പ്രതാപ് പോത്തന് യാത്രാ മൊഴി

Bineesh K Achuthan

ഭരതൻ – ജോൺ പോൾ ടീമിന്റെ ചാമരത്തിലാണ് ഞാൻ ആദ്യമായി പ്രതാപ് പോത്തനെ കാണുന്നത്. ആ ഗണത്തിൽ പെടുന്ന ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു ചലച്ചിത്ര സാക്ഷരത എനിക്കന്ന് കൈവന്നിരുന്നില്ല. വർഷങ്ങൾക്കിപ്പുറം യൗവ്വനാരംഭത്തിൽ ചാമരം വീണ്ടും കണ്ടപ്പോഴാണ് ആ കലാസൃഷ്ടിയുടെ മൂല്യം എനിക്ക് മനസിലാക്കാനായത്. ചാമരത്തിലെ വിനോദ് എന്റെ ചലച്ചിത്ര സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായ രൂപഭാവങ്ങളോട് കൂടിയ നായക കഥാപാത്രമായിരുന്നു. 90 – കളുടെ മധ്യത്തിൽ DD – 4 ൽ തുടർച്ചയായി സംപ്രേക്ഷണം ചെയ്യപ്പെട്ട ഭരത് ഗോപി – നെടുമുടി വേണു ദ്വയങ്ങളുടെ ചിത്രങ്ങൾ എന്റെ ചലച്ചിത്ര സമീപനത്തെ അടിമുടി ഉടച്ചു വാർക്കുവാൻ സഹായകരമായി.

ഭരതന്റെ തന്നെ തകര, ലോറി പത്മരാജന്റെ നവംബറിന്റെ നഷ്ടം ഇവയൊക്കെ പ്രതാപ് പോത്തൻ ചിത്രങ്ങളിൽ എനിക്കിഷ്ടപ്പെട്ടവയാണ്. ലോക്ക് ഡൗൺ കാലഘട്ടത്തിലാണ് ബാലു മഹേന്ദ്രയുടെ മൂടു പണി കാണുന്നത്. പിൽക്കാലത്ത് തമിഴ് സിനിമയിൽ അത്തരം സൈക്കിക് റോളുകളിൽ അദ്ദേഹം സ്റ്റീരിയോ ടൈപ്പ് ആയി എന്ന് എവിടെയോ വായിച്ചിരുന്നു. അൽപ്പം എക്സെൻട്രിക് റോളുകളിൽ അദ്ദേഹം തളക്കപ്പെട്ടു എന്നതാണ് വസ്തുത. 22 ഫീമെയിൽ കോട്ടയം, അയാളും ഞാനും തമ്മിൽ തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ അൽപ്പം അബ് നോർമ്മൽ സ്വഭാവം കടന്നു വന്നതു പോലെ തോന്നിയിട്ടുണ്ട്.

അഭിനയ രംഗത്തെന്ന പോലെ സംവിധാന രംഗത്തും മികവ് തെളിയിച്ച പ്രതിഭയായിരുന്നു പ്രതാപ് പോത്തൻ. ” മീണ്ടും ഒരു കാതൽ കതൈ ” എന്ന തന്റെ പ്രഥമ സംവിധാന സംരംഭത്തിന് തന്നെ 1984 – ലെ ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്ക്കാരം ഏറ്റുവാങ്ങാൻ പ്രതാപിന് കഴിഞ്ഞു. 12 ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. അവയെല്ലാം തന്നെ തികച്ചും വ്യത്യസ്തമായ പ്രമേയങ്ങളാണ് വിഷയമാക്കിയത്. മലയാളത്തിലും തമിഴിലും തെലുങ്കിലും പരന്നു കിടക്കുന്ന ആ ചലച്ചിത്ര സപര്യ വ്യത്യസ്ത ജേണറുകളിലുള്ള ചിത്രങ്ങളാൽ സമ്പുഷ്ടമാണ്. ഡെയ്സി (1988) എന്ന മലയാള ചിത്രം കൗമാര പ്രണയ കഥയുടെ തികച്ചും വേറിട്ട ഒരു അനുഭവമായിരുന്നു. അണ്ടർ കവർ കോപ് ശ്രേണിയിൽ വരുന്ന വെട്രി വിഴ (1989), റോഡ് മൂവിയായ ചൈതന്യ (1991) , ത്രില്ലർ ചിത്രമായ ആത്മ (1993) എന്നിവയെല്ലാം ശ്രദ്ധേയമായ ചിത്രങ്ങളാണ്. ബ്ലോക്ക് ബസ്റ്റർ വിജയം നേടിയ സീവലപ്പേരി പാണ്ഡി (1994) 90 – കളിലെ ജാതി മഹാത്മ്യം പാടി പുകഴ്ത്തുന്ന ചിന്ന കൗണ്ടർ, തേവർ മകൻ എന്നീ ചിത്രങ്ങളിൽ നിന്നും വേറിട്ട കാഴ്ച്ചയായിരുന്നു.

