രാജാവിന്റെ മകന് നാളെ 36 വയസ്സ്

Bineesh K Achuthan

മോഹൻലാലിനെ സൂപ്പർതാര പദവിയിൽ അവരോധിച്ച ” രാജാവിന്റെ മകൻ ” 36 വർഷം പിന്നിടുന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഈ ചിത്രം 1986 ജൂലൈ 17- നാണ് റിലീസായത്. സിഡ്നി ഷെൽഡന്റെ ” റേജ് ഓഫ് എൻജൽസ് ” എന്ന കൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഡെന്നീസ് ജോസഫ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. കേരള രാഷ്ട്രീയത്തിലെ ഭരണാധികാരികളും അബ്കാരി ലോബിയും തമ്മിലുള്ള കിടമത്സരവും കുടിപ്പകയുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. ശരപഞ്ചരത്തിന് ശേഷം പ്രതിനായക സ്വഭാവമുള്ള കഥാപാത്രത്തിലൂടെ നായകന് സൂപ്പർ താരപദവി ലഭിക്കുന്ന ചിത്രം കൂടിയാണ് രാജാവിന്റെ മകൻ.

ജോഷിയുടെ പ്രത്യേക നിർദേശ്ശ പ്രകാരമാണ് തമ്പി കണ്ണന്താനത്തിന് വേണ്ടി ഡെന്നീസ് ജോസഫ് ആദ്യമായി തന്റെ തൂലിക ചലിപ്പിക്കുന്നത്. നല്ല ഒരു തിരക്കഥയുടെ അഭാവത്താലാകണം തമ്പിയുടെ മുൻ കാല ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞത്. ആ കുറവ് പരിഹരിക്കാനാണ് ജോഷി തമ്പിക്ക് ഡെന്നീസിന്റെ പേര് നിർദ്ദേശിച്ചത്. ഡെന്നീസ് ജോസഫ് ഒരു മമ്മൂട്ടി – രതീഷ് ചിത്രമായി പ്ലാൻ ചെയ്ത ചിത്രമായിരുന്നു രാജാവിന്റെ മകൻ. കഥയുടെ വൺ ലൈൻ മമ്മൂട്ടിക്ക് ഇഷ്ടപ്പെടുകയും തിരക്കഥാ രചനക്ക് പച്ചക്കൊടി കാണിക്കുകയും ചെയ്തു.

