Bineesh K Achuthan

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തതു ശശികുമാറാണ്. രണ്ടാം സ്ഥാനത്ത് ഐ.വി.ശശിയും മൂന്നാം സ്ഥാനക്കാരൻ ജോഷിയുമാണെന്ന് കരുതുന്നു. തിരക്കഥാകൃത്തുക്കളിൽ മുമ്പൻ കലൂർ ഡെന്നീസ് ആന്നെന്നാണ് അനുമാനം. വിക്കിപ്പീഡിയയിൽ ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. തനത് രചനകൾ കൂടാതെ ഇതരഭാഷാ ചിത്രങ്ങളിൽ നിന്നും സ്വാധീനമുൾക്കൊണ്ടും അദ്ദേഹം 100 – ലധികം തിരക്കഥകൾ രചിച്ചിട്ടുണ്ട്.

കരിയറിന്റെ തുടക്കത്തിൽ ജോഷി, പി.ജി.വിശ്വംഭരൻ, പി.ചന്ദ്രകുമാർ, തുടങ്ങി 80 – കളുടെ തുടക്കത്തിലെ ഹിറ്റ് മേക്കേഴ്സിന്റെയെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ടെങ്കിലും ജോഷി – മമ്മൂട്ടി ക്യാംപിൽ നിന്നും പുറത്തായതോടെ കൂടുതലായും ലോ ബജറ്റ് ചിത്രങ്ങൾക്കാണ് കലൂർ ഡെന്നീസ്, പ്രാധാന്യം നൽകിയിട്ടുള്ളത്. 80 – കളുടെ തുടക്കത്തിൽ ബിഗ് ബജറ്റ് – മൾട്ടി സ്റ്റാർ – ആക്ഷൻ ചിത്രങ്ങളുടെ തിരക്കഥയിൽ ശ്രദ്ധ കൊടുത്തപ്പോൾ 80 – കളുടെ മധ്യത്തിൽ ഫാമിലി മെലോഡ്രാമകൾക്ക് പ്രാധാന്യം നൽകി. ഒരർത്ഥത്തിൽ , ആ രാത്രി, സന്ദർഭം, മുഹൂർത്തം പതിനൊന്നു മുപ്പത് തുടങ്ങിയ ജോഷി ചിത്രങ്ങളിലൂടെയും ചക്കരയുമ്മ, കൂട്ടിന്നിളം കിളി പോലെയുള്ള സാജൻ ചിത്രങ്ങളിലൂടെയും മമ്മൂട്ടി – കുട്ടി – പെട്ടി തരംഗത്തിന് തുടക്കമിട്ടതും കലൂരാൻ തന്നെയാണ്.

ഉപനായക നിരയിൽ നിന്ന് നായക നിരയിലേക്ക് വളർന്ന മമ്മൂട്ടിയെ കുടുംബ നായകനാക്കി മുൻ നിരയിൻ എത്തിക്കുന്നതിൽ കലൂർ ഡെന്നീസിന്റെ പങ്ക് നിർണ്ണായകമാണ്. തന്റെ സീനിയർ താരങ്ങളായ പ്രേം നസീർ, മധു, സോമൻ, സുകുമാരൻ എന്നിവരെയും ഏറെക്കുറെ സമകാലികരായ രതീഷ്, ശങ്കർ എന്നിവരെയും പിന്തള്ളി മമ്മൂട്ടിയെ ഒന്നാമനാകാൻ പ്രാപ്തനാക്കിയതിൽ കലൂർ ഡെന്നീസിന്റെ രചനകൾക്ക് നിർണ്ണായക പങ്കുണ്ട്. 80 – കളുടെ രണ്ടാം പകുതിയിൽ ഫാമിലി മെലോഡ്രാമകൾ മലയാളി പ്രേക്ഷകരെ ചെടിപ്പിക്കുകയും മമ്മൂട്ടിയുടെ താരപദവിയിൽ ഉലച്ചിൽ തട്ടുകയും ചെയ്തപ്പോൾ കലൂർ ഡെന്നീസിന്റെ കരിയറിലും ഇടിവ് സംഭവിച്ചു. 1987 – ൽ ജോഷി – മോഹൻലാൽ കൂട്ടുകെട്ടിലെ പ്രഥമ ചിത്രമായ ജനുവരി ഒരു ഓർമ്മയുടെ തിരക്കഥ രചിച്ചു. ആ ചിത്രം ഒരു ഹിറ്റായിട്ടു കൂടി ആ കൂട്ട്കെട്ട് തുടർന്നില്ല.

