Bineesh K Achuthan
തമിഴ് ചലച്ചിത്ര ഇതിഹാസം സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ സിനിമാ പ്രവേശനത്തിന് 47 വയസ്സ്. പ്രശസ്ത സംവിധായകൻ കെ.ബാലചന്ദറുടെ അപൂർവ്വ രാഗങ്ങളിലൂടെയായിരുന്നു രജനിയുടെ അരങ്ങേറ്റം. മറാത്ത വംശജനായ രജനീകാന്ത് ശിവാജി റാവു ഗയ്ക്ക് വാദ് എന്ന പേരിൽ കർണ്ണാടകയിലാണ് ജനിച്ചത്. കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായ രജനീകാന്ത് തന്റെ സിനിമയോടുള്ള ഭ്രമം മൂലം തൊഴിൽ ഉപേക്ഷിച്ച് അഭിനയ ജീവിതത്തിനായി ചെന്നൈയിൽ എത്തുകയായിരുന്നു. ഒരു ജൂനിയർ ആർട്ടിസ്റ്റ് എന്ന നിലയിൽ നിന്നും പിന്നീട് തമിഴ് മക്കളുടെ കൺ കണ്ട ദൈവം എന്ന പദവിയിലേക്കുള്ള യാത്ര ചരിത്രത്തിന്റെ ഭാഗമാണ്.
കെ.ബാലചന്ദറാണ് ശിവാജി റാവുവിന് രജനീകാന്ത് എന്ന പേര് നിർദ്ദേശിച്ചത്. രജനീകാന്തിന്റെ കരിയർ മോൾഡ് ചെയ്യുന്നതിൽ നിർണ്ണായക പങ്കാണ് കെ.ബാലചന്ദറിനുള്ളത്. അപൂർവ്വ രാഗങ്ങളെ തുടർന്ന് തന്റെ തുടർ ചിത്രങ്ങളിലും ബാലചന്ദർ രജനിക്കവസരം കൊടുത്തു. രജനിയിലെ നടനെ വ്യത്യസ്ത ഡൈമൻഷനിൽ അവതരിപ്പിക്കാൻ ബാലചന്ദറിനായി. പ്രതിനായക വേഷങ്ങളും ഹാസ്യ പ്രധാന വേഷങ്ങളും അതിൽ വരും.
1975 – ൽ അരങ്ങേറിയ രജനി 1978 -79 കാലഘട്ടമായപ്പോഴേക്കും തിരക്കേറിയ നടനായി മാറി. കണ്ണടച്ചു തുറക്കുന്ന വേഗതയിൽ ലഭ്യമായ പ്രശസ്തി രജനിയിലെ വ്യക്തിയുടെ അച്ചടക്കത്തെ പ്രതികൂലമായി ബാധിച്ചു. ലഹരിക്ക് അടിമപ്പെട്ട് അതിവൈകാരികതയോടെയുള്ള പെരുമാറ്റങ്ങൾ രജനിയെ പെട്ടെന്ന് തന്നെ കുപ്രസിദ്ധനാക്കി. സിനിമാഭിനയം നിർത്തുന്നതിനെക്കുറിച്ച് പോലും ആ കാലഘട്ടത്തിൽ അദ്ദേഹം ഗൗരവമായി ആലോചിക്കുകയുണ്ടായി. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന ഘട്ടത്തിൽ ഗുരുസ്ഥാനീയനായ കെ.ബാലചന്ദർ ഇടപെടേണ്ടി വന്നു. അദ്ദേഹത്തിന്റെ നിർദേശ്ശ പ്രകാരം രജനിയുടെ സുഹൃത്തും സഹനടിയുമായ ശ്രീപ്രിയയുടെ അഭ്യർത്ഥന കണക്കിലെടുത്ത് രജനി തന്റെ ശീലങ്ങളിൽ മാറ്റം വരുത്തുകയും അച്ചടക്കമുള്ള ജീവിത ശൈലിയിലേക്ക് തിരിച്ച് വരികയും ചെയ്തു.
വ്യക്തി ജീവിതത്തിലെ സന്ധികൾ കരിയറിനെയും ബാധിച്ചു തുടങ്ങിയ ഘട്ടത്തിലാണ് ‘ ബില്ല ‘റിലീസ് ചെയ്യുന്നത്. അമിതാഭ് ബച്ചന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ഡോണിന്റെ തമിഴ് റീമേക്കായിരുന്നു ബില്ല. 1980 – ൽ റിലീസായ ചിത്രത്തിന്റെ തകർപ്പൻ ജയം രജനിക്ക് പുത്തനൊരുണർവ്വായിരുന്നു. ഒരു ഫിനിക്സ് പക്ഷിയേപ്പോലെ കുതിച്ചുയർന്ന രജനിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. സലിം – ജാവേദിന്റെ രചനയിൽ പിറന്ന നിരവധി അമിതാഭ് ബച്ചൻ ചിത്രങ്ങൾ രജനി പിന്നീട് തമിഴിലേക്ക് റീമേക്ക് ചെയ്യുകയും അവയിൽ എല്ലാം തന്നെയും വിജയം നേടുകയുണ്ടായി. S P മുത്തു രാമന്റെ ‘ മുരട്ടുകാളെ ‘- യുടെ വിജയം B,C സെന്ററുകളിലും രജനിയെ അനിഷേധ്യ താരമാക്കി മാറ്റി.
