Bineesh K Achuthan
അയാൾ തനിക്ക് പ്രിയപ്പെട്ട ഒരാളുടെ മൃതദേഹവുമായിട്ടാണ് തന്റെ ലോറിയിൽ ആ നാട്ടിലേക്ക് ആദ്യമായി വരുന്നത്. ഏതാനും മാസങ്ങൾക്കപ്പുറം അതേ ലോറിയിൽ തന്നെ തനിക്കേറെ പ്രിയപ്പെട്ട മറ്റൊരാളുടെ മൃതശരീരവുമായി അയാൾക്ക് അവിടെ നിന്നും മടങ്ങേണ്ടി വരുന്നു. ഈ രണ്ടു മരണങ്ങൾക്കും ഇടയിലെ ഏതാനും നാളുകൾ ….. അതായിരുന്നു ജോഷി – ലോഹിതദാസ് – മമ്മൂട്ടി ടീമിന്റെ ആദ്യ ചിത്രമായ മഹായാനം. ഇന്ന് 33 വർഷങ്ങൾ പിന്നിടുന്ന ഈ ചിത്രത്തിലെയടക്കം അഭിനയത്തെ മുൻ നിർത്തി മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് മമ്മൂട്ടിക്ക് ലഭിക്കുകയുണ്ടായി.
ഒറ്റയാനായ ചന്ദ്രുവിന്റെയും ചന്ദ്രുവിന്റെ ജീവിതത്തിലേക്ക് കടന്നു വന്ന രാജമ്മയുടെയും കഥ. ആ നാട്ടിലെ പ്രമാണിയായ കൊച്ചു വർക്കിയുടേയും മകൻ സണ്ണിക്കുട്ടിയുടേയും നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്ന ഗോവിന്ദൻ കുട്ടിയുടേയും മറ്റനേകം പേരുടെയും കഥ. അതായിരുന്നു മഹായാനം. അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പനെയും അടിയൊഴുക്കുകളിലെ കരുണനെയും അനുസ്മരിപ്പിക്കുന്ന കഥാപാത്രമായിരുന്നു മഹായാനത്തിലെ ചന്ദ്രു. കുപിത ഭാവങ്ങളും പരുക്കൻ ഇടപെടലുകളുമായി അയാൾ ആ നാട്ടിലെ പലരുടെയും ഹൃദയങ്ങളിൽ ചേക്കേറി. ഒപ്പം പ്രേക്ഷകരുടെയും …
എസ്.എൽ.പുരം സദാനന്ദൻ മുതൽ ആർ.ജെ.ഷാൻ വരെ നീളുന്നതാണ് ജോഷിയുടെ തിരക്കഥാകൃത്തുക്കളുടെ നീണ്ട നിര. ഈ നീണ്ട കാലയളവിൽ എംടി വാസുദേവൻ നായർ ഒഴികെ ഏതാണ്ടെല്ലാ പ്രമുഖ തിരക്കഥാകൃത്തുക്കളുമായും ജോഷി സഹകരിച്ചിട്ടുണ്ട്. തട്ടുപൊളിപ്പൻ വാണിജ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ പാപ്പനംകോട് ലക്ഷ്മണൻ മുതൽ സിബി തോമസ് – ഉദയ് കൃഷ്ണ കൂട്ടുകെട്ട് വരെ മാത്രമല്ല ജോൺ പോൾ, പത്മരാജൻ തുടങ്ങി കലാമൂല്യത്തിന് പ്രാധാന്യം നൽകുന്ന എഴുത്തുകാരും അക്കൂട്ടത്തിൽ ഉൾപ്പെടുന്നു. 80 – കളുടെ മധ്യം മുതൽ ജോഷി ഏറ്റവുമധികം സിനിമകൾ ചെയ്തത് ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലായിരുന്നു. നിറക്കൂട്ടും ന്യൂ ഡെൽഹിയും സംഘവുമടക്കം വൻ വിജയങ്ങളും ഒപ്പം ധാരാളം ഫ്ലോപ്പുകളും ആ കൂട്ടുക്കെട്ടിൽ നിന്നുമുണ്ടായി. എന്നാൽ NO : 20 മദ്രാസ് മെയിൽ, നായർ സാബ് എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തു. താമസിയാതെ ആ കൂട്ട്കെട്ട് അവസാനിക്കുകയും ചെയ്തു. ഈ കാലയളവിലാണ് ജോഷി ലോഹിതദാസുമായി സഹകരിക്കുന്നത്.
