Bineesh K Achuthan
എനിക്കായി ആരും ഒരു ” ഖയാമത് സെ ഖയാമത് തക് ” ഉണ്ടാക്കിയിട്ടില്ല ; എനിക്ക് വേണ്ടിയാരും ഒരു ” മേം നെ പ്യാർ കിയാ ” യോ ഒരു ” ഫൂൽ ഓർ കാണ്ടെ ” യോ നിർമ്മിച്ചിട്ടില്ല. ഒരിക്കൽ തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് ഷാരൂഖ് ഖാൻ ഇങ്ങനെ പരാമർശിക്കുകയുണ്ടായി.
താരപുത്രൻമാരെ ലോഞ്ച് ചെയ്യുന്ന പ്രവണതയുള്ള ; നെപ്പോട്ടിസം അതിന്റെ പാരമ്യതയിൽ എത്തിനിൽക്കുന്ന ബോളിവുഡിൽ ഒരു തല തൊട്ടപ്പന്റെയും സഹായമില്ലാതെയാണ് ഷാരൂഖ് അരങ്ങേറുന്നത്. സീരിയലിൽ നിന്നും സിനിമയിൽ പ്രവേശിക്കുന്നവരെ രണ്ടാം നിരക്കാരായി മാത്രം കാണുന്ന ബോളിവുഡിൽ ഷാരൂഖ് ഖാന് മുന്നേറാൻ സ്വന്തം പ്രതിഭ മാത്രമേ മുതൽ മുടക്കായി ഉണ്ടായിരുന്നുള്ളൂ. ഹിന്ദി സിനിമാ ലോകത്ത് മുൻ നിരക്കാരനാകാൻ SRK ക്ക് ഏതാനും വർഷങ്ങളെ വേണ്ടി വന്നുള്ളൂ.1975 – ൽ ഷോലെയിൽ ആരംഭിച്ച ആക്ഷൻ – മൾട്ടി സ്റ്റാർ തരംഗം 80 – കളുടെ അന്ത്യത്തോടെ പ്രേക്ഷകരെ ചെടിപ്പിച്ചു തുടങ്ങിയിരുന്നു. സാക്ഷാൽ അമിതാഭ് ബച്ചന്റെ ചിത്രങ്ങൾ വരെ തുടർ പരാജയങ്ങളേറ്റു വാങ്ങുന്ന സ്ഥിതിയിലേക്ക് എത്തി. മാറ്റത്തിന്റെ മിന്നലാട്ടം ” ഖയാമത് സെ ഖയാമത് തക് ” – ലൂടെയായിരുന്നു ആദ്യം ദർശിച്ചത്. ആമീർ ഖാന്റെ അരങ്ങേറ്റ ചിത്രമായിരുന്നു അത്. പിന്നീട് 1989 – അവസാനം റിലീസായ സൽമാൻ ഖാൻ നായകനായ ” മേം നെ പ്യാർ കിയ ” ആക്ഷൻ ചിത്രങ്ങളിൽ നിന്നും ബോളിവുഡിനെ മോചിപ്പിച്ചു. പിന്നീടങ്ങോട്ട് ഏകദേശം ഒന്നര പതിറ്റാണ്ടോളം ” റൊമാന്റിക് യുഗം ” തന്നെയായിരുന്നു ബോളിവുഡിന്. ഹിന്ദി ചലച്ചിത്ര വ്യവസായം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ട്രാൻസ്മിഷൻ പിരീഡിനും ആ കാലഘട്ടം സാക്ഷ്യം വഹിച്ചു. പുതുനിര അഭിനേതാക്കൾ, ഗായകർ, സംവിധായകർ, സംഗീത സംവിധായകർ അങ്ങനെ പ്രണയത്തിനും സംഗീതത്തിനും അതീവ പ്രാധാന്യം നൽകിയ ഒരു വസന്തകാലഘട്ടം.