ഡെന്നീസിന്റെ തിരക്കഥയിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെങ്കിലും തമ്പി കണ്ണന്താനത്തിന് ഡേറ്റ് നൽകാൻ മമ്മൂട്ടി മടിച്ചു. പ്രേം നസീർ, മധു, സോമൻ തുടങ്ങിയവരെയൊക്കെ നായകരാക്കി വിവിധ ചിത്രങ്ങൾ തമ്പി കണ്ണന്താനം സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അവയെല്ലാം തന്നെ ദയനീയമായ പരാജയങ്ങളായിരുന്നു. ഒടുവിൽ സൗഹൃദത്തിന്റെ പേരിൽ മമ്മൂട്ടി, തമ്പിക്ക് ഡേറ്റ് നൽകി. ആ ചിത്രമാണ് ആ നേരം അൽപ്പ ദൂരം. അതും വൻ പരാജയമായതോടെ സിനിമാലോകം തമ്പി കണ്ണന്താനത്തിനെ എഴുതി തള്ളി. ഈ സാഹചര്യത്തിൽ വീണ്ടും തമ്പിക്ക് ഡേറ്റ് നൽകാൻ സ്വാഭാവികമായും മമ്മൂട്ടി മടിച്ചു. ഉറ്റ സുഹൃത്തായ മമ്മൂട്ടിയുടെ അപ്രതീക്ഷിതമായ പിൻവാങ്ങൽ തമ്പിയെ നിരാശനാക്കി. തമ്പി ഉടൻ തന്നെ ഡെന്നീസിനെയും കൂട്ടി മമ്മൂട്ടി കഴിഞ്ഞാൽ പിന്നെ അന്നത്തെഏറ്റവും തിരക്കേറിയ താരമായ മോഹൻലാലിനെ കണ്ട് ഡേറ്റ് ചോദിച്ചു. കഥയുടെ വൺ ലൈൻ പോലും കേൾക്കാതെ മോഹൻലാൽ തമ്പിക്ക് ഡേറ്റ് നൽകി. തമ്പിയോടൊപ്പം മദ്രാസിലെ മോൻ എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തമ്പിയുടെ ആദ്യ സംവിധാന സംരംഭമായ താവളത്തിലും ലാൽ ഉണ്ട്. ഈ അടുപ്പത്താൽ തമ്പിക്ക് ഡേറ്റ് നൽകാൻ മോഹൻലാൽ മടി കാണിച്ചില്ല. അതിനെ തുടർന്നാണ് മോഹൻലാൽ വിൻസന്റ് ഗോമസ് എന്ന കഥാപാത്രമാകുന്നത്. രാശിയില്ലാത്ത സംവിധായകൻ എന്നു മുദ്രകുത്തപ്പെട്ട തമ്പി കണ്ണന്താനത്തിന്റെ ആദ്യ സൂപ്പർ ഹിറ്റിനാണ് പിന്നീട് മലയാള ചലച്ചിത്ര ലോകം സാക്ഷ്യം വഹിച്ചത്. മലയാള സിനിമയുടെ വാണിജ്യ ചരിത്രത്തിൽ ഇടം നേടിയ ഒരു പിടി ചിത്രങ്ങൾ തമ്പി കണ്ണന്താനം – ഡെന്നീസ് ജോസഫ് – മോഹൻലാൽ കൂട്ട്കെട്ടിൽ നിന്നും രാജാവിന്റെ മകന്റെ വൻ വിജയത്തെത്തുടർന്ന് പിറവിയെടുക്കുകയുണ്ടായി. എങ്കിലും മോഹൻലാൽ ഇല്ലാതെ ഒരു ഹിറ്റ് പോലും പിൽക്കാലത്തൊരിക്കലും തമ്പിയുടെ കരിയറിൽ ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ പ്രിയദർശനും സമാനതകൾ ഉണ്ടെങ്കിലും ഹിന്ദിയിൽ ഹിറ്റുകളൊരുക്കി കഴിവ് തെളിയിച്ചതിലൂടെ ആ ദുഷ്പ്പേര് കുടഞ്ഞ് കളയാൻ പ്രിയന് കഴിഞ്ഞു.

