Bineesh K Achuthan

മലയാളിയുടെ മനസ്സിൽ ഒരു നൊമ്പരമായി സേതുമാധവൻ ചേക്കേറിയിട്ട് 33 വർഷം പിന്നിടുന്നു. കൃപ ഫിലിംസിന്റെ ബാനറിൽ കിരീടം ഉണ്ണിയും (കൃഷ്ണകുമാർ) ദിനേശ് പണിക്കരും ചേർന്ന് നിർമ്മിച്ച കിരീടം മലയാള സിനിമയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഒരു നിര ചിത്രങ്ങളുടെ സ്രഷ്ടാക്കളുടെ പ്രഥമ കൂടിച്ചേരലിന് നാന്ദി കുറിച്ച ഒന്നായിരുന്നു. കലാമൂല്യമുള്ളതും ഒപ്പം പ്രേക്ഷക പ്രീതിയാർജ്ജിച്ചതുമായ ധാരാളം ചിത്രങ്ങൾ സിബിമലയിൽ – ലോഹിതദാസ് – മോഹൻലാൽ ത്രയങ്ങളിൽ നിന്നും മലയാളി പ്രേക്ഷകന് ലഭിക്കുകയുണ്ടായി.

ശ്രീനിവാസന്റ രചനയിൽ ” ദൂരെ ദൂരെ ഒരു കൂടു കൂട്ടാം “എന്ന ചിത്രത്തിലൂടെ സിബി മലയിൽ – മോഹൻലാൽ കൂട്ട്കെട്ട് ആരംഭിച്ചിരുന്നു. എന്നാൽ ലോഹിതദാസിന്റെ രചനയിൽ മോഹൻലാൽ ആദ്യമായിട്ടായിരുന്നു. നിരൂപക പ്രശംസ നേടിയ ധാരാളം ചിത്രങ്ങൾ മുമ്പ് ലോഹി എഴുതുകയും അവയിൽ ചിലത് ഭേദപ്പെട്ട വിജയം നേടുകയും ചെയ്തിരുന്നു. എന്നാൽ അന്ന് വരെയുള്ളതിൽ വച്ച് ഏറ്റവും വിജയം നേടിയ ലോഹിയുടെ ചിത്രം കിരീടമായിരുന്നു. സിബി മലയിലിനെ സംബന്ധിച്ചിടത്തോളം ആഗസ്റ്റ് 1 എന്ന സൂപ്പർ ഹിറ്റ് ഉണ്ടെങ്കിലും അത് അദ്ദേഹത്തിന്റെ തനത് ശൈലിയിൽ ഉള്ള ഒരു ചിത്രമായിരുന്നില്ല.

അക്കാലത്ത് മോഹൻലാലിന്റെ കലാമൂല്യമുള്ള ചിത്രങ്ങൾ പലതും വൻ വിജയം നേടിയിരുന്നില്ല. പാദമുദ്രയും തൂവാനത്തുമ്പികളുമെല്ലാം ഇന്ന് കൾട്ട് ക്ലാസിക്കുകൾ ആയി ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും അവ റിലീസായ കാലയളവിൽ വൻ വിജയം കൈവരിച്ചിരുന്നില്ല. ആ അർത്ഥത്തിൽ കിരീടം സിബി മലയിൽ – ലോഹിതദാസ് – മോഹൻലാൽ കൂട്ടുകെട്ടിന്റെ കരിയർ ബ്രേക്കാണ്. ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം, ചെങ്കോൽ തുടങ്ങിയ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടിയ ചിത്രങ്ങളുടെയെല്ലാം തുടക്കം കുറിച്ചത് കിരീടത്തിലൂടെയായിരുന്നു എന്നതായിരുന്നു ഈ സംഗമത്തിന്റെ പ്രത്യേകത.

ലോഹിതദാസ് ജോലി ചെയ്തിരുന്ന നാട്ടിൽ നടന്ന ഒരു സംഭവത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു കിരീടം. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം നിരപരാധിയായ ഒരു വ്യക്തിക്ക് തെറ്റുകൾ ചെയ്യേണ്ടി വരികയും തുടർന്ന് സമൂഹം അയാളെ കുറ്റവാളിയായി മുദ്ര കുത്തുകയും ചെയ്യുന്ന സാമൂഹിക സ്ഥിതി വിശേഷത്തെയാണ് ലോഹി ഇവിടെ പ്രതിപാദ്യമാക്കിയത്. താൻ സ്വപ്നം കണ്ട ജീവിതം തന്റെ കൺമുന്നിൽ നഷ്ടപ്പെടുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്ന സേതുമാധവന്റെ ദുരവസ്ഥ മലയാളിയെ എക്കാലവും വേദനിപ്പിക്കുന്ന ഒന്നാണ്.

