൂർ ഡെന്നീസ് ത്രയം കണ്ണീർക്കഥകൾ ഹിറ്റുകളാക്കി തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ഡെന്നീസ് ജോസഫിന്റെ അരങ്ങേറ്റം. ജേസിയുടെ മമ്മൂട്ടി ചിത്രമായ ഈറൻ സന്ധ്യക്ക് തിരക്കഥയൊരുക്കി രംഗത്ത് വന്ന ഡെന്നീസ് ജോസഫ്, 1985 – ലെ ഓണം റിലീസായ നിറക്കൂട്ടിന്റെ വൻ വിജയത്തോടെയാണ് ശ്രദ്ധേയനാക്കുന്നത്. 1986 തുടക്കത്തിൽ വന്ന ശ്യാമയുടെ അപ്രതീക്ഷിത വിജയത്തെ തുടർന്ന് ജോഷി – ഡെന്നീസ് ജോസഫ് – മമ്മൂട്ടി കൂട്ടുകെട്ടിൽ നിന്നും തുടർച്ചയായി സിനിമകൾ വരാൻ തുടങ്ങി. അവയിൽ മിക്കതും പരാജയമടഞ്ഞു. ഇതേ സമയം മലയാള സിനിമയിൽ വീണ്ടും മാറ്റത്തിനുള്ള മണി മുഴങ്ങുകയായിരുന്നു. 83 – ൽ തുടക്കമിട്ട് 84 – ൽ ആളിപ്പടർന്ന് 85 – ൽ ഉച്ഛസ്ഥായിയിൽ എത്തിയ ഫാമിലി മെലോഡ്രാമകൾ പ്രേക്ഷകർ കയ്യൊഴിഞ്ഞു തുടങ്ങിയിരുന്നു. യുവ പ്രേക്ഷകർ അത്തരം ചിത്രങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞു. ഈ മാറ്റങ്ങൾക്കിടയിൽ അയൽവക്കത്തെ പയ്യൻ എന്ന ഇമേജിൽ മോഹൻലാൽ വളർന്നു വരുന്നുണ്ടായിരുന്നു. 86 ജൂലൈയിൽ റിലീസായ തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകന്റെ വിജയം മോഹൻലാലിനെ സൂപ്പർ താരമാക്കി മാറ്റി.

1986 ഓണം സീസൺ. മമ്മൂട്ടിയുടെ 5 ചിത്രങ്ങളാണ് ഒരേ സമയം പ്രദർശനത്തിനെത്തിയത്. അതിൽ രണ്ടെണ്ണത്തിന്റെ സംവിധായകൻ ജോഷിയും. ഐ വി ശശിയുടെ ആവനാഴി പടുകൂറ്റൻ വിജയം നേടിയപ്പോൾ ഇതര മമ്മൂട്ടി ചിത്രങ്ങളെല്ലാം പരാജയമടഞ്ഞു. ഓണം റിലീസുകളുടെ ക്ഷീണം മാറ്റാൻ എത്തിയ ജോഷി – ഡെന്നീസ് ജോസഫ് – മമ്മൂട്ടി കൂട്ട്കെട്ടിന്റെ വീണ്ടും എന്ന ചിത്രവും ദയനീയമായി പരാജയപ്പെട്ടപ്പോൾ ജോഷി പ്രതിസന്ധിയിലായി. ഒപ്പം മമ്മൂട്ടിയും. പ്രതിബന്ധങ്ങളിൽ നിന്നും പുറത്തുകടക്കാൻ മാറ്റം അനിവാര്യമാണെന്ന് ജോഷി മനസിലാക്കി. കലൂർ ഡെന്നീസിന്റെ തിരക്കഥയിൽ, പുത്തൻ താരോദയമായ മോഹൻലാലുമൊത്ത് ഒരു ചിത്രം. അതായിരുന്നു ജനുവരി ഒരു ഓർമ്മ.