മലയാള സിനിമയിലൂടെയാണ് അരങ്ങേറിയതെങ്കിലും 80 – കളിൽ എൻ.ടി.ആർ, കമലാഹാസൻ, വിഷ്ണു വർദ്ധൻ, അംബരീഷ്, രജനീകാന്ത് എന്നിവരുടെയെല്ലാം നായികയായി തമിഴിലെയും കന്നടയിലെയും താര റാണിയായി വിലസുകയായിരുന്ന അംബികയുടെ പ്രതിഫലം അക്കാലത്ത് രണ്ടര ലക്ഷം രൂപയായിരുന്നു. തമ്പിയുടെ അഭ്യർത്ഥന പ്രകാരം തന്റെ പ്രതിഫലം ഒന്നര ലക്ഷം രൂപയായി കുറച്ചാണ് അംബിക ഈ ചിത്രത്തിനായി കരാർ ഒപ്പിടുന്നത്. ചിത്രീകരണം പുരോഗമിക്കവെ നിർമ്മാതാവ് കൂടിയായ തമ്പിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം അംബികയുടെ പ്രതിഫലം വീണ്ടും ഒരു ലക്ഷമാക്കി കുറക്കേണ്ടി വന്നു. മോഹൻലാലിന്റെ പ്രതിഫലമാകട്ടെ 75,000 രൂപയും. പിന്നീട് ലാൽ അഭ്യർത്ഥിച്ചതിനെ തുടർന്ന് ഇരുവർക്കും ഒരു ലക്ഷം രൂപ പ്രതിഫലമായി നിശ്ചയിച്ചു എന്ന് തമ്പി കണ്ണന്താനം പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.
വിൻസന്റ് ഗോമസിന്റെ വലം കയ്യായി അഭിനയിക്കാൻ അക്കാലത്തെ പല നടൻമാരെയും സമീപിച്ചെങ്കിലും ലാലിന്റെ നിഴലിൽ നിൽക്കാൻ അവരിൽ പലരും വിസമ്മതം അറിയിച്ചു. അങ്ങനെ ആ റോൾ രണ്ടാക്കി. കുമാറും പീറ്ററും. കുമാറായി താരതമ്യേന തുടക്കക്കാരനായ സുരേഷ് ഗോപിയും പീറ്ററായി കെ.ജി. ജോർജ്ജിന്റെ അളിയൻ കൂടിയായ മോഹൻ ജോസിനെയും തെരഞ്ഞെടുത്തു. വിൻസന്റ് ഗോമസിന്റെ ഇടത്തും വലത്തുമായി ഇരുവരും ചിത്രത്തിലുടനീളം നിറഞ്ഞ് നിന്നു. സുരേഷ് ഗോപിയുടെ ആദ്യത്തെ സൂപ്പർ ഹിറ്റ് ചിത്രവും ഇതായിരുന്നു. വിൻസന്റ് ഗോമസ് എന്ന അധോലോക നായകന്റെ വലംകയ്യായ കുമാർ എന്ന കഥാപാത്രം സുരേഷ് ഗോപിയിൽ ഭദ്രമായിരുന്നു. ഏതാനും മിനിറ്റ് മാത്രം ഉള്ള ഒരു രംഗത്തിൽ പോലീസ് വേഷത്തിൽ വരുന്ന സുരേഷ് ഗോപിയോട് ആ വേഷം ശരിക്കിണങ്ങുന്നതായി ചിത്രീകരണ വേളയിൽ അംബിക പറയുകയുണ്ടായി. വർഷങ്ങൾക്ക് ശേഷം ധ്രുവം, കമ്മീഷണർ തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തെ തുടർന്ന് പോലിസ് വേഷം സുരേഷ് ഗോപിയുടെ ട്രേഡ് മാർക്കായി മാറിയതും ചരിത്രം.
ജയന്റെ അപ്രതീക്ഷിതമായ അപകട മരണത്തെത്തുടർന്ന് അവിചാരിതമായി താരപദവി ലഭ്യമായ നടനായിരുന്നു രതീഷ്. കൈവന്ന സൗഭാഗ്യത്തെ വിവേകത്തോടെ കൈകാര്യം ചെയ്യാൻ രതീഷിനായില്ല. ക്രോസ് ബെൽറ്റ് മണി, കെ.എസ്.ഗോപാലകൃഷ്ണൻ തുടങ്ങിയ സംവിധായകരുടെ അടി – ഇടി മസാല ചിത്രങ്ങളിലഭിനയിച്ച് താരമൂല്യം കളഞ്ഞ് കുളിച്ച രതീഷ്, മുഖ്യധാര ചിത്രങ്ങളിൽ സജീവമാകുന്ന കാലഘട്ടത്തിലായിരുന്നു രാജാവിന്റെ മകനിലെ കൃഷ്ണദാസ് എന്ന ആഭ്യന്തര മന്ത്രിയുടെ വേഷത്തിൽ എത്തുന്നത്. അധോലോക നേതാവായ വിൻസന്റ് ഗോമസിനെ തളക്കാനുള്ള കൂർമ്മ ബുദ്ധിയുള്ള രാഷ്ട്രീയ ഉപജാപകനായി രതീഷ് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ റോളിൽ അരങ്ങേറിയ മോഹൻലാൽ വളരെ പെട്ടെന്ന് തന്നെ വില്ലൻ വേഷങ്ങളിൽ നിന്നും ഉപനായക വേഷങ്ങളിലേക്കും ക്രമാനുഗതമായി നായക വേഷങ്ങളിലേക്കും വളരുകയായിരുന്നു. പ്രിയദർശന്റെ തമാശ ചിത്രങ്ങളും ശശികുമാറിന്റെ ആക്ഷൻ ചിത്രങ്ങളും സത്യൻ അന്തിക്കാടിന്റെ കുടുംബ ചിത്രങ്ങളും മോഹൻലാലിന്റെ റേഞ്ചും താരമൂല്യവുമുയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. എങ്കിൽ തന്നെയും 80 – കളിലെ ഏറ്റവും വലിയ ഷോമാനായ ഐ.വി.ശശിയുടെ ചിത്രങ്ങളിലെ ഉപനായക വേഷങ്ങളാണ് ജനമനസുകളിൽ ലബ്ധപ്രതിഷ്ഠ നേടാൻ മോഹൻലാലിന് ഏറ്റവുമധികം സഹായകരമായത്. രാജാവിന്റെ മകൻ ഇല്ലെങ്കിൽ പോലും ലാൽ സൂപ്പർ താരമാകുമായിരുന്നു എന്നതാണ് വാസ്തവം. കാരണം 84 – മുതൽ 86 വരെയുള്ള ലാൽ കഥാപാത്രങ്ങൾ അത്രയധികം ജനകീയമായിരുന്നു.

