Bineesh K Achuthan ·

“വസന്തത്തിൻ്റെ ഇടി മുഴക്കങ്ങൾ ” സ്വപ്നം കണ്ട്, കേരളത്തിലെ നക്സൽ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചു ജയിൽ വാസമനുഷ്ഠിച്ചതിന് ശേഷം പരോളിൽ പുറത്തിറങ്ങുന്ന ഒരു യുവതിയുടെ രണ്ടാഴ്ച്ചത്തെ ജീവിതം. അതായിരുന്നു എംടി – ഹരിഹരൻ കൂട്ട് കെട്ടിൽ വന്ന പഞ്ചാഗ്നി എന്ന ചിത്രം. ഗീത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രമായി മോഹൻലാലുമുണ്ട്.
രജനീകാന്തിൻ്റെ ദ്വിഭാഷാ ചിത്രമായ ഗർജ്ജനത്തിലൂടെയും കമലാഹാസൻ്റെ ബഹുഭാഷാ ചിത്രമായ സാഗര സംഗമത്തിലൂടെയും മലയാള പ്രേക്ഷകർക്ക് പരിചിതയായ ഗീതയുടെ ആദ്യ മലയാള ചിത്രമായിരുന്നു പഞ്ചാഗ്നി. പഞ്ചാഗ്നിയിലെ ഇന്ദിരയുടെ വേഷത്തിലേക്ക് ഹരിഹരൻ്റെ ആദ്യ ചോയ്സ് അംബികയായിരുന്നു.

ബഹുഭാഷാ നായികയായി തിളങ്ങി നിൽക്കുന്ന അംബിക ആ സമയം ഒരു കന്നട ചിത്രത്തിന് ഡേറ്റ് നൽകിയതിനാൽ പഞ്ചാഗ്നിയിൽ അഭിനയിക്കാനായില്ല. തൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം എന്നാണ് അംബിക ഇതിനേക്കുറിച്ച് പറയാറുള്ളൂ. പഞ്ചാഗ്നിയിലെ ഇന്ദിരക്ക് വേണ്ടിയാകാൻ ഗീതയെ സമീപിച്ചപ്പോൾ ആദ്യ ചോദ്യം ഇതായിരുന്നു ; മമ്മൂട്ടി സാർ ആണോ ഹീറോ ? ഗീതയുടെ ചോദ്യമിഷ്ടപ്പെടാതെ ഹരിഹരൻ പ്രതികരിച്ചു ; എൻ്റെ ചിത്രങ്ങളിൽ താരങ്ങൾക്കല്ല, സബ്ജക്റ്റിനാണ് പ്രാധാന്യം എന്ന്. താൻ അവതരിപ്പിക്കാൻ പോകുന്ന കഥാപാത്രത്തിൻ്റെ പ്രാധാന്യം മനസിലാക്കിയൊന്നുമല്ല ഗീത പഞ്ചാഗ്നിക്ക് ഡേറ്റ് നൽകിയതെന്ന് പിന്നീടൊരിക്കൽ ഹരിഹരൻ പറയുകയുണ്ടായി. പഞ്ചാഗ്നിയിലെ റഷീദിൻ്റെ വേഷത്തിലേക്ക് നസറുദ്ദീൻ ഷാ ആയിരുന്നു എം ടിയുടെ മനസിൽ. 80 – കളിൽ ബോളിവുഡിലെ സമാന്തര ചലച്ചിത്രങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു നസറുദ്ദീൻ ഷായെ
എം ടിയുടെ നിർദ്ദേശപ്രകാരം പഞ്ചാഗ്നിയിലേക്ക് അഡ്വാൻസ് നൽകി ബുക്ക് ചെയ്തു.

