Bineesh K Achuthan
” ഒരു തെരുവ് മുഴുവൻ കത്തി ചാമ്പലാവുമ്പോൾ M P – യുടെ കൊട്ടാരത്തിൽ റൈഫിൾ പോലീസിന്റെ കാവൽ . തിരുവയറൊഴിഞ്ഞ് കിടക്കുന്ന അയാളുടെ പട്ടമഹിഷിക്ക് ബ്ലാക്ക് കാറ്റ് പ്രൊട്ടക്ഷൻ . ഇതൊന്നും പോരാഞ്ഞ് അയാളുടെ അമ്മായിയപ്പന്റെ നെഞ്ചത്ത് സ്റ്റേറ്റ് പോലീസിന്റെ സെറിമോണിയൽ പരേഡ്. ഇറ്റ് ഷെയിം ഓൺ യു മിസ്റ്റർ …” നാടെങ്ങും വർഗീയ ലഹളയാൽ കത്തിയെരിയുമ്പോൾ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട പോലീസ് ഫോഴ്സ് അധികാരികൾക്ക് മാത്രം സംരക്ഷണം ഒരുക്കുന്നതിനെതിരെയുള്ള സിംഹഗർജ്ജനമായിരുന്നു മേൽ പറഞ്ഞ വാക്കുകൾ . ലഹള ബാധിത പ്രദേശത്തേക്ക് കുതിച്ചെത്തിയ ജില്ലാ കളക്ടർ ജോസഫ് അലക്സാണ് തന്റെ കീഴുദ്യോഗസ്ഥരോട് ഇങ്ങനെ പൊട്ടിത്തെറിച്ചത് . അതേ …..മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഫയർ ബ്രാൻഡ് കാരക്ടറായ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് IAS ഇന്ന് 26 വർഷം പൂർത്തിയാക്കുന്നു.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ജനകീയ കഥാപാത്രമായിരുന്നു ദി കിംഗിലെ ജോസഫ് അലക്സ് .90 – കളിൽ മമ്മൂട്ടിയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ദി കിംഗ് . നായക കഥാപാത്രത്തിന്റെ കോരിത്തരിപ്പിക്കുന്ന ഇൻട്രൊയും തീപാറുന്ന ഡയലോഗുകളും ത്രസിപ്പിക്കുന്ന ഇന്റർവെൽ പഞ്ചും പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗീതവും കൊണ്ടു അക്കാലത്തെ ഒരു മാസ് എന്റർടെയിനറായിരുന്നായിരുന്നു ദി കിംഗ് . ഇന്നത്തെ പോലെ വൈഡ് റിലീസ് ഇല്ലാതിരുന്ന അക്കാലഘട്ടത്തിൽ 40 – ലേറെ റിലീസ് കേന്ദ്രങ്ങൾ ലഭിക്കുന്ന ആദ്യ ചിത്രം കൂടിയായിരുന്നു ദി കിംഗ് .
മാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.അലി നിർമ്മിച്ച് രഞ്ജി പണിക്കർ തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ദി കിംഗ് റിലീസിന് മുമ്പേ തന്നെ വൻ ഹൈപ്പ് നേടിയ ചിത്രമായിരുന്നു.1992 – ൽ റിലീസായ ‘ തലസ്ഥാനം ‘ മുതൽ ഷാജി കൈലാസ് – രഞ്ജി പണിക്കർ ദ്വയങ്ങൾ പ്രേക്ഷക ശ്രദ്ധയാകർഷിച്ചിരുന്നു. സമകാലിക രാഷ്ട്രീയ സംവിധാനങ്ങളിലെ പുഴുക്കുത്തുകളും അവക്കെതിരെയുള്ള ഒറ്റയാൻ പോരാട്ടങ്ങളുമായിരുന്നു ഇവരുടെ മിക്ക ചിത്രങ്ങളിലെയും പ്രമേയം . സമാന പ്രേമേയം കൈകാര്യം ചെയ്ത് കൊണ്ടിരുന്ന ഐ.വി.ശശി – ടി.ദാമോദരൻ കൂട്ട്കെട്ട് സജീവമല്ലാത്തതും ഇവരുടെ വളർച്ചക്ക് ഗതിവേഗം കൂട്ടി.1993 – ൽ സുരേഷ് ഗോപിക്ക് താരപദവി നേടിക്കൊടുത്ത ഏകലവ്യന്റെ വിജയത്തോടെ ഇവരുടെ ചിത്രങ്ങൾ വൻ ജനപ്രീതിയായി . തൊട്ടടുത്ത വർഷം റിലീസ് ചെയ്ത കമ്മീഷണർ നേടിയ അഭൂതപൂർവ്വമായ വിജയത്തോടെ ഈ കൂട്ടുകെട്ടിന്റെ വിപണിമൂല്യം ഉച്ഛസ്ഥായിയിലെത്തി . 