Bineesh K Achuthan

സിനിമയുമായി നേരിട്ട് ബന്ധമുള്ള ഒരു പോസ്റ്റല്ല ഇത്. പകരം മിമിക്രിയെ സംബന്ധിച്ചുള്ളതാണ്. മിമിക്രിയിൽ അര നൂറ്റാണ്ട് പഴക്കമുള്ള ഒരു ചരിത്രം നമുക്ക് കേട്ടറിവായിട്ടുണ്ട്. അത് ഏതാണ്ടിങ്ങനെയാണ്. ഫാസിലും നെടുമുടി വേണുവും തുടങ്ങി വച്ച് (അവർക്ക് മുമ്പും അനുകരണ കലയിൽ പ്രാവീണ്യമുള്ള ധാരാളം പേരുണ്ടായിരിക്കാം. പക്ഷേ അത് ഒരു കലാപരിപടിയായി വേദിയിൽ അവതരിപ്പിച്ച് ശ്രദ്ധേയരായവരിൽ പ്രഥമ സ്ഥാനീയർ ഇവരാണെന്നാണ് അറിവ്. മറിച്ചുള്ള അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു) കൊച്ചിൻ ഹനീഫയിൽ നിന്നും സ്വാധീനമുൾക്കൊണ്ട് മമ്മൂട്ടിയും ഷറഫും ‘ മാട്ട കളിച്ച് ‘ നടന്ന് പിന്നീട് സിദ്ധിഖ് – ലാൽമാരിലൂടെ കലാഭവൻ വഴി മിമിക്സ് പരേഡ് എന്ന പേരിൽ വലിയ ഒരു കലാരൂപമായി വികാസം പ്രാപിച്ച ചരിത്രം. (ഇത് കേട്ടറിവുകളുടെ ഭാഗമായുള്ള ഒരു ഏകദേശ ധാരണയാണ്. കൃത്യവും വ്യക്തവുമായ ഒരു ചരിത്രം ഈ വിഷയത്തിൽ ഇനിയും വരേണ്ടിയിരിക്കുന്നു)

മലയാളി അനുകരണ കലയിൽ അഗ്രഗണ്യനാണെന്നും മറ്റു ദേശക്കാർ മിമിക്രിയിലത്ര പോര എന്നും ഞാൻ കുറേക്കാലം തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ ഈയിടെ ഒരു തെലുങ്ക് ചാനലിൽ അവിടെയുള്ള ഒരു മിമിക്രി താരം ചിരഞ്ജീവിയുടെ ശബ്ദം അനുകരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. കേവലം ഒരു ശബ്ദാനുകരണമായിരുന്നില്ല അത്. പകരം 1979 – ന് ശേഷം ചിരഞ്ജീവി വില്ലൻ/ സഹനടൻ വേഷങ്ങൾ ചെയ്തു ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ കാലം മുതൽ ഉപനായകനും നായകനുമായി സൂപ്പർ താരമായി വളർന്നു വികസിച്ച നാലര പതീറ്റാണ്ടിലെ ശബ്ദ വ്യതിയാനങ്ങളാണ് അവിടെ അവതരിപ്പിക്കപ്പെട്ടത്. ഞാൻ അതിശയത്തോടെയാണ് ആ പരിപാടി കണ്ട് തീർത്തത്.എന്നാൽ ഇവിടത്തെ സ്ഥിതി എന്താണ് ?

മമ്മൂട്ടി പതീറ്റാണ്ടുകൾക്ക് മുമ്പ് ഉപേക്ഷിച്ച കൈ കുത്തൽ ഇന്നും മിമിക്രിക്കാർ കൈവിട്ടട്ടില്ല. സുരാജ് വെഞ്ഞാറമൂട് പോലുള്ളവർ ഇപ്പോഴും കാൽ നൂറ്റാണ്ട് മുമ്പ് റിലീസായ ആറാം തമ്പുരാനിലെ മോഹൻലാലിന്റെ ഡയലോഗുകളാണ് പൊതു വേദിയിൽ അവതരിപ്പിക്കുന്നത്. കാലികമാകുന്നില്ല എന്നതിലുപരി വ്യത്യസ്തതയും കൊണ്ട് വരാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നില്ല. ജഗദീഷിന് മൂന്ന് പതീറ്റാണ്ടായി എച്ചൂസ് മീ യും കാക്ക തൂറിയതും മാത്രം. സുരേഷ് ഗോപിക്ക് ഷിറ്റും മുകേഷിനും പുല്ല് പുല്ല് നില്ല് നില്ല്. മൂന്നര ദശാബ്ദം മലയാള സിനിമയിൽ നായകനും വില്ലനും സഹനടനുമൊക്കെയായി നിറഞ്ഞു നിന്ന സോമന്റെ ശബ്ദമായി എല്ലാവർക്കും പറയാനുള്ളത് ലേലത്തിലെ ഈപ്പച്ചൻ മാത്രം. സുകുമാരന് അയ്യോ പാവം …… പ്രേം നസീനിപ്പോഴും ഹാ മണ്ടിപ്പെണ്ണേ… മധുവിനാണെങ്കിൽ കടക്കെടാ പട്ടി പുറത്ത്…. സത്യന് അമ്മേ ….. ഒപ്പം അരോചകമാം വിധം ഗോഷ്ഠിയും. ജയന്റെ കാര്യം പിന്നെ പറയുകയേ വേണ്ട.

