ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായി സൂപ്പർ സ്റ്റാർ എന്ന ടൈറ്റിൽ ലഭിച്ച രാജേഷ് ഖന്നയുടെ ജന്മദിനമാണ് ഇന്ന് (ഡിസംബർ 29).ആരാധകർ സ്നേഹപൂർവ്വം ‘ കാക്കാ ‘ എന്നു വിളിക്കുന്ന രാജേഷ് ഖന്ന ഒരൊറ്റ ചിത്രത്തിലൂടെ ബോളിവുഡിന്റെ സമവാക്യങ്ങളെ തിരുത്തിയെഴുതിയ താരമാണ്. 1969 – ൽ റിലീസ് ചെയ്ത ആരാധനയുടെ വൻ വിജയമായിരുന്നു. തുടർന്ന് റിലീസ് ചെയ്ത, രാജേഷ് ഖന്നയുടെ ഒരു ഡസനിലേറെ ചിത്രങ്ങളാണ് ഒന്നിനു പുറകെ ഒന്നായി
തുടർച്ചയായി സൂപ്പർ ഹിറ്റായി മാറിയത്. സമാനതകളില്ലാത്ത ഈ റെക്കോഡ് ഇന്നും അഭേദ്യമായി തുടരുന്നു. ഇന്നത്തെ ഖാൻ ത്രയങ്ങൾക്ക് സമാനരായിരുന്ന ദിലീപ് കുമാർ – രാജ് കപൂർ – ദേവാനന്ദ് ത്രയങ്ങളെ പിന്തള്ളിക്കൊണ്ട് ഒരു തലമുറ മാറ്റത്തിനാക്കം കൂട്ടാൻ രാജേഷ് ഖന്ന പ്രതിഭാസം ഇടയായി അത് വരെ. ടൈർ 2 കാറ്റഗറി നടൻ മാത്രമായിരുന്ന ധർമ്മേന്ദ്ര മുൻ നിരയിലേക്ക് ഉയരുന്നതിനും ഈ തലമുറ മാറ്റം ഹേതുവായി. ജിതേന്ദ്ര, അമിതാഭ് ബച്ചൻ, ശത്രുഘ്നൻ സിൻഹ, വിനോദ് ഖന്ന തുടങ്ങി ഒരു നിര താരങ്ങൾ രാജേഷ് ഖന്ന വെട്ടി തെളിച്ച വഴിയിലൂടെ പതിയെ ബോളിവുഡിൽ കാലുറപ്പിച്ചു.
ഏതൊരു കയറ്റത്തിനും ഒരു ഇറക്കമുണ്ടാവുക എന്നത് സ്വാഭാവികമാണല്ലോ. ബോളിവുഡിൽ രാജേഷ് ഖന്ന പ്രഭാവം 1974 ആയപ്പോഴേക്കും പതിയെ മങ്ങിത്തുടങ്ങി. റൊമാന്റിക് പരിവേഷമുള്ള നായക കഥാപാത്രങ്ങളായിരുന്നു രാജേഷ് ഖന്ന കൂടുതലായും അവതരിപ്പിച്ചിരുന്നത്. നെഹ്റൂവിയൻ ക്ഷേമ രാഷ്ട്ര സങ്കൽപ്പങ്ങൾ സ്വപ്നങ്ങളായി അവശേഷിച്ചതിലെ നിരാശ്ശാ ബോധം പേറുന്ന വേഷങ്ങളായിരുന്നു അവയിൽ ബഹുഭൂരിപക്ഷവും. ക്രമേണ 70 – കളുടെ മധ്യത്തോടെ രാഷ്ട്രം അടിയന്തിരാവസ്ഥയുടെ തീച്ചൂളയിലേക്ക് വലിച്ചെറിയപ്പെട്ടപ്പോൾ പ്രേക്ഷകരുടെ അഭിരുചികളിലും കാഴ്ച്ചപ്പാടുകളിലും ധാരാളം മാറ്റങ്ങൾ ഉണ്ടായി. സംഘർഷഭരിതമായ രാഷ്ട്രീയ പരിതസ്ഥിതി ജനതക്കിടയിൽ തികഞ്ഞ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും വ്യവസ്ഥിതിക്കെതിരെ പോരാടുന്ന ” ക്ഷോഭിക്കുന്ന യുവത്വം ” അനിവാര്യമായി തീരുകയും ചെയ്തു. രാജേഷ് ഖന്ന യുഗത്തിന് തിരശ്ശീല വീഴുകയും അമിതാഭ് ബച്ചൻ യുഗം കൊടിയേറുകയും ചെയ്തു. താരസിംഹാസനം ബച്ചനിലേക്ക് കേന്ദ്രീകരിക്കപ്പെട്ടെങ്കിലും പ്രതിഫലത്തിലും ബോക്സ് ഓഫീസ് പ്രകടനത്തിലും 1990 വരെയെങ്കിലും രാജേഷ്ഖന്ന, അമിതാഭ് ബച്ചനോടൊപ്പം പിടിച്ചു നിന്നു.