1994 – ലെ ഏറ്റവും വലിയ വിജയമായിരുന്നു കമ്മീഷണർ . കമ്മീഷണറിന്റെ വിജയ ലഹരിയിലാണ് സ്ഥിരം നായകൻ സുരേഷ് ഗോപിക്ക് പകരം മമ്മൂട്ടിയുമായി ഒരു ചിത്രം അവർ അനൗൺസ് ചെയ്യുന്നത്. മുംബെ പശ്ചാത്തലമാക്കി ‘ ക്ഷത്രിയം ‘എന്ന പേരിൽ ഒരു അധോലോക രാജാവിന്റെ കഥയാണ് ആദ്യമാമാലോചിക്കുന്നത്. പിന്നീട് ആ പ്രൊജകറ്റ് കാൻസലാവുകയും മറ്റൊരു പ്രമേയം സ്വീകരിക്കുകയും ചെയ്തു. ഒടുവിൽ ദി കിംഗ് എന്ന പേരിൽ ഒരു കളക്റ്ററുടെ കഥയാക്കി ചിത്രം അനൗൺസ് ചെയ്തു.
തകർപ്പൻ വിജയം നേടിയ കമ്മീഷണറിന് ശേഷം അതേ ടീം ഒരുക്കുന്ന ചിത്രമായത് കൊണ്ട് തന്നെ പ്രേക്ഷക പ്രതീക്ഷയും വാനോളമുയർന്നു . പ്രേക്ഷകരുടെ കാത്തിരിപ്പിന് ആവേശമുയർത്താൻ പോന്ന ലൊക്കേഷൻ സ്റ്റില്ലുകളും ചിത്രീകരണ വാർത്തകളും പ്രസിദ്ധീകരിക്കാൻ സിനിമാ വാരികകൾ മത്സരമായിരുന്നു.. മുൻ ചിത്രമായ കമ്മീഷണറിലെ വിവാദമായ പല രാഷ്ട്രീയ പരാമർശങ്ങളും പ്രേക്ഷകർ കിംഗിലും പ്രതീക്ഷിച്ചു. കെ.കരുണാകരൻ കേരള മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറുകയും എ.കെ.ആന്റണി തൽസ്ഥാനത്ത് അവരോധിതനാവുകയും ചെയ്ത സവിശേഷ കാലഘട്ടത്തിലായിരുന്നു കിംഗിന്റെ ചിത്രീകരണം.
ചിത്രത്തിലെ പ്രതിനായക വേഷത്തിൽ മുരളിയായിരുന്നു. ചെറിയ വേഷങ്ങളിലൂടെ വന്ന് പ്രതിനായക / ഉപനായക വേഷങ്ങളിലൂടെ ശ്രദ്ധേയനായ മുരളി ; 1992 – ൽ റിലീസായ ആധാരത്തിന്റെ വിജയത്തോടെ നായകനിരയിൽ സ്ഥാനം പിടിച്ചു. തുടർന്ന് രണ്ട് മൂന്ന് വർഷത്തോളം പരുക്കൻ നായകനായി അദ്ദേഹം തിളങ്ങുകയുണ്ടായി . പക്ഷേ , സ്റ്റീരിയോ ടൈപ്പായതിനെ തുടർന്ന് മുരളി നായകനായി അഭിനയിച്ച ചില ചിത്രങ്ങൾ പരാജയമായമടഞ്ഞു . തുടർന്ന് അദ്ദേഹം കുറച്ച് നാൾ സിനിമയിൽ നിന്നും ഇടവേളയെടുത്തു. ജോസഫ് അലക്സിന്റെ പ്രതിനായകനായ ജയകൃഷ്ണനെന്ന കരുത്തനായ യുവ രാഷ്ട്രീയ നേതാവിനെ അവതരിപ്പിച്ചു കൊണ്ടായിരുന്നു മുരളിയുടെ മടങ്ങി വരവ്. നായകനൊപ്പം കയ്യടി നേടുന്ന ഉജ്ജ്വല പ്രകടനമായിരുന്നു ദി കിംഗിൽ മുരളി കാഴ്ച്ച വച്ചത്.
വാണി വിശ്വനാഥ് ആയിരുന്നു കിംഗിലെ നായികാ കഥാപാത്രമായ അസിസ്റ്റന്റ് കളക്ടർ അനുരാധ മുഖർജിയെ അവതരിപ്പിച്ചത്. അരങ്ങേറ്റ ചിത്രം മലയാളത്തിലായിരുന്നെങ്കിലും തെലുങ്ക് സിനിമകളിലൂടെയാണ് വാണി ശ്രദ്ധേയയാകുന്നത്. അന്യഭാഷകളിൽ തിളങ്ങി നിന്നിരുന്ന വാണിയെ കിംഗിന്റെ വിജയം മലയാള സിനിമയിലെ തിരക്കേറിയ നായികയാക്കി മാറ്റി . അന്ന് പ്രേക്ഷക പ്രീതിയാർജ്ജിച്ചതും ഇന്ന് കുപ്രസിദ്ധവുമായി മാറിയ , വാണിയുടെ കഥാപാത്രത്തിനോടുള്ള മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്ത്രീ വിരുദ്ധ ഡയലോഗുകൾ പിൽക്കാലത്ത് ഏറെ വിമർശനങ്ങൾക്ക് വഴിയൊരുക്കി . മാറിയ ഇക്കാലഘട്ടത്തിൽ , അത്തരം സംഭാഷണങ്ങൾ എഴുതിയതിൽ രഞ്ജി പണിക്കർ ഖേദം പ്രകടിപ്പിക്കുകയുണ്ടായി.
