Bineesh K Achuthan
ലേഡി സൂപ്പർ സ്റ്റാർ എന്ന പ്രയോഗം ഇന്ന് പ്രചുര പ്രചാരം നേടിയ ഒന്നാണ്. ആ പദം ആദ്യമായി ഉപയോഗിച്ചത് ശ്രീദേവിയെ വിശേഷിപ്പിക്കാനായിരുന്നു. ഒരു കാലത്ത് ആ വാക്കിന്റെ പര്യായമായിരുന്നു ശ്രീദേവി. എല്ലാ പ്രമുഖ ഇന്ത്യൻ ഭാഷകളിലും അഭിനയിക്കുകയും അവയെല്ലാം സൂപ്പർ ഹിറ്റുകളാക്കുകയും ചെയ്ത ചരിത്രം ശ്രീദേവിക്ക് സ്വന്തം. മലയാളത്തിൽ നായികയായി തുടങ്ങി തമിഴിലൂടെയും തെലുങ്കിലൂടെയും വളർന്ന് ബോളിവുഡിന്റെ നെറുകയിലെത്തിയ കരിയർ ഗ്രാഫാണ് ശ്രീദേവിയുടേത്.
1969 – ൽ ജമിനി ഗണേശനും പത്മിനിയും ശിവപാർവ്വതിമാരായി മത്സരിച്ചഭിനയിച്ച കുമാര സംഭവത്തിൽ മുരുകന്റെ വേഷത്തിൽ ബാലതാരമായി വന്ന് പ്രേക്ഷകരെ വിസ്മയിപ്പിച്ച, ശ്രീദേവി 1976 – ൽ തുലാവർഷത്തിലൂടെ നായികയായി അരങ്ങേറി. അതേ വർഷം തന്നെ കെ.ബാലചന്ദറിന്റെ മൂൻട്രുമുടിച്ച് എന്ന ചിത്രത്തിൽ കമലിനും രജനിക്കും ഒപ്പം വേഷമിട്ടു. 1978 – ൽ തെലുങ്കിൽ അരങ്ങേറിയ ശ്രീദേവി, എൻ ടി ആർ, എ എൻ ആർ, കൃഷ്ണ, കൃഷ്ണം രാജു തുടങ്ങിയ മുൻ നിര നായകരുടെയെല്ലാം നായികയായി തിളങ്ങി. 16 വയതനിലെ – യുടെ ഹിന്ദി പതിപ്പിൽ നായികയായി 1979 -ൽ ബോളിവുഡ് പ്രവേശനം സാധ്യമായെങ്കിലും സൂപ്പർ സ്റ്റാർ കൃഷ്ണയുടെ ബമ്പർ ഹിറ്റ് ചിത്രത്തിന്റെ റീമേക്കായ ഹിമ്മത് വാലയുടെ (1983) വൻ വിജയമാണ് ശ്രീദേവിയെ ഹിന്ദിയിൽ ശ്രദ്ധേയയാക്കിയത്.
ബോളിവുഡിലെ താരറാണിമാരായിരുന്ന ഹേമമാലിനി പതിയെ പിൻ വാങ്ങുകയും രേഖ കരിയറിൽ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സവിശേഷ ഘട്ടത്തിലായിരുന്നു ബോളിവുഡിൽ ശ്രീദേവിയുടെ സെക്കന്റ് ഇന്നിംഗ്സ് ആരംഭിക്കുന്നത്. തന്റെ സമകാലികരായ സകല നടിമാരെയും പിന്നിലാക്കിക്കൊണ്ട് ശ്രീദേവി തന്റെ ജൈത്രയാത്ര ആരംഭിക്കുകയായിരുന്നു. അമിതാഭ് ബച്ചൻ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും മിഥുൻ ചക്രവർത്തി, അനിൽ കപൂർ തുടങ്ങിയവർ ഉയർന്ന് വരികയും ചെയ്യുന്ന സമയമായിരുന്നു 80 – കളുടെ മധ്യം. ഈ നായകർക്കൊപ്പവും തന്റെ ആദ്യ ബോളിവുഡ് നായകനായ ജിതേന്ദ്രക്കൊപ്പവും അക്കാലയളവിൽ ശ്രീദേവി ഒട്ടേറെ ഹിറ്റുകൾ സൃഷ്ടിച്ചു. നായകനാരായാലും നായിക ശ്രീദേവിയായാൽ പടം സൂപ്പർ ഹിറ്റാകും എന്ന ഒരു വിശ്വാസം ബോളിവുഡിൽ ഉടലെടുത്തു. രാഷ്ട്രീയത്തിൽ നിന്നും ചലച്ചിത്ര രംഗത്തേക്ക് മടങ്ങിയെത്തിയ സാക്ഷാൽ അമിതാദ് ബച്ചന് പോലും ശ്രീദേവിയെ നായികയാക്കാൻ കാത്തിരിക്കേണ്ടി വന്നു.