ആമിർ ഖാൻ വിത്തിട്ട് സൽമാൻ ഖാൻ വിതച്ചെങ്കിലും വിളവെടുപ്പിനുള്ള യോഗം ഷാരൂഖ് ഖാനായിരുന്നു. ഖാൻ ത്രയങ്ങളിൽ അവസാനം അരങ്ങേറിയ SRK -ക്കായിരുന്നു ബോളിവുഡിന്റെ ‘ ബാദ്ഷാ ‘ ആകാനുള്ള നിയോഗം.” ആംഗ്രി യംഗ് മാൻ ” പരിവേഷത്തിൽ ഏകദേശം ഒന്നര പതീറ്റാണ്ടോളം ബോളിവുഡിനെ അടക്കി ഭരിച്ച അമിതാഭ് ബച്ചന്റെ പടിയിറക്കവും ഒപ്പം തന്നെ യുവ തലമുറയുടെ ഉദയത്തിനും സാഷ്യം വഹിച്ച ആ കാലഘട്ടത്തിൽ ഷാരൂഖിനായിരുന്നു ആധിപത്യം. 90 – കളുടെ മധ്യത്തോടെ താര സിംഹാസനം ഷഹൻഷായിൽ നിന്നും ബാദ്ഷായിലേക്ക് മാറ്റിയെഴുതപ്പെട്ടു കഴിഞ്ഞിരുന്നു.
1992 – ൽ, ത്രികോണ പ്രണയ കഥ പറയുന്ന ദീവാനായിൽ ഉപനായകനായി അരങ്ങേറിയ ഷാരൂഖിന് പിന്നെ പിൻ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഋഷി കപൂർ നായകനായ ദീവാനയിൽ ഷാരുഖ്, നായകനേക്കാൾ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. ഗാന – നൃത്ത രംഗങ്ങളിൽ തന്റേതായ സിഗ്നേച്ചർ കാഴ്ച്ചവക്കാൻ ഷാരൂഖിനായി. പ്രണയ നായകനായി ആ വർഷം തന്നെ രണ്ട് ചിത്രങ്ങൾ കൂടി ഷാരൂഖിന്റേതായി പുറത്ത് വരികയുണ്ടായി. 1993 – അവസാനമാണ് ബോളിവുഡിനെ ഞെട്ടിച്ച പ്രകടനം ഷാരൂഖ് നടത്തിയത്. ദീപാവലി റിലീസായ ‘ ബാസിഗർ ‘, ക്രിസ്മസ് റിലീസായ ‘ ഡർ ‘ എന്നീ ചിത്രങ്ങളിലെ പ്രതിനായക വേഷങ്ങളിലൂടെയായിരുന്നു SRK ഹിന്ദി പ്രേക്ഷകരെ ഞെട്ടിച്ചത്. അബ്ബാസ് – മസ്താന്റെ ബാസിഗറിൽ പ്രതികാര ദാഹിയായ കൊലപാതകിയെ ഞെട്ടലോടെയാണ് അക്കാലത്തെ ഹിന്ദി പ്രേക്ഷകർ കണ്ടത്. ബോളിവുഡ് അതികായകൻ യാഷ് ചോപ്രയുടെ ഡർ എന്ന ചിത്രത്തിൽ പൊസസ്സീവായ കാമുക വേഷത്തിൽ ഷാരുഖ് കയ്യടി നേടി. നായകനായ സണ്ണി ഡിയോളിനെ പോലും നിഷ്പ്രഭനാക്കിയ പ്രകടനമാണ് ഷാരൂഖ് കാഴ്ച്ച വച്ചത്. ഡർ – ന്റെ വിജയത്തോടെ ബോളിവുഡ് കണ്ട എക്കാലത്തെയും മികച്ച കൂട്ടുകെട്ടിന് തുടക്കം കുറിക്കുകയായിരുന്നു. യാഷ് ചോപ്ര – SRK ദ്വയങ്ങൾ പിന്നീട് ബോളിവുഡിന്റെ പല റെക്കോഡുകളും കാറ്റിൽ പറത്തുന്ന കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്.
