Bineesh K Achuthan
നിത്യ ഹരിത നായകൻ പ്രേം നസീർ വിട പറഞ്ഞിട്ട് ഇന്ന് 34 വർഷം പിന്നിട്ടുന്നു. മലയാള സിനിമയിൽ എനിക്കിഷ്ടപ്പെട്ട മുൻകാല താരം ജയൻ ആണ്. നടൻ സത്യനും. മധുവിനെയും ഇഷ്ടമാണ്. പക്ഷേ പ്രേം നസീർ ചിത്രങ്ങൾ എന്ത് കൊണ്ടോ എന്റെ ആസ്വാദന ക്ഷമതക്ക് പറ്റിയവയല്ല എന്നാണെന്റെ മനസിലാക്കൽ. അറുനൂറിലേറെ ചിത്രങ്ങളിൽ അഭിനയിക്കുകയും അവയിൽ ബഹുഭൂരിപക്ഷം ചിത്രങ്ങളിലും നായകവേഷം ചെയ്തതു വഴി ലോക റെക്കോർഡ് കരസ്ഥമാക്കുകയും ചെയ്ത അദ്ദേഹത്തിന്റെ നൂറ് കണക്കിന് സിനിമകൾ കണ്ടിട്ടുള്ള എനിക്ക് അവയിൽ വിരലിലെണ്ണാവുന്നവയേ ഇഷ്ടമായിട്ടുള്ളൂ ….ഒരു പക്ഷേ തലമുറ മാറ്റത്തിന്റെ ഭാഗമായിട്ടായിരിക്കാമത്.
സോഷ്യൽ മീഡിയയടക്കമുള്ള നവ മാധ്യമങ്ങളിലൂടെയാണ് പ്രേം നസീർ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ താരമായിരുന്നു എന്ന തിരിച്ചറിവ് എനിക്ക് ലഭിക്കുന്നത്. സത്യന്റെ മരണത്തിന് ശേഷം ജയൻ താരമായി ഉയരുന്നത് വരെ ഏതാണ്ട് ഒരു പതീറ്റാണ്ടോളം മലയാള വാണിജ്യ സിനിമയെ ഒറ്റക്ക് തന്നെയായിരുന്നു അദ്ദേഹം ചുമലിലേറ്റിയിരുന്നത്. ഇക്കാലയളവിൽ മധുവും സുധീറും വിൻസെന്റും രാഘവനും പിന്നീട് സോമനും സുകുമാരനുമെല്ലാം നായകനിരയിൽ തിളങ്ങിയെങ്കിലും മലയാള സിനിമ പ്രേം നസീറിനു ചുറ്റുമായിരുന്നു പ്രദക്ഷിണം വച്ചിരുന്നത്. മലയാള സിനിമാ വ്യവസായത്തെ ഉന്നതിയിലെത്തിക്കുന്നതിൽ അക്ഷീണം പ്രയത്നിച്ച മഹദ് വ്യക്തിത്വമായിരുന്നു അദ്ദേഹം.
പ്രത്യക്ഷമായോ പരോക്ഷമായോ പ്രേം നസീറിന്റെ സഹായ സഹകരണങ്ങൾ ഏറ്റുവാങ്ങാത്ത ഒരാൾ പോലും അന്ന് മലയാള സിനിമയിൽ ഉണ്ടായിരുന്നില്ല. പ്രണയ നായകനായും സി ഐ ഡി ആയും പ്രേക്ഷക ലക്ഷങ്ങളെ കോരിത്തരിപ്പിച്ച പ്രേം നസീർ തന്നിലെ പ്രതിഭ വെളിപ്പെടുത്തുന്ന വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അത്തരത്തിൽ പെടുന്ന വേഷമായി ബഹുഭൂരിപക്ഷവും പരാമർശിക്കുന്ന ഒന്നാണ് എം ടി യുടെ ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധൻ. എന്നാൽ ഒരു നടനെന്ന നിലയിൽ പ്രേം നസീറിന്റെ പ്രകടനങ്ങളിൽ വ്യക്തിപരമായി എന്നെ ആകർഷിച്ച രണ്ട് വേഷങ്ങൾ ഭരതന്റെ പാർവ്വതിയിലെയും ജിജോയുടെ പടയോട്ടത്തിലെയും കഥാപാത്രങ്ങളാണ്. തന്റെ പതിവ് മാനറിസങ്ങളെ കുടഞ്ഞെറിഞ്ഞ് കൊണ്ട് ആ വേഷങ്ങളോട് പൂർണ്ണമായും താദാത്മ്യം പ്രാപിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.
പ്രേം നസീറിന് മലയാള സിനിമയിലെ ഏറ്റവും മികച്ച ഗാനങ്ങൾക്ക് ദൃശ്യചാരുതയേകാനായി എന്നത് ഒരിക്കലും വിസ്മരിക്കാനാവാത്ത വസ്തുതയാണ്. ഗാനരംഗങ്ങളിലെ അദ്ദേഹത്തിന്റെ ലിപ് മൂവ്മെന്റുകൾ ഇന്നും വിസ്മയിപ്പിക്കുന്ന ഒന്നാണ്. അഭിനേതാവിൽ നിന്നും സംവിധായകനിലേക്ക് ചുവട് മാറാൻ ഒരുങ്ങുന്നതിനിടയിലായിരുന്നു പ്രേം നസീറിന്റെ അകാല വിയോഗം. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കിയും ഗ്രീനിവാസന്റെ രചനയിൽ മോഹൻലാലിനെ നായകനാക്കിയും രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യാനുള്ള മുന്നൊരുക്കത്തിലായിരുന്നു അദ്ദേഹം. പക്ഷേ കാലം അതിനനുവദിച്ചില്ല. തലമുറകളെ സ്വാധീനിച്ച മലയാള സിനിമയുടെ നിത്യ ഹരിത നായകന് ഓർമ്മപ്പൂക്കൾ ……💕