Bineesh K Achuthan
മലയാള സിനിമയിൽ ഇന്നേ വരെ ഇറങ്ങിയ ഗ്യാംഗ്സ്റ്റർ ചിത്രങ്ങളിൽ ഏറ്റവും ” ടെറർ ഗ്യാംഗ് ” ഏതെന്ന ചോദ്യത്തിന് ഒറ്റക്കൊരു ഉത്തരമേയുള്ളൂ …..അതാണ് കൗരവർ. ” ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും അവർക്കൊന്നുമല്ലായിരുന്നു ” ; എന്ന മുരളിയുടെ ഒറ്റ ഡയലോഗിൽ തന്നെ ഈ ഗ്യാംഗിന്റെ ടെറർ പ്രേക്ഷകരിലേക്കെത്തും. മുരളിക്ക് സിറ്റി പോലീസ് കമ്മിഷണർ രാജഗോപാലിന്റെ വേഷമായിരുന്നു കൗരവറിൽ. കൃതഹസ്തനായ തിരക്കഥാകൃത്ത് ലോഹിതദാസിന്റെ തൂലികയിൽ നിന്നും പിറന്ന ഈ വേറിട്ട ചിത്രം മാസ്റ്റർ ക്രാഫ്റ്റ്സ് മാൻ ജോഷിയാണ് സംവിധാനം ചെയ്തത്. ആക്ഷൻ മൂഡിലുള്ള ചിത്രമാണെങ്കിലും ഇമോഷൻസിന് കൂടി വളരെയധികം പ്രാധാന്യം നൽകിയിട്ടുള്ള ചിത്രമാണ് കൗരവർ. ഈ ജേണറിലെ ലോഹിതദാസിന്റെ ഏക രചനയും ഇതാണ്.
പതിവ് നായക/പ്രതിനായക ദ്വന്ദങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ആരാണ് നായകൻ ആരാണ് പ്രതിനായകൻ എന്ന് പ്രേക്ഷകനെ ആശയക്കുഴപ്പത്തിലാക്കുന്ന രചനാ ശൈലിയാണ് ലോഹിതദാസ് കൗരവറിൽ കൈക്കൊണ്ടിട്ടുള്ളത്. രണ്ട് സൂപ്പർ താരങ്ങൾ മത്സരിച്ചഭിനയിക്കുന്നതിനിടയിൽ അവരേക്കാൾ തിളങ്ങാൻ തിലകന് സാധിച്ചത് പ്രതിഭ കൊണ്ട് മാത്രമല്ല പാത്രസൃഷ്ടിയുടെ കരുത്ത് കൊണ്ട് കൂടിയായിരുന്നു. നിരവധി ലെയറുകളുള്ള ഒരു കഥാപാത്രമാണ് അലിയാർ. അലിയാരുടെ പകയും രോഷവും ദൈന്യതയും നിസ്സഹായതയുമെല്ലാം തിലകനിൽ ഭദ്രമായിരുന്നു. ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ അലിയാരുടെ ആസന്നമായ പതനത്തിൽ ഒരളവോളം ദുഖിക്കാൻ പ്രേക്ഷകർക്കിട നൽകുന്നയളവിൽ ഈ കഥാപാത്രത്തെ തിലകൻ ഗംഭീരമാക്കി. ഡെന്നീസ് ജോസഫിന്റെ രചനയിൽ ജോഷി പിൽക്കാലത്ത് സംവിധാനം ചെയ്ത ഭൂപതിയിലെ ബാവയിൽ അലിയാരുടെ നിഴലുകൾ പതിഞ്ഞിട്ടുണ്ട്. രണ്ടാം ഭാവത്തിലെ ഗോവിന്ദ് ജിയേയും ആ ശ്രേണിയിൽ ഉൾപ്പെടുത്താമെന്ന് തോന്നുന്നു.
മലയാള വാണിജ്യ സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കോംബോയാണ് ജോഷി – മമ്മൂട്ടി. മലയാള സിനിമയുടെ ഖ്യാതി ഇതര സംസ്ഥാനങ്ങളിൽ എത്തിക്കുന്നതിൽ ഈ ടീമിന്റെ ” ന്യൂ ഡൽഹി ” നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. അതേ ടീം വലിയ കാൻവാസിൽ ഒരു ഗ്യാംഗ്സ്റ്റർ മൂവി അനൗൺസ് ചെയ്തപ്പോൾ തന്നെ പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. ഒപ്പം കന്നഡ സൂപ്പർ താരം വിഷ്ണുവർദ്ധന്റെ സാനിധ്യം കൂടിയായപ്പോൾ മണിരത്നത്തിന്റെ ദളപതി പോലെ പാൻ സൗത്ത് ഇന്ത്യൻ റീച്ച് നേടുകയും ചെയ്തു.
ഘടനാപരമായി വളർച്ച നേടുന്ന ഒരു കഥാപാത്രമായിരുന്നു മമ്മൂട്ടിയുടെ ആൻറണി. ഗുണ്ടായിസത്തിൽ നിന്നും പിന്തിരിഞ്ഞ് സ്വസ്ഥവും സമാധാനവുമായ ഒരു കുടുംബ ജീവിതം നയിച്ച ആന്റണിക്ക് അതെല്ലാം നഷ്ടപ്പെട്ടു. പ്രതികാരദാഹിയായി വർഷങ്ങൾ നീണ്ട കാരാഗൃഹവാസം അയാളെ കൂടുതൽ പരുക്കനാക്കി മാറ്റി. തന്റെ സംഘാംഗങ്ങൾക്കൊപ്പം ജയിൽ വിമോചിതനാവുന്ന ആന്റണിക്ക് പക്ഷേ ലക്ഷ്യപ്രാപ്തിക്ക് തൊട്ടടുത്തെത്തവേ മനം മാറ്റം സംഭവിക്കുന്നു. ആ മനം മാറ്റത്തിന്റെ പിന്നിലെ രഹസ്യമാണ് കഥയുടെ ജീവൻ.