ഡെയ്സിയെ കൂടാതെ എം ടി യുടെ രചനയിൽ ഋതുഭേദം (1987), നടികർ തിലകം ശിവാജി ഗണേശന്റെ അവസാന മലയാള ചിത്രം ഒരു യാത്ര മൊഴി എന്നിവയും പ്രതാപ് പോത്തന്റെ മലയാള ചിത്രങ്ങളാണ്. തമിഴിലെയും മലയാളത്തിലെയും രണ്ട് പ്രതിഭകളെ ഒരുമിപ്പിച്ച യാത്രാ മൊഴി വാർത്താ പ്രാധാന്യം നേടിയിരുന്നു. തന്റെ പ്രഥമ സംവിധാന സംരംഭത്തിലെ നായികയും നിർമ്മാതാവുമായ രാധികയായിരുന്നു പ്രതാപിന്റെ ആദ്യ ഭാര്യ. Marital violence – ന്റെ victim ആയിരുന്നു താൻ എന്ന് പ്രതാപ് പോത്തൻ ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു. വിമോചന സമരവുമായി ബന്ധപ്പെട്ട് ഉയർന്ന് കേട്ട പേരായ കുളത്തുങ്കൽ പോത്തന്റെ മകനായിരുന്നു പ്രതാപ് പോത്തൻ. പ്രശസ്ത നിർമ്മാതാവും സുപ്രിയ ഫിലിംസിന്റെ ഉടമയുമായ ഹരി പോത്തൻ ജ്യേഷ്ഠ സഹോദരനുമാണ്. ബഹുമുഖ പ്രതിഭയായിരുന്ന പ്രതാപ് പോത്തന് ആദരാഞ്ജലികൾ.