80 – കളുടെ അവസാനത്തോടെ ശ്രീദേവി ബോളിവുഡിന്റെ കിരീടം വക്കാത്ത റാണിയായി മാറി. വാണിജ്യ ചിത്രങ്ങൾക്കൊപ്പം കലാമൂല്യമുള്ള ധാരാളം ചിത്രങ്ങളിലും അഭിനയിക്കാൻ അവർ സമയം കണ്ടെത്തി. ഒരു ചിത്രത്തിൽ തന്നെ ഒന്നിലേറെ നായകൻമാരോടൊപ്പം അവർ നായികയായി അഭിനയിച്ചതും റെക്കോഡ് എണ്ണം ഡബിൾ റോളുകളിൽ അഭിനയിക്കാനായതും അവരുടെ താരമൂല്യത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. ഏതാണ്ടിതേ സമയത്ത് തന്നെ മറുവശത്ത് മാധുരി ദീക്ഷിത് വളർന്ന് വരുന്നുണ്ടായിരുന്നു. 1989 – ൽ റിലീസായ തേസാബിലെ ” ഏക് ദോ തീൻ…” എന്ന ഗാനം രാജ്യമെമ്പാടും അലയടിച്ചപ്പോൾ മാധുരിയും പ്രേക്ഷകർക്കിടയിൽ ഒരു തരംഗമായി മാറി. സ്വാഭാവികമായും ശ്രീദേവിയുടെ താരസിംഹാസനത്തിന് ഇളക്കം തട്ടുകയും ചെയ്തു.
1989 അവസാനം റിലീസ് ചെയ്ത ” മേം നെ പ്യാർ കിയ ” യുടെ പടുകൂറ്റൻ വിജയം ബോളിവുഡിലെ വാണിജ്യ ഫോർമുലകളെ മാറ്റിമറിക്കുന്നതായിരുന്നു. ആക്ഷൻ തരംഗത്തിൽ നിന്നും റൊമാന്റിക് യുഗത്തിലേക്ക് ബോളിവുഡ് കാലൂന്നി. ബച്ചൻ ചിത്രങ്ങൾ തുടർ പരാജയങ്ങൾ നേരിട്ടതിനെ തുടർന്നദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തുകയും ഖാൻ ത്രയങ്ങൾ പതിയെ ബോളിവുഡിൽ പിടിമുറുക്കുന്നതിനും 90 – കളുടെ തുടക്കം സാക്ഷ്യം വഹിച്ചു. തലമുറ മാറ്റത്തിന്റെ ഭാഗമായി ബച്ചനോടൊപ്പം 70 – കളോടെ സജീവമായ നായക നിര അപ്രസക്തരായി മാറി. 80 – കളിൽ വന്ന സണ്ണി ഡിയോൾ, സഞ്ജയ് ദത്ത് എന്നിവർ പിടിച്ചു നിന്നപ്പോൾ നായക നിരയിൽ ഖാൻ ത്രയങ്ങളെ കൂടാതെ അക്ഷയ് കുമാർ, അജയ് ദേവ്ഗൻ എന്നിവർ കൂടെ കടന്നു വന്നു. ഇവർക്കെല്ലാം ശ്രീദേവിയേക്കാൾ ഇണങ്ങിയ ജോടി മാധുരിയായിരുന്നു.
