Bineesh K Achuthan
അബ്കാരി പ്രമാണി ആനക്കാട്ടിൽ ഈപ്പച്ചനും മകൻ ചാക്കോച്ചിയും കേരള ബോക്സ് ഓഫീസ് കീഴടക്കാൻ വന്നിട്ട് ഇന്ന് കാൽ നൂറ്റാണ്ട് പിന്നിടുന്നു. ജോഷി – രഞ്ജി പണിക്കർ – സുരേഷ് ഗോപി ടീമിന്റെ പ്രഥമ ചിത്രമായ ലേലം 25 വർഷം മുമ്പ് ഇത് പോലെ ഒരു ഒക്ടോബർ 18 – നാണ് റിലീസ് ചെയ്തത്. ഷാജി കൈലാസുമായി ചേർന്ന് 90 – കളുടെ ട്രെന്റ് തന്നെ മാറ്റി മറിച്ച രഞ്ജിയും 80 – കളെ പ്രകമ്പനം കൊള്ളിച്ച ജോഷിയുമായി ഒരുമിക്കുന്ന എന്ന വാർത്ത സിനിമാ പ്രേമികൾ ആവേശത്തോടെയാണ് വരവേറ്റത്. കൂടെ 90 -കളിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ സുരേഷ് ഗോപിയും ഉള്ളത് അവരുടെ ആവേശത്തെ ഇരട്ടിയാക്കി.
മധ്യ തിരുവിതാംകൂറിലെ അബ്കാരി മേഖലയിലെ കിടമത്സരങ്ങളും കുടിപ്പകയുമായിരുന്നു ലേലത്തിന്റെ ഇതിവ്രത്തം. ജോഷിയുടെ ടെക്നികൽ എഫിഷ്യൻസിയും രഞ്ജിയുടെ വെടിക്കെട്ട് ഡയലോഗുകളടങ്ങിയ ത്രില്ലിംഗ് തിരക്കഥയും ഒത്ത് ചേർന്നപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ഒരു അത്യുഗ്രൻ വിരുന്നായിരുന്നു. ഒരു കാലത്ത് കേരളത്തിലെ അബ്കാരി മേഖല അടക്കിവാണ മണർകാട് പാപ്പനെ അനുസ്മരിപ്പിക്കുന്ന ആനക്കാട്ടിൽ ഈപ്പച്ചനായി സോമൻ അരങ്ങ് തകർത്ത ചിത്രം കൂടിയായിരുന്നു ലേലം. ഒപ്പം 90 – കളിലെ യുവാക്കളുടെ ഹരമായ സുരേഷ് ഗോപിയും കൂടി ചേർന്നപ്പോൾ തീയേറ്ററുകൾ പൂരപ്പറമ്പുകാളായി മാറി.
പത്രപ്രവർത്തകനായി സിനിമാ രംഗത്തെത്തിയ രഞ്ജി പണിക്കർ, ഷാജി കൈലാസിന്റെ ഡോ. പശുപതി എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാ രചനയിലേക്ക് പ്രവേശിക്കുന്നത്. അന്നത്തെ ട്രെന്റിനനുസൃതമായി ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് രഞ്ജി പശുപതിയുടെ രചന നിർവ്വഹിച്ചിക്കുന്നത്. ശരാശരിയിൽ ഒതുങ്ങിയ പശുപതിക്ക് ശേഷം ജയരാജിന് വേണ്ടി ആകാശക്കോട്ടയിലെ സുൽത്താൻ എന്ന ചിത്രവും രഞ്ജി രചിച്ചു. തന്റെ മൂന്നാമത്തെ രചനയായ തലസ്ഥാനത്തിലൂടെയാണ് രഞ്ജിയുടേയും ഷാജി കൈലാസിന്റെയും എന്തിനേറെ മലയാള സിനിമയുടെ തന്നെ ജാതകം മാറി മറിയുന്നത്.