വിൻസന്റ് ഗോമസിലേക്കെത്തുമ്പോൾ തന്റെ കരിയറിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു മോഹൻലാൽ. അയൽവക്കത്തെ പയ്യൻ എന്ന ഇമേജിന്റെ പൊളിച്ചെഴുത്തു കൂടിയായിരുന്നു രാജാവിന്റെ മകൻ. കുട്ടിക്കുറുമ്പുകളും കളിതമാശകളുമായി നടന്ന ലാൽ, വിൻസന്റ് ഗോമസ് എന്ന ക്രൈം ബോസിന്റെ സംഹാര ഭാവങ്ങൾ ആർജ്ജിക്കുമ്പോൾ ചിരിക്കാൻ പിശുക്ക് കാട്ടിയിരുന്നു. ഗാന രംഗത്തല്ലാതെ വിൻസന്റിന്റെ ചിരിച്ച ഭാവദാഹികൾ പ്രേക്ഷകന് കാണാൻ കഴിയില്ല. കേവലം 25 -26 വയസ്സിലാണ് 35 – കാരനായ വിൻസന്റ് ഗോമസിനെ ലാൽ അവതരിപ്പിക്കുന്നത്. പ്രായക്കൂടുതൽ തോന്നിക്കാനായാണ് മീശ പിരിച്ച് വക്കുന്നതും ബോംബെയിൽ നിന്നും പ്രത്യേകം വരുത്തിയ വിഗ്ഗും വസ്ത്രങ്ങളും ഉപയോഗിച്ചതും എന്ന് തമ്പി ഒരഭിമുഖത്തിൽ പറയുകയുണ്ടായി. ആ ഹെയർ സ്റ്റൈലിൽ പിന്നീട് ഒരു ചിത്രത്തിലും നാം മോഹൻലാലിനെ കണ്ടിട്ടില്ല എന്നതാണ് വാസ്തവം.

പൊതുവേ അന്ധവിശ്വാസികളായ സിനിമാ പ്രവർത്തകരുടെ വിശ്വാസ പ്രമാണങ്ങളെ വെല്ലുവിളിച്ച് കൊണ്ട് കർക്കടകം 1 – നാണ് രാജാവിന്റെ മകൻ റിലീസാകുന്നത്. കോരിച്ചൊരിയുന്ന മഴയത്തു വിൻസന്റ് ഗോമസിന്റെ ഡയലോഗുകൾ കേൾക്കാനും ആക്ഷൻ രംഗങ്ങൾ കാണാനും ജനം തിക്കിത്തിരക്കി.” മൈ ഫോൺ നമ്പർ ഈസ് 2255 “എന്ന ഡയലോഗ് ഇന്നും പ്രേക്ഷക പ്രീതി ഉള്ളതാണ്. പിന്നീട് മോഹൻലാൽ സ്വന്തമാക്കിയ ഒട്ടുമിക്ക വാഹനങ്ങളുടെയും നമ്പറും ഇത് തന്നെയായത് വിൻസന്റ് ഗോമസ് എന്ന കഥാപാത്രത്തിന്റെ സ്വാധീനം അദ്ദേഹത്തിന്റെ കരിയറിൽ എത്രമാത്രം ഉണ്ടെന്ന് വെളിപ്പെടുത്തുന്നു.
വിൻസന്റ് ഗോമസ് ആൻസിയെ പ്രൊപ്പോസ് ചെയ്യുന്ന രംഗത്തെ ഡയലോഗുകൾ ഇന്നും പ്രേഷകർക്ക് മനപാഠമാണ്. അമിതാഭിനയത്തിലേക്ക് വഴുതി വീഴാതെ ആ രംഗം മനോഹരമാക്കുന്നതിൽ ലാലിന്റെ അഭിനയ മികവ് എടുത്ത് പറയേണ്ടതാണ്.

