Bineesh K Achuthan
നവംബർ 3 നരേന്ദ്രപ്രസാദ്
ചരമവാർഷിക ദിനം
സാഹിത്യ നിരൂപകൻ, നാടകകൃത്ത്, നാടക സംവിധായകൻ, വോയ്സ് ആക്റ്റർ, ചലച്ചിത്ര നടൻ, എന്നിങ്ങനെ വിവിധ മേഖലകളിൽ ശോഭിച്ച വ്യക്തിത്വമായ ആർ. നരേന്ദ്രപ്രസാദ് അന്തരിച്ചത് 2003 – ലെ ഇതേ ദിവസമായിരുന്നു. ബഹുമുഖ പ്രതിഭയായിരുന്ന നരേന്ദ്രപ്രസാദിന്റെ മുഖം തിരശ്ശീലയിൽ കാണുന്നതിന് മുൻപേ ശബ്ദമാണ് എന്റെ ശ്രദ്ധയിലാദ്യം പതിയുന്നത്. പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രത്തിലെ രാമചന്ദ്ര മേനോന്റെ ശബ്ദമായ്. രഞ്ജിനിയുടെ പിതാവിന്റെ വേഷത്തിൽ വരുന്ന പൂർണ്ണം വിശ്വനാഥന് വേണ്ടി ഡബ്ബ് ചെയ്തത് നരേന്ദ്രപ്രസാദായിരുന്നു. ആകാശവാണി ആർട്ടിസ്റ്റും സൗണ്ട് മോഡുലേഷനിൽ അഗ്രഗണ്യനുമായ ഒരാൾക്ക് അതേ പ്രതിഭാവിലാസമുള്ള മറ്റൊരു പ്രതിഭ തന്നെ ശബ്ദം നൽകിയത് ഇന്ന് കൗതുകകരമായി തോന്നുന്നു.
ചിത്രത്തിന് മുമ്പേ റിലീസായ വൈശാലി ഞാൻ പിന്നീടാണ് കാണുന്നത്. ലോമപാദ മഹാരാജാവിന്റെ ഗാംഭീര്യത്തിനിണങ്ങുന്ന ശബ്ദമായ് ഭരതൻ കണ്ടെത്തിയതും നരേന്ദ്ര പ്രസാദിനെയായിരുന്നു. ഷാജി കൈലാസ് – രൺജി പണിക്കർ ദ്വയങ്ങളുടെ പൊളിറ്റിക്കൽ ആക്ഷൻ ചിത്രങ്ങളിലൂടെയാണ് ഒരു ചലച്ചിത്ര പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് നരേന്ദ്രപ്രസാദ് കൂടുതൽ സുപരിചിതനാകുന്നത്. തലസ്ഥാനത്തിലെ ജി.പി എന്ന ജി. പരമേശ്വരനെയും സ്ഥലത്തെ പ്രധാന പയ്യൻസിലെ കുഞ്ഞികണ്ണൻ നമ്പ്യാരെയും ഗംഭീരമാക്കിയതോടെ അദ്ദേഹം കൂടുതൽ ജനകീയനായി.
തന്റെ പ്രതിഭയെ നെഗറ്റീവ് വേഷങ്ങളിൽ തളച്ചിടാതെ വ്യത്യസ്ത രീതിയിൽ ഉപയോഗിക്കാനും നരേന്ദ്രപ്രസാദിന് അവസരം ലഭിച്ചു. പൈതൃകത്തിലെയും ആയിരപ്പറയിലെയും അച്ഛൻ വേഷങ്ങൾ അത്തരത്തിലുള്ളവയായിരുന്നു. ഹാസ്യ രസം കൂടി തനിക്ക് വഴങ്ങുമെന്ന് മേലേപറമ്പിൽ ആൺവീട്ടിലെ ത്രിവിക്രമൻ പിള്ള എന്ന കർക്കശക്കാരനായ, എന്നാൽ കാണികളിൽ ചിരിയുണർത്തുന്ന റോളിലൂടെ അദേഹം തെളിയിച്ചു. സുരേഷ് ഗോപിയുടെ കരിയറിലെ നിർണ്ണായക ചിത്രങ്ങളായ തലസ്ഥാനത്തിലെയും ഏകലവ്യനിലെയും വില്ലൻ വേഷങ്ങൾ നരേന്ദ്രപ്രസാദിന് ഏറെ കയ്യടി നേടി കൊടുത്തു. കെ.മധു – എസ്.എൻ.സാമി ടീമിന്റെ ഒരു അഭിഭാഷകന്റെ കേസ് ഡയറിയിൽ മമ്മൂട്ടിയുമായുള്ള കോടതി രംഗങ്ങളിൽ നരേന്ദ്രപ്രസാദിന്റെ അസാധ്യ പ്രകടനമായിരുന്നു. ജഗദീഷ്. ടി. നമ്പ്യാരെന്ന പ്രതിഭാഗം വക്കീലായി, കോടതി മുറിയിലെ വാഗ്ധോരണികൾ കൊണ്ട് നരേന്ദ്രപ്രസാദ് ഡയലോഗ് ഡെലിവറിയിൽ താനൊരു പുലിയാണെന്ന് സിംഹത്തിന്റെ മടയിൽ ചെന്ന് വെല്ലുവിളിച്ചു കൊണ്ട് തെളിയിച്ചു.
ഷാജി കൈലാസ് ചിത്രമായ ആറാം തമ്പുരാനിലെ കുളപ്പുള്ളി അപ്പനായി മിന്നുന്ന പ്രകടനമാണ് നരേന്ദ്ര പ്രസാദ് കാഴ്ചവച്ചത്. ഷാജിയുടെ തന്നെ F I R ലെ റഹിം ഹാജിയും ഡയലോഗ് പ്രസന്റേഷൻ കൊണ്ട് കയ്യടി വാങ്ങിയ കഥാപാത്രമായിരുന്നു. 1993 – ൽ മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് ജയരാജിന്റെ പൈതൃകത്തിലൂടെ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. തന്റെ പ്രതിഭക്കിണങ്ങുന്ന വേഷങ്ങൾ അദേഹത്തിന് കിട്ടിയിട്ടില്ല എന്നാണ് എന്റെ പക്ഷം. നിങ്ങളുടെയോ ????