80 – കളുടെ അവസാനത്തോടു കൂടി മലയാള സിനിമ വാണിജ്യപരമായി മമ്മൂട്ടി – മോഹൻലാൽ എന്നിങ്ങനെ ഇരു ധ്രുവങ്ങളിലായി കേന്ദ്രീകരിച്ചു. ഇരു താരങ്ങളുടെയും ഗുഡ് ബുക്കിൽ ഇടം നേടാത്ത കലൂർ ഡെന്നീസിന് കരിയറിൽ ഗുരുതരമായ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. ത്യാഗരാജൻ, ജയറാം തുടങ്ങി ഇതര നായകൻമാരെയൊക്കെ മാറി മാറി പരീക്ഷിച്ചിട്ടും വിജയം അകന്ന് നിന്നു. അങ്ങനെയിരിക്കെയാണ് 1989 ഓണം സീസണിന് തൊട്ട് മുമ്പായി റിലീസ് ചെയ്ത സിദ്ധിഖ് ലാൽ ടീമിന്റെ റാംജിറാവ് സ്പീക്കിംഗ് റിലീസാകുന്നത്. മലയാള സിനിമയിലെ Path breaking movie ആയിരുന്നു അത്. സൂപ്പർ താരങ്ങളല്ലാത്തവർ നായകരായാലും content ഒക്കെയാണെങ്കിൽ പടം ഓടും എന്ന ഒരു പ്രതീതി സിനിമാ വൃത്തങ്ങൾക്കിടയിൽ ഉളവായി. സിദ്ധിഖ് – ലാൽ ടീമിന്റെ ആദ്യ ചിത്രം പാത് ബ്രേക്കിംഗാണെങ്കിൽ രണ്ടാമത്തെ ചിത്രമായ ഇൻ ഹരിഹർ നഗർ ട്രെന്റ് സെറ്ററായിരുന്നു.

പിന്നീടങ്ങോട്ട് ലോ ബജറ്റിൽ രണ്ടാം നിരക്കരായ ഒരു പറ്റം നായകൻമാർ ഒരുമിച്ചണി നിരന്ന ചിത്രങ്ങളുടെ ചിത്രങ്ങളുടെ കുത്തൊഴുക്കായിരുന്നു മലയാള സിനിമയിൽ. ഈ മാറ്റം തിരിച്ചറിഞ്ഞ കലൂർ ഡെന്നീസ് ആ ചുവട് പിടിച്ച് ഒട്ടേറെ തിരക്കഥകൾ രചിച്ചു. ഫസ്റ്റ് ഹാഫ് കോമഡി മൂഡും സെക്കന്റ് ഹാഫ് ത്രില്ലർ/ ആക്ഷൻ മൂഡുമായിരുന്നു ഈ ശ്രേണിയിൽ വന്ന മിക്ക ചിത്രങ്ങളുടെയും കഥാ ഘടന. മുകേഷ്, ജയറാം എന്നിവർക്ക് പുറമേ ജഗദീഷ് – സിദ്ധിഖ് കോംബോയിലും ധാരാളം ചിത്രങ്ങൾ പുറത്ത് വന്നു. 93/94 കാലമായപ്പോഴേക്കും ഈ ട്രെന്റ് നിലനിർത്തിക്കൊണ്ട് തന്നെ ആക്ഷൻ മൂഡിൽ കഥ പറഞ്ഞ ഉപ്പുകണ്ടം ബ്രദേഴ്സ് സൂപ്പർ ഹിറ്റായി മാറി. നായകനായ ജഗദീഷിനേക്കാളും കയ്യടി വാങ്ങാൻ ബാബു ആന്റണിക്ക് സാധിച്ചു.
ഈ സാധ്യതയെ മറ്റൊരു ട്രെന്ററിന് തുടക്കമിടാൻ കലൂർ ഡെന്നീസിന് പ്രേരണ നൽകി. ബാബു ആന്റണിയുടെ പുതു താരപരിവേഷത്തെ ഉപയോഗിച്ച് കുറേയേറെ ചിത്രങ്ങൾ അങ്ങനെയുണ്ടായി. അവയിൽ കലൂർ ഡെന്നീസ് തിരക്കഥ എഴുതിയ കടൽ, കമ്പോളം, സ്ട്രീറ്, ബോക്സർ തുടങ്ങിയ ചിത്രങ്ങൾ ഭൂരിപക്ഷവും B, C സെന്ററുകളിൽ ചലനം സൃഷ്ടിച്ചവയാണ്. ജനാർദ്ധനൻ ടൈറ്റിൽ റോളിൽ വന്ന കാഞ്ഞിരപ്പള്ളി കറിയാച്ചൻ ഹിറ്റായതോടെ ആ ശ്രേണിയിലും കുറച്ച് ചിത്രങ്ങളിൽ നായകനാകാൻ വിജയരാഘവനും അവസരം ലഭിച്ചു.