എസ്.പി.വെങ്കടേഷിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രവും ഇതായിരുന്നു. ഗാനങ്ങളോടൊപ്പം തന്നെ പശ്ചാത്തല സംഗീതവും ശ്രദ്ധ നേടിയിരുന്നു. പ്രത്യേകിച്ചും വിൻസന്റ് ഗോമസിന്റെ ഇൻട്രൊ സീനിലൊക്കെയുളള BGM പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതായിരുന്നു.
രാജാവിന്റെ മകന്റെ അഭൂതപൂർവ്വമായ വിജയത്തെത്തുടർന്ന് തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ ഈ ചിത്രം റീമേക്ക് ചെയ്യപ്പെടുകയുണ്ടായി. ഹിന്ദിയിലൊഴികെ എല്ലായിടത്തും വൻ വിജയമായിരുന്നു എന്നു മാത്രമല്ല നായക കഥാപാത്രത്തെ അവതരിപ്പിച്ച നടന് കരിയർ ബ്രേക്ക് സമ്മാനിക്കുകയും ചെയ്തു. തമിഴിൽ ” മക്കൾ എൻ പക്കം ” എന്ന പേരിൽ സത്യരാജ് നായകനായപ്പോൾ കന്നടയിൽ ” അതിരഥ മഹാരഥ “യിൽ ടൈഗർ പ്രഭാകറായിരുന്നു ലാലിന്റെ റോളിൽ. രതീഷിന്റെ വേഷത്തിൽ ആനന്ദ് നാഗും. ഇരു ഭാഷകളിലും അംബികയായിരുന്നു നായിക. തെലുങ്കിൽ ‘ ആഹുതി ‘ ആയപ്പോൾ ഡോ. രാജശേഖറായിരുന്നു മുഖ്യ വേഷത്തിൽ. കൃഷ്ണദാസിന്റെ വേഷം ചെയ്ത പ്രസാദ് എന്ന നടൻ പിന്നീട് ” ആഹുതി പ്രസാദ് ” എന്നാണറിയപ്പെട്ടത് എന്നത് ചിത്രത്തിന്റെ വിജയം അവരുടെ കരിയറിൽ വരുത്തിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ബോളിവുഡിൽ കൻവർ ലാലിൽ ജിതേന്ദ്രയായിരുന്നു. ചിത്രം പരാജയമായിരുന്നു. മറ്റു നാല് ഭാഷകളിലെയും നായകൻമാരുടെ പ്രകടനത്തേക്കാൾ മോഹൻലാലിന്റെ അഭിനയ മികവ് പ്രകടമായിരുന്നു.