നാടക രംഗത്ത് നിന്നും, സിബി മലയിൽ സംവിധാനം ചെയ്ത തനിയാവർത്തനം എന്ന ചിത്രത്തിലൂടെയാണ് ലോഹിതദാസിന്റെ സിനിമാ പ്രവേശനം. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ആ ചിത്രം നിരൂപക പ്രശംസ ഏറ്റുവാങ്ങുന്നതോടൊപ്പം വിജയം കൈവരിക്കുകയും ചെയ്തതോടു കൂടി മലയാള ചലച്ചിത്ര വേദിയിൽ ലോഹിതദാസ് ശ്രദ്ധേയനായി മാറി. തുടർന്ന് സിബി മലയിയിലിനെ കൂടാതെ ഐ.വി.ശശി, സത്യൻ അന്തിക്കാട്, സുരേഷ് ഉണ്ണിത്താൻ എന്നീ സംവിധായകരുടെ ചിത്രങ്ങൾക്കായി ലോഹി തൂലിക ചലിപ്പിച്ചു. കഥക്കും കഥാപരിസരങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയ ആ ചിത്രങ്ങളെല്ലാം തന്നെ കലാമൂല്യം ഉള്ളവയായിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ സാധാരണക്കാരുടെ ജീവിതം പറയുന്ന ചിത്രങ്ങളായിരുന്നു കൂടുതലായും. ഈ കഥകളിൽ നിന്നും അൽപ്പം വ്യത്യാസത്തോടെയായിരുന്നു ലോഹിതദാസ് തന്റെ 10-ാമത്തെ തിരക്കഥ ഒരുക്കുന്നത്. കഥാപരിസരം നാട്ടിൻപുറം തന്നെയാണെങ്കിലും നായക കഥാപാത്രത്തിന്റെ പാത്രസൃഷ്ടി തന്റെ മുൻ രചനകളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു.
തന്റെ 5-ാമത്തെ സംവിധായകനായ ജോഷിക്ക് വേണ്ടിയാണ്, നടാടെയായി ലോഹിതദാസ് ഒരു മാസ് നായകനെ അവതരിപ്പിക്കുന്നത്. ഇടി വെട്ട് ഡയലോഗുകളോ അനാവശ്യ സംഘട്ടന രംഗങ്ങളോ ഇല്ലാത്ത ഒരു മാസ് കഥാപാത്രം. കരുത്തനെങ്കിലും ഹൃദയ നൈർമ്മല്യമുള്ള ഒരു പരുക്കൻ. അതായിരുന്നു ചന്ദ്രു .
നൻമ മരങ്ങളെ തട്ടിയിട്ട് നടക്കാൻ പറ്റാത്ത സത്യൻ അന്തിക്കാടിന്റെ ആദർശ ഗ്രാമങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു റിയലിസ്റ്റിക് ഗ്രാമം. കുശുമ്പും കുന്നായ്മയുമുള്ള ; കാമവും ക്രോധവും പ്രണയവും വിരഹവും ഉള്ള സാധാരണക്കാർ ഉള്ള ഒരു ഗ്രാമം. നായികാനായകൻമാർ സദാചാരത്തിന്റെ അപ്പോസ്തലർ ആയിരിക്കണമെന്ന അക്കാലത്തെ വാർപ്പു മാതൃകകളെ ലോഹി ഈ ചിത്രത്തിലൂടെ പൊളിച്ചടുക്കുന്നുണ്ട്. തിന്നും കുടിച്ചും തോന്നുമ്പോൾ വ്യഭിചരിച്ചും നടക്കുന്ന നായകൻ. ചെറുപ്പത്തിൽ കാമുകനാൽ ഗർഭിണിയാവുകയും ചാപിള്ളയെ പ്രസവിക്കുകയും ചെയ്തതിന്റെ പേരിൽ പിഴച്ചവളെന്ന് മുദ്രകുത്തപ്പെട്ട നായിക. ഇത്തരത്തിലുള്ള പാത്ര സൃഷ്ടി മുഖ്യധാരാ ചിത്രങ്ങളെ സംബന്ധിച്ചിടത്തോളം അക്കാലത്ത് ഒരു വിപ്ലവം തന്നെയായിരുന്നു.