പ്രതിസന്ധി മുന്നിൽ കണ്ട ശ്രീദേവിക്ക് തന്റെ താരമൂല്യം തിരിച്ച് പിടിക്കാൻ വേണ്ടി ബോണി കപൂർ ബിഗ് ബജറ്റിൽ ഒരുക്കിയ ചിത്രമായിരുന്നു ” രൂപ് കീ റാണി ചോരോം കാ രാജ “. എന്നാൽ ബോക്സ് ഓഫീസിൽ തകർന്നടിയാനായിരുന്നു ആ ചിത്രത്തിന്റെ വിധി. ഇതിനകം സാജൻ, ദിൽ തുടങ്ങിയ സൂപ്പർ ഹിറ്റുകളിലൂടെ പുതു നായകർക്കൊപ്പം മാധുരി മുന്നേറി കഴിഞ്ഞിരുന്നു. 1994 – ൽ റിലീസ് ചെയ്ത ” ഹം ആപ് കെ ഹേ കോൻ ” കൈവരിച്ച ചരിത്ര വിജയം മാധുരിയെ ബോളിവുഡിലെ താരറാണിയാക്കി മാറ്റി. ആ ചരിത്ര വിജയം ചിത്രത്തിലെ നായകനായ സൽമാൻ ഖാൻ, ശ്രീദേവിക്കൊപ്പം അഭിനയിച്ച ചാന്ദ് കാ ടുക്കഡാ വൻ പരാജയവുമായി. അതോട് കൂടി ശ്രീദേവിയുടെ പതനം സമ്പൂർണ്ണമായി.
90 – കളുടെ രോമാഞ്ചമായിരുന്നുവെങ്കിലും ഇന്നും മാധുരിയുടെ ഖ്യാതി ശ്രീദേവിയെ മറികടന്നവൾ എന്നു തന്നെയാണ്. ഹിന്ദിയിൽ തിളക്കം മങ്ങിയ ഗ്രീദേവി തന്റെ പൂർവ്വാശ്രമമായ ദക്ഷിണേന്ത്യൻ ചലച്ചിത്ര ലോകത്തിലേക്ക് തിരിച്ചെത്തി. എന്നാൽ വിജയം ഇവിടെയും അവരെ കടാക്ഷിച്ചില്ല. പതിയെ അവർ വെള്ളിത്തിരയിൽ നിന്നകലുകയും കുടുംബ ജീവിതത്തിൽ പ്രവേശിക്കുകയും ചെയ്തു. എങ്കിലും ഇടക്കിടെ ചില ചിത്രങ്ങളിൽ അവർ അഭിനയിച്ചിരുന്നു. എന്നാൽ അവയൊന്നും പഴയ താരറാണിയുടെ പ്രൗഢിക്കിണങ്ങുന്നവയായിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായിരുന്നു അവരുടെ വേർപാടും. ബോളിവുഡിൽ ജിതേന്ദ്ര കഴിഞ്ഞാൽ അനിൽ കപൂർ ആയിരുന്നു ശ്രീദേവിയുടെ ഹിറ്റ് ജോടി. എന്നാൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ ശ്രീദേവിയുടെ നായകനായത് കൃഷ്ണയാണ്. പക്ഷേ ഏതാണ്ടെല്ലാ പ്രമുഖ ഭാഷകളിലും ജോടിയാവുകയും സൂപ്പർ ഹിറ്റുകൾ സൃഷ്ടിക്കുകയും ചെയ്ത കമലഹാസനാണ് ശ്രീദേവിയുടെ ഏറ്റവും മികച്ച ജോടിയായി കണക്കാക്കുന്നത്. ഇന്ത്യൻ ചലച്ചിത്ര ലോകം ദർശിച്ച എക്കാലത്തെയും മികച്ച താരറാണി ശ്രീദേവി വിട പറഞ്ഞിട്ട് ഇന്ന് 5 വർഷം പിന്നിടുന്നു. അവരുടെ ഓർമ്മകൾക്ക് മുന്നിൽ ബാഷ്പാഞ്ജലികൾ …..