Entertainment
തെലുങ്കരുടെ രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു

Bineesh K Achuthan
ഇന്ന് അവിഭക്ത ആന്ധ്രയുടെ താര ദൈവം എൻ.ടി.രാമറാവുവിന്റെ 99-ാം ജന്മവാർഷികം. തെലുങ്കർക്ക് രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു എന്നു പറഞ്ഞാൽ അതിശയോക്തിയല്ല. എന്നാൽ തുടരെയുള്ള ഭക്തിരസ പ്രാധാന്യമുള്ള ചിത്രങ്ങൾ 70 – കളുടെ മധ്യത്തോടെ കാണികളിൽ മടുപ്പുളവാക്കി. അത്തരത്തിലുള്ള പല എൻ ടി ആർ ചിത്രങ്ങളും വേണ്ടത്ര വിജയിച്ചില്ല. ഈ സമയം ശോഭൻ ബാബുവിന്റെ ചിത്രങ്ങൾ തുടർച്ചയായി വിജയം വരിക്കുകയും ചെയ്തു. അപകടം മണത്ത എൻ ടി ആർ തന്റെ ഡെമി ഗോഡ് പ്രതിച്ഛായയെ പുതുക്കിപ്പണിയാൻ ബോളിവുഡിൽ വൻ വിജയം നേടിയ ; സലിം – ജാവേദ് ടീം രചിച്ച അമിതാഭ് ബച്ചൻ ചിത്രങ്ങളുടെ റീമേക്കുകളെ ആശ്രയിച്ചു.
അത്തരം സോഷ്യൽ ഡ്രാമകൾ എൻ ടി ആറിന്റെ താരപദവിയെ അതിന്റെ പീക്കിലെത്തിക്കുകയും ചെയ്തു. അവതാര പുരുഷൻമാരെ അവതരിപ്പിച്ചു വിജയിച്ചതിന് ശേഷം അദ്ദേഹം തന്റെ താരപദവിയെ മാസ് ഹീറോ എന്ന നിലയിൽ പുതുക്കിപ്പണിതു. ഫലമോ ആബാലവൃദ്ധം ജനങ്ങളും അദ്ദേഹത്തിന്റെ ആരാധകരായി മാറി. തന്റെ താരപദവി അതിന്റെ ഉച്ഛസ്ഥായിയിൽ നിൽക്കുമ്പോഴായിരുന്നു എൻ ടി ആറിന്റെ രാഷ്ട്രീയ പ്രവേശനം. അതിന് നിമിത്തമായതാകട്ടെ സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ ദേശീയ നേതാവ് ഒരു പൊതുസ്ഥലത്ത് വച്ച് പരസ്യമായി സംസ്ഥാന മുഖ്യമന്ത്രിയെ ശകാരിക്കുകയുണ്ടായി. തദവസരത്തിൽ ദയനീയമായി കരയാനേ ദുർബലനായ ആ മുഖ്യമന്ത്രിക്കപ്പോൾ കഴിഞ്ഞുള്ളൂ.
തെലുങ്കരുടെ ആത്മാഭിമാനത്തിനേറ്റ മുറിവായാണ് ജനസാമാന്യമത് മനസിലാക്കിയത്. തൽസമയം തന്നെ ജനങ്ങളുടെ വൈകാരികതയെ ആളിക്കത്തിച്ച് കൊണ്ട് തെലുങ്കരുടെ ആത്മാഭിമാനം വ്രണപ്പെട്ടു എന്ന നിലയിൽ എൻ ടി ആർ രംഗത്തെത്തി. തെലുഗു ദേശം എന്ന പേരിൽ ഒരു രാഷ്ട്രീയ കക്ഷി രൂപവൽക്കരിച്ചു കൊണ്ട് സംസ്ഥാനത്തുടനീളം വമ്പൻ റാലികൾ സംഘടിപ്പിച്ച് ഈ വിഷയത്തെ എൻ ടി ആർ ആളിക്കത്തിച്ചു. പാർട്ടി രൂപവൽക്കരിച്ച് മാസങ്ങൾക്കുള്ളിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ മൂന്നര പതീറ്റാണ്ട് തുടർച്ചയായി ഭരിച്ച ഭരണകക്ഷിയെ അട്ടിമറിച്ച് എൻ ടി ആർ അധികാരത്തിലെത്തി. പിന്നീടെല്ലാം ചരിത്രം.