ആയിടക്കാണ് യാദൃശ്ചികമായി ഹരിഹരനെ കണ്ട മോഹൻലാൽ പുതിയ ചിത്രത്തിൽ തനിക്ക് വേഷമൊന്നുമില്ലേ എന്ന് ചോദിച്ചത്. ഏത് വേഷം വേണമെന്ന ഹരിഹരൻ്റെ ചോദ്യത്തിന് ഏത് വേഷവും സ്വീകരിക്കും എന്ന മറുപടിയാണ് മോഹൻലാൽ നൽകിയത്. ഉടൻ തന്നെ ഹരിഹരൻ ഇക്കാര്യം എംടിയുമായി ചർച്ച ചെയ്തു.

nasiruddin shah
nasiruddin shah

ഹരിഹൻ്റെ ചിത്രത്തിൽ മോഹൻലാൽ ഇതിന് മുമ്പ് സഹകരിച്ചിട്ടില്ല. എന്നാൽ എം ടിയുടെ നാലോ അഞ്ചോ ചിത്രങ്ങളിൽ അതിനകം ലാൽ അഭിനയിച്ചു കഴിഞ്ഞു. തൻ്റെ ഉയരങ്ങളിലെ ജയരാജനെ സമാനതകളില്ലാത്ത വിധം ഗംഭീരമാക്കിയ മോഹൻലാലിനെ, പഞ്ചാഗ്നിയിലെ റഷീദിന്റെ വേഷത്തിലേക്ക് പരിഗണിക്കാൻ എം ടിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. ഈ ചിത്രത്തിൽ ക്ലീൻ ഷേവ് ലുക്കിലായിരുന്നു മോഹൻലാൽ. എം ടി യുടെ തന്നെ രംഗം എന്ന ഐ വി ശശി ചിത്രത്തിന് വേണ്ടിയായിരുന്നു അതിന് മുമ്പ് ലാൽ ക്ലീൻ ഷേവ് ലുക്കിൽ വന്നത്.

പഞ്ചാഗ്നിയുടെ സംഗീത സംവിധാനം നിർവ്വഹിച്ചത് ബോംബെ രവിയായിരുന്നു. ഹിന്ദി ചലച്ചിത്ര ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 70 – കൾക്ക് ശേഷം സജീവമല്ലായിരുന്നു. സംവിധായകൻ ഹരിഹരൻ്റെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ബോംബെ രവി പഞ്ചാഗ്നിയുടെ ഈണം നൽകാൻ എത്തുന്നത്. ഒ എൻ വി കുറുപ്പ് രചിച്ച രണ്ട് ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറി. ആ രാത്രി മാഞ്ഞു പോയി……. എന്ന് തുടങ്ങുന്ന ഗാനം ഗായിക ചിത്രക്ക് ഏറെ മൈലേജ് നൽകി. യേശുദാസ് ആലപിച്ച സാഗരങ്ങളേ ….. എന്നു തുടങ്ങുന്ന ഗാനം ആ കാലഘട്ടത്തിലെ ഏറ്റവും ജനപ്രിയ ചലച്ചിത്രഗാനമായിരുന്നു. തുടക്കത്തിലെ ഓർക്കസ്ട്ര കേട്ടാൽ തന്നെ ഗാനം ഏതെന്ന് ശ്രോതാക്കൾക്ക് മനസിലാകും വിധം ജനപ്രീതിയാർജ്ജിക്കാൻ ആ പാട്ടിനു കഴിഞ്ഞു. പിന്നീട് ഹരിഹരൻ്റെ ഏതാണ്ടെല്ലാ ചിത്രങ്ങളുടെയും ഈണം നൽകിയത് രവി ബോംബെയായിരുന്നു. അത് വഴി മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു പിടി ഗാനങ്ങളും ലഭിച്ചു.