ബോളിവുഡിൽ രാജേഷ് ഖന്ന പ്രതിഭാസം സംഭാവന ചെയ്ത ഒരു പ്രധാന സവിശേഷതയാണ് കിഷോർ തരംഗം. കിഷോർ കുമാറിനെ പിന്നണി ഗാന രംഗത്തെ മുൻ നിരക്കാരനാക്കി മാറ്റുന്നതിൽ ആരാധനയും തുടർന്നു വന്ന രാജേഷ് ഖന്ന ചിത്രങ്ങളും നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. പതിയെ റാഫി യുഗത്തിന് മങ്ങലേൽക്കുകയും കിഷോർ തരംഗം ആഞ്ഞടിക്കുകയും ചെയ്ത അത്യപൂർവ്വ പ്രതിഭാസത്തിനാണ് ബോളിവുഡ് സാക്ഷ്യം വഹിച്ചത്. അമിതാഭ് ബച്ചന്റെ രോഷാകുലനായ ചെറുപ്പക്കാരന് മുന്നിൽ രാജേഷ് ഖന്നക്ക് തിളക്കം മങ്ങിയെങ്കിലും കിഷോർ തരംഗം അഭേദ്യമായി അദേഹത്തിന്റെ മരണം വരെ തുടർന്നു എന്നത് മറ്റൊരു വസ്തുത..
രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയ രാജേഷ് ഖന്ന അവിടെയും വിജയം നേടി. ലോക്സഭാംഗമായി വൻ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. തലമുറ മാറ്റത്തിന് വിധേയമായ 90 – കൾക്ക് ശേഷം രാജേഷ് ഖന്ന ബോളിവുഡിൽ സജീവമല്ലായിരുന്നു. പ്രശസ്ത അഭിനേത്രി ഡിംപിൾ കംപാഡിയ ആയിരുന്നു അദ്ദേഹത്തിന്റെ ജീവിത പങ്കാളി. ട്വിങ്കിൾ ഖന്ന, റിങ്കി ഖന്ന എന്നിവർ മക്കളാണ്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ട്വിങ്കിൾ ഖന്നയെ വിവാഹം ചെയ്തത്. കാൻസർ ബാധയെ തുടർന്ന് 2012 ജൂലൈ 18 – ന് രാജേഷ് ഖന്ന ഈ ലോകത്തോട് വിട പറഞ്ഞു. തൊട്ടടുത്ത വർഷം തന്നെ മരണാനന്തര ബഹുമതിയായി രാഷ്ട്രം അദ്ദേഹത്തിന് പത്മ ഭൂഷൺ പുരസ്ക്കാരം നൽകി ആദരിക്കുകയുണ്ടായി. ഒരു തലമുറയെ മുഴുവൻ താരാരാധനയുടെ ഹിസ്റ്റീരിയയിൽ ആഴ്ത്തിയ രാജേഷ് ഖന്ന എക്കാലവും പ്രേക്ഷക ഹൃദയങ്ങളിൽ ജീവിക്കും …….