Bineesh K Achuthan

ആശീർവാദ് സിനിമാസിൻ്റെ പ്രഥമ സംരംഭമായ നരസിംഹം റിലീസ് ചെയ്തിട്ട് ഇന്ന് (ജനുവരി 26) 24 വർഷം. ബ്ലോക്ക് ബസ്റ്റർ വിജയം നേടിയ ആറാം തമ്പുരാനു ശേഷം ഷാജി കൈലാസ് – രഞ്ജിത് – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന നരസിംഹം ഹൈപ്പിനോട് നീതി പുലർത്തിയ ചരിത്ര വിജയമാണ് നേടിയത്. ജഗതിയുടെ 1000 -ാമത്തെ ചിത്രം ഇതാണെന്ന് പറയപ്പെടുന്നു. മോഹൻലാൽ ആരാധകർക്കുള്ള ഒരു വിഷ്വൽ ട്രീറ്റായിരുന്നു നരസിംഹം. പൂവള്ളി ഇന്ദുചൂഢൻ എന്നു നാമകരണം ചെയ്ത ഈ ചിത്രം പിന്നീട് നരസിംഹം എന്ന പേരിലേക്ക് മാറുകയായിരുന്നു.

അയൽവക്കത്തെ പയ്യൻ എന്ന ഇമേജിലായിരുന്നു ആദ്യ കാലങ്ങളിലെ മോഹൻലാൽ. സാധാരണക്കാരൻ്റെ വ്യഥകളും നൊമ്പരങ്ങളും നർമ്മത്തിൽ ചാലിച്ച് പറയുന്ന സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൂട്ടുകെട്ടിൻ്റെ ചിത്രങ്ങളായിരുന്നു പ്രസ്തുത ഇമേജിൻ്റെ അടിത്തറ. ആക്ഷൻ ത്രില്ലറായ രാജാവിൻ്റെ മകനിലൂടെയാണ് സൂപ്പർ താരമായതെങ്കിലും ടൈപ്പ് കാസ്റ്റ് ആവാതിരിക്കാൻ ലാൽ അന്നേ ശ്രദ്ധിച്ചിരുന്നു. എങ്കിലും മോഹൻലാലിൻ്റെ കലാമൂല്യമുള്ള ചിത്രങ്ങൾ വാണിജ്യ വിജയങ്ങളിൽ നിന്നും അകന്നു നിന്നു. ലോഹിതദാസിൻ്റെ രചനകളാണ് ഈയൊരവസ്ഥയിൽ നിന്നും ലാലിനെ മോചിപ്പിക്കുന്നത്. കിരീടത്തിന് ലഭിച്ച വൻ ജനപ്രീതിയെ തുടർന്ന് മോഹൻലാൽ കൂടുതലും ഗൗരവ സ്വഭാവമുള്ള ചിത്രങ്ങൾ തെരഞ്ഞെടുക്കാൻ തുടങ്ങി.

ഇതേ സമയം മലയാള സിനിമയിൽ റാംജിറാവ് സ്പീക്കിംഗിലൂടെ കോമഡി തരംഗത്തിന് തുടക്കമിടുന്നത്. ജയറാം, മുകേഷ്, ജഗദീഷ്, സിദ്ധിഖ് എന്നിവരടങ്ങുന്ന ഒരു നിര താരങ്ങൾ ഒറ്റക്കോ കൂട്ടമായോ ഉള്ള ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ഒരു പിടി ചിത്രങ്ങൾ മലയാള സിനിമയിൽ സജീവമായി. ഈ ഘട്ടത്തിൽ, ലാലിൻ്റെ ഹാസ്യരസ പ്രാധാന്യമുള്ള റോളുകൾ ഏറെക്കുറെ പ്രിയദർശൻ ചിത്രങ്ങളിൽ ഒതുങ്ങി.