ആബാലവൃദ്ധം ജനങ്ങളെയും ആകർഷിച്ചു കൊണ്ട് പഞ്ചാഗ്നി ബ്ലോക്ക് ബസ്റ്റർ വിജയം നേടി. ബി, സി സെൻ്ററുകളിലും ഈ വിജയം ആവർത്തിച്ചു. നായികയായുള്ള ഗീതയുടെ മലയാളത്തിലെ അരങ്ങേറ്റം മോശമായില്ല. ജനപ്രീതിക്കൊപ്പം വാണിജ്യ വിജയവും നേടിയ ചിത്രത്തിലെ പ്രധാന കഥാപാത്രമാകാൻ എല്ലാവർക്കും ഭാഗ്യം ലഭിക്കണമെന്നില്ല. ഇന്ദിരയോളം ശക്തമായ വേഷങ്ങൾ പിന്നീട് ഗീതക്ക് ലഭിച്ചോ എന്ന് സംശയമുണ്ട്. പിൽക്കാലത്ത് ദുഖപുത്രി പരിവേഷത്തിൽ ഗീതയിലെ അഭിനേത്രി തളച്ചിടപ്പെട്ടു. പൂർണ്ണമായും ഒരു സ്ത്രീപക്ഷ സിനിമയായിരുന്നെങ്കിലും പഞ്ചാഗ്നിയിലെ നായക വേഷം താരപദവിയിലേക്കുള്ള മോഹൻലാലിൻ്റെ പ്രയാണത്തിന് ഇന്ധനമായി. 1986 എന്നത് മോഹൻലാലിൻ്റെ ഭാഗ്യ വർഷം കൂടിയായിരുന്നു.
1989 – ൽ പഞ്ചാഗ്നി തമിഴിൽ ന്യായ തരസു എന്ന പേരിൽ റീ മേക്ക് ചെയ്യപ്പെട്ടപ്പോൾ എം ടി യുടെ കഥക്ക് തിരക്കഥയെഴുതിയത് കലൈഞ്ജർ കരുണാനിധിയായിരുന്നു. മലയാളത്തിൽ ചേച്ചി അംബികയുടെ നഷ്ടം തമിഴിൽ അനിയത്തി രാധക്ക് നേട്ടമായി. മികച്ച അഭിനേത്രിയായിരുന്ന രാധക്ക്, ഭാരതി രാജയുടെ മുതൽ മര്യാദൈക്ക് ശേഷം ലഭിച്ച ശക്തമായ ഒരു കഥാപാത്രമായിരുന്നു അത്.

നക്സൽ വനിതയുടെ ജീവിതത്തെ പൈങ്കിളിവൽക്കരിച്ചു എന്ന വിമർശനം പിൽക്കാലത്ത് എം ടിക്കെതിരെ ഉയർന്നിരുന്നു. നക്സൽ പശ്ചാത്തിലത്തിൽ 80 – കളിൽ വന്ന ചിത്രങ്ങളിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ചിത്രവും പഞ്ചാഗ്നിയായിരുന്നു. ഭരതൻ്റെ മമ്മൂട്ടി ചിത്രമായ കാതോടു കാതോരത്തിലൂടെ തുടക്കം കുറിച്ച സെവൻ ആർട്ട്സ് ബ്ലോക്ക് ബസ്റ്റർ വിജയം നേടിയ പഞ്ചാഗ്നിയിലൂടെ മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായി മാറി. 80 – കളിലെ രണ്ടാം പകുതിയിലെ ഭൂരിഭാഗം മോഹൻലാൽ ചിത്രങ്ങളും സെവൻ ആർട്സായിരുന്നു വിതരണം ചെയ്തിരുന്നത്.

 

You May Also Like

അരുൺ ഗോപി -ഉദയകൃഷ്ണ- ദിലീപ്, ബിഗ്ബഡ്ജറ്റ് ‘ബാന്ദ്ര’ യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ഉദയകൃഷ്ണയുടെ തിരക്കഥയിൽ അരുൺ ഗോപി ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്…

അനിൽ തോമസ് സംവിധാനം ചെയുന്ന കലാഭവൻ ഷാജോൺ ചിത്രം ‘ഇതുവരെ’

അനിൽ തോമസിൻ്റെ ‘ഇതുവരെ’ മറയൂരിൽ – ആരംഭിച്ചു നിരവധി പുരസ്ക്കാരങ്ങൾക്കർഹമായ മിന്നാമിനുങ്ങ് – എന്ന ചിത്രത്തിനു…

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

ARUN K VANIYAMKULAM സംവിധാനം ചെയ്ത സീസറിന്റെ കുമ്പസാരം അവതരണത്തിലെ വ്യത്യസ്തത കൊണ്ട് നല്ലൊരു ആസ്വാദനം…

പുതിയ വീഡിയോ താഴെ കടുത്ത വിമർശനം. മറുപടിക്ക് പുറമേ ഉപദേശവുമായി താരം.

ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഗായികയാണ് അമൃതസുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ ചെറുതും വലുതുമായ എല്ലാ സന്തോഷങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അമൃതയുടെ സഹോദരി അഭിരാമിയും സോഷ്യൽ മീഡിയയിൽ സജീവമാണ്.