തമിഴ് നാട്ടിലും തെലുങ്ക് സംസ്ഥാനങ്ങളിലും ഫിഗർ ഷോ സൂപ്പറാണ്. ഒറിജിനൽ തോറ്റു പോകും. നമ്മുടെ ഫിഗർ ഷോ മോശമാണെന്നല്ല മൗലികതയില്ല. ഒരാൾ ചെയ്ത് വച്ചത് തന്നെ ബാക്കിയുള്ളവരും ചെയ്യുന്നു. മലയാളികൾ വിജയകാന്തിനെ അനുകരിച്ചാൽ നരസിമ്മയിലെ പാട്ട് വിട്ടൊരു കളിയില്ല. 155 – ലേറെ ചിത്രങ്ങളിലഭിനയിച്ച അദ്ദേഹം 500 – ലധികം ഗാനരംഗങ്ങളിലഭിനയിച്ചിട്ടുണ്ട്. എന്നിട്ടും നമ്മൾ ‘ ഈജിപ്റ്റ് റാണിയെ ‘ കൈവിടില്ല. മൗലികതക്കുള്ള ശ്രമങ്ങൾ തീരെയില്ല എന്നല്ല, നമ്മെ വിട്ടു പിരിഞ്ഞ സാഗർ ഷിയാസ് കൊണ്ടു വന്ന ” ബാബു നമ്പൂതിരിയുടെ വില്ല് ” അത്തരത്തിലുള്ള ഒരു നീക്കമായിരുന്നു. പക്ഷേ പിന്നീട് വന്നവരാരും ആ വില്ല് താഴെ വച്ചില്ല ! ഈയിടെ ഫ്ലവേഴ്സിൽ ഒരു കലാകാരൻ വിവിധ താരങ്ങളുടെ ഡാൻസിംഗ് സ്റ്റൈൽ അനുകരിക്കുകയുണ്ടായി. അത് പോലെ മമ്മൂട്ടിയുടെ വിവിധ ചിത്രങ്ങളിലെ വ്യത്യസ്തമായ ഇമോഷണൽ ഡയലോഗുകൾ ഒരാൾ അതേ ചാനലിൽ അവതരിപ്പിക്കുകയുണ്ടായി. ആ പ്രത്യേക ശബ്ദം അതിന്റെ പൂർണ്ണതയിൽ അവതരിപ്പിക്കുവാൻ ആ കലാകാരൻ തലേ രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്നു എന്നു പറയുകയുണ്ടായി. അത് പലപ്പോഴും പ്രായോഗികമല്ല എങ്കിലും ആ എഫേർട്ടിനെ അഭിനന്ദിച്ചേ മതിയാകൂ….

ഒരു നൂലിഴ വ്യത്യാസം മതി അനുകരണ കല ഗോഷ്ടിയായി തോന്നാൻ. ഈ ബോധം വച്ചു പുലർത്തിക്കൊണ്ട് വേണം കലാകാരൻമാർ പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ. ചുരുക്കം പറഞ്ഞാൽ ഓവറാക്കി ചളമാക്കാതെ വ്യത്യസ്തവും നൂതനവുമായ രീതിയിൽ അനുകരണ കല ആധുനികവൽക്കരിക്കാൻ ഉള്ള ശ്രമങ്ങൾ നടന്നില്ലെങ്കിൽ ഈ കലാരൂപത്തെ പ്രേക്ഷകർ തള്ളിക്കളയുന്ന സാഹചര്യം സംജാതമാകും.

You May Also Like

ഒരു സ്ത്രീ മരണപ്പെടുന്നു, അവളുടെ ഷൂസിനുള്ളിൽ നിന്ന് നായകന്റേതുൾപ്പെടെ 10 ആളുകളുടെ പേര് അടങ്ങിയ ഒരു ലിസ്റ്റ് കിട്ടുന്നു

Mukesh Mu ക്ലൈമാസിൽ നല്ലൊരു ട്വിസ്റ്റ്‌ കൊണ്ട് വന്നു ഞെട്ടിച്ചു. സീരീസ് അവിടെ തീർന്നു എന്ന്…

സിനിമയിലെ ആ ഇൻ്റിമേറ്റ് രംഗങ്ങൾ ഹോട്ട് ആൻഡ് സ്പൈസി ആക്കാൻ വേണ്ടിയല്ല; ദുർഗ കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിൽ ഒരാളാണ് ദുർഗ കൃഷ്ണ.

ആറ്റ്‌ലി സംവിധാനം ചെയ്ത ജവാനിലെ ആദ്യ ഗാനത്തിന് മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കെ കോപ്പിയടി വിവാദത്തിൽ കുടുങ്ങി

ആറ്റ്‌ലി സംവിധാനം ചെയ്ത ജവാനിലെ ആദ്യ ഗാനത്തിന് മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കെ കോപ്പിയടി വിവാദത്തിൽ കുടുങ്ങി.…

വീണ്ടും സീരിയൽ കില്ലർ സ്റ്റോറി , ജയം രവി – നയൻ‌താര ചിത്രം ‘ഇരൈവൻ’ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്ത്

പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമിച്ച് ഐ. അഹമ്മദ്‌ സംവിധാനം…