Bineesh K Achuthan
ഇന്ന് കിഷോർ ദായുടെ അനുസ്മരണ ദിനം. അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്ന് 35 വർഷം പിന്നിടുന്നു. കിഷോർ കുമാറിന്റെ ജീവിതം പോലെ തന്നെ വിചിത്രമായിരുന്നു അദ്ദേഹത്തിന്റെ കരിയറും. ആദ്യ പകുതിയിൽ ഹാസ്യ നായകനും രണ്ടാം പകുതിയിൽ ഭാവ ഗായകനും. ബൗളറായി ദേശീയ ക്രിക്കറ്റ് ടീമിലിടം നേടിയിട്ട് ഹാർഡ് ഹിറ്ററായി മാറിയ ശ്രീലങ്കൻ താരം സനത് ജയസൂര്യയുടെ കരിയർ പോലെയാണ് കിഷോറിന്റെ കരിയറും.
1969 – ൽ റിലീസായ ശക്തി സാമന്തയുടെ രാജേഷ് ഖന്ന ചിത്രമായ ‘ ആരാധന ‘ ബോളിവുഡിന്റെ മാത്രമല്ല രാജേഷ് ഖന്നയുടെയും കിഷോറിന്റെയും തലവര മാറ്റിക്കുറിച്ച ഒന്നായിരുന്നു. ഗായകനെന്ന നിലയിൽ രണ്ട് പതീറ്റാണ്ടിലേറെ ബോളിവുഡിൽ സജീവമായിരുന്നെങ്കിലും ആരാധനയിലെ ഗാനങ്ങൾ കിഷോറിന്റെ കരിയറിനെ ഉച്ചസ്ഥായിലെത്തിച്ചു. ആർ.ഡി. ബർമ്മന്റെ സംഗീത സംവിധാനത്തിൽ കിഷോർ പാടിയ ” മേരെ സപനോം കി റാണി കബ് ആയേഗി തൂ ” ജനകോടികൾ ഏറ്റെടുത്തു. രാജ്യമാകെ വീശിയടിച്ച കിഷോർ തരംഗത്തിന്റെ തുടക്കമായിരുന്നു ആരാധന. തുടർന്നങ്ങോട്ട് മരണം വരെ കിഷോറായിരുന്നു ബോളിവുഡ് ഗാന മേഖല അടക്കി ഭരിച്ചത്.
ആരാധനയുടെ വിജയം രാജേഷ് ഖന്നയെ ബോളിവുഡിന്റെ ആദ്യത്തെ സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് അർഹനാക്കി. കിഷോർ സൂപ്പർ ഗായകനെന്ന പേരിനും അർഹനായി. തുടർന്നങ്ങോട്ട് ആർ.ഡി. ബർമ്മൻ – കിഷോർ കുമാർ – രാജേഷ് ഖന്ന ത്രയങ്ങൾ ഹിന്ദി ചലച്ചിത്ര ഗാന മേഖലയിൽ ഒരു തരംഗമായി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗായകനായ മുഹമ്മദ് റാഫി സാഹിബിന് പോലും ഈ തരംഗത്തിൽ കാലിടറി. രാജേഷ് ഖന്ന തരംഗം അവസാനിക്കാറായ 70 – കളുടെ മധ്യത്തോടെയാണ് റാഫി സാഹിബിന് ഹിറ്റുകൾ കിട്ടുന്നത്.
70 – കളുടെ അന്ത്യ പാദത്തോട് കൂടി ബോളിവുഡിന്റെ താരസിംഹാസനം രാജേഷ് ഖന്നയിൽ നിന്നും അമിതാഭ് ബച്ചനിലേക്ക് എത്തിയപ്പോഴും കിഷോറിന്റെ സ്ഥാനം അചഞ്ചലമായിരുന്നു. അക്കാലത്തെ മൾട്ടി സ്റ്റാർ ചിത്രങ്ങളിൽ പ്രധാന നായകൻ ; പ്രത്യേകിച്ചും അമിതാഭ് ബച്ചന്റെ ശബ്ദം കിഷോറിന്റേതായിരുന്നു.
അമിതാഭിനെ കൂടാതെ ധർമ്മേന്ദ്ര, വിനോദ് ഖന്ന, ജിതേന്ദ്ര, ശത്രുഘ്നൻ സിൻഹ, റിഷി കപൂർ തുടങ്ങിയ എല്ലാ നായക നടൻമാരും കിഷോറിന്റ ശബ്ദം തന്നെ തങ്ങൾക്ക് ലഭിക്കുന്നതിനായി നിർബന്ധം പിടിച്ചിരുന്നു.