1989 – ലെ ഓണം സീസണിന് മുമ്പായി റിലീസ് ചെയ്ത സിദ്ധിഖ് – ലാൽ കൂട്ട് കെട്ടിന്റെ റാം ജിറാവ് സ്പീക്കിംഗ് സൃഷ്ടിച്ച ഹാസ്യ തരംഗത്തിൽ നിന്നും മലയാള സിനിമ മാറുന്നതിന് തുടക്കമിട്ടത് തലസ്ഥാനം നേടിയ വിജയത്തിലൂടെയാണ്. തന്റെ വഴി ഏതെന്ന് മനസ്സിലാക്കിയ രഞ്ജി, ടി.ദാമോദരന് ശേഷം ഏറ്റവും വിജയം നേടിയ പൊളിറ്റിക്കൽ ആക്ഷൻ ചിത്രങ്ങളുടെ രചയിതാവായി മാറി. തലസ്ഥാനത്തിന് ശേഷം സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, മാഫിയ, കമ്മീഷണർ തുടങ്ങിയ തുടർ വിജയങ്ങളിലൂടെ രഞ്ജി പണിക്കർ മലയാള സിനിമയിലെ ഏറ്റവും വ്യാപാര മൂല്യമുള്ള എഴുത്തുകാരനായി മാറി. ഒപ്പം തന്നെ സുരേഷ് ഗോപി സൂപ്പർ താരമാവുകയും ഷാജി കൈലാസ് താരപദവിയുള്ള സംവിധായകനായി ഉയരുകയും ചെയ്തു. ദി കിംഗ് എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം ഷാജിയും രഞ്ജിയും തമ്മിലുള്ള കൂട്ട്കെട്ട് താൽക്കാലികമായി വഴി പിരിഞ്ഞു.
ജയന്റെ മൂർഖനിലൂടെ ഹിറ്റ് മേക്കറായ ജോഷി മലയാള സിനിമയിലെ എല്ലാ മുൻ നിര താരങ്ങളെയും നായകരാക്കി ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. മൾട്ടി സ്റ്റാർ ആക്ഷൻ ചിത്രങ്ങൾക്ക് പ്രിയം കുറയുകയും ഫാമിലി മെലോഡ്രാമകൾക്ക് പ്രാധാന്യമേറുകയും ചെയ്ത 80 – കളുടെ മധ്യത്തിൽ മമ്മൂട്ടിയെ നായകനാക്കി ജോഷി ഒട്ടേറെ ഹിറ്റുകൾ സൃഷ്ടിച്ചു. എന്നാൽ 80 – കളുടെ രണ്ടാം പകുതിയിൽ കുടുംബ ചിത്രങ്ങൾക്ക് പ്രേക്ഷകാഭിമുഖ്യം നഷ്ടപ്പെട്ടപ്പോൾ ഈ ടീമിന്റെ കുറച്ച് ഫ്ലോപ്പുകളും ഉണ്ടായി. ന്യൂ ഡെൽഹിയുടെ ചരിത്ര വിജയത്തിന് ശേഷം പൂർവ്വാധികം ശക്തിയായി തിരിച്ച് വന്ന ജോഷി – മമ്മൂട്ടി 90 – കളുടെ തുടക്കം വരെ ബ്ലോക്ക് ബസ്റ്ററുകൾ സൃഷ്ടിച്ചു. 90 – കളുടെ മധ്യത്തോടെ തനിക്കിണങ്ങിയ കഥകളുടെ അഭാവത്താലായിരിക്കണം ജോഷി മലയാളത്തിൽ സജീവമായിരുന്നില്ല. 1994 ഓണം റിലീസായ സൈന്യത്തിന് ശേഷം ജോഷി മലയാളത്തിലേക്ക് തിരിച്ച് വരുന്നത് ഒരു കാലത്തെ തന്റെ പ്രിയ എഴുത്തുകാരനായ ഡെന്നീസ് ജോസഫിന്റെ രചനയായ ഭൂപതിയിലൂടെയാണ്. സായം സന്ധ്യ, ജനുവരി ഒരു ഓർമ്മ ന്യൂ ഡെൽഹി, നായർ സാബ്, ധ്രുവം എന്നീ ജോഷി ചിത്രങ്ങളിലഭിനയിച്ചിട്ടുള്ള സുരേഷ് ഗോപി ആദ്യമായി ഒരു ജോഷി ചിത്രത്തിൽ നായകനാകുന്നത് ഭൂപതിയിലൂടെയാണ്. വമ്പൻ ഫ്ലോപ്പായി മാറിയ ഭൂപതിയോട് കൂടി മലയാള സിനിമയിലെ ഒരു കാലത്തെ ഏറ്റവും വലിയ വിജയ കൂട്ടായ്മയായ ജോഷി – ഡെന്നീസ് ജോസഫ് ടീം എന്നെന്നേക്കുമായി അവസാനിച്ചു. പകരം ആ സ്ഥാനത്തേക്ക് രഞ്ജി പണിക്കർ കടന്നു വന്നു.