മുരളിയുടെ ജയകൃഷ്ണനൊപ്പം ക്രൈം സിൻഡിക്കേറ്റിലെ മറ്റൊരു പ്രമുഖനായ സിറ്റി പോലീസ് കമ്മീഷണർ ശങ്കറായി ദേവൻ തിളക്കമാർന്ന പ്രകടനമാണ് കാഴ്ച്ച വച്ചത്. ഇൻറർവെൽ പഞ്ചിനു മുമ്പുള്ള ത്രില്ലിംഗ് രംഗങ്ങളിലെ ദേവന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. നായകന്റെ സഹായികളായി പതിവ് പോലെ വിജയ രാഘവനും ഗണേഷും തിളങ്ങി. അതിഥി താരമായി സുരേഷ് ഗോപിയും ശ്രദ്ധ നേടി .കുതിരവട്ടം പപ്പുവിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ റോളുകളിൽ ഒന്ന് ദി കിംഗിലേതാണെന്ന് നിസ്സംശയം പറയാം. പ്രേക്ഷകനിൽ നൊമ്പരമുളവാക്കുന്ന പ്രകടനമായിരുന്നു സ്വാതന്ത്ര്യ സമര സേനാനിയായി വേഷമിട്ട പപ്പുവിന്റേത്.
1995 – നവംബർ 11 – ന് റിലീസായ ദി കിംഗ് അക്ഷരാർത്ഥത്തിൽ തീയറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. മലയാള സിനിമയിലെ നിലവിലുള്ള സകല റെക്കോഡുകളും കടപുഴക്കിക്കൊണ്ടായിരുന്നു ചിത്രത്തിന്റെ ജൈത്രയാത്ര. അനൗൺസ് ചെയ്തയന്ന് മുതലുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിനെ അർത്ഥവത്താക്കുന്ന രീതിയിൽ തന്നെയായിരുന്നു ചിത്രത്തിന്റെ മേക്കിംഗ് .ശരാശരി പ്രേക്ഷകൻ ഈ ചിത്രത്തിൽ നിന്നും എന്താണോ പ്രതീക്ഷിച്ചത് അത് അവർക്ക് ലഭിച്ച പ്രതീതി ഉളവാക്കാൻ കിംഗിന്റെ അണിയറ ശിൽപ്പികൾക്ക് കഴിഞ്ഞു. വൻ ഇനീഷ്യൽ കളക്ഷനൊപ്പം ലോംഗ് റണ്ണിലും ചിത്രം നേട്ടമായിരുന്നു. തീയ്യറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ചു കൊണ്ടിരിക്ക തന്നെ ചിത്രത്തിന്റെ ശബ്ദരേഖ പുറത്തിറക്കുകയുണ്ടായി. അക്കാലത്തെ എല്ലാ കാസറ്റ് കടകളിലും തന്നെ ഈ ശബ്ദരേഖ ഉച്ചത്തിൽ വക്കുമായിരുന്നു. മമ്മൂട്ടിയുടെ കടിച്ചാൽ പൊട്ടാത്തതും അർത്ഥം മനസിലാവാത്തതുമായ ഇംഗ്ലീഷ് ഡയലോഗുകൾക്ക് ശ്രോതാക്കൾ കയ്യടിച്ചത് അന്നൊരു ഒരു സ്ക്കൂൾ വിദ്യാർത്ഥിയായിരുന്ന ഞാനിന്നും വ്യക്തമായി ഓർക്കുന്നുണ്ട് . കിംഗിന്റെ തെലുങ്ക് പതിപ്പിനും ആന്ധ്രയിൽ വൻ സ്വീകരണമാണ് റിലീസ് കാലയളവിൽ ഉണ്ടായത്.
ദി കിംഗിന്റെ വിജയത്തെ തുടർന്ന് തിരശ്ശീലക്കപ്പുറത്തുള്ള ചില സാമൂഹിക സ്വാധീനവും ഈ ചിത്രത്തിനുളവാക്കാനായി. പിറ്റേ വർഷം (1996) മുതൽ അക്കാലത്തെ SSLC റാങ്ക് ജേതാക്കൾ ; അത് വരെ ഡോക്ടറോ എഞ്ചിനീയറോ ആകണമെന്ന് പറഞ്ഞിരുന്ന ട്രെന്റ് മാറി സിവിൽ സർവ്വീസ് എടുക്കണമെന്ന് പറയിക്കത്തക്ക സ്വാധീനം കിംഗിന്റെ വിജയത്തിനുണ്ടാക്കാനായി. മലയാളിയുടെ സിവിൽ സർവ്വീസ് മോഹങ്ങൾക്ക് ഒരു കുതിപ്പ് നൽകുന്നതിൽ കിംഗും കമ്മീഷണറും ചെറുതല്ലാത്ത ഒരു പങ്ക് വഹിച്ചിട്ടുണ്ട് എന്നതൊരു പോസിറ്റീവ് വശമാണ്. മറു വശമാകട്ടെ ജനങ്ങളുടെ ഇടയിൽ നിന്നും പ്രവർത്തിച്ചുയർന്നു വന്ന ജനകീയ നേതാക്കളേക്കാൾ കഴിവും പ്രാപ്തിയുമുള്ളവർ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരാണെന്ന ഒരു പൊതുബോധം രൂപപ്പെടാനും അതിടയാക്കി എന്നതാണത്.
Leave a Reply
You May Also Like