MGR – ന്റെ രാഷ്ട്രീയ പ്രവേശനത്തെ തുടർന്ന് വന്ന ശൂന്യതയിലേക്കായിരുന്നു രജനിയുടെ കാൽവയ്പ്. 80 – കൾ മുഴുവൻ ആക്ഷൻ ഹീറോ പരിവേഷത്തോടെ വന്ന ഫോർമുല ചിത്രങ്ങൾ രജനിയുടെ താരമൂല്യം ഊട്ടിയുറപ്പിച്ചു. സുഹൃത്തും സമകാലികനും ശക്തനായ എതിരാളിയുമായിരുന്ന കമലാഹാസനാകട്ടെ ഫോർമുല ചിത്രങ്ങളോട് പതിയെ മുഖം തിരിക്കുകയും പരീക്ഷണ ചിത്രങ്ങളോട് കൂടുതൽ ആഭിമുഖ്യം പുലർത്തുകയും ചെയ്തു. 90 – കളോടെ കമൽ പൂർണ്ണമായും തന്നിലെ നടനെ തൃപ്തിപ്പെടുത്തുന്ന വേഷങ്ങളിലേക്ക് തിരിഞ്ഞപ്പോൾ രജനിയാകട്ടെ മാസ്സ് ഹീറോ എന്ന പദവിയിലേക്ക് എത്തപ്പെടുകയായിരുന്നു. ദളപതിയും അണ്ണാമലൈയും ഈ മാറ്റത്തിന് ഉണർവ്വേകി.
1995 – ൽ റിലീസായ ‘ ബാഷ ‘ -യുടെ ചരിത്ര വിജയം രജനിയുടെ താരമൂല്യത്തെ വാനോളം ഉയർത്തി. തുടർന്ന് രജനി ചിത്രങ്ങൾക്ക് വർഷങ്ങളുടെ ഇടവേള വരികയും കൂടുതൽ ചിത്രങ്ങളിലഭിനയിക്കാതെ അദ്ദേഹം സെലക്ടീവാവുകയും ചെയ്യുന്നതാണ് നാം പിന്നീട് കാണുന്നത്. പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിലും രജനി പതിയെ റിട്ടയർമെന്റിനെക്കുറിച്ച് ആലോചിക്കുകയുണ്ടായി. ആ സമയത്താണ് സ്വന്തം തിരക്കഥയിൽ ‘ ബാബ ‘ എത്തുന്നത്. വൻ ഹൈപ്പിൽ വന്ന ചിത്രം പ്രേക്ഷക പ്രീതിയാർജ്ജിക്കുന്നതിൽ ദയനീയമാം വിധം പരാജയപ്പെടുകയുണ്ടായി. കിട്ടിയ അവസരം മാധ്യമങ്ങൾ നന്നായി മുതലെടുത്തു. രജനിയുടെ കാലം കഴിഞ്ഞെന്ന് അവർ അച്ചു നിരത്തി. രജനിയാകട്ടെ സമ്പൂർണ്ണ നിശ്ശബ്ദത പാലിച്ചു. ഏതാണ്ടിതേ കാലഘട്ടത്തിലാണ് അന്നത്തെ രണ്ടാം നിര നായകരായ വിജയ്, അജിത് എന്നിവർ മാസ് ഹീറോ പദവിയിലേക്കുയരുന്നത്. ഇതേ വേളയിൽ തന്നെ വിക്രം, സൂര്യ എന്നിവരും താരപദവിയിലേക്കെത്തി. ഖാൻ ത്രയത്തിന്റെ വരവ് ബച്ചനെ ബാധിച്ചതിന് സമാനമായിരുന്നു രജനിക്ക് ഈ സാഹചര്യം. എന്നാൽ അതൊരു താൽക്കാലിക പ്രതിഭാസമാണെന്ന് തിരിച്ചറിയാൻ 2005 – ൽ ചന്ദ്രമുഖിയുടെ വരവ് വരെ കാക്കേണ്ടി വന്നു. വീണാൽ വീണിടത്ത് കിടക്കുന്ന ആനയല്ല ദ്രുതഗതിയിൽ ചാടിയെഴുന്നേൽക്കുന്ന കുതിരയാണ്
താനെന്നും രജനി മാധ്യമ ലോകത്തെ അക്ഷരാർത്ഥത്തിൽ ബോധ്യപ്പെടുത്തി.