നായക കഥാപാത്രത്തിന് ഒപ്പം നിൽക്കുന്ന വില്ലൻ കഥാപാത്രമായിരുന്നു മോഹൻ രാജ് അവതരിപ്പിച്ച ” കീരിക്കാടൻ ജോസ് ” എന്ന വേഷം. മുമ്പ് ഏതാനും ചിത്രങ്ങളിൽ മുഖം കാണിച്ചിട്ടുണ്ടെങ്കിലും കിരീടമാണ് മോഹൻ രാജിന് കരിയർ ബ്രേക്കായത്. കഥാപാത്രത്തിനിണങ്ങിയ രൂപവും ഭാവവും നൽകുന്നതിൽ പൂർണ്ണ വിജയമായിരുന്നു മോഹൻ രാജിന്റേത്. കിരീടത്തിന്റെ വിജയത്തിന് ശേഷം തുടർന്നങ്ങോട്ട് മലയാള സിനിമയിൽ സജീവ സാനിധ്യമായി മാറിയ മോഹൻ രാജ് ; കീരിക്കാടൻ എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത് എന്നത് ആ കഥാപാത്രത്തിന്റെ വിജയത്തെ എടുത്ത് കാണിക്കുന്നു.

മോഹൻലാൽ അവതരിപ്പിക്കുന്ന സേതുമാധവന്റെ അച്ഛൻ കഥാപാത്രമായ കോൺസ്റ്റബിൾ അച്ചുതൻ നായരുടെ വേഷം തിലകനായിരുന്നു. തിലകന്റെ ഏറ്റവുമധികം ജനപ്രീതി നേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇത്. മകൻ തന്റെ മേലധികാരിയായി വരുന്നതും ; മകന് സല്യൂട്ട് നൽകുന്നതും സ്വപ്നം കണ്ട് ജീവിക്കുന്ന ഒരച്ഛന് വിധി തന്റെ സ്വപ്നങ്ങളെ കശക്കിയെറിയുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. ആ അച്ഛന്റെ നൊമ്പരവും സംഘർഷങ്ങളും പ്രതിഫലിക്കാൻ തിലകനോളം പോന്ന മറ്റാരാണുള്ളത് … സേതുമാധവനെ മറക്കാത്ത മലയാളിക്ക് അച്ചുതൻ നായരെയും മറക്കാനാകില്ല.

വൻ താര നിരയിൽ ഒരുങ്ങിയ കിരീടത്തിലെ നായിക വേഷം പാർവ്വതിക്കായിരുന്നു. ഫിസിക്കൽ അപ്പിയറൻസ് കൊണ്ട് അക്കാലത്ത് മോഹൻലാലിനേറ്റവും ഇണങ്ങുന്ന നായിക പാർവ്വതിയായിരുന്നു. താൻ മനസാ വരിച്ച സേതുമാധവനെ വിധി വൈപരീത്യത്താൽ പിരിയേണ്ടി വന്ന ദേവിയുടെ ദുഖത്തെ വരച്ച് കാട്ടുന്നതിൻ പാർവ്വതി വിജയിക്കുകയുണ്ടായി. കിരീടത്തിൽ അഭിനയിച്ച എല്ലാവരും തങ്ങളുടെ ഭാഗം മികച്ചതാക്കി. പ്രധാന താരങ്ങളുടെ പ്രകടനത്തോടൊപ്പം എടുത്ത് പറയേണ്ട പെർഫോമൻസായിരുന്നു കൊച്ചിൻ ഹനീഫയുടേത്. ഹൈദ്രോസ് എന്ന ഭീരുവായ ചട്ടമ്പിയായി കൊച്ചിൻ ഹനീഫ തിളങ്ങുകയുണ്ടായി. ചിത്രം ഹനീഫക്ക് വൻ ബ്രേക്കാവുകയും ഹൈദ്രോസിന്റെ വിവിധ മോഡലുകളെ അവതരിപ്പിച്ച അദ്ദേഹം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. എങ്കിലും ആ കഥാപാത്രങ്ങൾക്കെല്ലാം പ്രേക്ഷക പ്രീതി നേടാനായി എന്നത് വസ്തുതയാണ്.

കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ രചനയിൽ ജോൺസൺ ഈണം നൽകിയ ” കണ്ണീർ പൂവിന്റെ കവിളിൽ തലോടി ” എന്നു തുടങ്ങുന്ന ഗാനം എം ജി ശ്രീകുമാറിന്റെ കരിയർ ബെസ്റ്റ് ആയിരുന്നു. മികച്ച ഗായകനുള്ള ആ വർഷത്തെ കേരള സ്റ്റേറ്റ് ഫിലിം അവാർഡ് എം ജി ശ്രീകുമാറിന് നേടിക്കൊടുക്കാൻ ഈ ഗാനത്തിനായി . സേതുമാധവന്റെ വ്യഥയും ആത്മ സംഘർഷങ്ങളുമെല്ലാം ആ ഗാനത്തിലൂടെ പ്രേക്ഷകർക്ക് അനുഭവഭേദ്യമാവാൻ സാധിച്ചു എന്നിടത്താണ് ഈ ഗാനത്തിന്റെ പ്രസക്തി വർദ്ധിക്കുന്നത്.

വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടുവെങ്കിലും കിരീടത്തിലെ മോഹൻലാലിന്റെയും തിലകന്റെയും പ്രകടനത്തോട് കിട പിടിക്കാൻ ഇതര ഭാഷാ നടൻമാർക്കായില്ല എന്നതാണ് യാഥാർഥ്യം . എങ്കിൽ തന്നെയും ഇരു കഥാപാത്രങ്ങൾക്കും ജീവൻ നൽകിയ ആ ഭാഷയിലെ നടൻമാർക്ക് അവരടെ കരിയർ ബെസ്റ്റ് കഥാപാത്രങ്ങളാകാൻ ഈ വേഷങ്ങൾക്ക് കഴിഞ്ഞു. തിലകന്റെ വേഷം ഹിന്ദിയിൽ അവതരിപ്പിച്ച അമരിഷ് പുരിക്ക് വില്ലൻ വേഷങ്ങളിൽ നിന്നും കാരക്ടർ റോളുകളിലേക്കുള്ള ടേണിംഗ് പോയിന്റായിരുന്നു. തമിഴ് പതിപ്പിലെ രാജ് കിരണിന്റെ പ്രകടനവും ശ്രദ്ധ നേടി.

വർഷങ്ങളിത്ര കഴിഞ്ഞിട്ടും ഒരു വേദനയോടെയല്ലാതെ കിരീടത്തെയും സേതുമാധവനെയും ഓർക്കാൻ മലയാളിക്കാകില്ല. ചിത്രത്തിലെ ഇതിവൃത്തത്തിന് സമാനമായി വിവിധ സംഭവ വികാസങ്ങൾ വിവിധയിടങ്ങളിൽ സംഭവിക്കുമ്പോഴെല്ലാം മലയാളി ഒരു റഫറൻസ് എന്ന വണ്ണം കിരീടത്തെ ഓർമ്മിച്ചെടുക്കാറുണ്ട്. ദേശീയ അവാർഡ് കമ്മറ്റിയുടെ പ്രത്യേക പരാമർശനത്തിന് അർഹത നേടിയ പ്രകടനം കാഴ്ച്ച വച്ച മോഹൻലാലിന്റെ 4 പതീറ്റാണ്ടിലേറെ നീണ്ട കരിയറിലെ 400 – നടുത്ത് കഥാപാത്രങ്ങളിൽ ഏറ്റവും മികച്ച 10 കഥാപാത്രങ്ങളിലൊന്ന് കിരീടത്തിലെ സേതുമാധവൻ ആണെന്ന് നിസ്സംശയം പറയാനാകും.

Leave a Reply
You May Also Like

“സിനിമാ താരങ്ങളെ ദൂരെ നിന്നു മാത്രം കണ്ട് ആരാധിച്ചിരുന്നവർ ഇന്നവരുടെ കൂടെ നിന്നു സെൽഫി എടുക്കുന്നു” – കുറിപ്പ്

മണ്ണിലേക്കിറങ്ങുന്ന വിണ്ണിലെ താരങ്ങൾ ! Chanthu S D ചുമ്മാ ഒരു കൗതുകത്തിന്, ന്യൂജൻ സിനിമ…

രണ്ടാം സ്ഥാനം നേടിയ ബ്ളാക് മാർക്ക് ഒരു ‘ചെറിയ’ സിനിമയല്ല

മുരളീഗീതം പ്രൊഡക്ഷൻസിന്റെ ബാനറിൽ രാഹുൽ നായർ നിർമ്മിച്ചു ഗോകുൽ അമ്പാട്ട് സംവിധാനം ചെയ്ത ഷോർട്ട് മൂവിയായ…

ഷാജി കൈലാസ്- പൃഥ്വിരാജ്, കാപ്പയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

കടുവയുടെ വിജയത്തിന് ശേഷം ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് കാപ്പ. ചിത്രത്തിന്റെ…

ആ ബ്രിട്ടീഷ് വിമാനം യാത്രാമധ്യേ ഹൈജാക്ക് ചെയ്ത ആ സംഘത്തിന്റെ ലക്ഷ്യം എന്തായിരുന്നു ?

Sree Raj PK Hijack (2023) Language: English Season: 1 Episodes: 7 Duration…