Bineesh K Achuthan

70 – കളുടെ അവസാനം മലയാള സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങളുടെ വേലിയേറ്റമായിരുന്നു. സാങ്കേതികമായും കലാപരമായും മലയാള സിനിമ തികച്ചും വേറിട്ട പാതയിലൂടെ മുന്നോട്ടു പോകുന്ന കാലഘട്ടം. അടൂരും അരവിന്ദനുമടങ്ങുന്ന ഒരു വിഭാഗം സിനിമയെ കലാപരമായ ഔന്നത്യത്തിൽ പ്രതിഷ്ഠിച്ചപ്പോൾ ശശികുമാറും എ ബി രാജും ബേബിയും ക്രോസ് ബെൽറ്റ് മണിയുമൊക്കെ വാണിജ്യപരമായി സിനിമയെ മുന്നോട്ട് കൊണ്ട് പോകാൻ മുന്നിൽ നിന്ന് നയിച്ചു. ബ്ലാക്ക് ആൻഡ് വൈറ്റിലേക്കും ഈസ്റ്റ് മാൻ കളറിലേക്കും അവിടെ നിന്നും കളറിലേക്കും മലയാള സിനിമാ ലോകം മുന്നോട്ട് കുതിക്കുന്ന സവിശേഷ കാലം.

ഈ കാലഘട്ടത്തിലാണ് ഭരതൻ – പത്മരാജൻ ദ്വയത്തിന്റെ തൊട്ടാൽ പൊള്ളുന്ന പ്രമേയ വൈവിധ്യങ്ങൾക്ക് ദൃശ്യ രൂപം കൈവരുന്നത്. ഇല്ലങ്ങളിൽ തളക്കപ്പെട്ടു പോയ യൗവ്വനത്തിന്റെ മോഹതാപങ്ങളുടെ കഥ പറയുന്ന പ്രയാണത്തിൽ നിന്നും പ്രയാണമാരംഭിച്ച ഭരതനും പത്മരാജനും, സമൂഹം നെറ്റി ചുളിക്കുന്ന ഒട്ടേറെ കഥാതന്തുക്കൾക്ക് ചലച്ചിത്ര ഭാഷ്യമൊരുക്കി. അവരോടൊപ്പം തന്നെ ഐ.വി.ശശിയും ഹരിഹരനും ഒട്ടേറെ വിവാദ വിഷയങ്ങളെ ദൃശ്യവൽക്കരിക്കുകയുണ്ടായി. രതിനിർവേദം, വാടകക്ക് ഒരു ഹൃദയം, ഈറ്റ, തകര, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ലോറി, അവളുടെ രാവുകൾ, ശരപഞ്ചരം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ ആ ശ്രേണിയിൽ ഉണ്ടായി.

കലാപരമായും സൗന്ദര്യശാസ്ത്രപരമായും മലയാള സിനിമയെ പുതുക്കി പണിതവയായിരുന്നു അത്തരം ചിത്രങ്ങൾ എന്ന് നിസ്സംശയം പറയാം. പക്ഷേ, അധികം വൈകാതെ അത്തരം ചിത്രങ്ങൾ മറുനാട്ടിൽ മലയാള സിനിമയെയും മലയാളികളെ തന്നെയും താറടിക്കുന്ന വിധം എത്തിച്ചു. ആ ചിത്രങ്ങളുടെ അണിയറ ശിൽപ്പികൾ സ്വപ്നത്തിൽ പോലും കാണാത്ത വിധമായിരുന്നു കാര്യങ്ങളുടെ പോക്ക്. മലയാളത്തിൽ ശ്രദ്ധേയമായ അത്തരം ചിത്രങ്ങൾ അന്യ നാട്ടിൽ പ്രത്യേകിച്ചും തമിഴ് നാട്ടിൽ കേട്ടാലറക്കുന്ന പേരുകളിട്ട് ഡബ്ബ് ചെയ്ത് ബിറ്റുകൾ തിരുകി പ്രദർശിപ്പിച്ചു. 80 – കളിൽ മലയാള സിനിമ എന്നാൽ തമിഴ് നാട്ടിൽ അശ്ലീല ചിത്രങ്ങൾ എന്ന ലേബലായി മാറി. അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയമായ ചെമ്മീനും സ്വയംവരവുമൊക്കെ ഉണ്ടായ ഒരു ഇൻഡസ്ട്രിക്കാണ് കാലക്രമത്തിൽ ഈ ദുർഗ്ഗതി വന്നതെന്നോർക്കണം.