കിഷോറിന്റെ ആലാപന ജീവിതത്തിൽ രാജേഷ് ഖന്നക്കൊപ്പമോ അതിലേറെയോ പ്രാധാന്യമുള്ള താരമാണ് ദേവാനന്ദ്. 50 – കളിലെയും 60 – കളിലെയും താര ത്രയങ്ങളായിരുന്നു ദിലീപ് കുമാർ – രാജ് കപൂർ – ദേവാനന്ദ് എന്നിവർ.ഇന്നത്തെ ഖാൻ ത്രയങ്ങൾക്ക് സമാനമായിരുന്നു അന്നവർ ബോളിവുഡിൽ. ദിലീപ് കുമാറിന് വേണ്ടി റാഫി സാഹേബും രാജ് കപൂറിന് വേണ്ടി മുകേഷും സ്ഥിരം പിന്നണി പാടിയപ്പോൾ ദേവാനന്ദ് ; റാഫി സാഹിബിനോടൊപ്പം ഇടക്ക് താരതമ്യേന മുൻ നിരക്കാരനല്ലാത്ത കിഷോറിന് അവസരം കൊടുക്കുകയുണ്ടായി. ഈ ഒരു കടപ്പാട് മരണം വരെ കിഷോർ ദാക്ക് ദേവാനന്ദിനോടുണ്ടായിരുന്നു. അദ്ദഹത്തിന്റെ വീട്ടിൽ ഉണ്ടായിരുന്ന ഏക സിനിമാ താരത്തിന്റെ ചിത്രം ദേവാനന്ദിന്റേതായിരുന്നു എന്നതിൽ നിന്നും ആ കടപ്പാടിന്റെ ആഴം വ്യക്തമാണല്ലോ.
സംഭവ ബഹുലമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തി ജീവിതം. നാല് തവണ വിവാഹിതനായ കിഷോർ അവസാന ബന്ധമൊഴിച്ചാലെല്ലാ വിവാഹ ജീവിതത്തിലും പരാജിതനായിരുന്നു. ഈ ദുഖം അദ്ദേഹത്തെ എക്കാലവും അലട്ടിയിരുന്നു. സൂപ്പർ ഹീറോയിനായിരുന്ന മധുബാലയുമായുള്ള തകർന്ന ദാമ്പത്യ ബന്ധം കിഷോറിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. രോഗബാധിതയായ മധു ബാല വൈകാതെ മരണമടഞ്ഞെങ്കിലും മൂന്നാമതൊരു വിവാഹത്തിന് ഒത്തിരി വൈകിയാണ് കിഷോർ സന്നദ്ധനാകുന്നത്. പക്ഷേ വളരെ പെട്ടെന്ന് തന്നെ ആ ബന്ധവും പരാജയപ്പെടുന്നത് നിസ്സഹായനായി നോക്കി നിൽക്കാനെ അദ്ദേഹത്തിനായുള്ളൂ. നാലാമത്തെയും അവസാനത്തെയും ഭാര്യയായ ലീനയിലൂടെ കിഷോർ തന്റെ മുൻ കാല ദാമ്പത്യ പരാജയങ്ങളുടെ ദുഖഭാരത്തിൽ നിന്നും വിമോചിതനായി.
മരിച്ച് പതീറ്റാണ്ടുകളോളം തന്റെ ക്ലാനുകൾ തന്നെ സംഗീത മേഖലയിൽ ആധിപത്യം പുലർത്തിയ അതിശയ പ്രതിഭാസമായിരുന്നു കിഷോർ. അദ്ദേഹത്തിന്റെ ആകസ്മിക മരണത്തെ തുടർന്ന് അമിത് കുമാറും പിന്നെ ഉദിത് നാരായണനും കുമാർ സാനുവും അഭിജീതുമെല്ലാം കിഷോർ ദായുടെ തന്നെ ശബ്ദ വൈവിധ്യങ്ങളായിരുന്നു. പുതു നൂറ്റാണ്ടിന്റെ ആദ്യ പകുതിയോടെ സോനു നിഗത്തിന്റെ പ്രതാപകാലം വരെ കിഷോർ തരംഗത്തിന്റെ അലയൊലികൾ നില നിന്നു എന്നതാണ് ഗായകനെന്ന നിലയിൽ കിഷോറിന്റെ പ്രസക്തി.