സ്റ്റൈൽ മന്നന് പിറന്നാൾ ആശംസകൾ …..
തലൈവർ @ 72
Bineesh K Achuthan
സൂപ്പർ സ്റ്റാർ രജനീകാന്തിന് ഇന്ന് 72-ാം ജന്മദിനം. കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ കണ്ടക്ടറിൽ നിന്നും തമിഴ് മക്കളുടെ ജീവശ്വാസമായി മാറിയ സ്റ്റൈൽ മന്നന്റെ ജീവിതം സിനിമാക്കഥകളെ വെല്ലും വിധം അവിശ്വസനീയത നിറഞ്ഞ ഒന്നായിരുന്നു. ഇച്ഛാശക്തി കൊണ്ടും കഠിനപ്രയത്നത്താലും ഏതൊരാൾക്കും മുന്നോട്ട് വരാനാകുമെന്ന് സ്വന്തം കരിയർ കൊണ്ട് തെളിയിക്കാൻ രജനീകാന്തിന് സാധ്യമായി. ഒരു ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും പാൻ ഇന്ത്യൻ താരമെന്നതിലുപരി വിദേശ രാജ്യങ്ങളിൽ വരെ ആരാധക വൃന്ദത്തെ സൃഷ്ടിച്ച ഇതിഹാസ താരമായി വളർന്നപ്പോഴും തന്റെ ലളിതമായ വേഷഭൂഷാതികൾ കൊണ്ടും വിനയാന്വിതമായ പെരുമാറ്റം കൊണ്ടും രജനീകാന്ത് വേറിട്ടു നിന്നു.
ബാല്യത്തിൽ, വീടിനടുത്തുള്ള സുഭാഷ് ചേട്ടന്റെ സലൂണിൽ വച്ചാണ് രജനിയുടെ മുഖം ഞാനാദ്യമായി കാണുന്നത്. ഒരു കലണ്ടറിന്റെ ഭാഗമായി ഒരു പുറത്ത് മൂന്ന് വ്യത്യസ്ത വേഷവിധാനത്തിൽ ; അതിൽ ഒന്ന് ഒരു പോലീസ് വേഷമായിരുന്നു എന്നാണെന്റെ ഓർമ്മ. കുറച്ച് നാൾ കഴിഞ്ഞ് ദേശാഭിമാനി ദിനപ്പത്രത്തിന്റെ വാരാന്ത്യ പതിപ്പിലാണ് രജനീകാന്തിനേക്കുറിച്ചൊരു ലേഖനം ഞാനാദ്യമായി വായിക്കുന്നത്. ദളപതിയിൽ ആദ്യം നിശ്ചയിച്ചിരുന്ന കാരക്ടർ ക്ലൈമാക്സിൽ മരിക്കുന്നതായിട്ടാണെന്നും അങ്ങനെ ചിത്രീകരിക്കുന്ന പക്ഷം തമിഴർ തീയറ്ററുകൾ കത്തിക്കുമെന്നും അതിനാൽ ആ റോളിൽ മമ്മൂട്ടിയാണ് അഭിനയിക്കുന്നത് എന്നുമായിരുന്നു പ്രസ്തുത ലേഖനത്തിന്റെ രത്നച്ചുരുക്കം. മമ്മൂട്ടിയും മോഹൻലാലുമൊക്കെ മരിക്കുന്ന ധാരാളം ചിത്രങ്ങൾ കണ്ട് ശീലിച്ച എനിക്കന്ന് ” ശ്ശെടാ തമിഴൻമാരുടെ ഓരോ വട്ടുകളേ …. ” എന്നേ മനസിൽ തോന്നിയിരുന്നുള്ളൂ .
