Bineesh K Achuthan
എം ജി സോമനെ ആദ്യമായി സ്ക്രീനിൽ കാണുന്നത് പ്രിയദർശന്റെ താളവട്ടത്തിലാണെന്ന് തോന്നുന്നു. അന്നത്തെ പ്രായത്തിൽ ആ കഥാപാത്രത്തെ വെറുപ്പോടെയാണ് കണ്ടത്. പിന്നീട് പി.ജി.വിശ്വംഭരന്റെ പിൻനിലാവിൽ ഒരു നിരാശാ കാമുകൻ. നല്ലൊരു പാട്ടും അതിലുണ്ടായി. 80 – കളുടെ അവസാനമാണ് ഞാൻ ഈ ചിത്രങ്ങളൊക്കെ കാണുന്നത്. സോമന്റെ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ പിന്നീട് കാണാനിടയായി. ഗംഭീരമെന്ന് പറയാവുന്ന വേഷങ്ങൾ ഒന്നും അധികം കാണാനായില്ല.
90 – കളുടെ മധ്യത്തിൽ ദൂരദർശന്റെ എൻറർടെയിൻമെന്റ് ചാനലായ DD – 4 ലാണ് 70 – കളുടെ അവസാനവും 80 – കളുടെ തുടക്കത്തിലും റിലീസ് ചെയ്ത, സോമൻ നായകനായ ചിത്രങ്ങൾ കാണുന്നത്. അക്കാലത്ത് അദ്ദേഹം ഒരു സൂപ്പർ താരമായിരുന്നു എന്ന് അപ്പോഴാണ് എനിക്ക് മനസിലാക്കാനായത്. പ്രേം നസീർ, മധു എന്നിവർ കഴിഞ്ഞാൽ ഏറ്റവും താരമൂല്യം സോമനുണ്ടായ ഒരു കാലം മലയാള സിനിമയിൽ ഉണ്ടായിരുന്നു. ഒരു വർഷം 40 ചിത്രങ്ങളിൽ വരെ സോമൻ അഭിനയിക്കുകയുണ്ടായി. ഒരൽപ്പം വില്ലനിസം ഉള്ള നായകൻമാരെയായിരുന്നു സോമൻ കൂടുതലും അവതരിപ്പിച്ചിരുന്നത്.
എയർ ഫോഴ്സിൽ നിന്നും വിരമിച്ചതിന് ശേഷം കൊട്ടാരക്കരയുടെ ജയശ്രീ, KPAC, കേരള ആർട്ട്സ് തീയേറ്റർ എന്നീ ട്രൂപ്പുകളിൽ സഹകരിച്ചതിന് ശേഷമാണ് 1973 – ൽ പി.എൻ. മേനോന്റെ ഗായത്രിയിലൂടെ ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. സത്യന്റെ അകാല നിര്യാണത്തെ തുടർന്ന് പ്രേം നസീർ, മധു എന്നീ താര ദ്വയത്തെ കേന്ദ്രീകരിച്ചു നീങ്ങിയ മലയാള സിനിമയിൽ രാഘവൻ, സുധീർ, വിൻസന്റ് തുടങ്ങിയവരും നായക നിരയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു സോമന്റെ അരങ്ങേറ്റം. അതേ വർഷം തന്നെ എം.ടി യുടെ നിർമ്മാല്യത്തിലൂടെ സുകുമാരനും ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നു. തന്റെ സമകാലികരായ മുൻ നിര താരങ്ങളെ അനുകരിക്കാതെ സ്വതസിദ്ധമായ ശൈലിയിൽ ഇരുവരും മലയാള സിനിമയിൽ ക്രമേണ ചുവടുറപ്പിച്ചു.