ഹിന്ദിയിൽ കുതിപ്പ് തുടരുന്ന ‘കാന്താര’, ചിത്രത്തിന് രണ്ടാംഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിന് ഋഷഭ് ഷെട്ടിയുടെ വാക്കുകൾ

ബോക്സ്ഓഫീസിൽ കുതിപ്പ് തുടരുകയാണ് കാന്താര. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച്, ഒപ്പം കേന്ദ്ര കഥാപാത്രത്തെയും…

പഴകും തോറും വീര്യം കൂടുന്ന സിനിമയുടെ 10 വർഷങ്ങൾ

**രാഗീത് ആർ ബാലൻ ** പഴകും തോറും വീര്യം കൂടുന്ന സിനിമയുടെ 10വർഷങ്ങൾ 1️⃣9️⃣????2️⃣0️⃣1️⃣2️⃣-1️⃣9️⃣1️⃣0️⃣2️⃣0️⃣2️⃣2️⃣ An…

90 കളിലെ കൊളംബിയയിലെ ഗറില്ലാ ഭരണത്തിന്റെ തിക്താനുഭവങ്ങൾ പേറുന്ന പുതുതലമുറയുടെ കഥ

Karthik Shajeevan The Kings Of The World (2022) Director : Laura Ortega…

ഒട്ടനവധി രാജ്യങ്ങളിൽ നിരോധിച്ച ഒരു ‘ഭീകര’ മൂവിയാണ് ‘ദി ഗ്രീൻ ഇൻഫെർണോ’

Eli Roth സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ ഗ്രീൻ ഇൻഫെർണോയിലെ ഒരു ഡയലോഗ് ആണിത്. “നശിച്ചുകൊണ്ടിരിക്കുന്ന…