ആയിടക്കാണ് രഞ്ജിത്തിൻ്റെ രചനയിൽ ഐ വി ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന മോഹൻലാൽ ചിത്രം വരുന്നത്. മികച്ച വിജയം നേടിയ ദേവാസുരം കാലക്രമത്തിൽ കൾട്ടായി മാറി. ഇതിനിടയിൽ വ്യത്യസ്തമായ ധാരാളം ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിക്കുന്നുണ്ടെങ്കിലും പ്രേക്ഷകർ മീശ പിരിച്ച മോഹൻലാലിനെ കൂടുതൽ ഇഷ്ടപ്പെടാനാരംഭിച്ചു. സ്ഫടികം നേടിയ വൻ വിജയം അതിനെ സാധൂകരിക്കുന്നതായിരുന്നു. സ്ഫടികവും കാലക്രമത്തിൽ കൾട്ട് സ്റ്റാറ്റസ് നേടി. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഷാജി കൈലാസ് – രഞ്ജിത് – മോഹൻലിൽ കൂട്ടുകെട്ടിൻ്റെ പ്രഥമ ചിത്രമായ ആറാം തമ്പുരാൻ റിലീസാകുന്നത്. തകർപ്പൻ വിജയം കരസ്ഥമാക്കിയ ആറാം തമ്പുരാന് ശേഷം അതേ ടീം ഒരുമിക്കുന്ന ചിത്രം എന്ന നിലയിൽ നരസിംഹത്തിൽ വൻ പ്രതീക്ഷകളായിരുന്നു പ്രേക്ഷകർക്ക്.

ഐതിഹാസിക വിജയം നേടിയ നരസിംഹം മോഹൻലാലിനെ മറ്റൊരു ദശാസന്ധിയിൽ എത്തിക്കുകയാണ് ചെയ്തത്. തുടർന്ന് വന്ന മോഹൻലാൽ ചിത്രങ്ങളെല്ലാം തന്നെ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു. പ്രഗത്ഭ സംവിധായകരായ ഐ വി ശശി, ഫാസിൽ, സിബി മലയിൽ തുടങ്ങിയവരെല്ലാം തന്നെ മാറിയ മോഹൻലാലിൻ്റെ ഇമേജിനനുസൃതമായി ചിത്രങ്ങളൊരുക്കാൻ കഴിയാതെ പകച്ചു നിന്നു. പ്രിയദർശൻ്റെ കാക്കക്കുയിലിലൂടെ ആശ്വാസ വിജയം നേടിയെങ്കിലും 2001 – ലെ ഓണ ചിത്രവും രഞ്ജിത്തിൻ്റെ കന്നി സംവിധാന സംരംഭവുമായ രാവണ പ്രഭുവിൻ്റെ ബ്ലോക്ക് ബസ്റ്റർ വിജയമാണ് മോഹൻലാലിനെ തിരികെയെത്തിച്ചത്. മോഹൻലാൽ മീശ പിരിച്ചാലേ പടം ഹിറ്റാകൂ എന്നൊരു ധാരണ മോഹൻലാലിലും ഉണ്ടായി എന്ന് തോന്നിപ്പിക്കും വിധം പിന്നെയും കുറെ ചിത്രങ്ങൾ. ഒടുവിൽ രക്ഷകനായി ബാലേട്ടൻ. പിന്നെയും പരാജയങ്ങൾ. അങ്ങനെ ഏകദേശം 2005 – 06 കാലത്തൊക്കെയാണ് മോഹൻലാലിൻ്റെ കരിയറിൽ തുടർ വിജയങ്ങൾ ഉണ്ടാകുന്നത്.