***

രാധികയുമായുള്ള ബന്ധത്തെ കുറിച്ച് പ്രതാപ് പോത്തൻ പറഞ്ഞതിങ്ങനെ

ജീവിതം പലപ്പോഴും കൈവിട്ട് പോകുന്നത് പോലെ തോന്നിയിട്ടുണ്ട്. ഫ്രസ്‌ട്രേഷനും പ്രണയ പരാജയവും കാരണം ഏറെ കുറേ ആത്മഹത്യ ചെയ്യാനൊക്കെ ആലോചിച്ച ഘട്ടം ഉണ്ടായിരുന്നു. ഓരോ ഘട്ടത്തില്‍ നിന്ന് കരയറുമ്പോഴും വീണ്ടും അതിലേക്ക് തന്നെ എത്തും. ഇലമൈ കോലം എന്ന ചിത്രം എന്റെ തുടക്കകാലത്ത് ചെയ്തതാണ്. അപ്പോള്‍ എനിക്ക് ഇന്റസ്ട്രിയില്‍ ആരെയും അധികം അറിയില്ല. രാധികയുടെയും തുടക്കമാണ്. അവര്‍ക്ക് പതിനേഴോ പതിനെട്ടോ വയസ്സ് മാത്രമേയുള്ളൂ. ഞങ്ങള്‍ക്ക് പരസ്പരം സംസാരിക്കാന്‍ നല്ല കംഫര്‍ട്ട് ആയി. അവിടെയാണ് പ്രണയം തുടങ്ങിയത്.വിവാഹ ശേഷം ഒരു വര്‍ഷം പൂര്‍ണമായും ഞങ്ങള്‍ ഒന്നിച്ച് ജീവിച്ചിട്ടില്ല. അതിനുള്ളില്‍ വിവാഹ മോചിതരായി. അതില്‍ ആരെയും കുറ്റം പറയാന്‍ സാധിയ്ക്കില്ല. എനിക്ക് തോന്നുന്നു ഞാന്‍ ഒരു നല്ല ഭര്‍ത്താവിന് ഉള്ള മെറ്റീരിയല്‍ അല്ല എന്ന്. 85 ല്‍ ചെയ്ത മീണ്ടും ഒരു കാതല്‍ കഥൈ എന്ന സിനിമ തുടങ്ങുന്നതിന് മുന്‍പ് ആയിരുന്നു ഞങ്ങളുടെ വിവാഹം. ആ സിനിമയില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചുകൊണ്ടിരിയ്‌ക്കേ തന്നെ വേര്‍പിരിയലിലേക്കുള്ള ഒരു പ്രോസസിങ് ഘട്ടവും അയിരുന്നു അത്. ആ സിനിമ റിലീസ് ആവുമ്പോഴേക്കും വേര്‍പിരിഞ്ഞു. വിവാഹം എന്ന സമ്പ്രദായം എനിക്ക് പറഞ്ഞിട്ടുള്ളതല്ല എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. അതില്‍ എനിക്ക് വിശ്വാസമില്ല. വിവാഹ കഴിഞ്ഞ എല്ലാവരും വളരെ അധികം സന്തോഷവാന്മാരാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. എല്ലാം ഒരു അഡ്ജസ്റ്റ്‌മെന്റ് ആണ്. അതിന് തയ്യാറല്ലാത്തതിനാലാണ് ഞാന്‍ വിവാഹ ബന്ധം വേണ്ട എന്ന് വച്ചത്.എന്നിട്ട് പിന്നെ എന്തുകൊണ്ട് രണ്ടാമത് വിവാഹം ചെയ്തു എന്ന് ചോദിച്ചപ്പോള്‍ അതൊരു വലിയ കഥയാണെന്നാണ് പ്രതാപ് പോത്തന്‍ പറഞ്ഞത്. 1990 ല്‍ അമല സത്യനാഥിനെ വിവാഹം ചെയ്യുന്നത. 2012 ല്‍ വിവാഹ മോചിതരാകുകയും ചെയ്തു. ആ ബന്ധത്തില്‍ ഒരു മകളും പ്രതാപ് പോത്തന് ഉണ്ട്.

Leave a Reply
You May Also Like

തല്ലുമാലയും ആർ.ഡി. എക്‌സും പല മനുഷ്യരും

(കടപ്പാട്) തല്ലുമാലയും ആർ.ഡി. എക്‌സും പല മനുഷ്യരും ആരുടെ തീരുമാനങ്ങളെ ആർക്കാണ് മറികടക്കാൻ കഴിയുക എന്ന്…

പങ്കജാക്ഷന്റെ പ്രണയ ദർശനങ്ങൾ

(എന്റെ സിനിമാനുഭവങ്ങൾ ) ദീപു പങ്കജാക്ഷന്റെ പ്രണയ ദർശനങ്ങൾ… “പ്രേമിക്കണ സമയത്ത് ഇമ്മള് സ്നേഹിക്കണ പെണ്ണായിരിക്കും…

അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന സുരഭി ലക്ഷ്മി ചിത്രം ‘പത്മ’യിലെ രണ്ടാം ഗാനം പുറത്തിറങ്ങി

അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പത്മ’യിലെ രണ്ടാം ഗാനം പുറത്തിറങ്ങി. സുരഭി ലക്ഷ്മിയാണ് നായിക.…

മുടിഞ്ഞ തല്ല്, തല്ലോടു തല്ല് , ഒരു തെക്കൻ തല്ലുകേസിന്റെ ടീസർ

ജി ആര്‍ ഇന്ദുഗോപന്റെ പ്രശസ്‍ത കഥയായ ‘അമ്മിണിപ്പിള്ള വെട്ടുകേസി’നെ ആസ്‍പദമാക്കി ഒരുങ്ങുന്ന സിനിമയാണ് ഒരു തെക്കൻ…