റഷ്യയിലും വലിയ വിജയം നേടിയ ആദ്യത്തെ ദക്ഷിണേന്ത്യൻ ചിത്രം – 34 വർഷം

0
448

തെലുങ്ക് മെഗാ സ്റ്റാർ ചിരജീവിയുടെ മെഗാ ഹിറ്റ് ചിത്രമായ ” പസിവാഡി പ്രാണം ” റിലീസായിട്ട് 34 വർഷം.1987 ജൂലൈ 23 – ന് റിലീസ് ചെയ്ത ഈ ചിത്രം 1986 – ലെ ഓണചിത്രമായി ഫാസിൽ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ” പൂവിന് പുതിയ പൂന്തെന്നൽ ” എന്ന മലയാള ചിത്രത്തിന്റെ റീമേക്കാണ്. ഈ വിജയ ചിത്രത്തിലൂടെയാണ് ചിരഞ്ജീവിക്ക് ” മെഗാ സ്റ്റാർ “പദവി ലഭിക്കുന്നത്. 1983 – ൽ റിലീസായ കൈദിയിലൂടെ ചിരഞ്ജീവിയെ വിജയ നായകനാക്കി മാറ്റിയ കെ.കോദണ്ഡറാമി റെഡ്ഡി തന്നെയാണ് പസിവാഡി പ്രാണത്തിലൂടെ മെഗാ സ്റ്റാർ പദവിയും അദ്ദേഹത്തിന് നൽകിയത്. ഗീതാ ആർട്സിന്റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ഈ വിജയ ചിത്രത്തിൽ വിജയശാന്തിയായിരുന്നു നായിക.

Pasivadi Pranam | Cinema Chaatഒറിജിനൽ വേർഷനെ അപേക്ഷിച്ച് ശുഭ പര്യവസായിയായിട്ടുള്ളതായിരുന്നു തെലുങ്ക് പതിപ്പ്. മലയാളം പതിപ്പിലെ റോളിൽ തന്നെയായിരുന്നു ബാബു ആൻറണിയും ബേബി സുജിതയും. സുരേഷ് ഗോപി ചെയ്ത റോളിൽ രഘുവരനും ലാലു അലക്സിന്റെ പോലീസ് വേഷം ടൈഗർ പ്രഭാകറുമായിരുന്നു ചെയ്തത്.

മലയാളം പതിപ്പിൽ നിന്നും വ്യത്യസ്തമായി ഡാൻസും പാട്ടും ഒക്കെയുള്ള ഒരു ടിപ്പിക്കൽ ചിരഞ്ജീവി – വിജയശാന്തി ചിത്രമായിട്ടാണ് കോദണ്ഡറാമി റെഡ്ഡി ഈ ചിത്രം പ്രേക്ഷകരിലേക്കെത്തിച്ചത്. ചിരഞ്ജീവിയുടെ ഡാൻസ് നമ്പറുകൾ പ്രേക്ഷകർക്കിടയിൽ ഒരു തരംഗമായിരുന്നു. ചക്രവർത്തിയുടെ ഗാനങ്ങളും ചിരഞ്ജീവി – വിജയശാന്തി ടീമിന്റെ ചടുലമായ നൃത്ത രംഗങ്ങളും ചിത്രത്തിന്റെ വൻ വിജയത്തിന്റെ പ്രധാന ഘടകങ്ങളായിരുന്നു.

എൻ.ടി.രാമറാവുവിന്റെ രാഷ്ട്രീയ പ്രേവേശനത്തിന് ശേഷം തെലുങ്ക് സിനിമാ ലോകത്തിലെ താര സിംഹാസനത്തിന്റെ നേരവകാശി സൂപ്പർ സ്റ്റാർ കൃഷ്ണ (മഹേഷ് ബാബുവിന്റെ അച്ഛൻ) ആയിരുന്നു.തുടർ വിജയങ്ങളിലൂടെ ചിരഞ്ജീവിയും ബാലകൃഷ്ണയും കൃഷ്ണക്ക് വെല്ലുവിളികളുയർത്തിയെങ്കിലും പൂർണ്ണമായും കൃഷ്ണയുടെ ബോക്സ് ഓഫീസ് മേധാവിത്വത്തിന് തിരശ്ശീല വീഴുന്നതിന് പസിവാഡി പ്രാണത്തിന്റെ മെഗാ വിജയം അരങ്ങൊരുക്കി.

രാജ് കപൂർ ചിത്രങ്ങൾക്കും മിഥുൻ ചക്രവർത്തിയുടെ ” ഡിസ്കോ ഡാൻസറി ” നും ശേഷം ഒരു ഇന്ത്യൻ ചിത്രം റഷ്യൻ ഭാഷയിലേക്ക് മൊഴി മാറ്റം നടത്തുന്നത് പസിവാഡി പ്രാണമാണ്. റഷ്യയിൽ 60 കേന്ദ്രങ്ങളിൽ റിലീസായി വിജയമാഘോഷിച്ച ഈ ചിത്രം അത്തരത്തിലുള്ള ആദ്യ ദക്ഷിണേന്ത്യൻ ചിത്രമാണ്. പസിവാഡി പ്രാണത്തിന്റെ വിജയത്തെ തുടർന്ന് കെ. വിശ്വനാഥ് – ചിരഞ്ജീവി ടീമിന്റെ സ്വയം ഖുശിയും റഷ്യയിലേക്ക് മൊഴിമാറ്റം ചെയ്യുകയുണ്ടായി.