മലയാളത്തിൽ വിജയമാകാതെ മറ്റുഭാഷകളിൽ വൻവിജയമായ “പൂവിന് പുതിയ പൂന്തെന്നലി”ന്റെ വിധിയായിരുന്നു പരമ്പരക്കും
Bineesh K Achuthan
ആഗസ്റ്റ് 1 – ന്റെ വൻ വിജയത്തിന് ശേഷം അതേ ടീം വീണ്ടും ഒരുമിച്ചപ്പോൾ പ്രതീക്ഷകൾ വാനോളമുയർന്നിരുന്നു. പ്രത്യേകിച്ചും മമ്മൂട്ടിയുടെ ഡബിൾ റോളും ഒപ്പം തന്നെ അച്ഛൻ കഥാപാത്രത്തിന്റെ വേറിട്ട ഗെറ്റപ്പും ആ പ്രതീക്ഷകൾക്ക് ചിറകേകി. എന്നാൽ വിധി മറിച്ചായിരുന്നു. വൻ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് ആ ചിത്രം ദയനീയമായി പരാജയപ്പെട്ടു. പരമ്പര …… എസ്.എൻ.സ്വാമിയുടെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ. മെഗാ സ്റ്റാർ മമ്മൂട്ടി ഏറെ പ്രതീക്ഷ അർപ്പിച്ച ; അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന ഡബിൾ റോൾ പ്രേക്ഷകർ തിരസ്ക്കരിച്ചു . ആ അപ്രതീക്ഷിത പരാജയത്തിന് ഇന്ന് 32 വർഷം.
സിബി മലയിലിന് തന്റെ കരിയറിലെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രം സമ്മാനിച്ച ആഗസ്റ്റ് 1 – ന് ശേഷം ” ഒറിജിനൽ സിൻ ” എന്ന ഇംഗ്ലീഷ് ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് എസ്.എൻ.സ്വാമി തിരക്കഥയൊരുക്കിയ ചിത്രമായിരുന്നു പരമ്പര. ” ഡേ ഓഫ് ദ ജക്കാൾ ” വളരെ സമർത്ഥമായി കേരളീയ പശ്ചാത്തലത്തിലേക്ക് പറിച്ച് നട്ട സ്വാമിക്ക് പക്ഷേ, ഒറിജിനൽ സിൻ മലയാളീകരിച്ചപ്പോൾ ചുവട് പിഴച്ചു. അച്ഛൻ കഥാപാത്രത്തെ ഫോകസ് ചെയ്തതു കൊണ്ടാണ് പരമ്പര ഒരു പരാജയ ചിത്രമായത് എന്ന് പിൽക്കാലത്ത് സ്വാമി പറയുകയുണ്ടായി. സ്വാമിയുടെ വാക്കുകളെ അടിവരയിടുന്നതായിരുന്നു സമാന പ്രമേയം കൈകാര്യം ചെയ്യുന്ന ഹിന്ദി ചിത്രം ” ഫൂൽ ഓർ കാണ്ടെ ” – യുടേയും തെലുങ്ക് ചിത്രം വരസുഡു – വിന്റെയും തകർപ്പൻ വിജയങ്ങൾ.
പരമ്പരയുടെ പരാജയം വ്യക്തിപരമായി മമ്മൂട്ടിക്കും വിഷമമുണ്ടാക്കിയ ഒന്നാണ്. അച്ഛൻ കഥാപാത്രമായ ലോറൻസിന്റെ ഗെറ്റപ്പിൽ നിന്ന മമ്മൂട്ടിയെ ദക്ഷിണേന്ത്യയിലെ പ്രമുഖ സിനിമാ പ്രവർത്തകർ അഭിനന്ദിക്കുകയും മറ്റൊരു ന്യൂ ഡൽഹി ആവർത്തിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തത് മമ്മൂട്ടി ഒരിക്കൽ പരാമർശിക്കുകയുണ്ടായി. ഈ പരാജയത്തെ തുടർന്ന് സിബി മലയിൽ – എസ്.എൻ.സാമി – മമ്മൂട്ടി കൂട്ട്കെട്ട് പിന്നീട് ആവർത്തിക്കുകയുണ്ടായില്ല. പിൽക്കാലത്ത് സിബിയുമായും സ്വാമിയുമായും മമ്മൂട്ടി വെവ്വേറെ സഹകരിച്ചിട്ടുണ്ടെങ്കിലും ഈ കോംബോ പരമ്പരയുടെ പരാജയത്തോടെ അവസാനിക്കുകയായിരുന്നു.
മലയാളത്തിൽ വിജയമാകാതെ പോവുകയും അന്യഭാഷാ പതിപ്പുകൾ വൻ വിജയം നേടുകയും ചെയ്ത ” പൂവിന് പുതിയ പൂന്തെന്നൽ ” – ന്റെ വിധിയായിരുന്നു പരമ്പരക്കും. പരമ്പര റിലീസ് ചെയ്തതിന്റെ തൊട്ടടുത്ത വർഷമിറങ്ങിയ ഹിന്ദി പതിപ്പായ ” ഫൂൽ ഓർ കാണ്ടെ ” – യിലൂടെയാണ് പ്രശസ്ത ഹിന്ദി താരം അജയ് ദേവ്ഗന്റെ ബോളിവുഡ് പ്രവേശനം. അച്ഛൻ വേഷം കൈകാര്യം ചെയ്ത അമരിഷ്പുരിക്ക് ഏറെ കാലത്തിന് ശേഷം ലഭിച്ച ഒരു പോസിറ്റീവ് കഥാപാത്രമായിരുന്നു ആ ചിത്രത്തിലേത്.
1993 – ൽ റിലീസ് ചെയ്ത തെലുങ്ക് പതിപ്പായ വരസുഡു – വിൽ നാഗാർജ്ജുനയായിരുന്നു നായകൻ. അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചത് സൂപ്പർ സ്റ്റാർ കൃഷ്ണയായിരുന്നു. 80 – കളുടെ അവസാനത്തോടെ ചിരഞ്ജീവിയുടേയും ബാലകൃഷ്ണയുടേയും മുന്നേറ്റത്തിൽ പിടിച്ച് നിൽക്കാനാവാതെ തുടർ പരാജയങ്ങളേറ്റു വാങ്ങിയ കൃഷ്ണയുടെ വൻ തിരിച്ചു വരവ് കൂടിയായിരുന്നു വരസുഡു. കമാന്റർ എന്ന പേരിൽ തമിഴിൽ ഡബ്ബ് ചെയ്ത് റിലീസായ വരസുഡു അവിടെയും ഹിറ്റായിരുന്നു. പാത്ര സൃഷ്ടിയിലെ പാളിച്ചകൾ ഒരു ചിത്രത്തിന്റെ വിജയ പരാജയത്തിൽ നിർണ്ണയകമാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പരമ്പര.