തൊട്ടടുത്ത വർഷമാണ് ഗാനമേളകളിലൂടെ ” വന്തേണ്ട പാൽക്കാര ” എന്നു തുടങ്ങുന്ന ഗാനം കേരളത്തിൽ തരംഗമാകുന്നത്. രജനിയുടെ അണ്ണാമലൈ എന്ന ചിത്രത്തിലേതായിരുന്നു ആ സൂപ്പർ ഹിറ്റ് ഗാനമെന്ന് അധികം വൈകാതെ ഞാനറിഞ്ഞു. കുറച്ച് നാൾ കഴിഞ്ഞാണ് ജീവിതത്തിലാദ്യമായി ഞാനൊരു കട്ട് ഔട്ട് കാണുന്നത്. തമിഴ് ചിത്രങ്ങൾ സ്ഥിരമായി പ്രദർശിപ്പിക്കുന്ന കാലടി ജവഹർ തീയേറ്ററിന് മുന്നിൽ 20 – 25 അടി ഉയരമുള്ള രജനീകാന്തിന്റെ പാണ്ഡ്യൻ സിനിമയിലെ, കറുപ്പ് ബനിയനും നീല ഷർട്ടും ധരിച്ച ലുക്കിൽ. അതോട് കൂടി ഒരു രജനി ചിത്രം കാണുക എന്നത് ഒരു മോഹമായി മാറി. വീട്ടിൽ നിന്നാണെങ്കിൽ സിനിമക്ക് പോകുന്ന പതിവില്ല. അഥവാ ആണ്ടിനും സംക്രാന്തിക്കുമെങ്ങാനും പോയാൽ തന്നെ ഒരു കാരണവശാലും തമിഴ് പടത്തിന് പോകാറുമില്ല. ആയിടക്കാണ് ചിന്നതമ്പി കാണുന്നത്. അതിൽ ഗൗണ്ടർ മണി സിനിമ കാണുന്ന സീനിൽ പണക്കാരൻ എന്ന ചിത്രത്തിലെ ഒരു രംഗത്തിലാണ് രജനീകാന്തിനെ ഞാനാദ്യമായി സ്ക്രീനിൽ കാണുന്നത്. സിഗററ്റ് എറിഞ്ഞു ചുണ്ടിൽ പിടിപ്പിക്കുന്ന രംഗമാണ് കണ്ടത്. ആ സ്റ്റൈലും മാനറിസവും എന്നെ അത്യധികം ആകർഷിച്ചു .
ഒരു രജനി ചിത്രം കാണാനുള്ള എന്റെ കാത്തിരിപ്പ് പിന്നെയും നീണ്ടു .ഒരു മധ്യവേനൽ അവധിക്കാലത്താണ് ബാഷ കാണുന്നത്. അന്നത്തെ ഒരു B ക്ലാസ് തീയേറ്ററായ കോലഞ്ചേരി PMP – യിൽ വച്ചാണ് കണ്ടെതെന്നാണ് ഓർമ്മ. ഞാനന്ന് സ്ക്കൂൾ വിദ്യാർത്ഥിയാണ്. ടൈറ്റിൽ കാർഡിൽ ഒരു പ്രത്യേക രീതിയിൽ ” SUPER STAR RAJNI ” എന്നെഴുതി കാണിക്കുന്നത് അദ്ഭുതത്തോടെയാണന്ന് കണ്ടത്. മലയാള ചിത്രങ്ങളിൽ അക്കാലയളവിൽ ആ രീതി അത്ര പരിചിതമല്ലായിരുന്നു. രജനീകാന്തിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ പ്രതീക്ഷിച്ചു പോയ എനിക്ക് ആദ്യ ഒരു മണിക്കൂർ നിരാശയായിരുന്നു ഫലം. പക്ഷേ, ഇൻറർവെൽ പഞ്ചിന് മുമ്പ് അണ്ണൻ തന്റെ വിശ്വരൂപം പുറത്തെടുത്തു. അണ്ണന്റെ ആദ്യ അടിയിൽ തന്നെ തുടങ്ങിയ കയ്യടി ഇൻറർവെൽ വരെ നീണ്ടു. . ” ഇനി ഉന്നെ ഇങ്കെ എതാവത് പാത്തേ….. പാത്ത ഇടത്തിലേ കുളി തോണ്ടി പൊതച്ചിടുവേൻ ……ജാഗ്രതൈ ….
നാൻ ഒരു തടവ് സൊന്നാൽ നൂറ് തടവ് സൊന്ന മാതിരി ” എന്ന ഡയലോഗിൽ തീയറ്റർ ഇരമ്പിയാർക്കുകയായിരുന്നു . അന്നുമിന്നും എനിക്കേറ്റവുമിഷ്ടപ്പെട്ട രജനി ചിത്രം ബാഷ തന്നെ.ബാഷക്ക് ശേഷം വന്ന മുത്തുവിനോ അരുണാചലത്തിനോ എന്നിലെ രജനി രസികനെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല. അപ്പോഴാണ് പടയപ്പയുടെ വരവ്. ഞാനാദ്യമായി റിലീസ് സെന്ററിൽ കാണുന്ന രജനി ചിത്രം പടയപ്പയാണ്. രജനി ആരാധകർക്കുള്ള വിഷ്വൽ ട്രീറ്റായിരുന്നു പടയപ്പ. കെ.എസ്.രവികുമാറിന്റെ പഞ്ച് ഡയലോഗുകൾ അടങ്ങിയ സംവിധാന മികവും എ.ആർ.റഹ്മാന്റെ സംഗീതവും പടയപ്പയെ വേറെ ലെവലിൽ എത്തിച്ചു . രജനിക്കും രമ്യാ കൃപ്പ്ണനും കൊടുത്ത BGM കിടിലനായിരുന്നു. സപ്രമഞ്ച കട്ടിൽ വലിച്ചു താഴെയിട്ട് അതിൽ കയറിയിരിക്കുന്ന അണ്ണന്റെ പ്രകടനം കണ്ട ഞാൻ എഴുന്നേറ്റു നിന്നു കയ്യടിച്ചു പോയി.