1981- ൽ റിലീസ് ചെയ്ത എ.ബി. രാജിന്റെ പ്രേംനസീർ ചിത്രമായ അടിമച്ചങ്ങലക്ക് ശേഷം ഒരു വലിയ ഇടവേള കഴിഞ്ഞാണ് കൗരവറിലൂടെ വിഷ്ണുവർദ്ധൻ മലയാള സിനിമയിലേക്കെത്തുന്നത്. ഹരിദാസ് ഐ പി എസ് എന്ന പോലീസ് ഓഫീസറുടെ വേഷത്തിൽ വിഷ്ണുവർദ്ധൻ മിന്നുന്ന പ്രകടനമാണ് കാഴ്ച്ച വച്ചത്. ആ റോളിന് ഇണങ്ങിയ ആരും തന്നെ അന്ന് മലയാള സിനിമയിൽ ഉണ്ടായിരുന്നില്ല എന്ന് പറയാം. കൗരവറിന്റെ കന്നഡ ഡബ്ബിംഗ് പതിപ്പ് കർണ്ണാടകയിൽ റിലീസ് ചെയ്തപ്പോൾ അദ്ദേഹത്തിന്റെ പ്രാധാന്യം കുറഞ്ഞ് പോയി എന്ന് പറഞ്ഞു ആരാധകർ പ്രതിഷേധിക്കുകയുണ്ടായി. മമ്മൂട്ടിയേക്കാൾ സീനിയർ താരമായിരുന്നിട്ടും താരതമ്യേന സ്ക്രീൻ സ്പേസ് കുറവായിട്ടും ഒരു ജോഷി ചിത്രത്തിന്റെ ഭാഗമാകാൻ വേണ്ടി മാത്രമാണ് വിഷ്ണുവർദ്ധൻ ഈ ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറായത്.
അക്കാലഘട്ടത്തിൽ വില്ലൻ വേഷങ്ങൾ മാത്രം ചെയ്തു കൊണ്ടിരുന്ന ബാബു ആന്റണി, ഭീമൻ രഘു എന്നിവർ കൗരവറിൽ പോസിറ്റീവ് ഷേഡുള്ള റോളുകളിലായിരുന്നു. ആ രാത്രി അടക്കമുള്ള ചിത്രങ്ങളിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ബേബി അഞ്ജു നായികയായിട്ടഭിനയിക്കുന്ന ആദ്യം ചിത്രം കൂടിയായിരുന്നു കൗരവർ. അസീസ് ചെയ്ത പോലീസ് വേഷവും ദേവന്റെ രാഷ്ട്രീയ നേതാവിന്റെ റോളും ശ്രദ്ധേയമായിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ഈണം നൽകിയത് എസ്.പി.വെങ്കിടേഷ് ആയിരുന്നു . ജോഷി – ലോഹിതദാസ് – മമ്മൂട്ടി കൂട്ട്കെട്ടിലെ ആദ്യ ചിത്രമായ മഹായാനത്തിലെ BGM കൗരവരിൽ ” കനക നിലാവേ തുയിലുണരൂ ….” എന്ന ഗാനമാക്കി മാറ്റി. പാട്ടുകളെല്ലാം തന്നെ ഹിറ്റുകളായി.
കേരളത്തിലേത് പോലെ തന്നെ കർണ്ണാടകയിലും കൗരവർ വൻ വിജയം നേടി. തമിഴ് പതിപ്പ് ക്ഷത്രിയ വംശം എന്ന പേരിലാണ് റിലീസ് ചെയ്തത്. മോഹൻ ബാബു നായകനായി കൈദി ഗാരു എന്ന പേരിൽ കൗരവർ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയുണ്ടായി. വർഷങ്ങൾ കഴിഞ്ഞു കന്നടയിൽ തന്നെ ദേവാസുര എന്ന പേരിൽ ദേവരാജും ബി സി പാട്ടീലും മുഖ്യ വേഷം ചെയ്തു കൊണ്ട് മറ്റൊരു വേർഷൻ കൂടെ റിലീസാവുകയുണ്ടായി. കൗരവറിനോടൊപ്പം കേരളത്തിൽ റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളും പ്രേക്ഷകരെ ആകർഷിച്ചിരുന്നു. ജോർജ്ജ് കിത്തുവിന്റെ മുരളി ചിത്രം ആധാരം, കമലിന്റെ മുകേഷ് ചിത്രം എന്നോടിഷ്ടം കൂടാമോ, അനിൽ ബാബുവിന്റെ ജഗദീഷ് – സിദ്ധിഖ് ചിത്രമായ മാന്ത്രികച്ചെപ്പ് എന്നിവയായിരുന്നു മറ്റ് റിലീസുകൾ. എല്ലാ ചിത്രങ്ങൾക്കും കൂടി പ്രേക്ഷകർ വിഭജിച്ച് പോയതിനാൽ ഒരു ചരിത്ര വിജയമാകേണ്ടിയിരുന്ന കൗരവർ ബ്ലോക്ക് ബസ്റ്ററിൽ ഒതുങ്ങേണ്ടി വന്നു.