ജനുവരി ഒരു ഓർമ്മയോടെ ജോഷി വിജയപാതയിൽ തിരികെയെത്തിയെങ്കിലും മമ്മൂട്ടിയുടെ പരാജയ പരമ്പര തുടരുകയായിരുന്നു. ജൂബിലിയെ ജൂബിലിയാക്കിയ മമ്മൂട്ടിയുടെ ദുരവസ്ഥക്ക് പരിഹാരം കാണാൻ ജൂബിലി ജോയി ദൃഢ നിശ്ചയം ചെയ്തു. ജോഷിയും ഡെന്നീസ് ജോസഫും അതിന് ഉറച്ച പിന്തുണയേകി. അതിന്റെ പരിണിത ഫലമായിരുന്നു ന്യൂ ഡൽഹി. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച തിരിച്ചു വരവ്. അതായിരുന്നു ന്യൂ ഡൽഹി. ഒരു ഡസൻ പരാജയങ്ങൾക്ക് ശേഷമുള്ള മമ്മൂട്ടിയുടെ അതി ശക്തമായ തിരിച്ചു വരവ്. ധർമ്മേന്ദ്ര, രാജേഷ് ഖന്ന തുടങ്ങിയ ബോളിവുഡ് അതികായകരെ അണിനിരത്തി ഹിറ്റ് ചിത്രം സംവിധാനം ചെയ്തയാളാണെങ്കിലും ന്യൂഡൽഹിയാണ് ജോഷിയെ പ്രശസ്തനാക്കിയത്. കേരളത്തിലെന്ന പോലെ തമിഴ് നാട്ടിലും സൂപ്പർ ഹിറ്റായ ന്യൂ ഡൽഹി കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്തു. എല്ലാ ഭാഷകളിലും ജോഷി തന്നെയായിരുന്നു സംവിധായകൻ.

ജനുവരി ഒരു ഓർമ്മയോടെ കലൂർ ഡെന്നീസുമായി വഴി പിരിഞ്ഞ ജോഷി പിന്നീട് ഡെന്നീസ് ജോസഫുമായാണ് കൂടുതൽ സഹകരിക്കുന്നത്. ഇതിനിടയിൽ ലോഹിതദാസുമായ് ചേർന്ന് ആക്ഷൻ മൂഡിലുള്ള ഇമോഷണൽ ഡ്രാമകളായ മഹായാനം, കൗരവർ എന്നീ ചിത്രങ്ങൾ ചെയ്തു. കൂടാതെ ജോഷി ടച്ചില്ലാത്ത കുട്ടേട്ടനും. ഇതിനിടെ ഇരുപതാം നൂറ്റാണ്ട്, ഒരു CBI ഡയറിക്കുറിപ്പ് തുടങ്ങിയ വമ്പൻ ഹിറ്റുകളുടെ തിരക്കഥാകാരനായ എസ് എൻ സ്വാമിയുമായി ആദ്യമായി ഒരുമിച്ച നാടുവാഴികൾ വൻ വിജയം നേടി. നായർ സാബ്, NO:20 മദ്രാസ് മെയിൽ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ തിരുത്തിയതുമായി ബന്ധപ്പെട്ടു ണ്ടായ അസ്വാരസ്യങ്ങൾ ജോഷിയും ഡെന്നീസ് ജോസഫും തമ്മിൽ അകലാനിടയാക്കി.