പടയപ്പക് ശേഷം വന്ന ബാബ എന്നെ എല്ലാത്തരത്തിലും നിരാശപ്പെടുത്തി. ബാബയുടെ പരാജയത്തെത്തുടർന്ന് രജനി യുഗം അവസാനിച്ചെന്ന് മാധ്യമങ്ങൾ അച്ചു നിരത്തി. മൂന്ന് വർഷങ്ങൾക്കിപ്പുറം ചന്ദ്രമുഖിയുടെ വൻ വിജയത്തിലൂടെയാണ് അണ്ണൻ അതിന് മറുപടി നൽകിയത്. ചന്ദ്രമുഖിയുടെ വിജയാഘോഷ വേളയിൽ അണ്ണൻ പ്രസ്താവിച്ചു ” വീണാൽ വീണിടത്ത് തന്നെ കിടക്കുന്ന ആനയല്ല ഞാൻ ; ടക്ക് നെ ചാടിയെഴുന്നേൽക്കുന്ന കുതിരയാണ് ” എന്ന്.
ചന്ദ്രമുഖിക്ക് ശേഷമാണ് തമിഴ് സിനിമയിലെ ഷോ മാൻ ഷങ്കറുമായി ഒരുമിക്കുന്ന ശിവാജി അനൗൺസ് ചെയ്യുന്നത്. മുതൽവൻ മുതൽ നടക്കാതെ പോയ ആ കോംബോ ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഒന്നായിരുന്നു. പ്രതീക്ഷച്ചത് പോലെ തന്നെ ശിവാജി ബമ്പർ ഹിറ്റായിരുന്നു എന്നതിലുപരി പാൻ ഇന്ത്യൻ വിജയം കൈവരിച്ചു. ശിവാജി പൂർണ്ണമായും ഒരു രജനി ചിത്രമോ ഷങ്കർ ചിത്രമോ ആയിരുന്നില്ല എങ്കിൽ ഇതേ ടീമിന്റെ തൊട്ടടുത്ത ചിത്രമായ യന്തിരൻ പൂർണ്ണമായും ഒരു ഷങ്കർ ചിത്രമായിരുന്നു.രജനീകാന്ത് പാ.രഞ്ജിത്തുമായി ഒരുമിക്കുന്നത് തമിഴ് സിനിമാ ലോകം അദ്ഭുതത്തോടെയാണ് വീക്ഷിച്ചത് . വൻ ഇനീഷ്യൽ കളക്ഷനോടെ റിലീസ് ചെയ്ത കബാലി സ്ഥിരം രജനീകാന്ത് രസികരെ നിരാശപ്പെടുത്തി. പക്ഷേ, ദീർഘനാൾ തടവറയിലിട്ട രജനിയുടെ അഭിനയ മികവിനെ പുറത്തെടുത്ത ചിത്രം എന്ന ഖ്യാതി കബാലിക്ക് സ്വന്തം. കാലയും ഒരു വ്യക്സ്ത രജനി ചിത്രമായിരുന്നു. പാർശ്വവൽകൃതരുടെ രാഷ്ട്രീയം സംസാരിച്ച കബാലിയും കാലയും രജനിയുടെ കരിയറിലെ നിർണ്ണായക ഏടുകളാണ്. ഒരു ഫാൻ ബോയ് എന്ന നിലയിൽ പടയപ്പക്ക് ശേഷം എന്നെ തൃപ്തിപ്പെടുത്തിയ രജനീകാന്ത് ചിത്രം പേട്ട ആയിരുന്നു. വിന്റേജ് രജനിയെ തിരികെ എത്തിച്ച ചിത്രമായിരുന്നു പേട്ട.
2.0 , സർക്കാർ എന്നീ ചിത്രങ്ങൾ വേണ്ട രീതിയിൽ വിജയം വരിക്കാത്തതും അണ്ണാത്തൈ വിജയമെങ്കിലും ധാരാളം നെഗറ്റീവ് റിവ്യൂസ് ലഭിച്ചതിനാലും രജനി ആരാധകർ അൽപ്പം നിരാശയിലാണ് . പക്ഷേ അണ്ണൻ, നെൽസന്റെ ജയിലറിലൂടെ പൂർവമാധികം ശക്തിയോടെ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം ……
എപ്പഡി പോയോ അപ്പഡിയേ
തിരുമ്പി വരും … അണ്ണൻ ഡാ…..
ബിനീഷ് കെ അച്ചുതൻ