Bineesh K Achuthan
ഒരു കമാന്റോ ഓപ്പറേഷൻ അടിസ്ഥാനമാക്കി ചിത്രീകരിച്ച പ്രഥമ മലയാള ചലച്ചിത്രം….അതായിരുന്നു മൂന്നാം മുറ. ഇരുപതാം നൂറ്റാണ്ടിന്റെ വൻ വിജയത്തിന് ശേഷം അതേ ടീം വീണ്ടും ഒരുമിച്ച ഈ ചിത്രം റിലീസ് ചെയ്തിട്ട് ഇന്ന് 33 വർഷം. അലി ഇമ്രാൻ എന്ന ” Super Cop ” ആയി മോഹൻലാൽ തന്റെ ആരാധകരെ കയ്യിലെടുത്ത ചിത്രം.
ഒരു CBI ഡയറിക്കുറിപ്പിന്റെ ആലോചനാവേളയിൽ എസ്.എൻ.സാമി മമ്മൂട്ടിയോട് ഒരു ഡൈനാമിക് പോലീസ് ഓഫീസറുടെ കഥയാണ് ആദ്യം പറഞ്ഞത്. ആ കഥാപാത്രത്തിന്റെ പേരായിരുന്നു അലി ഇമ്രാൻ. എന്നാൽ ആവനാഴിയുടെ വൻ വിജയത്തെത്തുടർന്ന് വീണ്ടുമൊരു പോലീസ് വേഷം, അതിനി എത്ര മാത്രം പവർഫുൾ ആണെങ്കിലും ബൽറാമിന് മുകളിൽ വരില്ല എന്നതായിരുന്നു മമ്മൂട്ടിയുടെ നിലപാട്. അങ്ങനെയായിരുന്നു സേതുരാമയ്യരുടെ പിറവി. പക്ഷേ, അലി ഇമ്രാൻ എന്ന കഥാപാത്രം സാമിയുടെ മനസിൽ തങ്ങി നിന്നു. പിന്നീട് കെ. മധുവുമായി ചേർന്ന്, സാധാരണ പോലീസ് സ്റ്റോറികളിൽ നിന്നും അൽപ്പം വ്യത്യസ്തമായ ഒരു തീം തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം മുറയിലെ അലി ഇമ്രാൻ എന്ന കഥാപാത്രത്തിലേക്കുള്ള നാൾവഴികൾ ഇതായിരുന്നു.
ഇന്നത്തെ കാലത്ത് ഒരു കമാന്റോ ഓപ്പറേഷൻ ഒക്കെ ഒരു പുതുമയില്ലാത്ത വിഷയമായിരിക്കാം. പക്ഷേ, 80 – കളിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. 1984 – ൽ Blue Star Operation – ൽ ഉണ്ടായ പാളിച്ചകളെ തുടർന്ന് 1986 – ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ National Security Guard – NSG രൂപീകരിക്കുന്നത്. അത് വരെയുള്ള മലയാള സിനിമാ പ്രേക്ഷകർക്ക് ഒരൊറ്റ രാത്രി നടക്കുന്ന ഇത്തരം റെസ്ക്യൂ ഓപ്പറേഷൻസ് – കേട്ട് കേൾവി മാത്രമായിരുന്നു.
വൻ താരനിരയിൽ ഒരുങ്ങിയ മൂന്നാം മുറയിൽ അന്ന് മലയാള സിനിമയിലെ പ്രമുഖ നടൻമാരിൽ പ്രേം നസീർ , മധു , മമ്മൂട്ടി എന്നിവരൊഴികെയുള്ള മിക്കവരും ഉണ്ടായിരുന്നു. ചാൾസ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ലാലു അലക്സിന്റെ പ്രകടനം ശ്രദ്ധ പിടിച്ചു പറ്റി. പിൽക്കാലത്ത് തമിഴ് സിനിമയിൽ ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങൾ കൈകാര്യം ചെയ്ത പൊന്നമ്പലം ചെറുതെങ്കിലും ശ്രദ്ധേയമായിരുന്നു. രാജാവിന്റെ മകൻ, കിരീടം തുടങ്ങിയ ചിത്രങ്ങൾ തെലുങ്കിൽ റീമേക്ക് ചെയ്തപ്പോൾ നായക വേഷം ചെയ്ത ഡോ. രാജശേഖർ തന്നെയായിരുന്നു മൂന്നാം മുറയുടെ തെലുങ്ക് പതിപ്പായ മഗാഡു വിലെയും നായകൻ. കെ.മധു തന്നെയായിരുന്നു തെലുങ്കിലെയും സംവിധായകൻ.
വമ്പൻ ഇനീഷ്യലോടെ റിലീസ് ചെയ്ത മൂന്നാം മുറ ലോംഗ് റണ്ണിൽ കാര്യമായ നേട്ടങ്ങൾ കൈവരിച്ചില്ല. എങ്കിലും മോഹൻലാലിന്റെ ആരാധകർക്കിടയിൽ കൾട്ടായി മാറാൻ ഈ ചിത്രത്തിന് കഴിഞ്ഞു. ഒപ്പം തന്നെ ശ്യാമിന്റെ ഹരം കൊള്ളിക്കുന്ന BGM – ന് ഇന്നും ആരാധകർ ഏറെ ഉണ്ട്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾ ട്രേഡ് മാർക്കാക്കിയ കെ. മധു – എസ്. എൻ.സാമി ദ്വയങ്ങളുമായി വിവിധ ചിത്രങ്ങളിൽ മോഹൻലാൽ പലവട്ടം വെവ്വേറെ സഹകരിച്ചിട്ടുണ്ടെങ്കിലും ഈ ടീം പിന്നെ ഒരിക്കലും ഒരുമിച്ചിട്ടില്ല.
അഭിനേതാക്കൾ
മോഹൻലാൽ – അലി ഇമ്രാൻ
ലാലു അലക്സ് – ചാൾസ്
രേവതി – മിനി ജോൺസൺ
സുകുമാരൻ – ഡി.ഐ.ഡി. മേനോൻ
ജനാർദ്ദനൻ – മാത്യൂസ്
ശ്രീനാഥ് – എസ്.ഐ. രാജു
സുരേഷ് ഗോപി – വൈശാഖൻ
മുകേഷ് – വിനോദ്
പ്രതാപചന്ദ്രൻ – ഭരതൻ മേനോൻ
വിജയരാഘവൻ – കരുണൻ
ബാബു ആന്റണി – ആന്റണി
മുരളി – ജയൻ
സി.ഐ. പോൾ – മന്ത്രി
ഇന്നസെന്റ് – കിസാൻ ജേക്കബ്
പറവൂർ ഭരതൻ – ബാലകൃഷ്ണൻ
മാള അരവിന്ദൻ – ഡ്രൈവർ
കൊല്ലം തുളസി – ഹോം സെക്രട്ടറി
ജോസ് – ഡോക്ടർ
എം.എസ്. തൃപ്പൂണിത്തുറ – നമ്പൂതിരി
ടി.പി. മാധവൻ – പണിക്കർ
ബാബു നമ്പൂതിരി – മോഹൻ
വി.കെ. ശ്രീരാമൻ – സൈമൺ
മോഹൻ രാജ്
ശ്യാമ
വത്സല മേനോൻ