ചെറിയ വേഷങ്ങളിലൂടെ സഹനടനായും വില്ലനായും ഉപനായകനായും നായകനായും ഒടുവിൽ സൂപ്പർ താരവുമായി ഘടനാപരമായി വളർച്ച പ്രാപിച്ച നടനാണ് സുരേഷ് ഗോപി. രഞ്ജി പണിക്കർ – ഷാജി കൈലാസ് ടീമിന്റെ ഫയർ ബ്രാന്റ് കഥാപാത്രങ്ങളിലൂടെയാണ് സുരേഷ് ഗോപി പ്രേഷക മനസ്സുകളിൽ സ്ഥാനം പിടിച്ചത്. 1993 ൽ റിലീസായ ഏകലവ്യൻ സുരേഷ് ഗോപിയെ സൂപ്പർ താരമാക്കി ഉയർത്തിയപ്പോൾ തൊട്ടടുത്ത വർഷം റിലീസായ കമ്മീഷണർ സുരേഷ് ഗോപിയുടെ താരമൂല്യം വാനോളം ഉയർത്തി. പിൽക്കാലത്ത് മമ്മൂട്ടിയേയും മോഹൻലാലിനെയും ബാധിച്ച ” ഷാജി കൈലാസ് സിൻഡ്രോം ” – ന്റെ ഭാഗമായി പിന്നീട് വന്ന സുരേഷ് ഗോപി ചിത്രങ്ങൾ ബോക്സ് ഓഫീസിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചില്ല. ഭരത് ചന്ദ്രനും മുകളിൽ വരുന്ന വേഷങ്ങളാണ് പ്രേക്ഷകർ സുരേഷ് ഗോപിയിൽ നിന്നും പ്രതീക്ഷിച്ചിരുന്നത്. ഹൈവേ പോലെ കുറച്ച് ചിത്രങ്ങൾ വിജയിച്ചെങ്കിലും ഭൂരിഭാഗം ചിത്രങ്ങളും പരാജയമായിരുന്നു. വൻ ഹൈപ്പിൽ വന്ന ബിഗ് ബജറ്റ് ചിത്രങ്ങളായ തക്ഷശില, മഹാത്മ, യുവതുർക്കി എന്നിവ തകർന്നടിഞ്ഞപ്പോൾ സുരേഷ് ഗോപിയുടെ താരമൂല്യം തന്നെ ചോദ്യം ചെയ്യപ്പെട്ടു. ആ സമയത്താണ് ഏകദേശം ഒരേ സമയത്ത് തന്നെ രണ്ട് സുരേഷ് ഗോപി ചിത്രങ്ങൾ റിലീസാകുന്നത്. ഇതിൽ വൻ ഹൈപ്പിൽ വന്ന ഭൂപതി ഫ്ലോപ്പായപ്പോൾ കെ. മധുവിന്റെ ജനാധിപത്യം ഹിറ്റായി മാറി. എങ്കിലും കമ്മീഷണറിനോളം പോന്ന ഒരു വിജയത്തിനായി സുരേഷ് ഗോപിക്ക് ലേലം വരെ കാത്തിരിക്കേണ്ടി വന്നു.