ചുരുക്കം പറഞ്ഞാൽ ഒട്ടേറെ സംവിധായകർക്കും നടൻമാർക്കും മാത്രമല്ല ധാരാളം നിർമ്മാതാക്കൾക്കും പുതു ജീവൻ നൽകാൻ കലൂർ ഡെന്നീസിന് സാധിച്ചു. എല്ലാ ജേണറുകളിലും തിരക്കഥകൾ രചിക്കുകയും അവയിൽ ഭൂരിപക്ഷവും വിജയിപ്പിക്കുകയും ചെയ്ത ട്രാക്ക് റെക്കോഡാണ് കലൂരാന്റേത്. ഇവ കൂടാതെ പല ചിത്രങ്ങളുടെയും കഥാകാരൻ മാത്രമായും സംഭാഷണ രചയിതാവായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. മലയാള സിനിമയിൽ വിവിധ ട്രെന്റുകൾ സൃഷ്ടിക്കുകയും മാറുന്ന ട്രെന്റുകൾക്കനുസൃതമായി തിരക്കഥകൾ എഴുതുകയും ചെയ്തിട്ടുള്ള കലൂർ ഡെന്നീസ് അർഹിക്കുന്നയളവിൽ അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. 1992 – ലെ മികച്ച തിരക്കഥക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം ജയരാജ് സംവിധാനം ചെയ്ത കുടുംബ സമേതം എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. ജോഷിക്ക് വേണ്ടിയും മമ്മൂട്ടിക്ക് വേണ്ടിയും ഏറ്റവും കൂടുതൽ തിരക്കഥ രചിച്ചിട്ടുള്ളത് കലൂർ ഡെന്നീസാണ്.

Leave a Reply
You May Also Like

ഗോൾഡൻ കളർ ഷോർട്ട് ഡ്രസ് ധരിച്ച് ഇന്റർനെറ്റ് ജ്വലിപ്പിച്ചിരിക്കുകയാണ് രശ്‌മിക

രൺബീർ കപൂറും രശ്മിക മന്ദാനയും അനിമലിൽ ഒരുമിച്ച് അഭിനയിക്കുന്നു. ആക്ഷൻ ത്രില്ലർ, അതിന്റെ ട്രെയിലർ എല്ലാവരിലും…

കുറുപ്പിന്റെ ടോട്ടൽ ബിസിനസ് നൂറു കോടി കടന്നിരിക്കുകയാണ്

ദുൽഖർ സൽമാന്റെ കുറുപ്പ് കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകൾ വീണ്ടും സജീവമാക്കിയ സിനിമയാണ് . 1500…

“ഷക്കീലയെ അപമാനിച്ചു പോലും!! ആര് ? അവന്റെയൊക്കെ ഒരു അളിഞ്ഞ സിനിമാ പ്രൊമോഷൻ” – ജോമോൾ ജോസഫിന്റെ കുറിപ്പ്

ഷക്കീലയെ അപമാനിച്ചു പോലും!! ആര് ? ? Jomol Joseph ഇന്നലെ മുതൽ ചാനലുകളിലും സോഷ്യൽ…

ദിലീപിനെ ജയിലിൽ പോയി കാണാൻ കാരണം നടൻ സുരേഷ് കൃഷ്ണയെന്നു രഞ്ജിത്ത്

സംവിധായകൻ രഞ്ജിത്തിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളാണ്. പ്രധാനമായും അവർ വിമർശിക്കുന്നത് രഞ്ജിത്തിന്റെ ‘ഡബിൾ സ്റ്റാന്റി’നെ ആണ്…