എൻ ടി ആർ അധികാരത്തിലേറിയ സമയത്ത് മദ്രാസിൽ നിന്നും തെലുങ്ക് സിനിമാ ലോകത്തെ ഹൈദ്രാബാദിലേക്ക് പറിച്ച് നടാനുള്ള ശ്രമമാരംഭിച്ചു. ശോഭൻ ബാബുവിനു നേരെയുണ്ടായ ചില നീക്കങ്ങൾ തെലുങ്ക് സിനിമാ പ്രവർത്തകരെ മദ്രാസിൽ നിന്നും ഹൈദ്രാബാദിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചിരുന്നു. എൻ ടി ആർ ഭരണം ആ നീക്കത്തെ സുഗമമാക്കി. എൻ ടി ആറിന്റെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ രാമകൃഷ്ണ സ്റ്റുഡിയോസ്, എ എൻ ആറിന്റെ അന്നപൂർണ്ണ സ്റ്റുഡിയോസ്, സൂപ്പർ സ്റ്റാർ കൃഷ്ണയുടെ പത്മാലയ എന്നീ മൂന്ന് നിർമ്മാണ കമ്പനികൾ ആ നീക്കത്തിന്റെ ഭാഗമായി തദേശീയമായ നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെട്ടു.
സ്വാത്രന്ത്ര്യലബ്ധിക്ക് മുമ്പ് 1923 മെയ് 28 – ന് ജനിച്ച എൻ ടി ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട നന്ദമൂരി താരക രാമറാവു ബിരുദ ധാരണത്തിന് ശേഷം മദ്രാസ് സർവ്വീസ് കമ്മീഷന്റെ പരീക്ഷ പാസായി സബ് രജിസ്ട്രാർ തസ്കികയിൽ സേവനം ആരംഭിക്കുകയും ചെയ്തു.
അധികം വൈകാതെ തന്റെ അഭിനയ മോഹത്തിനായി ആ ലാവണം ഉപേക്ഷിച്ച് മദാസിൽ എത്തുകയും ചെയ്തു. 1949 -ൽ റിലീസായ മനാ ദേശത്തിലൂടെ അരങ്ങേറ്റം കുറിച്ച എൻ ടി ആർ 1950 – കളോടെ തിരക്കേറിയ താരമായി മാറി. തുടർന്ന് മൂന്ന് പതീറ്റാണ്ടോളം തെലുങ്ക് സിനിമാ ലോകത്തിലെ നിർണ്ണായക ശക്തിയായിരുന്നു. സംഭവ ബഹുലമായ സിനിമാ ജീവിതത്തിന് ശേഷം അതിലേറെ ചരിത്ര സംഭവങ്ങൾക്ക് നാന്ദി കുറിക്കാൻ ശേഷിക്കുന്ന ജീവിതം അദ്ദേഹം രാഷ്ട്രീയത്തിൽ ചെലവിട്ടു. കയറ്റിറക്കങ്ങൾ ധാരാളം കണ്ട ആ ജീവിതം 1996 ജനവരി 18 – ന് അവസാനിച്ചു. തെലുങ്ക് സൂപ്പർ താരം ബാലകൃഷ്ണ എൻടിആറിന്റെ മകനാണ്. RRR – ലൂടെ പാൻ ഇന്ത്യൻ താരമായി ഉദിച്ചുയരുന്ന താരക് എന്ന ജൂനിയർ എൻടിആർ ; മുത്ത മകൻ ഹരികൃഷ്ണയുടെ മകനാണ്.
346 total views, 4 views today