പിന്നീട് ജോഷി – എസ് എൻ സ്വാമി കൂട്ടുകെട്ട് ശക്തമായി. ധ്രുവം, സൈന്യം തുടങ്ങിയ ചിത്രങ്ങൾ ആ കൂട്ടുകെട്ടിൽ നിന്നും പുറത്തിറങ്ങി. ഇതിനിടയിൽ തമിഴിലും തെലുങ്കിലും ജോഷി ഓരോ ചിത്രങ്ങൾ സംവിധാനം ചെയ്തു. പക്ഷേ അവ രണ്ടും കാര്യമായി വിജയിച്ചില്ല. പിണങ്ങി പിരിഞ്ഞ ജോഷിയേയും ഡെന്നീസ് ജോസഫിനേയും ഒരുമിപ്പിക്കാൻ ജൂബിലി ജോയിയുടെ സഹോദരൻ മുൻ കൈ എടുത്തു. അങ്ങനെയാണ് ഭൂപതിയുടെ പിറവി. പക്ഷേ, സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ആദ്യം ചിത്രത്തിന് പരാജയപ്പെടാനായിരുന്നു വിധി. എങ്കിലും തന്റെ അടുത്ത ചിത്രത്തിലും ജോഷി സുരേഷ് ഗോപിയെ തന്നെ നായകനാക്കി. കൂട്ടിന് 90 – കളിലെ ഏറ്റവും താരമൂല്യമുള്ള തിരക്കഥാകൃത്ത് രഞ്ജി പണിക്കരും. ലേലം ….. അതായിരുന്നു സിനിമ. ബ്ലോക്ക് ബസ്റ്റർ വിജയം നേടിയ ലേലത്തിന് ശേഷം ഇതേ ടീം പത്രത്തിലും ഒരുമിച്ചു. ലേലവും പത്രവും നേടിയ വിജയം പിന്നീട് വന്ന ദുബായ്ക്കോ പ്രജക്കോ ആവർത്തിക്കാനുമായില്ല. ജോഷി – രഞ്ജി പണിക്കർ കൂട്ടുകെട്ട് അവിടെ അവസാനിച്ചു.

മൂന്ന് വർഷത്തോളം നിശബ്ദനായിരുന്ന ജോഷി 2004 – ൽ അന്നത്തെ ജനപ്രിയ നായകനായിരുന്ന ദിലീപിനെ നായകനാക്കി ഒരു സൂപ്പർ ഹിറ്റുമായി തിരികെയെത്തി. ഉദയകൃഷ്ണ – സിബി കെ തോമസ് ടീമിന്റേതായിരുന്നു രചന. തുടർന്നുള്ള ഭൂരിപക്ഷം ജോഷി ചിത്രങ്ങളുടെയും രചന നിർവഹിച്ചത് ഈ കൂട്ടുകെട്ടായിരുന്നു. ഇതിനിടയിൽ രഞ്ജൻ പ്രമോദിന്റെ തിരക്കഥയിൽ മോഹൻലാൽ നായകനായ നരൻ ബ്ലോക്ക് ബസ്റ്റർ വിജയം നേടി. രഞ്ജിത്തുമായി ആദ്യമായി ഒരുമിച്ച നസ്രാണി ഉദ്ദേശ്ശിച്ച വിജയം നേടിയതുമില്ല. മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ A.M.M.A – യുടെ ബഹുതാര ചിത്രമായ ട്വന്റി : 20 സംവിധാനം ചെയ്യാനുള്ള നിയോഗം ജോഷിക്കായിരുന്നു. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച വിജയമായിരുന്ന ട്വന്റി : 20 യുടേത്. ഇതേ ടീമിന്റെ ക്രിസ്റ്റ്യൻ ബ്രദേഴ്സും വിജയമായിരുന്നു. ഇതിനിടയിൽ മുൻനിര താരങ്ങളില്ലാത്ത ജോഷിയുടെ രണ്ടാമത്തെ ചിത്രം എന്നു പറയാവുന്ന സെവൻസ് എത്തി. ശരാശരിയിൽ ഒതുങ്ങി. പിന്നീട് വന്ന റൺ ബേബി റൺ സൂപ്പർ ഹിറ്റായി.