നരസിംഹത്തിൻ്റെ ചരിത്ര വിജയം മോഹൻലാലിൻ്റെ താരമൂല്യത്തെ വാനോളമുയർത്തി. പക്ഷേ, നരസിംഹത്തിന്റെ മുകളിൽ വരുന്ന കഥാപാത്രങ്ങൾ പ്രതീക്ഷിക്കുന്ന അദ്ദേഹത്തിൻ്റെ ആരാധകർ പിന്നീട് വന്ന ദേവദൂതൻ അടക്കമുള്ള ക്ലാസിക്കുകളെ നിരാകരിച്ചു. രണ്ടാഴ്ച്ചക്കുള്ളിലാണ് ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റും രാജാവിൻ്റെ മകനും റിലീസാകുന്നത്. ഇരു ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു. ഒരു മാസത്തെ വ്യത്യാസത്തിലായിരുന്നു

നാടുവാഴികളും കിരീടവും റിലീസായത്. ഇവയെല്ലാം വ്യത്യസ്ത ജേണറുകളിലുള്ളവയായിരുന്നു. ഒരു പക്ഷെ 2 K പ്രേക്ഷകർക്ക് മാറ്റങ്ങൾ സംഭവിച്ചതാകാം. തീയേറ്ററുകളെ പിടിച്ചു കുലുക്കുന്ന ചിത്രങ്ങളായിരിക്കാം ലാൽ ആരാധകർക്ക് പഥ്യം. പക്ഷേ ജയകൃഷ്ണനും രാജീവ് മേനോനുമൊന്നും തീയേറ്ററുകളിൽ ആഘോഷിക്കപ്പെട്ടിട്ടല്ല ജനഹൃദയങ്ങളിൽ സ്ഥാനം നേടി എടുത്തത് എന്നവർ മറന്നു പോകുന്നു. ആരാധകർ ആട്ടിത്തെളിച്ച വഴിയിലൂടെ പോകണോ അതോ നടൻ തെളിച്ച വഴിയെ ആരാധകരെ വരുത്തണോ എന്ന ചോദ്യം ബാക്കി നിൽക്കുന്നു.

മോഹൻലാലിൻ്റെ കരിയറിനെ നരസിംഹത്തിന് മുമ്പ് / ശേഷം എന്ന നിലയിൽ വേർതിരിക്കാവുന്നതാണ്. രസകരമായ വസ്തുത ഇൻഡസ്ട്രി ഹിറ്റായി മാറിയ ഈ ചിത്രത്തിന് ശേഷം ഷാജിയുമായും രഞ്ജിത്തുമായും മോഹൻലാൽ വെവ്വേറെ ഒരുമിച്ചിട്ടുണ്ടെങ്കിലും ഷാജി കൈലാസ് – രഞ്ജിത് – മോഹൻലാൽ കോംബോയിൽ മറ്റൊരു ചിത്രം നാളിതു വരെ വന്നിട്ടില്ല എന്നതാണ്.

You May Also Like

പാൽതു ജാൻവർ – ‘അമ്പിളി രാവ്’ വീഡിയോ സോംഗ് പുറത്തിറക്കി

പാൽതു ജാൻവർ – വീഡിയോ സോംഗ് പുറത്തിറക്കി. ‘അമ്പിളി രാവ്’ എന്നുതുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. സംഗീതം…

ടിഷ്യൂ തുടയ്ക്കാൻ വിധിക്കപ്പെട്ട പടയപ്പയുടെ നീലാംബരി

ടിഷ്യൂ തുടയ്ക്കാൻ വിധിക്കപ്പെട്ട പടയപ്പയുടെ നീലാംബരി Anupriya Raj പൊതുവെ രജനി സിനിമകളുടെ ഫാൻ അല്ല.…

ചുവപ്പ് സാരിയിൽ അതിസുന്ദരിയായി ഭാവന.

മലയാളികളുടെ പ്രിയതാരം ആണ് ഭാവന.

“ഉണ്ണിയേട്ടാ എന്നു വിളിക്കാത്ത വിനുവിനെ എനിക്കാവശ്യമില്ല” എന്ന ഡയലോഗാണ് എന്റെ മനസിൽ പതിഞ്ഞ ആദ്യ നെടുമുടിയൻ ഡയലോഗ്

Bineesh K Achuthan ” ഉണ്ണിയേട്ടാ എന്നു വിളിക്കാത്ത വിനുവിനെ എനിക്കാവശ്യമില്ല ” എന്ന ഡയലോഗാണ്…