1984 – ൽ റിലീസ് ചെയ്ത ഇന്ത്യയിലെ പ്രഥമ 3 D വിസ്മയം മൈ ഡിയർ കുട്ടിച്ചാത്തൻ, പാൻ ഇന്ത്യൻ ഹിറ്റായിരുന്നു. എങ്കിലും ഒരു കുട്ടിച്ചാത്തൻ മാത്രം വിചാരിച്ചാൽ തീരുന്ന ചീത്തപ്പേരായിരുന്നില്ല അന്യനാട്ടിൽ അന്ന് മലയാള സിനിമക്ക്. ഇതിനിടയിൽ ധാരാളം മലയാള ചിത്രങ്ങളുടെ അന്യഭാഷാ റീമേക്കുകൾ വരുന്നുണ്ടെങ്കിലും അന്നാട്ടിലെ സാധാരണ പ്രേക്ഷകർക്ക് മലയാള സിനിമയെക്കുറിച്ചുള്ള ധാരണ മാറ്റാൻ അവ പര്യാപ്തമായിരുന്നില്ല. ഈ പ്രവണതക്ക് തിരശ്ശീല വീഴാൻ ന്യൂ ഡൽഹി റിലീസാവുന്നത് വരെ കാത്തിരിക്കേണ്ടി വന്നു.

തുടർ പരാജയങ്ങൾക്കിടയിൽ മമ്മൂട്ടിക്ക് ഉയിർത്തെഴുന്നേൽപ്പ് നൽകിയ ചിത്രമായിരുന്നു ജൂബിലി ജോയി – ജോഷി – ഡെന്നീസ് ജോസഫ് ടീമിന്റെ ന്യൂ ഡൽഹി. ശരാശരി തമിഴ് പ്രേക്ഷകന്റെ അഭിരുചികൾക്ക് വിഭിന്നമായിരുന്നിട്ടു കൂടി അമ്പരപ്പിക്കുന്ന വിജയമാണ് ന്യൂ ഡൽഹി തമിഴ് നാട്ടിൽ നേടിയെടുത്തത്. പ്രമുഖ റിലീസ് കേന്ദ്രങ്ങളിൽ 100 ദിവസം പൂർത്തിയാക്കിയ ന്യൂ ഡൽഹി തമിഴ് ചലച്ചിത്ര രംഗത്തെ അദ്ഭുതപ്പെടുത്തി. തുടർന്ന് പിറ്റേ വർഷം തന്നെ ഒരു CBI ഡയറി കുറിപ്പ് തമിഴ് നാട്ടിൽ റിലീസ് ചെയ്തു. ന്യൂ ഡെൽഹിയുടെ ടെക്നിക്കൽ പെർഫെക്ഷനോ ബിഗ് ബജറ്റോ ത്രില്ലിംഗ് സീനുകളോ ഇല്ലാതിരുന്നിട്ട് കൂടി ആ ചിത്രം തമിഴ് നാട്ടിലുടനീളം വമ്പിച്ച വിജയം നേടി. മദ്രാസിലെ സഫയർ തീയറ്ററിൽ തുടർച്ചയായി ഒരു വർഷത്തോളമാണ് ഒരു CBI ഡയറിക്കുറിപ്പ് പ്രദർശിപ്പിച്ചത്. തുടർച്ചയായി രണ്ട് മമ്മൂട്ടി ചിത്രങ്ങൾ നേടിയ അപ്രതീക്ഷിത വിജയത്തെ തുടർന്ന് ആക്ഷൻ മൂഡിലുള്ള മമ്മൂട്ടി ചിത്രങ്ങളുടെ തമിഴ് ഡബിംഗ് പതിപ്പുകളുടെ ഒരു കുത്തൊഴുക്ക് തന്നെ ഉണ്ടായി. ആഗസ്റ്റ് 1, നായർ സാബ്, ജാഗ്രത തുടങ്ങിയ ചിത്രങ്ങൾക്കെല്ലാം തമിഴ് പ്രേക്ഷകരെ ആകർഷിക്കാനായി. ഈ തുടർ വിജയങ്ങൾ തമിഴ് നാട്ടിൽ മമ്മൂട്ടിയുടെ താരമൂല്യത്തെ കുത്തനെ ഉയർത്തി. ഈ സാഹചര്യം കണക്കിലെടുത്ത് ദ്രാവിഡ രാഷ്ട്രീയ നേതാവും നിർമ്മാതാവുമായ കോവൈ ചെഴിയൻ മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ എടുക്കാൻ മുന്നോട്ട് വന്നു. ശിവാജി, എംജിആർ, എൻടിആർ, വിജയകാന്ത് തുടങ്ങിയ മുൻ നിര താരങ്ങളെ നായകരാക്കി നിരവധി ചിത്രങ്ങൾ എടുത്ത നിർമ്മാതാവ് കൂടിയാണ് കോവൈ ചെഴിയൻ. അദ്ദേഹത്തിന്റെ പിന്നീടുള്ള രണ്ട് ചിത്രങ്ങളിലും നായകൻ മമ്മൂട്ടിയായിരുന്നു. അഴകൻ, പുതയൽ എന്നിവയാണാ ചിത്രങ്ങൾ.