ഐതിഹാസിക വിജയം നേടിയ ചന്ദ്രമുഖിക്ക് ശേഷമാണ് ഷങ്കറിന്റെ ശിവാജി വരുന്നത്. ഇന്ത്യ മുഴുവൻ ഹിറ്റായ ശിവാജിയുടെ വിജയത്തിന് ശേഷം രജനി പാൻ ഇന്ത്യൻ താരമായി വളരുകയായിരുന്നു. ഷങ്കർ – രജനി കൂട്ട്കെട്ടിലെ രണ്ടാമത്തെ ചിത്രമായ യന്തിരൻ ; ഇന്ത്യയിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന ആദ്യ തമിഴ് ചിത്രമെന്ന ഖ്യാതിയും കരസ്ഥമാക്കി. തുടർന്നിറങ്ങിയ എല്ലാ രജനി ചിത്രങ്ങളും തമിഴിന് പുറമേ ദേശീയ ശ്രദ്ധയാകർഷിക്കുന്നവയായി മാറി.
പാൻ ഇന്ത്യൻ താരമായി വിലസുമ്പോഴാണ് രജനിയിലെ താരത്തിന് മങ്ങലേൽക്കാനും നടന് തിളക്കമേകാനും ഇടയാക്കിയ രണ്ട് ചിത്രങ്ങൾ വരുന്നത്. ഇരു ചിത്രങ്ങളുടെയും സംവിധായകൻ ഒരാൾ തന്നെയായിരുന്നു ; പാ. രഞ്ജിത്. കബാലിയും കാലയുമായിരുന്നു ആ ചിത്രങ്ങൾ. അടിച്ചമർത്തപ്പെട്ടവന്റെ പോരാട്ടങ്ങളുടെ കഥ പറഞ്ഞ ഇരു ചിത്രങ്ങളും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടിലൂടെയാണ് പുറത്ത് വന്നത്. ഇരു ചിത്രങ്ങളും സാമ്പത്തിക വിജയം നേടിയെങ്കിൽ തന്നെയും ആരാധക പ്രീതിയിൽ പിന്നോക്കം പോയി. പക്ഷേ ബില്ലയുടെ വിജയത്തിലൂടെ രജനി സ്വയം തടവറയിയിട്ട തന്നിലെ നടനെ അന്നാണ് പുറത്തിറക്കുന്നത്. വർഷങ്ങൾ നീണ്ട ജയിൽ വാസത്തിന് ശേഷം റിലീസാകുന്ന നായകന്റെ ഇൻട്രൊ കാണിക്കുന്ന കബാലി ആ അർത്ഥത്തിൽ തികച്ചും സിംബോളിക് ആണ്. താരമെന്ന തടവറിയിൽ നിന്നും നടനെന്ന തടവുകാരൻ അന്നാണ് പുറത്തിറങ്ങുന്നത്.
മുള്ളും മലരിലും നെട്രിക്കണ്ണിലും കണ്ട പ്രതിഭാവിലാസം കൈമോശം വന്നിട്ടില്ലെന്ന് ഈ രണ്ട് ചിത്രങ്ങളിലൂടെ രജനി തെളിയിച്ചു.വ്യവസ്ഥാപിത രീതിക്ക് വിരുദ്ധമായ രൂപവും ഭാവവും പാത്രസൃഷ്ടിയുമായിരുന്നു ആദ്യ കാലഘട്ടങ്ങളിലെ രജനി കഥാപാത്രങ്ങൾക്ക്. സൂപ്പർ താരപദവിയുടെ ലഭ്യത രജനിയിലെ നടന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയാണുണ്ടായത്. വരും കാല പ്രൊജക്റ്റുകൾ രജനിയുടെ താരമൂല്യത്തെ ഇനിയും ഉയർത്തിയേക്കാം. പക്ഷേ രജനിയെന്ന നടനെ പരാമർശിക്കുമ്പോൾ കാലയും കബാലിയും ഒഴിവാക്കാനാവില്ല എന്നതാണ് യാഥാർത്ഥ്യം. മാറുന്ന കാലഘട്ടത്തെ അദ്ദേഹത്തിലെ നടൻ /താരം ഉൾക്കൊണ്ടെങ്കിൽ തന്നെയും വ്യക്തി എന്ന നിലയിൽ ആ രാഷ്ട്രീയത്തെ അദ്ദേഹമെത്ര മാത്രം ഉൾക്കൊണ്ടു എന്ന ചോദ്യം പ്രസക്തമാണ്. സമീപ കാല രജനി ചിത്രങ്ങളിൽ പേട്ട ഒഴികെ ഒന്നിനും ആരാധക പ്രീതി നേടാൻ സാധിച്ചില്ല. ദർബാറും അണ്ണാത്തെയുമെല്ലാം നനഞ്ഞ പടക്കങ്ങളായി മാറി. വരും റിലീസായ ജയിലർ രജനിയുടെ തിരിച്ച് വരവാകുമോ എന്ന് ചലച്ചിത്ര ലോകം ഉറ്റു നോക്കുന്നു …… പാക്കലാം…..