90 – കളുടെ തുടക്കത്തിൽ ഖാൻ ത്രയങ്ങളെ കൂടാതെ ഗോവിന്ദയും അക്ഷയ് കുമാറും അജയ് ദേവ്ഗനുമായിരുന്നു താരസിംഹാസനത്തിനായുള്ള മത്സരത്തിൽ മുൻ നിരയിൽ. ബച്ചനും ബച്ചന്റെ സമകാലികരായ ഇതര നായകരും സീനിയർ റോളുകളിലേക്ക് ചുവട് മാറ്റിയിരുന്നു. സണ്ണി ഡിയോൾ ഒഴിച്ച് 80 -കളിൽ അരങ്ങേറിയ മറ്റെല്ലാ നായകരെല്ലാം തന്നെ പതിയെ മങ്ങി തുടങ്ങിയിരുന്നു. ആ കൂട്ടപ്പൊരിച്ചിലിൽ ആണ് 1995 – ൽ ദീപാവലി റിലീസായി DDLJ എന്ന ചുരുക്കപ്പേരിൽ ആരാധക വൃന്ദം വിളിക്കുന്ന ” ദിൽവാലെ ദുൽഹാനിയ ലെ ജായേംഗെ ” റിലീസാകുന്നത്. യാഷ് ചോപ്രയുടെ പുത്രൻ ആദിത്യ ചോപ്രയുടെ പ്രഥമ സംവിധാന സംരംഭമായിരുന്നു അത്. ബോളിവുഡിന്റെ അത് വരെയുള്ള എല്ലാ റെക്കോഡുകളും കടപുഴക്കിയെറിഞ്ഞ മഹാ വിജയമായിരുന്നു DDLJ – യുടേത്. അഞ്ച് വർഷം തുടർച്ചയായി പ്രദർശിപ്പിച്ച ഷോലെയുടെ റെക്കോഡ് വരെ പഴങ്കഥയായി മാറി. 20 – വർഷത്തിൽ അധികമാണ് മറാത്ത മന്ദിറിൽ തുടർച്ചയായി DDLJ പ്രദർശിപ്പിക്കപ്പെട്ടത്. കോവിഡ് മഹാമാരിയില്ലായിരുന്നുവെങ്കിൽ ചിത്രം 25 വർഷം പൂർത്തിയാക്കുമായിരുന്നു.
DDLJ – യുടെ വിജയം ഷാരൂഖിനെ നമ്പർ 1 സ്ഥാനത്തിനർഹനാക്കി. തുടർന്ന് സൽമാൻ യുഗമാരംഭിക്കുന്നത് വരെ ഷാരൂഖ്, ” കിംഗ് ഖാൻ ” തന്നെയായിരുന്നു. 2000 – ന്റെ തുടക്കത്തിൽ അരങ്ങേറിയ ഋത്വിക് റോഷനും 2000 – ന്റെ രണ്ടാം പകുതിയിൽ തുടർ വിജയങ്ങളിലൂടെ ആമീർ ഖാനും അക്ഷയ് കുമാറും കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും 2010 – വരെ ഷാരൂഖാന്റെ താര സിംഹാസനം അചഞ്ചലമായി തുടർന്നു. രാജേഷ് ഖന്നക്കോ അമിതാഭ് ബച്ചനോ സാധ്യമാകാത്ത തരത്തിൽ ഒന്നര പതീറ്റാണ്ട് കാലം ഷാരൂഖ് വിജയ സോപാനത്തിലേറി. ഇക്കാലയളവിൽ ഫിലിം ഫെയർ അവാർഡുകൾ അടക്കം അന്നത്തെ എല്ലാ പ്രമുഖ അവാർഡുകളും ഷാരൂഖാൻ വാരിക്കൂട്ടി.