മോഹൻലാലിന്റെ കരിയറിന്റെ ഒരു ഘട്ടം തുടങ്ങുകയായിരുന്നു രാജാവിന്റെ മകനിലൂടെ. അതിമാനുഷ കഥാപാത്രങ്ങളിലേക്കുള്ള ലാലിന്റെ ചുവടുവയ്പ്പായിരുന്നു ഇത്. പിൽക്കാലത്ത് ജയറാം അടക്കമുള്ളവരുടെ Nextdoor Boy ഇമേജിന് പിന്നിൽ മോഹൻലാലിന്റെ അത്തരം റോളുകളിൽ നിന്നുള്ള പിൻവാങ്ങൽ ഒരു കാരണമായിട്ടുണ്ടാകാം. പൊൻമുട്ടയിടുന്ന താറാവ് പോലുള്ള ചിത്രങ്ങളിലെ നായക വേഷവും അന്യമായതും ലാലിന്റെ മാറിയ ഇമേജിന്റെ ഭാഗമായാണ്.”മോഹൻലാൽ തോക്ക് താഴെ വക്കണം” എന്ന് പത്മരാജനേ പോലുള്ളവർ പറയേണ്ട സ്ഥിതി വിശേഷം വരെ സംജാതമാവാൻ രാജാവിന്റെ മകൻ അറിഞ്ഞോ അറിയാതെയോ ഒരു കാരണമായിട്ടുണ്ട്. മോഹൻലാലിന്റെ അഭിനയ ജീവിതത്തെ വിൻസന്റ് ഗോമസിന് മുമ്പും ശേഷവും എന്നു വേർതിരിക്കത്തക്ക സ്വാധീനം രാജാവിന്റെ മകനുണ്ട്.

രാജാവിന്റെ മകന്റെ അരങ്ങിലും അണിയറയിലും ഉള്ളവർക്കെല്ലാം ഈ വിജയം നിർണ്ണായകമായിരുന്നു. ലാലിനോടൊപ്പം തന്നെ സുരേഷ് ഗോപിയും കൂടുതൽ തിരക്കുള്ളവരായി മാറി. ഒപ്പം തമ്പി കണ്ണന്താനവും ഡെന്നീസ് ജോസഫും ഡിമാന്റുള്ള സംവിധായകനും തിരകഥാകൃത്തുമായി മാറി. കൂടാതെ സംഗീതം നിർവ്വഹിച്ച എസ് പി. വെങ്കിടേഷ് മലയാളത്തിൽ കൂടുതൽ സജീവമാവുകയും ധാരാളം സൂപ്പർ ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കുകയും ചെയ്തു.

Leave a Reply
You May Also Like

അര്‍ദ്ധനാരീപൂജയുടെ പേരില്‍ പീഡനം – യുവതിയുടെ പരാതിയില്‍ പൂജാരിയെ അറസ്റ്റ് ചെയ്തു..

എരുമേലി പുലിക്കുന്ന് തോപ്പില്‍ അനീഷാണ് പിടിയിലായത്. ഇയാള്‍ ഇത്തരം പൂജകളിലൂടെ നിരവധി സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

സ്വന്തം വീടിനുള്ളില്‍ പെട്ടെന്ന് ഒരു പാമ്പിനെ കണ്ടാല്‍ നെലവിളിച്ചുകൊണ്ടോടിപ്പോകുന്നത് പുരുഷന്റെ സമീപത്തേയ്ക്കല്ലേ? പെട്ടെന്ന് കറന്റൊന്നു പോയാല്‍, ഒരിടിമിന്നല്‍ ഉണ്ടായാല്‍ വേഗം ചായുന്നത് പുരുഷന്റെ നെഞ്ചത്തേയ്ക്കല്ലേ? അന്നേരം എവിടെ ചോര്‍ന്നു പോയി ഈ അബലകളുടെ പ്രബലത?

ഒരു എഴുത്തുകാരന്‍ അനുഭവത്തിന്റെ പൊരുള്‍ കണ്ടെത്തുന്നു

  –എം.കെ. ഹരികുമാറുമായി ശൈലേഷ് നായര്‍ നടത്തിയ അഭിമുഖം. പുതിയൊരു ദര്‍ശനവും നോവല്‍ രൂപവും സൃഷ്ടിച്ച…

116 സിനിമകൾ റിലീസ് ചെയ്ത 1986ൽ ഏറ്റവും ജനപ്രീതിയും സാമ്പത്തിക വിജയവും നേടിയ സിനിമയാണ് താളവട്ടം

സഫീർ അഹമ്മദ് ‘താളവട്ടത്തിൻ്റെ,ലാൽ ഇഷ്ടത്തിൻ്റെ 36 വർഷങ്ങൾ’ ‘ കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലെ’…