പിന്നീടാണ് ജോഷിയുടെ കരിയറിലെ ഏറ്റവും മോശം കാലഘട്ടം ആരംഭിക്കുന്നത്. ലോക്പാൽ, സലാം കാശ്മീർ, അവതാരം, ലൈലാ ഓ ലൈലാ എന്നീ തുടർ പരാജയങ്ങൾ. നീണ്ട നാല് വർഷത്തെ ഇടവേളക്ക് ശേഷം പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർ ഹിറ്റുമായി ജോഷി തിരിച്ചു വരവ് നടത്തി. തന്റെ കാലം കഴിഞ്ഞു എന്ന് വിമർശിച്ചവരുടെ മുന്നിൽ ജോഷി അതി ശക്തമായി തിരിച്ചു വന്നു. അതും സൂപ്പർ താരങ്ങളുടെ സാനിധ്യമില്ലാതെയുള്ള ക്ലീൻ ഹിറ്റുമായി. പിന്നീട് വന്ന പാപ്പനും ഹിറ്റ്. ഈയിടെ റിലീസായ ആൻറണിയും
മോശമായില്ല.

താൻ ചെയ്യുന്ന ചിത്രങ്ങൾ ഒന്നും തന്നെ ലോകോത്തരങ്ങളല്ല എന്നും കേവലം എന്റർടെയിനറുകളാണെന്നും ജോഷിക്ക് ഉത്തമ ബോധ്യമുണ്ട്. ഓരോരോ കാലഘട്ടത്തിലെയും പ്രേക്ഷകരുടെ പൾസറിഞ്ഞ് അവർക്ക് വേണ്ടുന്നതെന്തോ അത് നൽകാനാണ് എക്കാലവും ജോഷിയുടെ പരിശ്രമം. ഇവിടെയാണ് തന്റെ സമകാലികരിൽ നിന്നും ജോഷി വ്യത്യസ്തനാകുന്നത്. മൂർഖനും ന്യൂ ഡൽഹിയും നാടുവാഴികളും ലേലവും റൺവേയും ഇഷ്ടപ്പെട്ട പ്രേക്ഷകർക്കിടയിലേക്കാണയാൾ പൊറിഞ്ചുവും പാപ്പനും ആന്റണിയുമായ് വരുന്നത്. കാലത്തെ അതിജീവിച്ച സംവിധായകനായ ജോഷിയെ നമുക്ക് തലമുറകളുടെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ എന്നു വിശേഷിപ്പിക്കാം…..

You May Also Like

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

തയ്യാറാക്കിയത് രാജേഷ് ശിവ ജെഫി ജെറാൾഡ് സംവിധാനം ചെയ്ത മരയ്ക്കാൻ കടലിന്റെ മക്കളുടെ കഥയാണ്. തിരമാലകളോട്…

‘ക്ലാസ്സ് – ബൈ എ സോള്‍ജ്യര്‍’ ഇന്നു മുതൽ

ക്ലാസ്സ് – ബൈ എ സോള്‍ജ്യര്‍” ഇന്നു മുതൽ. വിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ പ്രധാന…

“ഏവരും ബഹുമാനിക്കുന്ന മമ്മൂട്ടിയെ പോലൊരാളില്‍ നിന്ന് ഇതുപോലുള്ള വാക്കുകള്‍ വരാന്‍ പാടില്ലാത്തത്, നാക്കുപിഴ ആണെന്ന വാദമൊന്നും അംഗീകരിക്കാന്‍ കഴിയില്ല ” – കുറിപ്പ്

മമ്മൂട്ടിയും കലോത്സവവേദിയും സിജിന്‍ കൂവള്ളൂര്‍ മമ്മൂട്ടി സ്കൂൾ കലോത്സവ ചടങ്ങിൽ പ്രസംഗിച്ചത് മുഴുവൻ കേട്ടു.. മമ്മൂട്ടിയോടുള്ള…

അക്ഷയ്കുമാറിന്റെ ഭാര്യ ട്വിങ്കിൾ ഖന്നയുടെ ജന്മദിന ‘നൃത്തം’ ആരാധകരെ പ്രകോപിക്കുന്നു

അക്ഷയ് കുമാറിന്റെ ഭാര്യയും നടിയുമായ ട്വിങ്കിൾ ഖന്നയ്ക്ക് ഇന്ന് (ഡിസംബർ 29 ) 48 വയസ്സ്…