മമ്മൂട്ടിയെ നായകനാക്കി നിരവധി കഥകൾ ആലോചിച്ചിട്ടൊടുവിൽ മമ്മൂട്ടിയുടെ കൂടി നിർദേശപ്രകാരം CBI സിനിമയുടെ അതേ ടീമിനെ തന്നെ തമിഴിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പ്രഥമ തമിഴ് ചിത്രമായ മൗനം സമ്മതം കെ മധു – എസ്.എൻ.സാമി ടീമിന്റെ ആദ്യം ചിത്രം കൂടിയായി. നായകനെന്ന നിലയിലെ മമ്മൂട്ടിയുടെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രമായ സന്ധ്യക്ക് വിരിഞ്ഞ പൂവ് എന്ന ചിത്രത്തിന്റെ സ്വാധീനം ഈ ചിത്രത്തിലുണ്ട്. നായികാനായകൻമാരുടെ പരിചയപ്പെടലും തുടർന്നുള്ള അവരുടെ ഇടപഴകലുകളുമെല്ലാം സന്ധ്യക്ക് വിരിഞ്ഞ പൂവുമായി സദൃശ്യമുണ്ട്. ക്ലൈമാക്സ് രംഗങ്ങൾ അങ്ങനെ തന്നെ ഇതിലുമുണ്ട്. ജിത്തു ജോസഫിന്റെ പ്രഥമ ചിത്രമായ ഡിക്റ്ററ്റീവിന്റെ കഥാപശ്ചാത്തലം മൗനം സമ്മതവുമായി സമാനതകളുണ്ട്. അമല, മമ്മൂട്ടിയുടെ നായികയായി വന്ന ആദ്യത്തെയും അവസാനത്തെയും ചിത്രം കൂടിയാണ് മൗനം സമ്മതം.

മൗനം സമ്മതം റിലീസ് ചെയ്തിട്ട് ഇന്ന് 32 വർഷം പിന്നിടുമ്പോൾ ” കല്യാണ തേൻ നിലാ ” എന്ന് തുടങ്ങുന്ന യേശുദാസ് ആലപിച്ച അതി മനോഹരമായ ഗാനമാണ് മനസിൽ വരുന്നത്. ഇളയരാജ സംഗീതം നൽകിയ ഈ ഗാനം എവർ ഗ്രീൻ ഹിറ്റാണ്. ഈ ചിത്രവുമായ ബന്ധപ്പെട്ട കൗതുകകരമായ ഒരു വസ്തുത ശരത് കുമാർ ഒരു ചെറിയ വേഷത്തിൽ ഈ ചിത്രത്തിലുണ്ട്. വർഷങ്ങൾക്കു ശേഷം 2009 – ൽ പഴശ്ശി രാജയിലൂടെ ശരത് കുമാർ മലയാള സിനിമയിലേക്ക് വരുമ്പോൾ അതിലും നായകൻ മമ്മൂട്ടി തന്നെ. അതായത് മമ്മൂട്ടിയുടെ ആദ്യ തമിഴ് ചിത്രത്തിൽ ശരത് കുമാർ ഉണ്ട് . ശരത് കുമാറിന്റെ ആദ്യ മലയാള ചിത്രത്തിൽ മമ്മൂട്ടിയും !

Leave a Reply
You May Also Like

6 ഹവേഴ്സ് – സസ്പെൻസ് ത്രില്ലർ ചിത്രം 5-ന് തീയേറ്ററിൽ

6 ഹവേഴ്സ് – സസ്പെൻസ് ത്രില്ലർ ചിത്രം 5-ന് തീയേറ്ററിൽ പി.ആർ.ഒ- അയ്മനം സാജൻ ആറ്…

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘നാലാംമുറ’. ലക്കി സ്റ്റാർ എന്ന…

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Lijo Earnest Leslie സംവിധാനം ചെയ്ത ‘കിസ്മത്ത് ഓഫ് സേതു ‘ നമ്മുടെ നാട്ടിൽ സുലഭമായി…

വാണി വിശ്വനാഥ് ഒൻപത് വർഷങ്ങൾക്ക് ശേഷം തിരികെയെത്തുന്നു, ശ്രീനാഥ് ഭാസിയും വാണി വിശ്വനാഥും ഒന്നിക്കുന്ന ‘ആസാദി’; സെക്കൻ്റ് ലുക്ക്

ശ്രീനാഥ് ഭാസിയും വാണി വിശ്വനാഥും ഒന്നിക്കുന്ന ‘ആസാദി’; സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസായി ശ്രീനാഥ് ഭാസി…