70 – കളുടെ തുടക്കത്തിൽ പി.എൻ. മേനോന്റെ ഗായത്രിയിലൂടെ ചലച്ചിത്ര രംഗത്ത് സജീവമായ എം.ജി.സോമൻ, 70 – കളുടെ രണ്ടാം പകുതിയിലിറങ്ങിയ ഐ.വി.ശശിയുടെ ഇതാ ഇവിടെ വരെ എന്ന ചിത്രത്തിലൂടെ സൂപ്പർ താരമായി മാറി. അക്കാലത്ത് പ്രേം നസീർ കഴിഞ്ഞാൽ ഒരേ സമയം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകവേഷം ചെയ്യുന്ന നടനായിരുന്നു സോമൻ. 80 – കളുടെ തുടക്കത്തിൽ തലമുറ മാറ്റത്തിന്റെ ഭാഗമായി കാരക്ടർ റോളുകളിലേക്ക് ചുവട് മാറിയ സോമന് തിരക്കിന് കുറവില്ലായിരുന്നെങ്കിലും പ്രാധാന്യമുള്ള വേഷങ്ങൾ തുലോം തുച്ഛമായിരുന്നു. ഒരു കാലത്തെ സൂപ്പർ താരമായിരുന്ന താൻ തന്റെ പിൻഗാമികളായ താരങ്ങളുടെ തല്ലു വാങ്ങുന്ന കഥാപാത്രങ്ങളെ നിരന്തരം അവതരിപ്പിക്കുന്നതിൽ ഉള്ളാലെ ഖിന്നനായിരുന്നു അദ്ദേഹം. ഇതൊരു പരാതിയായി രഞ്ജി പണിക്കരുടെ മുന്നിൽ സോമൻ പല തവണ പറയുകയുണ്ടായി. രഞ്ജിയുടെ മിക്ക രചനകളിലും സോമന് കാര്യപ്രസക്തമായ വേഷങ്ങൾ ഉണ്ടായിരുന്നില്ല. ലേലത്തിന്റെ സ്പാർക്ക് മനസിൽ വന്നപ്പോൾ തന്നെ ഈ കാര്യവും രഞ്ജി പ്രത്യേകം ഓർത്ത് വച്ചു. നായകനൊപ്പം കയ്യടി വാങ്ങുന്നവരായിരുന്നു രഞ്ജിയുടെ പ്രതിനായകരും. തലസ്ഥാനത്തിൽ നരേന്ദ്രപ്രസാദും ഏകലവ്യനിൽ വിജയ രാഘവനും കമ്മീഷണറിൽ രതീഷും ദി കിംഗിൽ മുരളിയും നായകനൊപ്പം തന്നെ പ്രേക്ഷകരുടെ കയ്യടി വാങ്ങിയവരായിരുന്നു. എന്നാൽ നായകനേക്കാളും കയ്യടി നേടിയ ഏക രഞ്ജി പണിക്കർ കഥാപാത്രം ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ മാത്രമാണ്. ലേലത്തിന്റെ ആദ്യ പകുതിയിൽ സോമൻ അക്ഷരാർത്ഥത്തിൽ തന്നെ നിറഞ്ഞാടുകയായിരുന്നു.
കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളാലും ചാട്ടുളി പോലുള്ള നോട്ടത്താലും സോമൻ അസാധ്യ പെർഫോമൻസായിരുന്നു. ലേലം, റിലീസ് കേന്ദ്രങ്ങളിൽ വിജയകരമായി 50 ദിവസം പൂർത്തിയാക്കുമ്പോഴായിരുന്നു സോമന്റെ അകാല നിര്യാണം. അണയാൻ പോകുന്ന ദീപം ആളിക്കത്തിയത് പോലെയായിരുന്നു ലേലത്തിലെ സോമന്റെ പ്രകടനം. അത് വരെ ഹിറ്റ്ലറിലെ സോമന്റെ ഡയലോഗ് ട്രോളിക്കൊണ്ട് വേദിയിൽ അവതരിപ്പിച്ചിരുന്ന മിമിക്രി താരങ്ങൾ കഴിഞ്ഞ കാൽ നൂറ്റാണ്ടായി ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചന്റെ ഡയലോഗുകൾ പറഞ്ഞ് കയ്യടി വാങ്ങുന്നു. ഒരു കാലത്തെ ക്ഷുഭിത യൗവ്വനത്തിന്റെ, നിഷേധത്തിന്റെ, പൗരുഷത്തിന്റെ പര്യായമായ സോമന് നൽകിയ ട്രിബ്യൂട്ടായിരുന്നു ലേലവും ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന അതികായകന്റെ വേഷവും.