ഏകദേശം 2005 ആയപ്പോഴേക്കും റൊമാന്റിക് തരംഗം അവസാനിക്കുകയും വ്യത്യസ്ത വിഷയങ്ങളിലേക്ക് ബോളിവുഡ് ഗതി മാറി ഒഴുകുകയും ചെയ്തു. ഈ സമയം യൂട്യൂബിലൂടെ സൗത്തിൻഡ്യൻ ചിത്രങ്ങളുടെ ഡബ്ബിംഗ് പതിപ്പുകൾ ഹിന്ദി പ്രേക്ഷകരെ ഗണ്യമായി സ്വാധീനിക്കുകയുണ്ടായി. അടി, ഇടി, വെടി ഫോർമുലയിലുള്ള അത്തരം തെലുങ്ക്/ തമിഴ് ചിത്രങ്ങളുടെ ഡബ്ബിംഗുകൾക്ക് വൻ പ്രേക്ഷക സ്വീകാര്യത കൈവന്നു. ഗജിനിയടക്കം പല ദക്ഷിണേന്ത്യൻ ഹിറ്റുകളും ഹിന്ദിയിൽ റീമേക്ക് ചെയ്യപ്പെട്ടു വൻ വിജയം കൈവരിച്ചു. ഈ സമയത്താണ് 2009 – ൽ പ്രഭുദേവയുടെ സംവിധാനത്തിൽ സൽമാൻ ഖാൻ നായകനായി ” വാണ്ടഡ് ” റിലീസാകുന്നത്. വൻ വിജയമായ ഈ ചിത്രം ബോളിവുഡിലെ ട്രെന്റ് മാറ്റത്തിന്റെ വ്യക്തമായ സൂചനയായിരുന്നു. പുരി ജഗന്നാഥ് സംവിധാനം ചെയ്ത മഹേഷ് ബാബു നായകനായ തെലുങ്ക് ഇൻഡസ്ട്രി ഹിറ്റ് ചിത്രമായ പോക്കിരിയുടെ ഹിന്ദി റീമേക്കായിരുന്നു വാണ്ടഡ്. വിജയ് നായക വേഷം ചെയ്ത പോക്കിരിയുടെ തമിഴ് പതിപ്പ് സംവിധാനം ചെയ്തതും പ്രഭുദേവയായിരുന്നു. തമിഴിലും ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയ പോക്കിരിയുടെ വിജയം ബോളിവുഡിലും പ്രഭുദേവ ആവർത്തിച്ചു. തുടർന്ന് 2010 – ൽ റിലീസായ ‘ദബംഗ് ‘ നേടിയ അഭൂതപൂർവ്വമായ വിജയം ആക്ഷൻ ട്രെന്റിനെ ബോളിവുഡിൽ അരക്കിട്ടുറപ്പിച്ചു. പതിയെ താരസിംഹാസനം ഷാരൂഖിൽ നിന്നും സൽമാനിലേക്ക് വഴിമാറി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി എടുത്തു പറയത്തക്ക വൻ വിജയങ്ങൾ ഒന്നും ഷാരൂഖിനില്ല. പക്ഷേ ബോളിവുഡ് അദ്ദേഹത്തെ ഇനിയും എഴുതി തള്ളിയിട്ടില്ല. സ്വന്തം പ്രതിഭയാൽ വളർന്ന ഷാരൂഖിന്റെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ബോളിവുഡ്. റൊമാന്റിക് തരംഗമവസാനിക്കുകയും യാഷ് ചോപ്രയെന്ന ഗോഡ് ഫാദർ അന്തരിക്കുകയും പ്രേക്ഷകാഭിരുചി മാറുകയുമൊക്കെ ചെയ്തെങ്കിലും ശക്തമായ ഒരു തിരക്കഥയുടെ സഹായത്താൽ SRK തിരിച്ചു വരുമെന്ന് തന്നെ ആരാധക വൃന്ദം ഉറച്ച് വിശ്വസിക്കുന്നു. വൻ വിജയങ്ങളായ നിരവധി ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ സിദ്ധാർത്ഥ് ആനന്ദിന്റെ പുതിയ സംരംഭമായ പത്താനിലൂടെ ഷാരൂഖ് വീണ്ടും വിജയസോപാനത്തിലേറുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് അദ്ദേഹത്തിന് പിറന്നാളാശംസകൾ നേരുന്നു.