സോമന്റെ നായക പർവ്വത്തിൽ എടുത്ത് പറയേണ്ട രണ്ട് സംവിധായകരായിരുന്നു ഐ.വി.ശശിയും ജേസിയും. വിൻസന്റ്, കമൽഹാസൻ തുടങ്ങിയ തന്റെ ആദ്യ കാല നായകരെ മാറ്റി ഇടക്ക് ഐ.വി.ശശി, സോമനെ ഒന്ന് പരീക്ഷിച്ച് നോക്കി. ശശിയുടെ പരീക്ഷണം പാളിയില്ല. പത്മരാജന്റെ തിരക്കഥയിൽ ശശി ഒരുക്കിയ ഇതാ ഇവിടെ വരെ നേടിയ അഭൂതപൂർവ്വമായ വിജയം സോമന്റെ താരമൂല്യത്തെ ഉയർത്തി. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് സോമൻ തന്റെ ജൈത്രയാത്ര ആരംഭിച്ചു. ജേസിയുടെയും ഐ.വി.ശശിയുടെയും സ്ഥിരം നായകനായി സോമൻ വിലസി.
ഈ സമയത്ത് ഏഴാം കടലിനക്കരെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉദ്ദേശിച്ച സമയത്ത് പൂർത്തിയാക്കാത്തതിനെ തുടർന്ന് സോമൻ, ഐ.വി.ശശിയുമായി പിണങ്ങുകയുണ്ടായി. അക്കാലത്തെ ഉദിച്ചുയർന്നു വരുന്ന താരമായ ജയനെ ഐ.വി.ശശി തന്റെ പുതിയ ചിത്രമായ കാന്തവലയത്തിൽ സോമനു പകരം കാസ്റ്റ് ചെയ്തു. തുടർന്ന് വന്ന അങ്ങാടിയുടെ ചരിത്ര വിജയത്തോടെ ഐ.വി.ശശി – ജയൻ കൂട്ട്കെട്ട് ശക്തമായി. ജയന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് രതീഷിനെ താരമാക്കാൻ ശ്രമിച്ച ഐ.വി.ശശി തന്റെ പരീക്ഷണം ഒടുവിൽ മമ്മൂട്ടിയിൽ അവസാനിപ്പിച്ചപ്പോഴും സോമനുമായി സഹകരിക്കാൻ തയ്യാറല്ലായിരുന്നു. ഒടുവിൽ കമൽഹാസന്റെ ശ്രമഫലമായി വ്രതത്തിലാണ് സോമനും ശശിയും ഒരുമിക്കുന്നത്.
ഇക്കാലയളവിൽ മലയാള സിനിമ തലമുറ മാറ്റത്തിന് വിധേയമാവുകയും സോമനും സുകുമാരനുമൊക്കെ കാരക്ടർ വേഷങ്ങളിലേക്ക് മാറുകയും ചെയ്തിരുന്നു. പിന്നീട് ഒട്ടേറെ വില്ലൻ സഹനടൻ വേഷങ്ങളിൽ സാനിധ്യമറിയിച്ചെങ്കിലും അവയൊന്നും തന്നെ സോമന്റെ ഗതകാല പ്രൗഡിക്കിണങ്ങുന്നവയായിരുന്നില്ല. സൂപ്പർ താരങ്ങളുടെ തല്ലു വാങ്ങുന്ന സ്ഥിരം വേഷങ്ങളിൽ മനം മടുത്ത സോമന് ഏറെ നാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ കിടിലിൻ വേഷമായിരുന്നു ജോഷിയുടെ ലേലം. രഞ്ജി പണിക്കരുടെ തീ പാറുന്ന സംഭാഷണങ്ങളിലൂടെ സോമൻ കയ്യടി നേടി. നായകനായ സുരേഷ് ഗോപിക്കൊപ്പമോ അതിന് മുകളിലോ നിൽക്കുന്ന പ്രകടനമായിരുന്നു സോമൻ കാഴ്ച്ച വച്ചത്. ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന അബ്കാരി പ്രമാണിയായി സോമൻ അരങ്ങു തകർത്തു. ലേലം ബ്ലോക്ക് ബസ്റ്റർ വിജയം നേടുമ്പോഴായിരുന്നു സോമന്റെ അപ്രതീക്ഷിത വിയോഗം. കാൽ നൂറ്റാണ്ടിനിപ്പുറവും മിമിക്രി വേദികളിൽ ആനക്കാട്ടിൽ ഈപ്പച്ചന്റെ ഡയലോഗുകളിലൂടെ സോമന്റെ സാനിധ്യം നിറഞ്ഞു നിൽക്കുന്നു.