ലോഹിതദാസിന്റെ തിരക്കഥയിൽ രചിക്കപ്പെട്ട ആദ്യ മാസ് ഹീറോയായിരുന്നു ചന്ദ്രു എന്നു പറയാം. സ്വതവേ ദുർബലരും സ്നേഹ സമ്പന്നരുമായ ലോഹിയുടെ നായകരിൽ നിന്നും കരുത്തനും പരുക്കനുമായ ചന്ദ്രു വേറിട്ടു നിന്നു. ലോഹിയുടെ പിൽക്കാല രചനകളായ വളയത്തിലെയും ആധാരത്തിലെയും മുരളിയുടെ കഥാപാത്രങ്ങളിൽ എവിടെയൊക്കെയോ ചന്ദ്രുവിന്റെ നിഴലുകൾ പതിഞ്ഞിരുന്നു. ജോഷിയെ സംബന്ധിച്ചിടത്തോളവും വ്യത്യസ്തനായ നായക കഥാപാത്രമായിരുന്നു ചന്ദ്രു. അതിഭാവുകത്വങ്ങളില്ലാത്ത അതിമാനുഷനല്ലാത്ത ഒരു മാൻലി ഹീറോ. സീമയുടെ രാജമ്മയോടൊപ്പം കരുത്തുറ്റ മാറ്റാരു ‘ ജോഷിയൻ ‘ നായിക വേഷം ഒരു പക്ഷേ ന്യൂ ഡെൽഹിയിലെ മരിയ ഫെർണ്ണാണ്ടസ് മാത്രമായിരിക്കാം. രാജമ്മയുടെ വാർപ്പ് മാതൃകയിലാണ് പിൽക്കാലത്ത് കൻമദത്തിലെ ഭാനുവിനെയും ലോഹിതദാസ് സൃഷ്ടിച്ചത്. ” ആണൊന്നു വാരിപ്പിടിച്ചാൽ തളർന്ന് പോകുന്ന നായികമാർ ” വല്ലാത്ത സൃഷ്ടികൾ തന്നെ എന്ന് പറയാതെ വയ്യ. ഇന്നത്തെ തലമുറ ഇത്തരം രംഗങ്ങളെ ഉറപ്പായിട്ടും തള്ളിക്കളയുമായിരുന്നു.
കേന്ദ്ര കഥാപാത്രങ്ങളേപ്പോലെ തന്നെ മഹായാനത്തിലെ ഓരോ കഥാപാത്രവും വ്യക്തിത്വമുള്ളവരായിരുന്നു. ചിത്രത്തിന്റെ ആദ്യ ഘട്ടത്തിൽ മാത്രം വരുന്ന മുകേഷിന്റെ കഥാപാത്രത്തെ വേദനയോടെയേ പ്രേക്ഷകന് ഓർക്കാനാകൂ. പ്രതാപ് ചന്ദ്രൻ, വിജയരാഘവൻ, വിനീത്, മാള അരവിന്ദൻ, കുതിരവട്ടം പപ്പു, കുഞ്ഞാണ്ടി, ജലജ, സലീമ, ഫിലോമിന തുടങ്ങി എല്ലാവരും തന്നെ തങ്ങളുടെ ഭാഗം ഭംഗിയാക്കി . ഒന്നോ രണ്ടോ സീനിൽ മാത്രം വന്നു പോകുന്ന ബാലൻ കെ. നായരുടെ ഹാജിയാർ വേഷം ഉജ്ജ്വലമായിരുന്നു.
വർഷങ്ങൾക്ക് ശേഷം തമിഴിൽ, പാറ എന്ന പേരിൽ സൂപ്പർ ഹിറ്റ് സംവിധായകൻ കെ.എസ്.രവികുമാർ മഹായാനം റീമേക്ക് ചെയ്യുകയുണ്ടായി. മമ്മൂട്ടിയുടെ റോളിൽ ശരത് കുമാറും മുകേഷിന്റെ റോളിൽ ജയറാമും ആയിരുന്നു. മഹായാനത്തിന്റെ വിജയമാവർത്തിക്കാൻ പാറക്ക് കഴിഞ്ഞില്ല. കൂടാതെ നിരൂപക പ്രശംസയും നേടാനായില്ല. ചന്ദ്രുവിനേപ്പോലെ കരുത്തരായ കഥാപാത്രങ്ങൾ ഒരു തലമുറയുടെ ആവേശമായിരുന്നു. 33 വർഷങ്ങൾക്കിപ്പുറവും ആസ്വാദന ക്ഷമതയുള്ള ചിത്രം കൂടിയാണ് മഹായാനം.